26 Friday
July 2024
2024 July 26
1446 Mouharrem 19

പ്രസവവും സാമ്പ്രദായിക ബൈനറിയും


ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രസവം എന്ന നിലയില്‍ ഒരു വാര്‍ത്ത ചില മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ജീവശാസ്ത്രപരമായി പെണ്ണായി ജനിച്ച ഒരുവള്‍ ജീവിതയാത്രയ്ക്കിടയില്‍ പുരുഷനായി മാറാന്‍ തയ്യാറെടുക്കുകയും അതിനു വേണ്ടി ശാരീരികമായി ചില കൃത്രിമ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എന്നാല്‍, അതിനിടെ കുഞ്ഞ് വേണമെന്ന ചിന്ത ഉണ്ടാവുകയും ശരീരശാസ്ത്രത്തിന്റെ പരിശോധനയില്‍ ഗര്‍ഭധാരണത്തിനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. പെണ്ണായി ജനിച്ച ഒരുവള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള ശാരീരികക്ഷമത ഉണ്ടാവുക എന്നത് സ്വാഭാവികമായ ഒന്നാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യാത്തതുകൊണ്ട് ഗര്‍ഭധാരണവും പ്രസവവും നടന്നു. പ്രസവിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നവകാശപ്പെടുന്ന യുവതിയാണ് എന്നതാണ് ഇതിലെ വസ്തുത.
എന്നാല്‍ ഈ ഗര്‍ഭധാരണത്തെയും പ്രസവത്തെയും വ്യത്യസ്തമായ എന്തോ ഒന്ന് സംഭവിച്ചുവെന്ന മട്ടിലാണ് മാധ്യമങ്ങള്‍ കൊണ്ടാടിയത്. മാത്രമല്ല, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി സാമ്പ്രദായിക ബൈനറിയിലുള്ള അട്ടിമറിയായി ഈ സംഭവത്തെ വിശേഷിപ്പിക്കുകയും ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. മുമ്പ്, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയപ്പോള്‍ സമൂഹത്തിന്റെ സാമ്പ്രദായിക ലിംഗപ്രതീക്ഷകള്‍ക്കു മേലുള്ള അട്ടിമറിയായി അതിനെ അഭിനന്ദിച്ചിരുന്നു. ആണ്‍-പെണ്‍ ലിംഗത്വത്തിന്റെ കാര്യത്തില്‍ സാമ്പ്രദായിക ബോധത്തെ പരിക്കേല്‍പിക്കുന്നതും അട്ടിമറിക്കുന്നതും എന്തോ മഹത്തായ കാര്യമെന്ന നിലയിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ രണ്ടു സംഭവങ്ങളും സാമ്പ്രദായിക പൊതുബോധത്തെയോ ശരീരശാസ്ത്രബോധത്തെയോ ഒട്ടും ഉലയ്ക്കുന്നില്ല. ലിംഗത്വത്തെ സംബന്ധിച്ച് എന്താണോ ബയോളജി പറയുന്നത് അതു മാത്രമാണ് ട്രാന്‍സ്‌മെന്‍ പ്രസവം എന്ന നിലയില്‍ കൊണ്ടാടപ്പെടുന്ന ഈ വിഷയത്തില്‍ സംഭവിച്ചത്.
ജെന്‍ഡര്‍ എന്നത് സാമൂഹിക നിര്‍മിതിയാണെന്നും മനസ്സിന്റെ തോന്നലുകള്‍ക്കനുസരിച്ച് ലിംഗബോധം മാറാമെന്നുമുള്ള ജെന്‍ഡര്‍ തിയറികള്‍ക്കേറ്റ പ്രഹരമാണിത്. ശരീരശാസ്ത്രത്തിന്റെ സൂക്ഷ്മമായ വ്യതിരിക്തതകളും സവിശേഷതകളും വകവെക്കാതെ മാറാന്‍ കഴിയുന്നതാണ് ലിംഗബോധമെങ്കില്‍ പുരുഷനായി തീരാന്‍ കൊതിച്ച് അതിനു വേണ്ടി ചില മാറ്റങ്ങള്‍ക്കു തയ്യാറെടുത്ത ഒരു വ്യക്തിക്ക് ഗര്‍ഭധാരണവും പ്രസവവും സാധ്യമാകുമായിരുന്നില്ല. പ്രസവത്തെക്കുറിച്ചുള്ള ശാസ്ത്രബോധവും സാമ്പ്രദായിക ധാരണയും സമാനമാണ്. അതില്‍ ഒരു അട്ടിമറിയും നടന്നിട്ടില്ല. ശരീരശാസ്ത്രമാണ് ലിംഗബോധത്തിന്റെ അടിസ്ഥാനം. അതില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ക്കും ശരീരശാസ്ത്രസംബന്ധിയായ വൈകല്യങ്ങള്‍ക്കും അതതു മേഖലയില്‍ തന്നെ പരിഹാരങ്ങളുണ്ട്. മനസ്സിന്റെ തോന്നലുകള്‍ക്ക് അനുസരിച്ച് ലിംഗമാറ്റം നടത്തുന്നത് ശാസ്ത്രീയമോ യുക്തിപരമോ അല്ല. അങ്ങനെ നടത്തിയവര്‍ മനസ്സിനു പിന്നീടുണ്ടാകുന്ന തോന്നലില്‍ തിരിച്ചുവരാനാവാതെ ഖേദിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഈ ആഘോഷിക്കപ്പെട്ട വാര്‍ത്തയില്‍ തന്നെ ഗര്‍ഭം ധരിച്ച ആള്‍ക്ക് കുഞ്ഞിനു മുലയൂട്ടാനുള്ള സാഹചര്യം നഷ്ടപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ മുലപ്പാലിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. മനസ്സിന്റെ തോന്നലുകള്‍ക്ക് അനുസരിച്ചുണ്ടാകുന്ന ലിംഗമാറ്റ ചെയ്തികള്‍ ആരോഗ്യകരമായ പ്രത്യുല്‍പാദന സംസ്‌കാരത്തെയാണ് ഇല്ലാതാക്കുക.
ജെന്‍ഡറിനെക്കുറിച്ചുള്ള സാമ്പ്രദായിക ബോധം തെറ്റാണെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ പ്രസവിച്ച ആളുടെ ലിംഗപദവിയെന്ന നിലയില്‍ ‘അമ്മ’ എന്നാണ് രേഖപ്പെടുത്തുക. ഇന്ത്യയിലെ മെഡിക്കോ ലീഗല്‍ നടപടികള്‍ അങ്ങനെയാണ്. എന്നാല്‍, പ്രസവിച്ച ആളുടെ ലിംഗപദവിയായി ‘അച്ഛന്‍’ എന്നു രേഖപ്പെടുത്തണമെന്ന വിചിത്രവാദവും ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. സാമ്പ്രദായിക ബോധത്തെ അട്ടിമറിച്ചതിന് അഭിനന്ദനം രേഖപ്പെടുത്തിയ ഒരു മന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ ഒരുപക്ഷേ, ലിംഗപദവിയിലും ആ ‘അട്ടിമറി’ രേഖപ്പെടുത്തിയേക്കാം. എന്നാല്‍ പോലും, പുരുഷനായി ജനിച്ച ഒരാള്‍ക്ക് മെഡിക്കല്‍ സയന്‍സിന്റെ ഏതു സിദ്ധാന്തമനുസരിച്ചും ഗര്‍ഭധാരണത്തിനോ പ്രസവത്തിനോ സാധ്യമല്ല എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ, പ്രസവിച്ച ആളെ ‘അച്ഛന്‍’ എന്ന് അഭിസംബോധന ചെയ്യുന്നത് ഭാഷാപരമായ ഒരു ‘അട്ടിമറി’ മാത്രമാണ്. സാമൂഹിക യാഥാര്‍ഥ്യമോ ശാസ്ത്രീയ വസ്തുതയോ അല്ല. അതുകൊണ്ടുതന്നെ, ഈ സാമ്പ്രദായിക പേരുമാറ്റത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x