12 Sunday
May 2024
2024 May 12
1445 Dhoul-Qida 4

ഭാരത് ജോഡോ: രാഹുല്‍ ഗാന്ധിയുടെ സ്വത്വാന്വേഷണ പരീക്ഷ

സി കെ അബ്ദുല്‍അസീസ്


ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുകയും ഛിദ്രശക്തികളുടെ സങ്കേതമായി ജനാധിപത്യ വ്യവസ്ഥയെ അനുക്രമം പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രഖ്യാപിത രാഷ്ട്രീയ പരിപാടിക്കെതിരെ, ഭാരതത്തെ ഒന്നിപ്പിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ ആയിരം കിലോമീറ്ററെങ്കിലും പിന്നിട്ടുകാണും. ഭാരത് ജോഡോ എന്ന മുദ്രാവാക്യത്തോട് കോണ്‍ഗ്രസിനുള്ളിലും പുറത്തുമുള്ള കോണ്‍ഗ്രസ് വിരുദ്ധരുടെ പ്രതികരണമെന്താണെന്ന് യാത്രയുടെ തുടക്കം മുതല്‍ തന്നെ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാട്ടപ്പെടുകയുണ്ടായി. ആദ്യത്തെ തിരിച്ചടിയുണ്ടായത് ഗോവയില്‍ നിന്നാണ്. 22-ഓളം കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂറുമാറി ബി ജെ പി പാളയത്തില്‍ എത്തിച്ചേര്‍ന്നു.
2019-ല്‍ രണ്ടാം തവണയും അധികാരം നഷ്ടമായതിനു ശേഷം കോണ്‍ഗ്രസ് സംഘടനയുടെ ഭാരവാഹിത്വത്തിലുള്ളവരിലും നിയമനിര്‍മാണ സഭകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നവരിലും ബി ജെ പിയുടെ തുടര്‍ഭരണം ഒരു വശീകരണ ശക്തിയായി സ്വാധീനം ചെലുത്തുന്നുണ്ടെന്നത് ഒരു തിക്തമായ യാഥാര്‍ഥ്യമാണ്. ഈ കൊഴിഞ്ഞുപോക്കിനെ കോണ്‍ഗ്രസ് നേതൃത്വം ഇതികര്‍ത്തവ്യമൂഢരായി നോക്കിനില്‍ക്കുന്നത് കാരണം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തെ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനശൈലിയെ പ്രശ്‌നവത്കരിക്കാനും ഗാന്ധികുടുംബത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്ന സംഘടനാ സംസ്‌കാരത്തെ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരസ്യമായി സംസാരിക്കാനും പ്രേരിപ്പിക്കുകയുണ്ടായി. ഗുലാം നബി ആസാദിനെ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധം വിച്ഛേദിച്ച് കശ്മീരില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയതും ഇക്കാരണത്താലാണ്. 2019-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞ കാര്യം, പരാജയത്തിന്റെ കാര്യവും കാരണങ്ങളും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുമായി ചേര്‍ന്നു പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നാണ്.
എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുല്‍ മാറിനിന്ന ശേഷം ഇന്നുവരെ തല്‍സ്ഥാനത്ത് മറ്റൊരാളെ തെരഞ്ഞെടുക്കാനോ അവരോധിക്കാന്‍ പോലുമോ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിക്ക് സാധ്യമായിട്ടില്ല. ഇപ്പോള്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിവെച്ചിട്ടുണ്ടെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പു തന്നെ ഒരു പ്രഹസനമാണെന്നും ഗാന്ധികുടുംബത്തിന്റെ ‘യെസ് മാസ്റ്ററെ’ പ്രസിഡന്റായി അവരോധിക്കാനുള്ള ഒരു തിരനാടകത്തിന്റെ അടിസ്ഥാനത്തിലാണത് നടക്കാന്‍ പോവുന്നത് എന്നും വിമര്‍ശനങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
2014-ലെ 44 സീറ്റില്‍ നിന്നു 2019-ലെ 52 സീറ്റിലേക്ക് കോണ്‍ഗ്രസ് നിപതിച്ചതിന്റെ കാരണങ്ങള്‍ എന്താണെന്ന് പാര്‍ട്ടിയോ പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം ഇനിയും വിജയം കണ്ടിട്ടില്ല. കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്കിനു പിന്നില്‍ അധികാരമോഹത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന രാഷ്ട്രീയ അധാര്‍മികതക്ക് വലിയ പങ്കുണ്ടെങ്കിലും ജനാധിപത്യ രാഷ്ട്രീയത്തില്‍ ഏതൊരു പാര്‍ട്ടിയുടെയും അടിസ്ഥാന ഘടനയോടും ഘടകങ്ങളോടും ഉള്‍ച്ചേര്‍ന്നുനില്‍ക്കേണ്ട ശുഭാപ്തിവിശ്വാസത്തിന്റെ അഭാവത്തിന് അതിനേക്കാള്‍ വലിയ പങ്കാളിത്തമുണ്ടെന്നത് വസ്തുതയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനു തന്നെ നഷ്ടപ്പെട്ട ശുഭാപ്തിവിശ്വാസം വീണ്ടെടുക്കാനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചിട്ടുള്ളതെങ്കില്‍ അത് തീര്‍ച്ചയായും ഒരു നല്ല കാര്യമാണെന്ന് നിസ്സംശയം തീര്‍പ്പുകല്‍പിക്കാവുന്നതാണ്.
പക്ഷേ, ശുഭാപ്തിവിശ്വാസം തിരിച്ചുപിടിച്ചതുകൊണ്ട് മാത്രം പരിഹരിക്കാവുന്നതാണോ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അഭിമുഖീകരിച്ചുകൊണ്ടിരുന്ന അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ പരിചിന്തനീയവും പരമപ്രാധാന്യം അര്‍ഹിക്കുന്നതുമായ രാഷ്ട്രീയ വിഷയമാണ്. രാഹുല്‍ ഗാന്ധി ഭാരതയാത്രയ്ക്ക് ഇറങ്ങിയതിനു തൊട്ടുമുമ്പ് നടന്ന രാഷ്ട്രീയ സംഭവങ്ങളിലേക്കൊന്നു കണ്ണോടിക്കുമ്പോള്‍, നരേന്ദ്ര മോദിയുടെ പ്രഭാവത്തിനും നേതൃപാടവത്തിനും കാര്യമായ ക്ഷതമേല്‍പിക്കുന്ന സംഭവങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നു കാണാനാവും. 2020-ല്‍ തലനാരിഴ കൊണ്ട് അധികാരത്തില്‍ തുടരാന്‍ അവസരം സിദ്ധിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിന്റെ പോര്‍മുഖത്തേക്ക് കടന്നുവന്നതാണ് ഇതിലേറ്റവും രാഷ്ട്രീയപ്രാധാന്യം അര്‍ഹിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് ശിവസേനയിലെ വിമതരെ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിക്കസേരയില്‍ കയറ്റിയിരുത്തിയതും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഉദ്ധവ് താക്കറെയുടെ ശിവസേന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബി ജെ പി ബന്ധം ഉപേക്ഷിച്ചത് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കടിപിടിയുടെ പേരിലാണ്.
എന്നാല്‍ ഉദ്ധവ് താക്കറെയെ അട്ടിമറിച്ചതിലൂടെ മഹാരാഷ്ട്രയില്‍ ബി ജെ പി ഏറ്റവും കടുത്ത ഒരു ശത്രുവിനെ നിര്‍മിച്ചെടുത്തിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം തീര്‍ച്ചയായും ബി ജെ പിയുടെ താല്‍പര്യങ്ങള്‍ക്ക് ഗുണകരമാവാനിടയില്ല. 2019-ല്‍ ഏറെക്കുറേ സന്നിഹിതമായിരുന്ന പ്രതിപക്ഷ കൂട്ടായ്മയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവണതകള്‍ ദേശീയ രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഇതിനകം തന്നെ വ്യക്തമാണ്. 2019-ല്‍ നിന്നു സ്ഥിതി മെച്ചപ്പെടുത്താനാകാതെ ബി ജെ പി രാഷ്ട്രീയം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അധികാരത്തിന്റെ അവിഹിത തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അട്ടിമറിക്കാനാണ് നോക്കുന്നത്. ബംഗാളില്‍ ഗവര്‍ണറെ ഉപയോഗിച്ച് മമത ബാനര്‍ജിയെ ഒതുക്കാന്‍ ശ്രമിച്ചതുപോലെ കേരളത്തിലും ‘ഗവര്‍ണറെ കല്ലെടുപ്പിക്കുന്ന’തിലേക്ക് ബി ജെ പി രാഷ്ട്രീയം അധഃപതിക്കുന്നതുതന്നെ 2024-ലെ തെരഞ്ഞെടുപ്പ് സൃഷ്ടിക്കുന്ന പരാജയഭീതി മൂലമാണ്. ഇങ്ങനെ, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് സ്വന്തം സംഘടനാശക്തിക്ക് മൂര്‍ച്ച കൂട്ടാന്‍ അനുഗുണമായ ഒരു വസ്തുനിഷ്ഠ സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്ന ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രസക്തിയെ പരമ്പരാഗത കോണ്‍ഗ്രസ് വിരോധികള്‍ പോലും അംഗീകരിക്കുന്നുവെന്ന ആനുകൂല്യവും ഇപ്പോള്‍ കോണ്‍ഗ്രസിന് കരഗതമായിട്ടുണ്ട്.

ഇതെല്ലാമുണ്ടെങ്കിലും 2014-ലെയും 2019- ലെയും പരാജയത്തിന്റെ അനുഭവങ്ങളില്‍ നിന്നു കോണ്‍ഗ്രസ് അധികമൊന്നും മനസ്സിലാക്കിയിട്ടില്ല എന്നുവേണം അനുമാനിക്കാന്‍. കാരണം രാഹുല്‍ ഗാന്ധിയുടെ പൊതു പ്രഭാഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ആശയപരമായി 2019-ല്‍ നിന്ന് അത് ഒരിഞ്ച് മുന്നോട്ടുപോയതിന്റെ ലക്ഷണങ്ങളൊന്നും പ്രത്യക്ഷമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതര രാഷ്ട്രീയം ഏറ്റവുമധികം വെല്ലുവിളി നേരിട്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2019-ല്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മതേതര രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കുന്ന ഭാഷയായിരുന്നില്ല കോണ്‍ഗ്രസ് സ്വീകരിച്ചത്. സോയാ ഹസന്‍ (ദീ്യമ ഒമമൈി, ഠവല ഒശിറൗ, 2022 ഉലര. 04) നിരീക്ഷിക്കുന്നപോലെ, സെക്കുലറിസം മുതല്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അവകാശധ്വംസനങ്ങള്‍ വരെയുള്ള സര്‍വ കാര്യങ്ങളിലും രാഹുല്‍ ഗാന്ധി മൗനം ദീക്ഷിച്ചുവെന്നു മാത്രമല്ല, തുടരെത്തുടരെ ഹൈന്ദവ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു. ഹൈന്ദവ വിശ്വാസവും (ഒശിറൗശാെ) ഹിന്ദുത്വവും (ഒശിറൗ്േമ) പരസ്പരം ഭിന്നമാണെന്നും ഹിന്ദുത്വ ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പ്രവര്‍ത്തനവും നടത്തിയതുമില്ല. ഈ നയം കൊണ്ട് ഹിന്ദു വോട്ടുകള്‍ നേടിയെടുക്കാമെന്ന വ്യാമോഹവും അസ്ഥാനത്തായി. കാരണം കോണ്‍ഗ്രസിനെ അപേക്ഷിച്ച് കൂടുറപ്പുള്ള ഒന്നിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.
ഭാരത് ജോഡോ യാത്രയില്‍ യാദൃച്ഛികമായെങ്കിലും ആശയപരമായ ദൗര്‍ബല്യം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരങ്ങള്‍ വീണുകിട്ടുകയുണ്ടായി. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ നേതാക്കളുടെ ചിത്രത്തോടൊപ്പം സവര്‍ക്കറുടെ ചിത്രങ്ങളും വരച്ചുവെച്ചതാണ് അതിലൊന്ന്. ഇത് അബദ്ധവശാല്‍ സംഭവിച്ചതാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹികള്‍ ആണയിട്ടു പറഞ്ഞത് അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ അതേ അബദ്ധം കര്‍ണാടകയിലും സംഭവിച്ചു. ഇതും ഒരുപക്ഷേ അബദ്ധവശാല്‍ സംഭവിച്ചതാകാം. പക്ഷേ സവര്‍ക്കറുടെ ഹിന്ദുത്വവും ഹിന്ദു ദേശീയതയും ദേശഭക്തിയും കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും എപ്രകാരം വേറിട്ടുനില്‍ക്കുന്നുവെന്ന് രാജ്യത്തോട് വിശദീകരിക്കാനുള്ള ഒരവസരം, അത് യാദൃച്ഛികമാകാമെങ്കിലും, കൃത്യമായി ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല എന്നോര്‍ക്കണം. പത്രമാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടായി വരേണ്ടതായിരുന്നു അത്തരം വിഷയങ്ങള്‍.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഈ അബദ്ധം അഥവാ ഒഴിവാക്കല്‍ അത്ര നിസ്സാരമല്ല. 2019-ല്‍ എന്താണ് സംഭവിച്ചതെന്ന് പൊതുവിലൊന്നു പരിശോധിച്ചാല്‍ തന്നെ അതു വ്യക്തമാണ്. 2019-ല്‍ ദേശീയ സുരക്ഷ, പാകിസ്താന്‍ ഭീകരവാദം, ഹിന്ദുത്വ (എല്ലാ അവസരങ്ങളും ഹിന്ദുക്കള്‍ക്ക് ലഭ്യമാക്കലും മുസ്‌ലിംകളെ വെട്ടിമാറ്റലും), കോണ്‍ഗ്രസിന്റെ അഴിമതി എന്നിവയായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍.
കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ പ്രധാനമായും ഊന്നിയത് ജനക്ഷേമത്തില്‍ അധിഷ്ഠിതമായ ഒരു ഭരണം വാഗ്ദാനം ചെയ്യുന്നതിലാണ്. രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച സാമ്പത്തിക പദ്ധതിയില്‍ (ന്യായ് പദ്ധതി) സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് മിനിമം മാസവരുമാനം ഉറപ്പുവരുത്തുന്ന ഇന്‍കം ഗ്യാരന്റി നിര്‍ദേശം അത്യന്തം ആകര്‍ഷണീയമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതെത്രത്തോളം സാധാരണക്കാരുടെ ഹൃദയങ്ങളില്‍ എത്തിച്ചേര്‍ന്നു, അഥവാ, കോണ്‍ഗ്രസ് സംഘാടനത്തിനു വേണ്ടി എത്രത്തോളം സമൂഹത്തിന്റെ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിച്ചുവെന്നത് തര്‍ക്കവിഷയമാണ്. തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകളുടെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ തീരെ പരിതാപകരമായിരുന്നില്ല.
അതിനിടയ്ക്കാണ് പുല്‍വാമയിലെ ഭീകരാക്രമണം നടന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ബാലകോട്ട് ഇന്ത്യന്‍ സേനയും ആക്രമണം നടത്തി. പിന്നീട് ബി ജെ പി ഉയര്‍ത്തിയ പ്രധാന വിഷയം രാജ്യത്തിന്റെ ശത്രുക്കളെ നശിപ്പിക്കാന്‍ കെല്‍പുള്ള സുശക്തമായ സര്‍ക്കാര്‍ നിലനിര്‍ത്തണമെന്നതാണ്. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ ആവനാഴിയില്‍ അസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്താണ് കാരണം? ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ജനഹൃദയങ്ങളില്‍ നട്ടുവളര്‍ത്തിയ ഇന്ത്യ എന്ന സങ്കല്‍പത്തില്‍ അധിഷ്ഠിതമായ, നാനാ ജാതിമതസ്ഥരുടെയും ഭാഷാ-സാംസ്‌കാരിക ജനതകളുടെയും സഹവര്‍ത്തിത്തത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ തേജോമയമായിത്തീര്‍ന്ന ദേശസ്‌നേഹത്തെ ഭരണകൂട ഭക്തിയായി രൂപാന്തരപ്പെടുത്തുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വിജയം നേടിയിരിക്കുന്നു. ‘സുശക്തമായ ഗവണ്മെന്റി’നെ കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ക്ക് ‘ജനക്ഷേമ ഗവണ്മെന്റ്’ എന്ന രാഷ്ട്രീയ സങ്കല്‍പത്തെ അനായാസം അടിച്ചിരുത്താന്‍ സാധിക്കുന്നത് അതുകൊണ്ടു കൂടിയാണ്.
സംഘ്പരിവാറിന്റെ കപട ദേശഭക്തിയെയും രാഷ്ട്രീയ കുതന്ത്രങ്ങളെയും തൊലിയുരിച്ചു കാണിക്കുകയും മതേതര ദേശീയതയുടെ കാവലാളാവുകയും ചെയ്യേണ്ടതിനു പകരം ഹിന്ദുവോട്ടുകളുടെ ഭിക്ഷ കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ കൂടാരമായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ചരിത്രപരമായ പാരമ്പര്യത്തില്‍ നിന്നു രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് വളരെയേറെ അകന്നുപോയിരിക്കുന്നു. തീര്‍ച്ചയായും ഈ അകല്‍ച്ചയ്ക്ക് ഉത്തരവാദി രാഹുല്‍ ഗാന്ധിയല്ല, അഥവാ, രാഹുല്‍ ഗാന്ധി മാത്രമല്ല.
കോണ്‍ഗ്രസിനൊരു ചരിത്രമുണ്ട്. ആ ചരിത്രം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോഴും ബാക്കിനില്‍ക്കുന്നത്. ഹിന്ദു സമം ഇന്ത്യ, ഹിന്ദു ഭക്തി സമം ദേശഭക്തി, മുസ്‌ലിം സമം വിദേശി, ഇന്ത്യയില്‍ അവകാശമില്ലാത്തവര്‍ എന്ന സമവാക്യങ്ങളൊക്കെ കോണ്‍ഗ്രസിന്റെ ആദ്യകാല ചരിത്രത്തിന്റെ ഭാഗമാണ്. ഗാന്ധിയുടെ ആഗമനത്തിനു ശേഷം, പ്രത്യേകിച്ചും ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനത്തിനു ശേഷം ഈ സമവാക്യങ്ങളെല്ലാം അപ്രസക്തമാവുകയും ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള സങ്കുചിത ഹിന്ദു ദേശീയവാദികളുടെ നിര്‍വചനങ്ങള്‍ അപ്രസക്തമാവുകയും ചെയ്തു. മതേതര ദേശീയതയുടെയും മതസാഹോദര്യത്തിന്റെയും ഈടുറ്റ അടിത്തറയിലാണ് പിന്നീടുള്ള കാലം കോണ്‍ഗ്രസ് ജനമനസ്സുകളില്‍ സ്ഥാനം നേടിയത്. ഹിന്ദുമതഭക്തരെത്തന്നെ മതേതരമായ ഒരുള്‍ക്കാഴ്ചയോടെ പുനര്‍നിര്‍മിക്കുന്ന ഒരു പ്രക്രിയ കൂടിയായിരുന്നു അത്.
സ്വാതന്ത്ര്യസമരകാലത്തെ രാഷ്ട്രീയോര്‍ജം സ്വാതന്ത്ര്യാനന്തരകാലത്ത് കോണ്‍ഗ്രസിന് നഷ്ടമായെങ്കിലും മതേതര രാഷ്ട്രീയത്തിന്റെ മൗലിക തത്വങ്ങളോടുള്ള ഗാഢബന്ധം അത് കുറേ കാലമെങ്കിലും പരിരക്ഷിച്ചുപോന്നിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ പോരാട്ടത്തിലൂടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചെടുത്ത സമരസഖ്യങ്ങളിലൂടെയാണ് മതേതര ഇന്ത്യയെന്ന ആശയത്തിന് സങ്കുചിത ദേശീയവാദികളുടെ കുതന്ത്രങ്ങളെ ചെറുത്തുതോല്‍പിക്കാനായത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമരപാരമ്പര്യത്തെ തിരിച്ചുപിടിക്കാനാണ് രാഹുല്‍ ഗാന്ധി തെരുവുകളെ അഭിസംബോധന ചെയ്യുന്നതെങ്കില്‍ ഈ ഭാരത് ജോഡോ യാത്ര ചരിത്രപരമായ ഒരു മുന്നേറ്റമാണെന്നു കരുതുന്നതില്‍ യാതൊരു സന്ദേഹവുമില്ല. കോണ്‍ഗ്രസ് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്നിട്ടുള്ള ബഹുജനങ്ങളെ ശബ്ദമുള്ള രാഷ്ട്രീയവ്യക്തികളാക്കി പരിവര്‍ത്തിക്കാനായാല്‍ അതുതന്നെ ഒരു വന്‍നേട്ടമാണ്.
ഗാന്ധികുടുംബത്തിന്റെ അനന്തരാവകാശിയെന്നതില്‍ നിന്നു ദേശീയ വിമോചന പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ചരിത്രപാരമ്പര്യം നെഞ്ചിലേറ്റി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരെ മുന്നോട്ടുനയിക്കുകയും ചെയ്യുന്ന, മഹത്തായ ഒരു സമര പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന നിലയിലേക്കൊരു സ്വത്വപുനര്‍നിര്‍ണയത്തിനുള്ള അവസരം കൂടിയാണ് ഈ ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുകയാണെങ്കില്‍ ഒരുപക്ഷേ രാജ്യത്തിനുതന്നെ ഒരു മുതല്‍ക്കൂട്ടായിരിക്കും.

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x