26 Friday
July 2024
2024 July 26
1446 Mouharrem 19

ബില്‍ഖീസ് ബാനുവിന്റെ അഗ്നിപരീക്ഷ

അര്‍ഷി ഖുറേഷി ; വിവ. ഡോ. സൗമ്യ പി എന്‍


2004 ല്‍ ബെസ്റ്റ് ബേക്കറി കേസ് വാദം കേള്‍ക്കവേ സുപ്രീം കോടതി മോദി ഭരണകൂടം 2004ല്‍ ഗുജറാത്ത് കലാപം കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമര്‍ശിച്ചു. ജസ്റ്റിസ് ദാരൈസ്വാമി രാജു, ജസ്റ്റിസ് അരിജിത് പസായത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മോദി ഗവണ്‍മെന്റിനെ നിഷ്‌കളങ്കരായ സ്ത്രീകളും കുട്ടികളും കത്തിയെരിയുന്നത് കണ്ടില്ലെന്ന് നടിച്ച നീറോയുടെ ആധുനിക രൂപമായി ഉപമിച്ചു.
2003ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വി എന്‍ ഖരെ ഗുജറാത്തിലെ മുസ്ലിംവിരുദ്ധ കലാപത്തെ ഗവണ്‍മെന്റ് കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ”എനിക്ക് പ്രോസിക്യൂഷനിലും ഗുജറാത്ത് ഗവണ്‍മെന്റിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത്. നിങ്ങള്‍ നിഷ്‌ക്രിയരായിരുന്നാല്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ടി വരും. ഞങ്ങള്‍ ഇവിടെ കാണികളായി ഇരിക്കുകയല്ല.”
വര്‍ഷങ്ങള്‍ക്കു ശേഷവും തന്റെ കണ്‍മു മ്പില്‍ നടന്ന കലാപത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ പോലും തയ്യാറാവാത്ത മോദി താന്‍ സ്വതന്ത്രരാക്കുമെന്ന് അവകാശപ്പെട്ട മുസ്ലിം സ്ത്രീകളെ തുടര്‍ന്നും ശിക്ഷിക്കാനും തീവ്ര ദുരിതത്തില്‍ ആഴ്ത്താനും തീരുമാനിച്ചിരിക്കുകയാണ്
റാണ അയ്യൂബ്.

ആഗസ്റ്റ് പതിനഞ്ചിന്, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ”എനിക്ക് ഓരോ ഇന്ത്യക്കാരനോടും ഒരു അഭ്യര്‍ഥനയുണ്ട്, നമുക്ക് സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തിക്കൂടേ?’ സ്ത്രീകളോടുള്ള ആദരവ് ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്.” ജനങ്ങള്‍ ആരവത്തോടെ സ്വീകരിക്കുകയും ടി വി അവതാരകര്‍ ദിവസം മുഴുവന്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്ത പ്രസംഗത്തിലായിരുന്നു ഈ പ്രസ്താവന. വൈരുധ്യം എന്തെന്നാല്‍, അതേ ദിവസം തന്നെയാണ് 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ഖീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ആറംഗങ്ങളെ കൊലചെയ്യുകയും ചെയ്തതിന് ശിക്ഷ അനുഭവിച്ചു വന്ന പതിനൊന്നു പേര്‍ ഗുജറാത്ത് ഗവണ്‍മെന്റിന്റെ ശിക്ഷാ കാലയളവ് ഇളവുചെയ്യുന്ന പദ്ധതി അനുസരിച്ചു പുറത്തുവന്നത്. ഈ പ്രതികള്‍ ഫോട്ടോക്കായി പോസ് ചെയ്യുകയും അവര്‍ക്ക് വിശ്വഹിന്ദു പരിഷത്ത് ഹാരാര്‍പ്പണം നടത്തുകയും മധുരപലഹാരങ്ങള്‍ വിതരണം നടത്തുകയും ചെയ്യുമ്പോള്‍ ഗുജറാത്തില്‍ ഒരു ഗ്രാമത്തില്‍ ബില്‍ഖീസ് ബാനു വീണ്ടും തനിക്കേല്‍ക്കേണ്ടി വരുന്ന ഈ ആഘാതം ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുകയായിരുന്നു.
ഞാന്‍ ഇപ്പോഴും മരവിപ്പിലാണ്- ബില്‍ഖീസ് ബാനു

ബില്‍ഖീസ് ബാനുവിനുവേണ്ടി അഭിഭാഷകയായ ശോഭ ഗുപ്ത ആഗസ്റ്റ് 17-ന് ഒരു പ്രസ്താവന ഇറക്കി. കരളുപിളര്‍ക്കുന്ന ആ പ്രസ്താവന ഇങ്ങനെയാണ്:
”രണ്ട് ദിവസം മുന്‍പ് 2022 ആഗസ്റ്റ് 15ന് എന്റെ കുടുംബവും ജീവിതവും തകര്‍ത്തെറിഞ്ഞ, എന്റെ മൂന്ന് വയസ്സായ മകളെ ഇല്ലാതാക്കിയ 11 പ്രതികളെ വിട്ടയച്ചു എന്ന് കേട്ടപ്പോള്‍, കഴിഞ്ഞ 20 വര്‍ഷത്തെ മാനസിക ആഘാതം ഒന്നാകെ ഞാന്‍ വീണ്ടുമനുഭവിച്ചു. എനിക്ക് വാക്കുകള്‍ നഷ്ടപ്പെട്ടതുപോലെ തോന്നി. ഞാന്‍ ഇപ്പോഴും മരവിപ്പിലാണ്. എനിക്ക് ഇപ്പോള്‍ ഒന്നേ പറയാനുള്ളൂ- എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇങ്ങനെ പര്യവസാനിക്കുക? ഞാന്‍ നാട്ടിലെ പരമോന്നത നീതിപീഠത്തെ ആശ്രയിച്ചു. വ്യവസ്ഥിതിയില്‍ വിശ്വാസമര്‍പ്പിച്ചു. ഞാന്‍ എന്റെ നഷ്ടങ്ങളും വേദനകളുമൊത്ത് ജീവിക്കാന്‍ ശീലിച്ചുവരികയായിരുന്നു. ഈ പ്രതികളെ വിട്ടയച്ച നടപടി എന്റെ സമാധാനം കെടുത്തി. എനിക്ക് നീതിയിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടി. എന്റെ ദുഃഖവും ഇളക്കം തട്ടിയ വിശ്വാസവും എന്നെ ഓര്‍ത്തു മാത്രമല്ല, നീതിക്കായി കോടതികളില്‍ പൊരുതുന്ന ഓരോ സ്ത്രീക്കും വേണ്ടിയാണ്.
ഇങ്ങനെയൊരു നീതിപൂര്‍വകമല്ലാത്ത നടപടി എടുക്കുന്നതിനു മുന്‍പ് ആരും എന്റെ സുരക്ഷയെക്കുറിച്ചോ സുഖവിവരമോ അന്വേഷിച്ചില്ല. ഈ ചെയ്ത ദ്രോഹം പരിഹരിക്കണമെന്ന് ഞാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുകയാണ്. ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശം തിരികെ തരിക. എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുക.”
ബില്‍ഖീസ് ബാനുവിന്റെ ഭര്‍ത്താവ് യാഖൂബ് റസൂല്‍ ഫോണില്‍ ഭയചകിതനായി തോന്നി. ”ആ കുറ്റവാളികളെ വിട്ടയക്കുമെന്ന് ഞങ്ങള്‍ക്ക് ഒരറിവും കിട്ടിയിരുന്നില്ല. ഓര്‍ക്കാപ്പുറത്താണ് അതറിഞ്ഞത്. ഞങ്ങളുടെ കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടു. ഞങ്ങളുടെ മകളെ അവര്‍ കൊന്നു. ഞങ്ങള്‍ സമാധാനമായി ജീവിക്കാമെന്നാണ് വിചാരിച്ചത്. പക്ഷേ ഇനി എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല” – ഈ ലേഖികയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഈ പ്രതികളില്‍നിന്ന് മുന്‍പും കടുത്ത ഭീഷണികള്‍ കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഈ നടപടി തന്റെ ഭാര്യക്ക് പ്രയാസകരമാവും എന്നും റസൂല്‍ കൂട്ടിച്ചേര്‍ത്തു.
”ബില്‍ഖീസിന് ആളുകളോട് സംസാരിക്കാന്‍ പേടിയാണ് ഈ മാനസികാവസ്ഥയില്‍. ഈ വാര്‍ത്ത എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. പേടി കാരണം ഞങ്ങള്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളായി വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നു. ഈ മാനസിക ആഘാതം എന്ന് ഇല്ലാതാവും?” -റസൂല്‍ ചോദിക്കുന്നു.
എന്തുകൊണ്ടാണ്
പ്രതികള്‍ വിട്ടയക്കപ്പെട്ടത്?

ഇന്ത്യന്‍ ഭരണഘടന 72, 161 അനുച്ഛേദങ്ങള്‍ യഥാക്രമം പ്രസിഡന്റിനും സംസ്ഥാന ഗവര്‍ണര്‍ക്കും ‘ചില കേസുകളില്‍ മാപ്പ് നല്‍കാനോ ശിക്ഷ ഒഴിവാക്കാനോ കുറച്ചു നല്‍കാനോ ഉള്ള അധികാരം നല്‍കുന്നു.’ 2008ല്‍ മുംബൈയിലെ പ്രത്യേക കോടതി ബില്‍ഖീസ് ബാനുവിനെ കൂട്ടാബലാത്സംഗം ചെയ്തതിനും അവരുടെ മൂന്നു വയസ്സുള്ള മകള്‍ സാലിഹ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴംഗങ്ങളെ കൊലപ്പെടുത്തിയതിനും ജസ്വന്ത്ബായ് നൈ, ഗോവിന്ദഭായ് നൈ, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വോഹാനിയ, പ്രദീപ് മോര്‍ദിയ, ഭാഗഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേശ് ചന്ദന എന്നിവരെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചു. പ്രതി നരേഷ് കുമാര്‍ മോര്‍ദിയ വിചാരണക്കിടെ മരണപ്പെട്ടു. കുറ്റവാളികളില്‍ ഒരാളായ ശൈലേഷ് ഭട്ട് ബില്‍ഖീസിന്റെ മകള്‍ സാ ലിഹയെ അവരുടെ കൈയില്‍ നിന്ന് വലിച്ചെടുത്തു നിലത്തെറിയുകയും അങ്ങനെ കുട്ടി കൊല്ലപ്പെടുകയും ചെയ്തു എന്ന് കോടതി രേഖപ്പെടുത്തി.
വിട്ടയക്കല്‍ നടപടി വരുന്നത്, പ്രതികളിലൊരാളായ രാധേശ്യാം ഷാ 2022 ഏപ്രിലില്‍ സുപ്രീം കോടതിയെ സമീപിച്ചു ശിക്ഷാ കാലാവധി തീരുന്നതിനു മുന്‍പ് വിട്ടയക്കണമെന്ന് അപേക്ഷിച്ചതിനു ശേഷമാണ്. താന്‍ 15 വര്‍ഷവും നാലു മാസവും ജയിലില്‍ കഴിഞ്ഞു എന്ന് പ്രതി വാദിച്ചു. ചുരുങ്ങിയത് 14 വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍ സി ആര്‍ പി സി 433-എ പ്രകാരം ഗവണ്‍മെന്റിനു ജീവപര്യന്തം തടവ് ശിക്ഷയനുഭവിക്കുന്ന ഒരു പ്രതിയെ വിട്ടയക്കാം. ശിക്ഷക്ക് ആസ്പദമായ കുറ്റം നടന്നത് ഗുജറാത്തില്‍ ആയതിനാല്‍ ഷായുടെ അപേക്ഷ പരിഗണിക്കേണ്ടത് ഗുജറാത്ത് ഗവണ്‍മെന്റ് ആണെന്ന് മെയ് 13ന് പരമോന്നത കോടതി ഉത്തരവിട്ടു. 1992 ജൂലൈ 9ലെ വിധി ഇളവ് ചെയ്യുന്നത് സംബന്ധിച്ച സ്റ്റേറ്റ് റെമിഷന്‍ പോളിസിക്ക് കീഴില്‍ വേണം അപേക്ഷ പരിഗണിക്കാനെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. രണ്ടു മാസത്തിനുള്ളില്‍ ഷായുടെ അപേക്ഷയില്‍ തീരുമാനമെടുക്കണമെന്ന് മെയ് മാസത്തില്‍ സുപ്രീം കോടതി സംസ്ഥാന ഗവണ്‍മെന്റിനോട് നിര്‍ദേശിച്ചിരുന്നു. വിധി ഇളവ് ചെയ്യാനുള്ള സാധ്യത പരിഗണിക്കാനായി സുപ്രീം കോടതി നിര്‍ദേശമനുസരിച്ചു ഗുജറാത്ത് ഗവണ്‍മെന്റ് ഒരു സമിതി രൂപീകരിച്ചു. പതിനൊന്നംഗ സമിതി ഐകകണ്‌ഠ്യേന നല്‍കിയ ശുപാര്‍ശ 11 പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്തു കൊടുക്കാനായിരുന്നു. എന്നാല്‍ ഈ കേസില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമായിരുന്നു. സി ആര്‍ പി സി 435 വകുപ്പ് പ്രകാരം സി ബി ഐ അന്വേഷിച്ച ചില കേസുകളില്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആലോചിച്ച ശേഷം മാത്രമേ സംസ്ഥാന ഗവണ്‍മെന്റിനു വിധിയില്‍ ഇളവ് നല്‍കാനാവൂ.
മോദി ഗവണ്‍മെന്റ് ശിക്ഷ ഇളവിന്
അനുമതി നല്‍കിയോ?

21 സംസ്ഥാനങ്ങളിലായി 14 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ച തടവുപുള്ളികളുടെ ശിക്ഷ ഇളവ് ചെയ്തു കിട്ടാനുള്ള 1649 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് 2021ല്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 431 പേര്‍ ഇളവിന് അപേക്ഷിച്ചിരുന്നില്ല, ഒരുപക്ഷേ അവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്ന് അറിയുമായിരുന്നിരിക്കില്ല. 752 അപേക്ഷകള്‍ തള്ളുകയും ചെയ്തു.
ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് ശിക്ഷയില്‍ ഇളവ് കിട്ടുന്നത് എളുപ്പമല്ല. അഭിഭാഷകനായ നിഖില്‍ പരീക്ഷിതിന്റെ അഭിപ്രായത്തില്‍ ”പല സംസ്ഥാനങ്ങളിലും ബന്ധപ്പെട്ട അധികാരികള്‍ അങ്ങേയറ്റം അലംഭാവത്തോടെ ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്. പലപ്പോഴും ശിക്ഷ ഇളവ് ചെയ്യാനുള്ള അപേക്ഷകള്‍ എല്ലാം ഒരുമിച്ച് പരിശോധന ഒന്നും കൂടാതെ കാരണം കാണിക്കാതെ സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതര്‍ നിരസിക്കാറുണ്ട്. 14 വര്‍ഷത്തിലധികം തടവനുഭവിച്ച പലരുടെയും അപേക്ഷകള്‍ ഇങ്ങനെ യാന്ത്രികമായി നിരസിക്കപ്പെട്ടിട്ടുണ്ട്.”
ജൂലൈ ആദ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷത്തിന്റെ ഭാഗമായി തടവുപുള്ളികള്‍ക്ക് പ്രത്യേക ഇളവ് നല്‍കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു കഴിഞ്ഞ മൂന്ന് വര്‍ഷമായി പിഴ ചുമത്തപ്പെട്ടിട്ടില്ലാത്തവരും അതുപോലെ സ്ഥിരമായി നല്ല പെരുമാറ്റത്തിന് ഉടമകളായവരും ഈ ഇളവിന് അര്‍ഹരാണ്. എന്നാല്‍ ഈ നയമനുസരിച്ച് ഇളവ് നല്‍കാന്‍ പാടില്ലാത്തവരുടെ കൂട്ടത്തില്‍ ബലാത്സംഗ കേസിലെ പ്രതികളുമുണ്ട്. കേന്ദ്ര നിയമങ്ങള്‍ക്ക് അനുസൃതമല്ല ബില്‍ഖീസ് ബാനു കേസ് എന്നു വന്നേക്കാം, മെയ് മാസത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരം ഗുജറാത്ത് ഗവണ്‍മെന്റ് 1992ലെ സംസ്ഥാന നയം അനുസരിക്കുകയാണ് ഉണ്ടായത്.
നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനം ബലാത്സംഗ കേസുകളിലെ പ്രതികളുടെ വിട്ടയക്കല്‍ സംബന്ധിച്ച കേന്ദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ബലാത്സംഗകുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഈ ഇളവ് ബാധകമല്ല എന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. അതുപോലെ ജീവപര്യന്തം തടവ് അനുഭവിക്കുന്നവര്‍ക്കു പ്രത്യേക ഇളവ് അനുവദിക്കുന്നതല്ല എന്ന് മറ്റൊരിടത്തും പറയുന്നുണ്ട്. അതും ബില്‍ഖീസ് ബാനു കേസിലെ 11 പേരെയും ഇളവിന് അയോഗ്യരാക്കുമായിരുന്നു.
നീതിക്കായുള്ള ബില്‍ഖീസ് ബാനുവിന്റെ പോരാട്ടത്തില്‍ അവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ ശോഭ ഗുപ്ത എന്‍ഡിടിവി യോട് പറഞ്ഞത് ”ആസാദി കാ അമൃത് മഹോത്സവ് പ്രമാണിച്ചുള്ള കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചു ബലാത്സംഗ കുറ്റത്തിനും കൊലക്കുറ്റത്തിനും ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്” എന്നാണ്. സുപ്രീം കോടതിയും അതിന്റെ പല ബെഞ്ചുകളും തന്നെ പലവട്ടം ഇളവ് ചെയ്യുന്നത് സംബന്ധിച്ച നയങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലും ശിക്ഷ ഇളവു ചെയ്തു കിട്ടുക എന്നത് ഒരവകാശമല്ല എന്ന് പ്രസ്താവിക്കുന്നു. നിശ്ചിത നിബന്ധനകള്‍ പാലിക്കുന്നതിനുശേഷം ഒരു കുറ്റവാളിക്ക് കിട്ടുന്ന പ്രതിഫലമാണത് എന്ന് ഗുപ്ത എന്‍ഡിടിവിയോട് പറഞ്ഞു. ഒരാളുടെ മാത്രം അപേക്ഷയുടെ പുറത്ത് കേസിലെ എല്ലാ കുറ്റവാളികളെയും വിട്ടയക്കാനുള്ള തീരുമാനത്തെയും ഗുപ്ത ചോദ്യം ചെയ്തു.
2002 മാര്‍ച്ച് മൂന്നിന് സംഭവിച്ചത്

2002 മാര്‍ച്ച് 3ന് ബില്‍ഖീസ് ബാനുവിന്റെ കുടുംബത്തിലെ 17 പേര്‍ അഹമ്മദാബാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ രാധികപുര്‍ ഗ്രാമത്തില്‍വെച്ചു ആക്രമിക്കപ്പെട്ടു. അവരുടെ കുടുംബത്തിലെ ആറു പേരെ കാണാതായതായും എട്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്ന് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ഖീസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായി. അവരുടെ അമ്മ ഹലീമയും സഹോദര പുത്രിയായ ഷമീമും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു.
ദാഹോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് രാധികപുര്‍. അവിടെയും കലാപം പൊട്ടിപ്പുറപ്പെട്ടു. 2002 ഫെബ്രുവരി 28ന് രാവിലെ രാധികപുരില്‍ തീകൊളുത്തലും കൊള്ളയടിക്കലും എല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതുകൊണ്ട് സ്വയരക്ഷക്കായി മുസ്ലിംകള്‍ ഗ്രാമത്തില്‍നിന്ന് പലായനം ചെയ്യാന്‍ തുടങ്ങി. ബില്‍ഖീസ് ബാനു കുടുംബത്തോടൊപ്പം രാധികപുരില്‍നിന്ന് പലായനം ചെയ്തു. ബില്‍ഖീസിന്റെ അര്‍ധ സഹോദരിയായ ഷമീം പ്രസവമടുത്തു നില്‍ക്കുകയായിരുന്നു. ഫെബ്രുവരി 28ന് ബില്‍ഖീസും കുടുംബവും കുവജര്‍ എന്ന ഗ്രാമത്തില്‍ തങ്ങി. ഷമീം അവിടെവെച്ചു കുഞ്ഞിന് ജന്മം നല്‍കുകയും പിറ്റേന്ന് രാവിലെ തന്നെ അവര്‍ അവിടം വിടുകയും ചെയ്തു. മാര്‍ച്ച് 3ന് ആ കുടുംബം സര്‍ജുമി ഗ്രാമത്തിലേക്ക് നീങ്ങുമ്പോള്‍ വെള്ളനിറത്തിലുള്ള രണ്ടു വാഹനങ്ങള്‍ വന്നു നിര്‍ത്തി, അതില്‍ നിന്നു 25 ആളുകള്‍ ‘മുസല്‍മാനോ കോ മാരോ’ (മുസ്ലിംകളെ കൊല്ല്) എന്ന് അലറിവിളിച്ചു കൊണ്ട് ബില്‍ഖീസിനെയും കുടുംബത്തെയും ആക്രമിച്ചു. ജസ്വന്തഭായ് ചതുര്‍ഭായ് നൈ, ഗോവിന്ദഭായ് നൈ, നരേഷ് കുമാര്‍ മോര്‍ദിയ എന്നിവര്‍ ഓരോരുത്തരായി ബില്‍ഖീസിനെ ബലാത്സംഗം ചെയ്തു. മറ്റു രണ്ട് പ്രതികള്‍ കൂടെയുള്ള സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും പുരുഷന്മാരെ ആക്രമിക്കുകയും ചെയ്തു. ബില്‍ഖീസ് ബോധരഹിതയായി. പിന്നീട് ബോധം വന്നപ്പോള്‍ അവര്‍ കണ്ടത് തന്റെ ബന്ധുക്കളും ഷമീമിന്റെ രണ്ടു ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു കിടക്കുന്നതാണ്. 2004 ആഗസ്റ്റ് 6ന് ഗുജറാത്തിലെ സാഹചര്യം മോശമാണെന്നും അവിടെ നീതിപൂര്‍വകമായ വിചാരണ നടക്കില്ലെന്നും ബി ല്‍ഖീസ് അപേക്ഷിച്ചതനുസരിച്ചു സുപ്രീം കോടതി കേസിന്റെ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.
2002ന് ശേഷം ബിജെപിയുടെ
പ്രചാരണങ്ങളില്‍ വന്ന മാറ്റം

2002ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയെ ഹിന്ദു ദേശീയതയുടെ മുഖമാക്കി, ഹിന്ദു ഹൃദയ സാമ്രാട്ട് ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 2003ന്റെ ആദ്യപാദത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദി ‘നേട്ടങ്ങള്‍ പരമാവധിയാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു’ എന്ന് നിലാഞ്ജന്‍ മുഖോപാധ്യായ എഴുതുന്നു. നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്താമെന്ന് മോദി നിര്‍ദേശം വെച്ചെങ്കിലും സംസ്ഥാനത്തെ സാഹചര്യം തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമല്ല എന്ന് പറഞ്ഞു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് വഴങ്ങിയില്ല. ആയിരത്തിലെറേപേര്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടുവെങ്കിലും മോദി തെരഞ്ഞെടുപ്പ് പ്രചാരണം തുടര്‍ന്നു. 2002ലെ മുസ്ലിം വിരുദ്ധ കലാപത്തിലെ ഹിന്ദു ബോധം വീണ്ടും ഏറ്റെടുത്തുകൊണ്ട് എല്ലാ പിന്തുണയും ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. തന്റെ റാലിക്ക് ഗൗരവ് യാത്ര എന്ന് പേരിട്ടുകൊണ്ട് രാഷ്ട്രീയത്തിലുപരി വൈകാരിക മാനത്തിനാണ് താന്‍ ഊന്നല്‍ കൊടുക്കുന്നത് എന്ന് കാണിക്കുകയാണ് മോദി ചെയ്തത്.
21 വര്‍ഷങ്ങള്‍ക്കുശേഷം വളരെ തന്ത്രപ്രധാനമായ ഗുജറാത്ത് ഇലക്ഷന് നാലു മാസം മുമ്പ് ഗുജറാത്ത് അധികൃതര്‍ ബലാത്സംഗകേസിലെ 11 കുറ്റവാളികളെ വിട്ടയക്കുന്നു എന്നതും ബില്‍ഖീസ് ബാനുവിന്റെ അഭിമാനത്തിലുപരി ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള ശ്രമം തന്നെ. സഹീറ ശൈഖ്, കൗസര്‍ബി, ഇശ്‌റത് ജഹാന്‍ എന്നിവര്‍ മുതല്‍ ഗുജറാത്തിലെ അനീതിയുടെ കഥകളില്‍ സ്ത്രീകള്‍ ഇരയാക്കപ്പെടുകയും ട്രോമയില്‍ ആവുകയും ചെയ്തിട്ടുണ്ട്. അവരുടെ ശരീരങ്ങള്‍ക്കു മേലെക്കൂടെയാണ് മോദി തെരഞ്ഞെടുപ്പുകള്‍ പൊരുതി ജയിച്ചത്.
ബലാത്സംഗികളെ വിട്ടയച്ചത് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള വ്യാപകമായ പദ്ധതിയുടെ ഭാഗമാകാം എന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ദീപക് ത്രിവേദി അഭിപ്രായപ്പെടുന്നു. ”ഭൂരിപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താനായി ബിജെപി പ്രവര്‍ത്തിക്കുന്നത് നമുക്ക് അറിയാവുന്നതാണ്. ഇത് വലിയൊരു പദ്ധതിയുടെ ഭാഗമാകാനിടയുണ്ട്” -ത്രിവേദി പറയുന്നു.
എന്നാല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ മേനോന്‍ പറയുന്നത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആഖ്യാനങ്ങളുടെ കേന്ദ്രം 2002 ആക്കി മാറ്റുകയാണ് തടവുപുള്ളികളെ വിട്ടയച്ചതിന്റെ ഉദ്ദേശ്യമെന്ന് തോന്നുന്നു എന്നാണ്. ‘ആ തലത്തില്‍ നോക്കിയാല്‍ അതിനെ ടീസ്റ്റ സെതല്‍വാദ്, ഗുജറാത്ത് പോലീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ആര്‍ ബി ശ്രീകുമാര്‍ എന്നിവരെ സുപ്രീം കോടതി ഉത്തരവ് വന്ന ഉടനെ അറസ്റ്റ് ചെയ്തതിനോട് താരതമ്യം ചെയ്യാവുന്നതാണ്.’ മേനോന്‍ വിശ്വസിക്കുന്നത് അതിന് തെരഞ്ഞെടുപ്പുകളില്‍, ബിജെപിക്ക് സ്വാധീനമുള്ള ഗുജറാത്തില്‍ വിശേഷിച്ചും വലിയ പ്രഭാവം ചെലുത്താനാവില്ല എന്നാണ്. ഗുജറാത്ത് ഗവണ്‍മെന്റ് പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് മേനോന്‍ മറുപടി പറയുന്നത് അതിന് സാധ്യത ഇല്ലെന്നാണ്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവില്ലാതെയാണ് ഗുജറാത്ത് ഗവണ്‍മെന്റ് തീരുമാനം എന്ന് വിശ്വസിക്കാനാവില്ല. കാരണം മോദി -ഷാമാരുടെ അനുമതി ഇല്ലാതെ ഗുജറാത്ത് ഗവണ്‍മെന്റ് ഒരു നടപടിയും എടുക്കില്ല. ഹിന്ദുത്വ കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് ഈ നടപടി എന്നതിനോട് മേനോന്‍ യോജിക്കുന്നു.

പ്രതിപക്ഷം സര്‍ക്കാറിനെ
അപലപിക്കുന്നു

പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ പ്രതിപക്ഷം ബിജെപിയെ അപലപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊലപാതകം, കൂട്ടബലാത്സംഗം എന്നീ കേസുകളിലെ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം മുന്‍ നയത്തിന്റെ കീഴില്‍ അംഗീകരിച്ച ഗുജറാത്ത് ഗവണ്‍ മെന്റിനെ വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇങ്ങനെ ട്വീറ്റ് ചെയ്തു: ”അഞ്ചു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്നു വയസ്സായ മകളെ കൊല്ലുകയും ചെയ്തവരെ ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചു വിട്ടയച്ചു. സ്ത്രീ ശക്തിയെക്കുറിച്ച് പറയുന്നവര്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്? പ്രധാനമന്ത്രി, അങ്ങയുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം രാജ്യം മുഴുവന്‍ കാണുന്നുണ്ട്”
ബില്‍ഖീസ് ബാനുവിന്റെ പോരാട്ടത്തെ പരിഹസിക്കലാണ് പ്രതികളെ വിട്ടയക്കല്‍ നടപടി എന്ന് എ ഐ എം ഐ എം പ്രസിഡന്റ് അസദുദ്ദിന്‍ ഒവൈസി പറഞ്ഞു. അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തു: ”ഈ ആളുകള്‍ ഹീനമായ ഒരു കുറ്റം ചെയ്തവരാണ്. അവരെ വിട്ടയക്കാനുള്ള നടപടി ബില്‍ഖീസ് ബാനുവിന്റെ പോരാട്ടത്തെ പരിഹസിക്കലാണ്. പഴയ മുറിവുകള്‍ കുത്തിത്തുറക്കലാണ്. ബിജെപിക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു രക്ഷപ്പെടാന്‍ കഴിയില്ല. ഗവണ്‍മെന്റിന്റെ തന്നെ നയങ്ങളും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളും ബലാത്സംഗികളെയും സി ബി ഐ അന്വേഷിച്ച പ്രതികളെയും വിട്ടയക്കുന്നത് വിലക്കുന്നുണ്ട്.”
(മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x