22 Wednesday
October 2025
2025 October 22
1447 Joumada I 0

പുത്തനാചാരങ്ങളുടെ അപകടം

എം ടി അബ്ദുല്‍ഗഫൂര്‍


വിശ്വാസികളുടെ മാതാവ് ആഇശ(റ) പറയുന്നു: നബി(സ) പറഞ്ഞു: നമ്മുടെ ഈ (മത)കാര്യത്തില്‍ പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി, മുസ്‌ലിം)

മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിച്ച മതങ്ങളുടെ കൂട്ടത്തില്‍ അവസാനത്തേതാണ് മുഹമ്മദ് നബി(സ)യിലൂടെ ലോകത്തിന് ലഭിച്ച നിയമ സംഹിതകള്‍. പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാത്തവിധം പരിപൂര്‍ണവും കൃത്യവുമാണ് ഇസ്‌ലാമിലെ നിയമനിര്‍ദേശങ്ങള്‍. ഏത് കാലത്ത് ജീവിക്കുന്ന മനുഷ്യനും പ്രായോഗികമായി സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന നിയമനിര്‍ദേശങ്ങളാണ് വിശുദ്ധ ഖുര്‍ആനും നബിചര്യയും പരിചയപ്പെടുത്തിയത്. ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു” (5:3) എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ഇതിലേക്ക് സൂചന നല്‍കുന്നു.
മതനിയമങ്ങള്‍ പൂര്‍ണമായ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടശേഷം അതില്‍ ഇല്ലാത്ത കാര്യങ്ങള്‍ മതനിയമങ്ങള്‍ എന്ന നിലക്ക് – അതെത്ര പുണ്യകരമാണെന്ന് നമുക്ക് തോന്നുന്നതാണെങ്കിലും – യാതൊന്നും കൂട്ടിച്ചേര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നത്രെ ഈ നബിവചനം വ്യക്തമാക്കുന്നത്. അല്ലാഹുവിന്റെ പൊരുത്തവും സാമീപ്യവും ആഗ്രഹിച്ച്, അവന്റെ നിയമത്തെ അനുകരിച്ച് സമാനമായ വിശ്വാസങ്ങളോ കര്‍മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലമില്ലാതെ പുതുതായി ഉണ്ടാക്കപ്പെടുന്നത് ബിദ്അത്തുകളാകുന്നു.
സ്വര്‍ഗപ്രവേശനവും നരകമോചനവും നേടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും നബിതിരുമേനി വിവരിച്ചിട്ടുണ്ട് എന്നിരിക്കെ നമ്മുടെ വകയായി അതിലേക്ക് വല്ലതും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് മുഹമ്മദ് നബി(സ)യുടെ ദൗത്യത്തെ ചോദ്യം ചെയ്യലാകുന്നു. മതപരമായ ഏതൊരു കാര്യവും പുണ്യകരമാവുന്നത് അല്ലാഹുവിന്റെയോ നബി (സ)യുടെയോ നിര്‍ദേശങ്ങള്‍ ഉണ്ടാവുമ്പോഴാണ്. അതില്‍പെടാത്ത ഏതൊരു കാര്യവും മതപരമാണെന്ന രൂപത്തില്‍ ആരെങ്കിലും നടപ്പില്‍ വരുത്തിയാല്‍ അത് ഒഴിവാക്കേണ്ടതാണെന്ന് ഈ നബിവചനം പ്രഖ്യാപിക്കുന്നു.
പൂര്‍ണമായും വെള്ളം നിറഞ്ഞുനില്‍ക്കുന്ന ഒരു പാത്രത്തിലേക്ക് കല്ലുകള്‍ വാരിയിടുന്നത് പോലെയാണ് ദീനില്‍ പുതുതായി ഓരോ ആചാര അനുഷ്ഠാനങ്ങള്‍ നിര്‍മിക്കുന്നത്. ശുദ്ധമായ വെള്ളം ആ പാത്രത്തില്‍ നിന്ന് പുറത്തുപോവുകയും മാലിന്യങ്ങള്‍ പാത്രത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യും. അതുപോലെതന്നെ ദീനില്‍ ബിദ്അത്ത് കടത്തിക്കൂട്ടിയാല്‍ അതിലെ ശരിയായ ആചാരത്തിന് ക്ഷതം സംഭവിക്കും. ഓരോ ബിദ്അത്ത് നിര്‍മിക്കപ്പെടുമ്പോഴും ഓരോ സുന്നത്തുകള്‍ തുടച്ചുനീക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. മതത്തെ അതിന്റെ ശരിയായ സ്രോതസ്സില്‍നിന്ന് മനസ്സിലാക്കാനും അനുധാവനം ചെയ്യാനുമാണ് ഈ തിരുവചനം പഠിപ്പിക്കുന്നത്.

Back to Top