എസ് 400ല്‍ തീരുമാനമാകാതെ തുര്‍ക്കി, യു എസ് കൂടിക്കാഴ്ച

അഫ്ഗാനിസ്ഥാനില്‍ നിന്ന് യു എസ് സൈന്യം പിന്‍വാങ്ങുമ്പോള്‍ കാബൂള്‍ വിമാനത്താവള സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തുര്‍ക്കിക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ബ്രസല്‍സില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥന് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, റഷ്യന്‍ നിര്‍മിത എസ്400 വ്യോമ മിസൈല്‍ സംവിധാനം തുര്‍ക്കി വാങ്ങുന്നതുമായി ബന്ധപ്പെട്ട് യു എസിനും തുര്‍ക്കിക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. ജൂണ്‍ 14ലെ നാറ്റോ ഉച്ചകോടിയില്‍ ബൈഡനും ഉര്‍ദുഗാനും അഫ്ഗാന് വിമാനത്താവള സുരക്ഷാ പ്രശ്നത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി യു എസ് ദേശീയ സുരക്ഷാ ഉപദേശകന് ജേക്ക് സള്ളിവന് മാധ്യമങ്ങളോട് പറഞ്ഞു. ഉര്ദുഗാന് യു എസിനോട് വിമാനത്താവള സുരക്ഷക്ക് സഹായം അഭ്യര്‍ഥിക്കുകയും, ബൈഡന് സഹായം നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി സള്ളിവന് പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
