ഭൂപരിപാലനം: ഭിന്ന താത്പര്യങ്ങളെ നേരിടുന്നതിനുള്ള ഇസ്‌ലാമിക മാതൃക
ഉസ്മാന്‍ അബ്ദുറഹ്‌മാന്‍, ഫസ്‌ലൂന്‍ ഖാലിദ് / വിവ. അഫീഫ ഷെറിന്‍
വിലയേറിയ ചരക്കുകള്‍ കൊണ്ടും ജീവജാലങ്ങള്‍ കൊണ്ടും വിധിയാല്‍ ഒരുമിക്കപ്പെട്ട മനുഷ്യരെ കൊണ്ടും സൂര്യന് ചുറ്റും വലയം വെക്കുന്ന നോഹയുടെ പെട്ടകമായി ഭൂമിയെ സങ്കല്‍പ്പിച്ച് രചനകള്‍ നടത്തിയ ഒരുപാട് എഴുത്തുകാരുണ്ട്. ഇതേ കപ്പലിന്റെ ഉപമയാണ് പരസ്പരാശ്രയത്വത്തില്‍ നിന്ന് ഉയരുന്ന ഉത്തരവാദിത്തങ്ങളെ ചിത്രീകരിക്കാന്‍ മുഹമ്മദ് നബി(സ)യും ഉപയോഗിച്ചത്. കപ്പലിലെ ഡെക്കിലും താഴെയുമായി വിവിധ സ്ഥാനങ്ങളിലുള്ള യാത്രക്കാര്‍ക്ക് പരസ്പരം സേവനം ആവശ്യമാണല്ലോ. കുടിവെള്ളത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. വെള്ളം കിട്ടാനുള്ള അക്ഷമയില്‍, ഡെക്കിന് താഴെയുള്ള യാത്രക്കാരിലൊരാള്‍ തന്റെ കുടിവെള്ളത്തിനായുള്ള അവകാശം ഉന്നയിച്ച് കോടാലി കൊണ്ട് അടിത്തട്ടില്‍ കൊത്തി ദ്വാരം ഉണ്ടാക്കാന്‍ ശ്രമിച്ചു. ‘ഇപ്പോള്‍, അവര്‍ അവന്റെ കൈകള്‍ പിടിച്ചാല്‍, അവര്‍ അവനെയും തങ്ങളെയും രക്ഷിക്കും’ -പ്രവാചകന്‍ പറഞ്ഞു. ‘എന്നാല്‍ അവര്‍ അവനെ വെറുതെ വിടുകയാണെങ്കില്‍, അവര്‍ അവനെയും തങ്ങളെയും നശിപ്പിക്കും’. ഇതിലെ യാത്രക്കാരന്‍ സമകാലിക മനുഷ്യരുടെ പെരുമാറ്റവും മനോഭാവവും ദൃഷ്ടാന്തീകരിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന ചരക്കുകള്‍ പ്രകൃതിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനുള്ള അവരുടെ അക്ഷമയുടെ ഫലമായി, ജീവന്‍ നിലനിര്‍ത്താനുള്ള ഭൂമിയുടെ ശേഷി ഗണ്യമായി കുറയുന്നു. പാരിസ്ഥിതിക നിയമനിര്‍മാണം, നയം, ആക്ടിവിസം തുടങ്ങിയവയെല്ലാം എപ്രകാരമാണ് നമ്മുടെ കൈകള്‍ നിയന്ത്രിക്കേണ്ടത് എന്ന ഉള്‍ക്കാഴ്ച്ച തരുന്നവയാണ്.
മനുഷ്യരുടേതിന് സമാനമായി മറ്റു ജീവജാലങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്നതാണ് ഇസ്ലാമിക വിശ്വാസ പാരമ്പര്യത്തിന്റെ സവിശേഷമായ ഒരു വശം. ഇസ്ലാം നിയമത്തിന്റെ മതം എന്നാണ് അറിയപ്പെടുന്നത്. പ്രധാനമായും ഖുര്‍ആനില്‍ നിന്നും മുഹമ്മദ് നബിയുടെ സുന്നത്തില്‍ നിന്നും ഹദീസില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഇസ്ലാമിന്റെ ധാര്‍മിക നിയമം അഥവാ ശരീഅത്ത് നിയമം. ശരീഅത്ത് എന്ന പദത്തിന്റെ അര്‍ഥം പാത, ജലത്തിന്റെ പാത, ജീവന്റെ ഉറവിടം എന്നിങ്ങനെയാണ്. പടച്ചവന്റെ സൃഷ്ടിപ്പുകളുടെ ഒറ്റയായോ കൂട്ടായോ ഉള്ള ജീവിതത്തിന്റെ ഏറ്റവും ധാര്‍മികവും നീതിയുക്തവുമായ രീതിയാണ് ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ധാര്‍മിക ശാസ്ത്രവും നിയമങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. നിര്‍ബന്ധമായവ, ശുപാര്‍ശ ചെയ്യപ്പെട്ടവ, അനുവദനീയമായവ, അനിഷ്ടമായവ, നിരോധിക്കപ്പെട്ടവ എന്നിങ്ങനെ പ്രവൃത്തികളെ അഞ്ചു തട്ടുകളായാണ് തിരിച്ചിരിക്കുന്നത്. നിരോധനാജ്ഞകള്‍ മാത്രമല്ല, ജീവിതം ഏതു രീതിയിലായിരിക്കണം എന്നുകൂടെയാണ് അതില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കോടതികളുടെ അധികാര പരിധിയില്‍ വരുന്ന നിയമപരമായ ആവശ്യകതകള്‍ക്ക് പുറമേ അത് വ്യക്തിയും സമൂഹവും നടപ്പിലാക്കേണ്ട മാനദണ്ഡങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട് എന്ന് ചുരുക്കം. കോടതികള്‍ പരാജയപ്പെടുന്നിടമോ അല്ലെങ്കില്‍ ഇസ്ലാമിക കോടതികള്‍ നിലവിലില്ലാത്തിടമോ ആണെങ്കില്‍ വിശ്വാസികളുടെ ആഗ്രഹാനുസരണമുള്ള വിധിവിലക്കുകള്‍ മനസ്സിലാക്കാന്‍ ശരീഅത്ത് സഹായിക്കുന്നു.
സമയം, സ്ഥലം എന്നിവക്കനുസരിച്ച് സാഹചര്യങ്ങള്‍ മാറും എന്നതിനാല്‍ ശ്രദ്ധയോടെയും വിവേചനബുദ്ധിയോടെയും ശരീഅത്തിന്റെ തത്വങ്ങള്‍ പ്രയോഗിക്കേണ്ടതുണ്ട്. ആയതിനാല്‍ സഹകരണവും ഉത്തരവാദിത്തപരമായ പെരുമാറ്റവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം അടിസ്ഥാന നിയമങ്ങള്‍ ശരീഅത്ത് അവതരിപ്പിക്കുന്നുണ്ട്. പ്രാദേശിക സമൂഹങ്ങള്‍ സാധാരണയായി സര്‍ക്കാര്‍ ഇടപെടലില്ലാതെ ശരീഅത്ത് വിധികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന് വിശ്വാസികളും നിയമം വ്യാഖ്യാനിക്കാന്‍ കഴിയുന്ന പണ്ഡിതന്മാരും മാത്രമാണ് ആവശ്യമുള്ളത്.
1400 വര്‍ഷത്തിലേറെയായി നേടിയ വൈദഗ്ധ്യത്തിന്റെ ഫലമായി ‘തുറന്നതും നീതിയുക്തവുമായ ഇടപാടിന് ഊന്നല്‍ നല്‍കിക്കൊണ്ട്, ഏതൊരു ഇസ്ലാമിക സമൂഹത്തിനും അതിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ഒരു ‘യഥാര്‍ഥ മാര്‍ഗം’ ശരീഅത്ത് നല്‍കിയിട്ടുണ്ട്.’ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍, തത്വങ്ങള്‍, കല്‍പ്പനകള്‍, വിധികള്‍, പരിസ്ഥിതി ഉപകരണങ്ങള്‍, നയങ്ങള്‍ എന്നിവയിലെല്ലാം ധാരാളം ശരീഅത്തുകള്‍ ഉണ്ട്. ഈ വിജ്ഞാനശേഖരം ഫിഖ് അല്‍ബീഅ (ഇസ്‌ലാമിക പരിസ്ഥിതി നിയമം) ആയി അംഗീകരിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു, അതിന്റെ പുനരുജ്ജീവനം ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ആരംഭദശയിലുമാണ്.
ശരീഅത്തിന്റെ
ലക്ഷ്യങ്ങള്‍
ഇസ്ലാമിക നിയമത്തിന്റെ ഒരു അടിസ്ഥാന തത്വം കാര്യങ്ങള്‍ അവരുടെ ലക്ഷ്യങ്ങളുടെ (മഖാസിദ്) വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നു എന്നതാണ്. ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവത്തിന്റെ സൃഷ്ടികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുക (മസാലിഹ് അല്‍-ഖല്‍ഖ് അല്ലെങ്കില്‍ മസാലിഹ് അല്‍-ഇബാദ്) എന്നതാണ്. മനുഷ്യ സമൂഹം പ്രവര്‍ത്തിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കുറഞ്ഞത് അഞ്ച് അത്യാവശ്യ മുന്നുപാധികള്‍ സംരക്ഷിക്കപ്പെടണമെന്ന് മുസ്ലിം നിയമജ്ഞര്‍ പൊതുവെ സമ്മതിച്ചിട്ടുണ്ട്.
ആദ്യത്തേത്, സമൂഹം കെട്ടിപ്പടുക്കപ്പെട്ട വിശ്വാസങ്ങളുടെയും ധാര്‍മിക മൂല്യങ്ങളുടെയും അടിത്തറയായ ദീന്‍ (മതം) ആണ്. രണ്ടാമത്തെ മുന്നുപാധി നഫ്സ് (ജീവിതം) ആണ്; ജീവന്‍ സംരക്ഷിക്കാതെ ഒരു സമൂഹത്തിനും പ്രവര്‍ത്തിക്കാനാവില്ല. മൂന്നാമതായി, ഒരു സമൂഹത്തിന്റെ നസല്‍ (പിന്‍ഗാമികള്‍) സുരക്ഷിതമായ കുടുംബ ബന്ധങ്ങളില്‍ ജനിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. നാലാമതായി, വ്യക്തിപരമായും കൂട്ടായും യുക്തിസഹമായ പെരുമാറ്റം ഉറപ്പാക്കാന്‍ അഖ്ല്‍ (യുക്തി) സംരക്ഷിക്കപ്പെടണം. അഞ്ചാമതായി, വ്യക്തികളെ അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ സുരക്ഷിതമാക്കാന്‍ പ്രാപ്തമാക്കുന്നതിന് സ്വത്തിലേക്കുള്ള അവകാശങ്ങള്‍ (മാല്‍) ആവശ്യമാണ്. ഈ ആവശ്യകതകള്‍ ഇന്നത്തെയും ഭാവിയിലെയും തലമുറകളുടെ ക്ഷേമത്തിന് ബാധകമാണ്. ഭാവിതലമുറയുടെ കാര്യത്തില്‍ പ്രത്യക്ഷമായും മതം, ജീവിതം, യുക്തി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട് പരോക്ഷമായും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍, എല്ലാ പ്രവൃത്തികളുടെയും അനന്തരഫലങ്ങളെ ഗുണങ്ങളും (മസാലിഹ്) ദോഷങ്ങളും (മഫാസിദ്) ആയി തിരിക്കുന്നുണ്ട്. സമാനമായ വിധികളുടെ സമഗ്രമായ വിശകലനത്തിലൂടെ, മുന്‍കാലങ്ങളിലെ നിയമജ്ഞര്‍ രീതിശാസ്ത്രപരമായ നിയമനിര്‍മാണ തത്വങ്ങള്‍ (ഖവാഇദു ഉസൂലില്‍ ഫിഖ്ഹ്) രൂപപ്പെടുത്തിയിട്ടുണ്ട്, അവ പ്രത്യേക നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി വര്‍ത്തിക്കുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതി നിയമശാസ്ത്രം അതിലെ ഒരു പ്രധാന ഘടകമാണ്.
ഗുണങ്ങളും
ദോഷങ്ങളും
മുസ്ലിം നിയമജ്ഞരും നിയമനിര്‍മാതാക്കളും എല്ലാ സൃഷ്ടികളുടെയും പൊതുനന്മയാണ് എപ്പോഴും ലക്ഷ്യമിടുന്നത് എന്നതിനാല്‍ അവര്‍ എല്ലാ താല്‍പ്പര്യങ്ങളും സമന്വയിപ്പിക്കാനും നിറവേറ്റാനും ശ്രമിക്കണം. എല്ലാ താല്‍പ്പര്യങ്ങളും തൃപ്തിപ്പെടുത്താന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ സാര്‍വത്രിക പൊതുനന്മ ലക്ഷ്യം വെച്ചുള്ള മുന്‍ഗണനാ നിയമം പാലിക്കേണ്ടതുണ്ട്. 14-ആം നൂറ്റാണ്ടിലെ നിയമജ്ഞനായ ഇബ്‌നു തൈമിയ അടിസ്ഥാന തത്വം ഇപ്രകാരം വ്യക്തമാക്കി:
ആവശ്യമുള്ളത് എന്തെന്നാല്‍, എല്ലാ ആനുകൂല്യങ്ങളെയും സംരക്ഷിച്ച് അവ പൂര്‍ത്തീകരിക്കുകയോ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുകയോ കുറഞ്ഞത് കുറയ്ക്കുകയോ ചെയ്യുക എന്നതാണ്. അവ പൊരുത്തപ്പെടുത്താന്‍ കഴിയില്ലെന്ന് തെളിയുകയാണെങ്കില്‍, ചെറിയ നന്മയെ ഒഴിവാക്കി വലിയ നന്മ സംരക്ഷിക്കുകയും കുറഞ്ഞ ദോഷത്തെ അംഗീകരിക്കുന്നതിലൂടെ വലിയ ദോഷം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് മാര്‍ഗം. അതാണ് നിയമത്തിന്റെ നിയോഗം. ഇനി ചര്‍ച്ചചെയ്യുന്ന ഖണ്ഡികകള്‍ ഭൂരിപക്ഷത്തിന്റെ ക്ഷേമം, ഉള്‍പ്പെട്ടിരിക്കുന്ന വിവിധ താല്‍പ്പര്യങ്ങളുടെ പ്രാധാന്യം, പ്രയോജനത്തിന്റെയും ദോഷത്തിന്റെയും ഉറപ്പോ സാധ്യതയോ, അധികാരികളുടെ ഇടപെടലില്ലാതെ ബാധിക്കപ്പെട്ടവരുടെ സുരക്ഷിതത്വത്തിനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് പൊതുനന്മ ഉറപ്പാക്കാന്‍ നിയമജ്ഞര്‍ നിര്‍വചിച്ച തത്വങ്ങളെ സംഗ്രഹിക്കുന്നവയാണ്.
സാര്‍വത്രികവും
വ്യക്തിപരവുമായ
ക്ഷേമം
വ്യക്തികളുടെയും പ്രത്യേക ഗ്രൂപ്പുകളുടെയും താല്‍പ്പര്യങ്ങള്‍ക്ക് യോജിപ്പിക്കാന്‍ കഴിയാത്തപ്പോള്‍ സാര്‍വത്രിക താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇസ്ലാമിക നിയമത്തിന്റെ തത്വങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ‘പ്രത്യേക താല്‍പ്പര്യങ്ങളേക്കാള്‍ സാര്‍വത്രിക താല്‍പ്പര്യം സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുന്നു,’ ‘പൊതുക്ഷേമം വ്യക്തിഗത ക്ഷേമത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നു’ എന്നിവ. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ‘പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ഒരു പൊതു പരിക്ക് ഒഴിവാക്കാന്‍ ഒരു സ്വകാര്യ പരിക്ക് സ്വീകരിക്കപ്പെടുന്നു’ എന്ന തത്വം. എന്നിരുന്നാലും, പൊതുതാല്‍പ്പര്യത്തിന്റെ പേരില്‍ വ്യക്തിഗത അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല.
വലുതും ചെറുതുമായ ആവശ്യങ്ങള്‍
പ്രയോജനങ്ങളും ദോഷങ്ങളും അവയുടെ പ്രാധാന്യവും അടിയന്തിരതയും അനുസരിച്ചാണ് വിലയിരുത്തുന്നത്. അവ തീവ്രമായ ആവശ്യങ്ങളുമായോ പരിഷ്‌കരണങ്ങളുമായോ വൈരുധ്യമുണ്ടെങ്കില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും, പരിഷ്‌ക്കരണങ്ങളുമായി വൈരുധ്യമുണ്ടെങ്കില്‍ കുറഞ്ഞ ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. പ്രസക്തമായ നിയമപരമായ തത്വങ്ങള്‍ ഇവയാണ്: ‘രണ്ട് തിന്മകളില്‍ കുറഞ്ഞത് തിരഞ്ഞെടുക്കപ്പെടും’, ‘കടുത്ത നാശനഷ്ടങ്ങള്‍ ഭാരം കുറഞ്ഞ നാശനഷ്ടങ്ങള്‍ മുഖേന നീക്കം ചെയ്യപ്പെടും’, ‘എതിര്‍ക്കുന്ന രണ്ട് ദോഷങ്ങളില്‍ ഒന്നും ഒഴിവാക്കാനാകാത്തതാണെങ്കില്‍, കുറഞ്ഞ ആഘാതം ഉണ്ടാക്കുന്നത് തിരഞ്ഞെടുത്ത് കൂടുതല്‍ ആഘാതകരമായത് ഒഴിവാക്കപ്പെടും.’
മുന്‍ഗണനാക്രമം
പരസ്പര വിരുദ്ധമായ ബാധ്യതയോ നിരോധനമോ അതുമല്ലെങ്കില്‍ ഏതെങ്കിലും ബാധ്യതയോ നിരോധനമോ തിരഞ്ഞെടുക്കേണ്ടി വരികയാണെങ്കില്‍, പ്രാധാന്യം കുറഞ്ഞതിനെക്കാള്‍ പ്രാധാന്യം കൂടിയതിന് മുന്‍ഗണന നല്‍കുന്നു.
യാഥാര്‍ഥ്യവും അനുമാനവുമായ താല്‍പര്യങ്ങള്‍: സമാന പ്രാധാന്യമുള്ള ഊഹപരമോ സാധ്യതയുള്ളതോ ആയ താല്‍പര്യങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടായാല്‍ യഥാര്‍ഥമോ അറിയപ്പെടുന്നതോ ആയ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഉറപ്പുള്ളതും കണക്കാക്കപ്പെട്ടതുമായ ചെലവുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമാണ് ഊഹങ്ങളുടെ മേല്‍ കണക്കാക്കപ്പെട്ട ചെലവുകളേക്കാളും ആനുകൂല്യങ്ങളേക്കാളും മുന്‍ഗണന.
ശക്തരുടെയും അശക്തരുടെയും താല്‍പ്പര്യങ്ങള്‍: വിവിധ വിഭാഗങ്ങള്‍ക്ക് അവരവരുടെ ക്ഷേമം സംരക്ഷിക്കാനുള്ള അവകാശം ഇസ്ലാമിലുണ്ട്. ‘ദരിദ്രരോടുള്ള ദ്രോഹങ്ങള്‍ തടയുന്നതിന് ധനികരോടുള്ള ദ്രോഹം തടയുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കുന്നുണ്ട്’, ‘ദരിദ്രരുടെ ക്ഷേമത്തിന് ധനികരുടെ ക്ഷേമത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നു’ തുടങ്ങിയ നിയമ തത്വങ്ങളില്‍ നിന്നു അവശതയനുഭവിക്കുന്നവരും സ്വാധീനം കുറഞ്ഞവരുമായ വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് നിര്‍ബന്ധകാര്യമാണ് എന്ന് വ്യക്തമാണ്.
ഒഴിവാക്കേണ്ട
നഷ്ടങ്ങള്‍
നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് അത് തടയുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ‘നാശനഷ്ടങ്ങള്‍ ഉണ്ടാകരുത്, നാശനഷ്ടങ്ങളിലൂടെ പ്രതികാരം ചെയ്യരുത്’ എന്നാണ് തത്വം. അതുപോലെ തന്നെ ‘നശീകരണം നീക്കം ചെയ്യപ്പെടേണ്ടതുണ്ട്, അത് പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയില്ലാ എന്നുണ്ടെങ്കില്‍, സാധ്യമായ പരിധി വരെ നശീകരണം നീക്കം ചെയ്യണം’. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സമാനമോ അതിലധികമോ വ്യാപ്തിയുള്ള ഒഴിവാക്കാനാകാത്ത നാശങ്ങള്‍ നേരിടേണ്ടി വരികയാണെങ്കില്‍ അവിടെ പ്രയോഗിക്കേണ്ട നിയമപരമായ തത്വം ഇതാണ്. ‘ആനുകൂല്യങ്ങള്‍ നേടുന്നതിനേക്കാള്‍ നാശം ഒഴിവാക്കുന്നതിന് മുന്‍ഗണന നല്‍കണം’. തിരിച്ചെടുക്കാനാകാത്തതോ ഗുരുതരമായ അപകടത്തിന് സാധ്യതയുള്ളതോ ആയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം എന്നത് തന്നെയാണ് മുന്‍കരുതല്‍ തത്വം സ്വീകരിക്കാനുള്ള ശക്തമായ ന്യായീകരണങ്ങളില്‍ഒന്ന്.
(യു എന്‍ പരിസ്ഥിതി വിഭാഗം ഫെയ്ത് ഫോര്‍ എര്‍ത്ത് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ AlMizan: A Cov–enant for the Earth എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം, ‘ഭൂമിക്കു വേണ്ടി ഇസ്്‌ലാമിക ഉടമ്പടി’ എന്ന പേരില്‍ യുവത ബുക്‌സ് പുറത്തിറക്കുന്നു. പുസ്തകത്തിന്റെ ഒരു അധ്യായത്തില്‍ നിന്നുള്ള ഭാഗമാണിത്.)