ബിഷപ്പ് മാപ്പു പറയട്ടെ
മഹ്റൂഫ് കോഴിക്കോട്
പാലാ ബിഷപ്പിന്റെ വിഷപ്രസ്താവന ഏറെ ചര്‍ച്ചയായിരിക്കുന്നു. പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കുകളും വസ്തുതകളും നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. സാമുദായികമായ ചേരിതിരിവ് പ്രകടമാക്കുന്ന പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. അതിന് ആക്കം കൂട്ടാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരിന് ബാധ്യതയുണ്ട്. ബിഷപ്പിന്റെ പ്രതികരണങ്ങള്‍ സമുദായ സ്പര്‍ധ ഉണ്ടാക്കുന്നതാണ് എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ നിലക്ക് പ്രശ്‌ന പരിഹാരത്തിന് ബിഷപ്പ് തന്നെ ആ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കലാണ് നല്ലത്. ഇല്ലെങ്കില്‍ കേസെടുക്കേണ്ടതുണ്ട്
ഒരു ബിഷപ്പിനെതിരെ കേസെടുക്കുന്നതിന് സര്‍ക്കാരിന് മുന്നില്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളും തടസങ്ങളുമുണ്ടാകാം. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും സമമാരാണെന്ന തത്വം പാലിക്കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട് എന്ന് മറന്നുകൂടാ. ഇപ്പോള്‍ ബിഷപ്പിനെ വെറുതെ വിട്ടാല്‍ ഭാവിയില്‍ മത സ്പര്‍ധ സൃഷ്ടിക്കുന്ന പ്രകോപനപരമായ പരാമര്‍ശങ്ങളും പ്രസംഗങ്ങളും നടത്താന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാകുമെന്ന് തീര്‍ച്ചയാണ്. ഫലത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കപ്പെടുന്നതിന് പിന്തുണയായി സര്‍ക്കാരിന്റെ നിസംഗത മാറും.