12 Sunday
May 2024
2024 May 12
1445 Dhoul-Qida 4

ബിലാലിന്റെ പ്രിയനബി

വി എസ് എം കബീര്‍


മദീനയിലൊരുങ്ങിയ തിരുനബിയുടെ പള്ളിയില്‍ അന്ന് ആദ്യമായി ബാങ്കൊലി മുഴങ്ങി. രോമാഞ്ചദായകമായ ആ നാദവിസ്മയം കേട്ട ഓരോരുത്തരും ഒരു നിമിഷംപോലും കാത്തുനില്‍ക്കാതെ മദീന തെരുവില്‍നിന്ന് പള്ളിയിലേക്ക് പാഞ്ഞു. അംഗസ്‌നാനം ചെയ്ത് പള്ളിയില്‍ പ്രവേശിച്ച അവര്‍ തിരുനബിയുടെ ചാരത്ത് ആനന്ദക്കണ്ണീരണിഞ്ഞ് ഒരാള്‍ നില്ക്കുന്നതാണ് കണ്ടത്. നീണ്ടു മെലിഞ്ഞ, കറുത്തിരുണ്ട ഒരു പാവം മനുഷ്യന്‍.
നമസ്‌കാര സമയം വിളംബരം ചെയ്തുകൊണ്ടുള്ള ചരിത്രത്തിലെ ആ ആദ്യത്തെ ബാങ്ക് മുഴക്കിയ അബ്‌സീനിയക്കാരനായ റബാഹിന്റെ മകന്‍ ബിലാല്‍. ആ ബാങ്ക് ഹൃദയംകൊണ്ടേറ്റുവാങ്ങിയ പ്രിയനബി ബിലാലിനെ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തിയതായിരുന്നു അപ്പോള്‍. ആ അഭിമാനവേള ബിലാലിന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു. ജുമഹ് ഗോത്രക്കാരുടെ ഹൃദയഭേദകമായ മര്‍ദനമുറകള്‍ ബിലാല്‍ അനുഭവിച്ചു തീര്‍ത്തത് ‘അല്ലാഹു അഹദ്, അഹദ്’ എന്ന് ഇടവേളകളില്ലാതെ ഉരുവിട്ടുകൊണ്ടായിരുന്നു. ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’ എന്ന് തുടങ്ങുന്ന ബാങ്കൊലി മുഴക്കാന്‍ പിന്നെ ബിലാലിനെയല്ലാതെ മറ്റാരെ വിളിക്കും തിരുനബി?
വര്‍ഷങ്ങള്‍ കഴിഞ്ഞു. മക്കാ വിജയദിനം വന്നു. കുളിച്ചൊരുങ്ങിയ നബി ഖസ്‌വായുടെ പുറത്തേറി കഅ്ബ പ്രദക്ഷിണം നടത്തി. മഖാമു ഇബ്‌റാഹീമീല്‍ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചു. സംസം കിണറിനരികെയെത്തി അതില്‍നിന്ന് അല്പം വെള്ളംകുടിച്ചു. അലിയോട് കഅ്ബയുടെ താക്കോല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഉസ്മാനുബ്‌നു ത്വല്‍ഹയുടെ അടുത്തായിരുന്നു താക്കോല്‍. അദ്ദേഹത്തെ വരുത്തി കഅ്ബയുടെ വാതില്‍തുറന്നു. അവിടെക്കൂടിയ പതിനായിരത്തോളം സ്വഹാബിമാരുടെ കണ്ഠങ്ങളില്‍നിന്ന് അപ്പോള്‍ തക്ബീര്‍ധ്വനികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.
അതിനകത്തേക്ക് പ്രവേശിച്ച ശേഷം തിരുനബിയൊന്ന് തിരിഞ്ഞുനിന്നു. ആരെയോ പരതുകയായിരുന്നു അവിടുന്ന്. ആകാംക്ഷയുടെയും പ്രതീക്ഷയുടെയും വെണ്‍മ പരന്ന ആയിരം മുഖങ്ങളിലൂടെ ദൂതരുടെ കണ്ണുകള്‍ ഒഴുകിനടന്നു. സന്തതസഹചാരികളായ സിദ്ദീഖുല്‍ അക്ബര്‍ തുടങ്ങി ഒട്ടനവധി പ്രമുഖരടങ്ങുന്ന ആ ജനസഞ്ചയത്തില്‍നിന്ന് രണ്ടുപേരെ ദൂതര്‍ തെരഞ്ഞുപിടിച്ചു. ഒരാള്‍ പതിനെട്ട് വയസ് പോലും തികയാത്ത ഒരു കൗമാരക്കാരന്‍, സൈദിന്റെ മകന്‍ ഉസാമ! രണ്ടാമത്തെയാള്‍, ഉമയ്യത്തുബ്‌നു ഖലഫിന്റെയും ഭാര്യയുടെയും പീഡനപര്‍വങ്ങളില്‍നിന്ന് അബൂബക്കര്‍ സിദ്ദീഖ് വിലകൊടുത്ത് വാങ്ങി മോചിപ്പിച്ച റബാഹിന്റെ മകന്‍ ബിലാല്‍! വിശ്വസിക്കാനായില്ല ആദ്യം ബിലാലിന്. പക്ഷെ തിരുനബി അങ്ങനെയാണല്ലോ. അമ്പരന്നുപോയ ബിലാല്‍ യാഥാര്‍ഥ്യബോധത്തിലേക്ക് വന്നു. കഅ്ബയുടെ വാതിലിന് നേരെ നടന്നു. അസൂയാര്‍ഹമായ ആ അഭിമാനനിമിഷത്തിലും അതീവ വിനയത്തോടെ, തലതാഴ്ത്തി കഅ്ബയുടെ പടികയറി. തുടച്ചിട്ടും നിലക്കാതെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു. ജീവിതത്തിലെ സൗഭാഗ്യധന്യമായ ആ നിമിഷങ്ങളില്‍ ബിലാല്‍ അല്ലാഹുവിനെ ഒരായിരം തവണ സ്തുതിച്ചു. തന്നെ പേരെടുത്ത് വിളിച്ച് ദൈവികഭവനത്തിന്റെ ഉമ്മറപ്പടിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രിയനബിയെ അവിടെവെച്ച് ഒന്നാലിംഗനം ചെയ്യണമെന്നുണ്ടായിരുന്നു ബിലാലിന്. പക്ഷെ, സാധിച്ചില്ല.
വാതിലടക്കാന്‍ ആവശ്യപ്പെട്ട നബി അപ്പോഴേക്കും കഅ്ബക്കകം കാണാനായി തിരിഞ്ഞിരുന്നു. രണ്ട് റക്അത്ത് നമസ്‌കരിക്കുകയും അല്ലാഹുവിന്റെ ഏകത്വം വിളംബരപ്പെടുത്തുകയും ചെയ്തശേഷം പുറത്തിറങ്ങി.
സമയം നീങ്ങിക്കൊണ്ടേയിരുന്നു. മക്കാ വിജയാനന്തരമുള്ള നടപടികളുടെ തിരക്കിലായിരുന്നു നബി. അതിനിടെയാണ് നമസ്‌കാര സമയമായത്. കഅ്ബ മുസ്‌ലിംകളുടെ അധീനതയിലായതിന് ശേഷമുള്ള ആദ്യ നമസ്‌കാരമാണ്. നമസ്‌കാരസമയം വിളംബരം ചെയ്തുകൊണ്ടുള്ള ബാങ്ക് വിളിക്കണം. റസൂലിന്റെ മുഅദ്ദിന്‍ ബിലാലാണല്ലോ. മദീനയിലെ നബവി മസ്ജിദില്‍ ബിലാല്‍ ബാങ്കുകള്‍ അനവധി മുഴക്കിയിട്ടുണ്ട്. മുഹാജിറുകളും അന്‍സാറുകളും അതുകേട്ട് പുളകം കൊണ്ടിട്ടുണ്ട്. അവര്‍ കച്ചവടവും മറ്റു ജീവിതവ്യവഹാരങ്ങളും നിര്‍ത്തിവെച്ച് അതിനുത്തരം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ മക്കയില്‍, അതും കഅ്ബയുടെ ചാരത്ത് ആ എത്യോപ്യന്‍ നാദമുയര്‍ന്നിട്ടില്ല. ദുരഭിമാനം മൂത്ത ഉമയ്യയുടെ ക്രൂരതയില്‍ മരുഭൂമിയുടെ വിജനത ബിലാലിന്റെ ആര്‍ത്തനാദങ്ങള്‍ കേട്ടിട്ടുണ്ട്. ഉമയ്യയുടെ മക്കള്‍ തെരുവിലൂടെ ചങ്ങലക്കെട്ടുകളില്‍ ജീവനുള്ള ആ ദേഹം വലിച്ചിഴച്ചപ്പോള്‍ മുറിവേറ്റ ഹൃദയത്തില്‍ നിന്നുയര്‍ന്ന ‘അല്ലാഹു അഹദ്, അഹദ്’ എന്ന പ്രഖ്യാപനവും കേട്ടിട്ടുണ്ട്. അതേ നാട്ടില്‍ കഅ്ബയുടെ മാനത്ത് ഏകനായ ദൈവത്തിന്റെ മഹത്വം വാഴ്ത്താനുള്ള അത്യന്തം അഭിമാനം നിറഞ്ഞ അവസരമാണ് കൈവന്നിരിക്കുന്നത്. ബാങ്ക് വിളിക്കാനൊരുങ്ങിയ ബിലാലിനോട് നബി ആവശ്യപ്പെട്ടു:
‘ബിലാല്‍, കഅ്ബയുടെ മുകളില്‍ കയറൂ.’ ബിലാലിന്റെ കണ്ണുകള്‍ വിടര്‍ന്നു. ആശ്ചര്യത്തോടെ, അവിശ്വസനീയമായ മിഴികളോടെ ബിലാല്‍ പ്രിയദൂതരെ നോക്കി. നബി അതെ എന്ന് കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചുവോ? അതെ, കാണിച്ചു.
ബിലാലിന്റെ കണ്ണുകള്‍ വീണ്ടും നിറയുകയാണ്. ഇത്രയും സൗഭാഗ്യവും ആനന്ദവും അനുഭവിക്കാന്‍ മാത്രം താന്‍ ഇസ്‌ലാമിന്റെ വഴിയില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടോ? ബിലാലിന് സംശയമായി. അല്ലാഹുവിനുള്ള സ്തുതിയും പ്രിയനബിയോടുള്ള നന്ദിയും ഒരുമിച്ചുള്‍ക്കൊള്ളാന്‍ ആ ഹൃദയം അപ്പോള്‍ ഏറെ പാടുപെടുന്നുണ്ടായിരുന്നു.
കഅ്ബയുടെ മുകളില്‍ കയറിയ ബിലാല്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. വിസ്മയത്തോടെയും അഭിമാനത്തോടെയും തന്നെ മാത്രം നോക്കിനില്‍ക്കുന്ന ആയിരക്കണക്കിന് കൂടപ്പിറപ്പുകളെ വ്യക്തമായി കാണാന്‍ ആ നിറഞ്ഞ കണ്ണുകള്‍ക്കപ്പോള്‍ കഴിഞ്ഞില്ല. കണ്ണുകള്‍ തുടച്ച്, ദീര്‍ഘമായൊന്ന് നിശ്വസിച്ച് ബിലാല്‍ തുടങ്ങി:
‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍….’
ആ ശബ്ദഗാംഭീര്യത്തിനു മുന്നില്‍ ആകാശം കടലായി. അതിലൂടെ ആ നാദം ഒഴുകിനടന്നു. മണല്‍പ്പരപ്പിന് മുകളിലൂടെ അത് തിരമാലകളായി. തിരുനബിയും സ്വഹാബിമാരും അത് ഏറ്റുചൊല്ലി. അബ്‌സീനിയക്കാരിയായ ഒരടിമപ്പെണ്ണിന് ജനിച്ച ആ മെലിഞ്ഞ യുവാവിന്റെ നിയന്ത്രണത്തിലായി അപ്പോള്‍ ഹറം ദേശം.
അബൂസുഫ്‌യാനും അതാബുബ്‌നു ഉസൈദും ഹാരിസുബ്‌നു ഹിശാമുമടക്കമുള്ള ഖുറൈശി പ്രമുഖര്‍ ഇതിനെല്ലാം സാക്ഷികളായി ആ വേളയില്‍ കഅ്ബാങ്കണത്തിന്റെ ഒരു മൂലയിലുണ്ടായിരുന്നു. ഇസ്‌ലാം അപ്പോള്‍ അവര്‍ക്ക് പൂര്‍ണമായും വഴങ്ങിയിരുന്നില്ല. ബിലാലിന്റെ ബാങ്ക് അവര്‍ അവജ്ഞയോടെയാണ് കേട്ടിരുന്നത്. അതാബ് തന്റെ ഉള്ളിലിരിപ്പ് ഇങ്ങനെ പ്രകടിപ്പിക്കുകയും ചെയ്തു: ‘എന്റെ പിതാവ് ഉസൈദിനെ ദൈവം കാത്തു. ഈ ശബ്ദം കേള്‍ക്കേണ്ടിവന്നിരുന്നെങ്കില്‍ അദ്ദേഹം സഹിക്കുമായിരുന്നില്ല.’
തിരുനബിയും സ്വഹാബിമാരും പിന്നീട് നമസ്‌കാരം നിര്‍വഹിച്ചു.
മദീനയില്‍ തിരികെയെത്തിയ നബി മാസങ്ങള്‍ പിന്നിട്ടതോടെ രോഗിയായി. പരലോകത്തെക്കുറിച്ചും സ്വര്‍ഗത്തപ്പറ്റിയും സംസാരിക്കാന്‍ താല്‍പര്യം കാണിച്ച നബി അന്ത്യയാത്രയുടെ സൂചനകളും നല്‍കിത്തുടങ്ങിയിരുന്നു. വൈകാതെ ദൂതര്‍ക്ക് തലവേദന ബാധിച്ചു. അത് നാള്‍ക്കുനാള്‍ കൂടിവന്നു. താമസം ആഇശയുടെ വീട്ടിലേക്ക് മാറ്റി. നമസ്‌കാരവേള അറിയിച്ചുകൊണ്ടുള്ള ബിലാലിന്റെ ഓരോ ബാങ്കുകള്‍ക്കും നബി ഉത്തരംനല്‍കി. പക്ഷെ ഒരിക്കല്‍ അതിനും നബിക്കായില്ല. അബൂബക്കറാണ് ആ സമയത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. അന്ന് ബിലാലിന്റെ മനസിലെ വിങ്ങലിന് കനം കൂടിത്തുടങ്ങി. നബിയില്ലാത്ത ഒരു പള്ളി, നബി ഇമാമായല്ലാത്ത ഒരു ജമാഅത്ത് നമസ്‌കാരം, അതൊന്നും സങ്കല്പിക്കാന്‍ പോലും ബിലാലിന്റെ നിഷ്‌കളങ്ക മനസ്സിന് കഴിയുമായിരുന്നില്ല.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. ബിലാലിന്റെ സുബ്ഹ് ബാങ്കുയര്‍ന്നു. ജമാഅത്ത് നമസ്‌കാരം തുടങ്ങാന്‍ പക്ഷേ ദൂതരെത്തിയില്ല. കാത്തിരുന്ന ബിലാലില്‍ നിരാശയും ആധിയും വളര്‍ന്നു. അബൂബക്കറിന്റെ നേതൃത്വത്തില്‍ നമസ്‌കാരം തുടങ്ങി. പിന്നീടാണ് നബിയെത്തിയത്. ദൂതര്‍ ഇമാമിന്റെ വലതുഭാഗത്തിരുന്ന് നമസ്‌കരിച്ചു. നമസ്‌കാരാനന്തരം ദൂതരെ കണ്ടപ്പോഴാണ് ബിലാലിന് ആശ്വാസമായത്. പതിവിലും കൂടുതല്‍ സന്തോഷവാനുമായിരുന്നു നബി അന്ന്. അത് പക്ഷെ ദൂതരുടെ അവസാനത്തെ നമസ്‌കാരമായിരുന്നു.
വീട്ടിലേക്ക് മടങ്ങിയ ദൂതരുടെ അവസ്ഥ പെട്ടെന്ന് മാറി. മരണത്തിന്റെ വേദന ആ മുഖത്ത് പലപ്പോഴും തെളിഞ്ഞു. പ്രാര്‍ഥനകളും മന്ത്രങ്ങളും ആ ചുണ്ടുകളില്‍ നിറഞ്ഞു. ഒടുവില്‍ ആ കണ്ണുകള്‍ മറിഞ്ഞു, കൈകള്‍ ചാഞ്ഞു. ആ ആത്മാവ് അത്യുന്നതനായ നാഥനിലേക്ക് ചേര്‍ന്നു. ഇന്നാ ലില്ലാഹ്….
വിവരം ചുണ്ടുകളില്‍നിന്ന് കാതുകളിലെത്തി. മദീന തെരുവുകള്‍ നിശ്ചലമായി. പകല്‍വെളിച്ചത്തിലും അവിടെ ഇരുട്ടു പരന്നതുപോലെയായി. ആകാശംപോലും മേഘാവൃതമായി. ബിലാല്‍ മദീന പള്ളിയിലെ തൂണില്‍ ചാരി ഒരേയിരിപ്പാണ്. ജീവിതത്തിന് നിറവും നിലാവും നല്‍കിയ തന്റെ രക്ഷിതാവിന്റെ വേര്‍പാട് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല ബിലാലിന്. മദീന തെരുവ് പോലെ നിശ്ചലവും അതിലേറെ അന്ധകാര നിബിഡവുമായിട്ടുണ്ട് ആ മനസ്.
നിറഞ്ഞ കണ്ണുകള്‍ തുടച്ചില്ല അദ്ദേഹം. അത് നിലക്കാതെ കവിളുകളിലൂടെ ഒലിച്ച് താടിരോമങ്ങളിലൂടെ മടിത്തട്ടിനെ നനച്ചുകൊണ്ടിരുന്നു. അതിനിടക്കാണ് ദുഹ്ര്‍ ബാങ്കിന് സമയമായത്. ആരോ വന്ന് ഓര്‍മിപ്പിച്ചു. ബിലാല്‍ എഴുന്നേറ്റു. അന്നാദ്യമായി വിങ്ങുന്ന ഹൃദയവും പൊള്ളുന്ന കണ്ണീരുമായി ബിലാല്‍ ബാങ്ക് വിളിച്ചു.
‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍…..’
ബാങ്ക് തുടങ്ങി. അതിനിടയില്‍ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്….. എന്ന ഭാഗമെത്തി.
നബിയുടെ പേര് പറഞ്ഞതോടെ ബിലാലിന്റെ സര്‍വ നിയന്ത്രണവും വിട്ടു. പിന്നീടൊരു തേങ്ങലായി മാറി ബാങ്ക്. വിഷാദച്ഛവി പരന്ന പള്ളിയും പരിസരവും ഒരു നിമിഷം ബിലാലിനോടൊപ്പം ചേര്‍ന്നു. അവരുടെയും ഹൃദയവിങ്ങലുകള്‍ പുറത്തേക്ക് വന്നു. പലരും തേങ്ങി. എത്ര ശ്രമിച്ചിട്ടും ബിലാലിന് ആ വാചകം പൂര്‍ത്തിയാക്കാനായില്ല. മുഹമ്മദുന്‍ റസൂലുല്ലയെ അത്രയേറെ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളില്‍ കൊണ്ടുനടന്നിരുന്നു ബിലാല്‍. മക്കയിലെ അടിമത്തൊഴുത്തില്‍ കിടന്ന് ലാത്തയെയും ഉസ്സയെയും ഉപാസിച്ച് ജന്മം പാഴാക്കേണ്ടിയിരുന്ന തന്നെ മദീനപള്ളിയില്‍, ഏകനായ അല്ലാഹുവിന്റെ മഹത്വം ദൈനംദിനം വിളംബരം ചെയ്യാനുള്ള നിയോഗമേല്പിച്ചത് ഈ മുഹമ്മദാണ്. ജേതാവായി മക്കയിലെത്തിയപ്പോള്‍ കഅ്ബയുടെ മട്ടുപ്പാവിലേക്ക് വിളിച്ചുകയറ്റി ബാങ്കൊലി മുഴക്കാനുള്ള അസുലഭ സൗഭാഗ്യം തന്നതും ഇതേ റസൂലാണ്.
അങ്ങനെയുള്ള ഒരാളുടെ വേര്‍പാട് എങ്ങനെ താങ്ങാനാവും ഈ മനുഷ്യന്? അന്ന് ബിലാല്‍ തീരുമാനിച്ചതാണ് ഇനിയൊരു ബാങ്കുവിളി വേണ്ടെന്ന്. ജീവിതത്തിലെ അവസാന ബാങ്കാണ് ഈ വിളിച്ചതെന്ന്.
അബൂബക്കര്‍ ഖലീഫയായി. ഉമയ്യ പറഞ്ഞ പണം നല്‍കി തന്നെ മോചിപ്പിച്ച ആ മഹാമനസ്‌കനില്‍ നിന്ന് അനുവാദം വാങ്ങി ബിലാല്‍ ശാമിലേക്ക് പോയി. തിരുനബിയില്ലാത്ത മദീനയില്‍ നില്ക്കാന്‍ കഴിയുമായിരുന്നില്ല അദ്ദേഹത്തിന്. തിരുസാന്നിധ്യം അത്രമേല്‍ പ്രിയതരമായിരുന്നു ബിലാലിന്.
വര്‍ഷങ്ങള്‍ നീങ്ങി. ഉമര്‍ അധികാരമേറ്റു. ഒരിക്കല്‍ ഖലീഫ ശാം സന്ദര്‍ശിക്കാനായി എത്തി. നമസ്‌കാര സമയമായപ്പോള്‍ പള്ളിയിലെത്തിയ ഖലീഫയോട് വിശ്വാസികള്‍ ഒരാവശ്യമുന്നയിച്ചു, ബാങ്ക് വിളിക്കാന്‍ ബിലാലിനെ താങ്കള്‍ നിര്‍ബന്ധിക്കണം.
ഖലീഫ അപ്രകാരം ചെയ്തു. വിശ്വാസികളുടെ നേതാവിന്റെ അഭ്യര്‍ഥന പ്രകാരം ബിലാല്‍ അന്ന് ബാങ്ക് വിളിച്ചു. നബിയുടെ പേരടങ്ങുന്ന വാചകമെത്തിയപ്പോള്‍ ബിലാലിന്റെ ശബ്ദമിടറി. ആ വാചകം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പാടുപെടവേ, കേട്ടുനില്‍ക്കുകയായിരുന്ന ഖലീഫയടക്കമുള്ളവര്‍ കണ്ണീരണിഞ്ഞിരുന്നു. പലരുടെയും തേങ്ങല്‍ പള്ളിയിലെ നിശ്ശബ്ദതയെ ഭേദിച്ചു. ആലിംഗനം ചെയ്തുകൊണ്ട് ഉമറും ബിലാലും പരസ്പരം ആശ്വാസം കൊണ്ടു. പുണ്യനബിയുടെ ഓര്‍മകള്‍ അവിടെയപ്പോള്‍ പൂത്തുലഞ്ഞ് സൗരഭ്യം പരത്തുന്നുണ്ടായിരുന്നു.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x