16 Tuesday
April 2024
2024 April 16
1445 Chawwâl 7

ഭാവിയിലും അതിജീവിക്കുന്ന ലോകഭാഷ

ഡോ. പി എം മുസ്തഫ കൊച്ചിന്‍

ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഔപചാരിക ഭാഷകള്‍ ആറെണ്ണമാണ്. ഫ്രഞ്ച്, റഷ്യന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ് (മന്‍ദാരിന്‍), അറബിക് എന്നിവയാണത്. ഫ്രെസ്‌കാ (എഞഋടഇഅ) ഭാഷകള്‍ എന്ന് ഇവ അറിയപ്പെടുന്നു. ലോകഭാഷകളില്‍ നേതൃനിരകളില്‍ നില്‍ക്കുന്നവയാണ് ഈ ഭാഷകള്‍. 1973 ഡിസംബര്‍ 18-ന് യു എന്‍ അറബിയെ ആറാമത്തെ ഭാഷയായി ഔദ്യോഗികമായി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ഫെബ്രുവരി 20 -ന് അറബി അന്താരാഷ്ട്ര ദിനമായി ഡിസംബര്‍ 18-നെ പ്രഖ്യാപിച്ചു. മറ്റ് അഞ്ച് ഭാഷകള്‍ക്കും അന്താരാഷ്ട്ര ദിനങ്ങളുണ്ട്. മാര്‍ച്ച് 20-ന് ഫ്രഞ്ചും, ഏപ്രില്‍ 20-ന് ചൈനീസും, ഏപ്രില്‍ 23-ന് ഇംഗ്ലീഷും, ജൂണ്‍ 6-ന് റഷ്യനും ഒക്ടോബര്‍ 12- ന് സ്പാനിഷും അന്താരാഷ്ട്ര ദിനമായി ആചരിച്ചുവരുന്നുണ്ട്.
പ്രവാചകന്‍ നൂഹിന്റെ(അ) മകന്‍ സാമുമായി ബന്ധപ്പെട്ടാണ് അറബി ഉള്‍പ്പെടുന്ന ഭാഷാകുലം സെമിറ്റിക്ക് എന്ന് വിളിക്കപ്പെടുന്നത്. നൂഹിന്റെ(അ) കപ്പിലല്‍ കയറി രക്ഷനേടിയവരല്ലാത്തവര്‍ ദൈവശിക്ഷയില്‍ മുങ്ങിമരിക്കുകയുണ്ടായി (16:120) എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു ലോക ഭാഷവംശത്തേക്കാള്‍ സെമിറ്റിക് വംശം പൈതൃകം അവകാശപ്പെടുന്നത്. ഇത് അവകാശപ്പെടുന്ന ഒരു ഭാഷ വംശമെന്നല്ല, ഭാഷപോലും ലോകത്ത് ഇന്ന് നിലവിലില്ല.
ഈസാ നബി(അ)യുടെ ജനനത്തിന് മുമ്പ് ബി സി 1450-ല്‍ ഗ്രീക്കും, 1250-ല്‍ ചൈനീസും (മന്ദാരിന്‍), 1000-ല്‍ ഹീബ്രുവും, 600-ല്‍ പേര്‍ഷ്യനും, 300-ല്‍ തമിഴ് ഭാഷയും ഉത്ഭവിച്ചതായി ഏകദേശം മനസ്സിലാക്കാം. ഇവയേക്കാള്‍ പുരാതന ഭാഷയാണ് അറബി ഭാഷ.
സത്യവിശ്വാസികളുടെ പിതാവ് (22:78) എന്ന അപരനാമത്തിലുള്ള പ്രവാചകന്‍ ഇബ്‌റാഹീം നബി(അ)യുടെ മകന്‍ ഇസ്മാഈലാണ് അറബികളുടെ (അറബി ഭാഷയുടെയല്ല) പിതാവ് (അബുല്‍അറബ്) ആയി അറിയപ്പെടുന്നത്. നബി വചനത്തിലും ഇസ്മാഈല്‍(അ) പിതാവ് എന്ന പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഈസാ നബിയുടെ ജനനത്തിന് 1800 വര്‍ഷം മുമ്പാണ് ഇസ്മാഈല്‍(അ) ജനിക്കുന്നത്.
വാചാലതയോടെയും വ്യക്തതയോടെയും സംസാരിക്കപ്പെടുന്ന ഭാഷ എന്ന ആശയത്തിലാണ് അറബിക്ക് ആ നാമം ലഭിച്ചത്. ആദ്യം അറബി സംസാരിച്ച വ്യക്തിയായി ചരിത്രം രേഖപ്പെടുത്തുന്നത് യഉ്‌റുബ് ബിന്‍ ഖഹ്താനെയാണ്. ജനങ്ങളില്‍ ഏറ്റവും നന്നായി ഭാഷാ പ്രകടനം നടത്തിയ യഉ്‌റുബിന്റെ സന്താനങ്ങളാണ് ഞങ്ങള്‍ എന്ന് സിറിയന്‍ അറബീ കവിയായ അല്‍ബുഹ്തുരി (എഡി 820-897) തന്റെ കവിതയില്‍ പറയുന്നുണ്ട്.
നൂഹിന്റെ(അ) മകന്‍ സാമിന്റെ കാലം തുടങ്ങി ഉടലെടുത്ത സെമിറ്റിക് ഭാഷകളില്‍ പലതും കാലക്രമേണ നാമാവശേഷമായിട്ടും നവലോകത്തെ പുതുപ്രവണതകളെ അതിജീവിച്ച് കൊണ്ട് പുരോഗതിക്കും വികസനത്തിനുമൊപ്പം ഇന്നും അറബി ഭാഷ അതിന്റെ സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷവും ബലക്ഷയമോ നാശമോ കൂടാതെ വിനിമയ സാഹിത്യരംഗങ്ങളില്‍ ക്ലാസിക്കല്‍ ഭാഷകളില്‍ അറബി ഉന്നത സ്ഥാനത്തിരിക്കുന്നതിന്റെ മുഖ്യകാരണം അതിന്റെ സാംസ്‌കാരിക പൈതൃകവും ഉന്നതിയുമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെയും മൊസപ്പൊട്ടോമിയന്‍ നാഗരികതയുടെയും പിന്‍ഗാമികളായ ഈജിപ്ഷ്യരും ഇറാഖികളും ഇന്ന് അറബി ഭാഷയിലാണ് സംസാരിക്കുന്നത് എന്നത് അടിവരയിടേണ്ട കാര്യമാണ്.
കാലത്തിന്റെ കറക്കത്തില്‍ പല പ്രമുഖ ഭാഷകളും അപ്രത്യക്ഷമായിട്ടുണ്ട്. ലോക ഭാഷകളില്‍ പഠനവിധേയമാക്കിയ നാലായിരം ഭാഷകളില്‍ രണ്ടായിരത്തി അഞ്ഞൂറ് ഭാഷകളും അപകടാവസ്ഥയിലാണെന്ന് 2009-ല്‍ ഐക്യരാഷ്ട സഭയുടെ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോ റിപ്പോര്‍ട്ടില്‍ പറയുന്നു. 196 ഇന്ത്യന്‍ ഭാഷകളും, 192 അമേരിക്കന്‍ ഭാഷകളും, 147 ഇന്തോനേഷ്യന്‍ ഭാഷകളും അപകടഭീഷണി നേരിടുകയാണ്.
”ഖുര്‍ആനെ നാം അവതരിപ്പിച്ചു. ഉറപ്പായും അതിനെ നാം കാത്തുസൂക്ഷിക്കുന്നതുമാണ്”(15: 9) എന്ന് അല്ലാഹു പറയുന്നു. മാറ്റത്തിരുത്തലുകള്‍ കൂടാതെ അറബി ഭാഷയില്‍ ലോകാവസാനം വരെ ഖുര്‍ആനിനെ സംരക്ഷിക്കും എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനാകും. ഓരോ ഭാഷയ്ക്കും എന്തെങ്കിലുമൊരു സവിശേഷത അവകാശപ്പെടാനുണ്ടാകും. എന്നാല്‍ ഒരു ഭാഷ യെന്ന നിലയില്‍ മറ്റുഭാഷകള്‍ അവകാശപ്പെടുന്ന മിക്ക മേഖലകളിലും മഹത്വം പ്രകടിപ്പിച്ച് മികച്ച് നില്‍ക്കുന്നു എന്ന പ്രത്യേകതയാണ് അതിന് അതിജീവനശേഷി നല്‍കുന്നത്.
ഖുര്‍ആന്‍ പോലെ തന്നെ ഖുര്‍ആന്റെ ഭാഷയായ അറബി ലോകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് മാത്രമല്ല, ഭാഷകളെല്ലാം മനുഷ്യരുടെ പൊതുമുതലാണ്. അറബി ഭാഷയെന്നല്ല, ലോകത്ത് ഒരു ഭാഷയ്ക്കും മതപരിവേഷം നല്‍കി അയിത്തം കല്‍പിക്കാന്‍ പാടില്ല. നബി(സ)യുടെ ആഗമനത്തിനു മുമ്പും അറബ് വംശജരുടെ ഭാഷ അറബി തന്നെയായിരുന്നു. ഇന്നും അറബ് ദേശങ്ങളില്‍ ജനിച്ചു വളരുന്ന ജൂതരും ക്രൈസ്തവരും അറബിയാണ് സംസാരിക്കുന്നത്.
ആഗോള മാനവീകരണത്തിന്റെ ഒരു കണ്ണിയായ അറബി ആയിരക്കണക്കിന് വര്‍ഷങ്ങളായി വലിയ മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. ഒമാനില്‍ ജനിക്കുകയും തുര്‍ക്കിയില്‍ മരിക്കുകയും ചെയ്ത ഇംറുഉല്‍ ഖൈസിന്റെ (എഡി 501- 544) ക്ലാസിക് അറബി ഭാഷയും ആധുനിക അറബിഭാഷയും ഒരു പോലെയാണ്. അറബിയില്‍ ക്ലാസ് മോഡേണ്‍ തരംതിരിവില്ല. എന്നാല്‍ ഇംഗ്ലീഷ് ഭാഷയുടെ പിതാവായ ജിയോഫ്രൈ ചോസെറിന്റെ (1340-1400) ഇംഗ്ലീഷ് 600 വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രയോഗത്തിലില്ലാതായി. ലോകത്തെ മികച്ച ഭാഷകള്‍ക്കൊക്കെ പദങ്ങള്‍ കടം കൊടുത്ത ഭാഷയാണ് അറബി. എന്നാല്‍ കടം വാങ്ങിയത് തുലോം കുറവാണ്. ഹിന്ദി, ഉര്‍ദു, മലയാളം, തമിഴ്, ബംഗാളി…. എന്നീ ഭാഷകള്‍ക്ക് ഒരുപിടി വാക്കുകളാണ് അറബി ഭാഷ നല്‍കിയിട്ടുള്ളത്.
സംസ്‌കാരത്തിന്റെയും സംസാരത്തിന്റെയും തനിമ കാത്തുസൂക്ഷിക്കുന്ന അറബി ഭാഷ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും ആധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരെപ്പോലെ അറബികള്‍ തങ്ങളുടെ ഭാഷ അടിച്ചേല്പിക്കാനുള്ള ശ്രമമൊന്നും കാണിച്ചിട്ടില്ല എന്നത് മറ്റുഭാഷകളോട് അറബി സഹിഷ്ണുത പുലര്‍ത്തുന്നുവെന്നതിന് തെളിവാണ്. എന്നാല്‍ യൂറോപ്യന്‍ നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ ഭാഷയാണിത്. മൊറോക്കോയിലൂടെ ജിബ്‌റാള്‍ട്ടര്‍(ജബല്‍താരിഖ്) കടലിടുക്ക് മുറിച്ചുകടന്ന് സ്‌പെയിനില്‍ എത്തിയ താരീഖ് ബിന്‍ സിയാദിന്റെ (എഡി 670-720) പിന്‍മുറക്കാരായ അറബികളായിരുന്നു യൂറോപ്യന്‍ നവോത്ഥാനത്തിന് നാന്ദി കുറിച്ചത്. കൊര്‍ദോവയും (ഖുര്‍തുബാ) സെവില്ലായും (ഇശ്ബീലിയ) മാഡ്രിഡും (മജ്‌രീ) മലാഗയുമായിരുന്നു യൂറോപ്പിന്റെയും അമേരിക്കയുടെയും പുരോഗതിക്കാധാരമായ പഠനപ്രക്രിയകളും ഗവേഷണങ്ങളും നടന്നത്.
ബ്രിട്ടീഷ് ഭാഷാ ശാസ്ത്ര വിദഗ്ധനും എഴുത്തുകാരനുമായ പ്രഫസര്‍ ഡേവിഡ് ക്രിസ്റ്റലിന്റെ (ജനനം 1841) വീക്ഷണത്തില്‍ ഇംഗ്ലീഷിനുപരി ഭാവിയില്‍ അതിജീവിക്കുന്ന ഭാഷ മന്ദാരിന്‍ (ചൈനീസ്), സ്പാനിഷ്, അറബി എന്നീ ഭാഷകള്‍ ആണ്.
ബ്രിട്ടനിലെ ഫ്രഞ്ച് എഴുത്തുകാരനായ ജൂല്‍സ് ഗബ്രിയേല്‍ വേണിന്റെ (1828- 1905) ജേര്‍ണീ ടു ദൈ സെന്റര്‍ ഓഫ് ദെ എര്‍ത്ത് (1864) എന്ന നോവലിന്റെ തീം ഭൂമിയുടെ ഉള്ളറയിലേക്കുള്ള സഞ്ചാരമാണ്. ദീര്‍ഘമായ യാത്ര മുഴുവനാക്കാനാവാതെ ഭൂമിയുടെ ഉപരിതലത്തിലേക്ക് മടങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ സഞ്ചാരത്തിന്റെ അടയാളപ്പെടുത്തലായി ഭൂമിയുടെ ഉള്ളറയിലെ പാറയില്‍ എഴുതിവെക്കാന്‍ തെരഞ്ഞെടുത്തത് അറബി ഭാഷയാണ്. അറബി തെരഞ്ഞെടുത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ജൂല്‍സ് ഗ്രബ്രിയേല്‍ വേണ്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘അറബിക് ഈസ് ലാംഗ്വേജ് ഓഫ് ഫ്യൂച്ചര്‍ (അറബിയാണ് ഭാവിയുടെ ഭാഷ)
15 നൂറ്റാണ്ടുകളുടെ പാരമ്പര്യം സൂക്ഷിച്ചുകൊണ്ടുതന്നെ ആധുനികതയോടൊപ്പം സഞ്ചരിക്കാനുള്ള പ്രാപ്തി അറബി ഭാഷയ് ക്ക് മാത്രമാണുള്ളത്. നയതന്ത്ര വാണിജ്യ വിദ്യാഭ്യാസ നാഗരിക സാംസ്‌കാരിക തലങ്ങളില്‍ തലയെടുപ്പോടെതന്നെ അറബി അതിവേഗം മുന്നോട്ട് കുതിക്കുകയാണ് ഇന്ന്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x