30 Monday
June 2025
2025 June 30
1447 Mouharrem 4

ഭിന്നശേഷിക്കാരോടുള്ള മനോഭാവം

അബ്ദുല്‍ഹാദി

ഭിന്നശേഷിക്കാരോടുള്ള നമ്മുടെ സമീപനം സഹതാപത്തിന്റേതോ അനുതാപത്തിന്റേതോ എന്നത് ഗൗരവം അര്‍ഹിക്കുന്ന വിഷയമാണ്. ഇന്നും സിംപതിയും ചാരിറ്റിയുമൊക്കെയാണ് ഭിന്നശേഷിക്കാരായ സഹജീവികളോട് സമൂഹം വെച്ചുപുലര്‍ത്തുന്നത്. സഹായിക്കുക, ചേര്‍ത്തുനിര്‍ത്തുക, പരിഗണിക്കുക തുടങ്ങി സഹതാപമൂറുന്ന വാക്കുകളാണ് ഇന്നും ഭിന്നശേഷിക്കാരായ ആളുകളുമായി സമൂഹം ചേര്‍ത്തുപറയാറുള്ളത്.
കാഴ്ചപരിമിതരായ മനുഷ്യര്‍ രണ്ടു തരം പ്രതിസന്ധികളാണ് നിത്യജീവിതത്തില്‍ നേരിടേണ്ടിവരുന്നത്. ഫിസിക്കല്‍ ബാരിയറും ആറ്റിറ്റിയൂഡിനല്‍ ബാരിയറും. വീട്, റോഡ്, വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം കാഴ്ചപരിമിതിയുള്ളവരോട് സൗഹൃദപ്പെടുന്നതല്ല. ഭൗതിക സംവിധാനങ്ങളെ ഡിസൈന്‍ ചെയ്‌തെടുത്തവരൊന്നും ഭിന്നശേഷിക്കാരായ മനുഷ്യര്‍ക്കുകൂടി അവകാശപ്പെട്ട തുല്യനീതിയെക്കുറിച്ച് അറിയാതെപോയതുകൊണ്ടാണ് ലോകം ഇങ്ങനെയായത്. എന്നാല്‍ പുതിയ കാഴ്ചപ്പാടോടെയുള്ള നിര്‍മിതികള്‍ ആരംഭിച്ച് ഈ ഭൗതിക തടസ്സങ്ങളെ സാവധാനമെങ്കിലും നമുക്ക് മറികടക്കാന്‍ സാധിച്ചേക്കും.
ഭിന്നശേഷി മനുഷ്യരോടുള്ള സാമൂഹിക കാഴ്ചപ്പാടിലെ വൈകല്യങ്ങള്‍ മറികടക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. അവകാശങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയാണെന്നും അതില്‍ യാതൊരു വിവേചനത്തിനും ഇടമില്ലെന്നും ആദ്യമേ ഉറപ്പിക്കണം. മതപരമോ ലിംഗപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന അതേ ഗൗരവത്തില്‍ ന്യൂനപക്ഷക്കാരായ ഭിന്നശേഷിക്കാരുടെ അവകാശങ്ങളും അരക്കിട്ടുറപ്പിക്കണം.

Back to Top