3 Tuesday
December 2024
2024 December 3
1446 Joumada II 1

ബില്‍ഖീസ് ബാനു ഇവിടെത്തന്നെയുണ്ട്

സുഫ്‌യാന്‍

2002-ലെ ഗുജറാത്ത് കലാപ കാലത്ത് കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബാംഗങ്ങളെ കശാപ്പ് ചെയ്യുന്നത് കാണേണ്ടിവരികയും ചെയ്ത ബില്‍ഖീസ് ബാനുവിന്റെ കേസ് ലോകമാധ്യമങ്ങളില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചക്ക് കാരണമായിരിക്കുകയാണ്. മരിച്ചെന്ന് കരുതി കലാപകാരികള്‍ ഉപേക്ഷിച്ചു പോയ ഇരയാണ് ബില്‍ഖീസ് ബാനു. മരിച്ചില്ലെന്ന് മാത്രമല്ല, അക്രമകാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടം നടത്തിക്കൊണ്ട് ശിക്ഷ വാങ്ങി നല്‍കാന്‍ അവര്‍ക്ക് സാധിച്ചു. അന്വേഷണം സി ബി ഐ നടത്തുകയും വിചാരണ ഗുജറാത്തിന് പുറത്ത് മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തുകൊണ്ടാണ് കേസ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ കുറ്റവാളികള്‍ക്ക് ജയില്‍ശിക്ഷയില്‍ ഇളവ് നല്‍കിക്കൊണ്ട് ഇരകളോട് ഒരിക്കല്‍ കൂടി യുദ്ധപ്രഖ്യാപനം നടത്തുകയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെയ്യുന്നത്. ആഗോളതലത്തിലും ഇന്ത്യയില്‍ തന്നെയും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഈ നടപടി കാരണമായി.

ബില്‍ഖീസ് ബാനു
ഇന്ത്യന്‍ മുസ്‌ലിംകളുടെ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണ് ബില്‍ഖീസ് ബാനു. ദയക്കു വേണ്ടി യാചിക്കുന്നവരല്ല, നീതിക്കു വേണ്ടി പൊരുതുന്നവരാണ് മുസ്‌ലിംകളെന്ന ചിത്രം ബില്‍ഖീസ് ബാനുവിലൂടെ തെളിഞ്ഞുവന്നു. അതുകൊണ്ടാണ് നിയമത്തിന്റെ അസാധാരണമായ പഴുതുകളിലൂടെ കുറ്റവാളികള്‍ ജയില്‍മോചിതരായത് ലഡു കഴിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുവാന്‍ ഒരു വിഭാഗം മുന്‍കൈയെടുത്തത്.
കേസിന്റെ വിചാരണയും ശിക്ഷയും നടന്നത് മഹാരാഷ്ട്രയിലാണ് എന്നതുകൊണ്ടു തന്നെ ശിക്ഷാ ഇളവ് നല്‍കുന്ന കാര്യത്തില്‍ അഭിപ്രായം ചോദിക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരിനോടാണ്. അതുണ്ടായില്ല. ഗുജറാത്ത് സര്‍ക്കാരാണ് തീരുമാനമെടുത്തത്. തീരുമാനമെടുക്കാന്‍ അവലംബിക്കേണ്ട റെമിഷന്‍ പോളിസി 2014-ല്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ബലാത്സംഗം പോലുള്ള കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ഒരു സാഹചര്യത്തിലും ഇളവ് നല്‍കരുതെന്ന് അതില്‍ പ്രത്യേകം പറയുന്നുണ്ട്. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും അക്കാര്യത്തിലുണ്ട്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ അവലംബിച്ചത് 1992-ലെ റെമിഷന്‍ പോളിസിയാണ്. ഇങ്ങനെ ഏത് കോണില്‍ നിന്നു നോക്കിയാലും നിയമത്തിന്റെ പഴുതുകളില്‍ കൃത്രിമത്വം കാണിച്ചുകൊണ്ടാണ് ജയില്‍മോചനം സാധ്യമാക്കിയതെന്ന് കാണാനാവും.
ബില്‍ഖീസ് ബാനുവിന്റെ കേസിലെ കുറ്റവാളികള്‍ ബ്രാഹ്മണരാണ് എന്നതുകൊണ്ട് അവര്‍ മോചനത്തിന് അര്‍ഹരാണ് എന്നതാണ് മറ്റൊരു വ്യാഖ്യാനം. അങ്ങനെ വാദിക്കുന്നവരുടെ ഭരണഘടന മനുസ്മൃതിയാകാനാണ് സാധ്യത. കാരണം, ഇന്ത്യയിലെ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി പ്രത്യേകം ഇളവുകളോ നിയമങ്ങളോ ഇല്ല. ബില്‍ഖീസ് ബാനു എന്ന ഇമേജ് ഇന്ത്യന്‍ മുസ്‌ലിംകളുടെ നീതി ചോദിക്കലിന്റെ പ്രതീകമായും അക്രമികള്‍ക്ക് താക്കീതായും എല്ലാ കാലത്തും നിലനില്‍ക്കും. അതിനെ നിഷ്പ്രഭമാക്കുക എന്നത് മാത്രമാണ് ഈ ജയില്‍മോചനം കൊണ്ട് ഉദ്ദേശിക്കുന്നത്. നീതി ചോദിച്ച് നടത്തിയ പോരാട്ടവും ഭാഗികമായെങ്കിലും നീതി ലഭിച്ച വിധിപ്രസ്താവവും ഒരു ഓര്‍മയായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉണ്ടാകാന്‍ പാടില്ല. പരാജയപ്പെട്ട ഒരു പോരാട്ടമായി അതിനെ മാറ്റാന്‍ കഴിയുമോ എന്നാണ് അവര്‍ ആലോചിക്കുന്നത്. പക്ഷേ, ബില്‍ഖീസ് ബാനു എന്ന ഇന്ത്യക്കാരിയായ മുസ്‌ലിം സ്ത്രീ പോരാട്ടത്തിന്റെ പ്രതീകമായി വീണ്ടും ഉദിച്ചുയരുന്നുവെന്നതാണ് സമകാലിക ചിത്രം നല്‍കുന്ന സന്ദേശം.

Back to Top