8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഭരണകൂടത്തിന്റെ മെഗാഫോണായി മാധ്യമങ്ങള്‍ മാറരുത്‌

സാദിഖ് സന്‍ജാനി


മാധ്യമമുറികളിലെ വിചാരണകള്‍ക്കും തീര്‍പ്പുപറച്ചിലുകള്‍ക്കുമിടയില്‍ ‘മാധ്യമ വിചാരണകള്‍’ പ്രേക്ഷകര്‍ നടത്താറില്ല. മൂലധന-രാഷ്ട്രീയ അജണ്ടകളെ പ്രദര്‍ശനം നടത്താനുള്ള ഒരു ഉപാധി മാത്രമായി മാധ്യമ മുറികളും വാര്‍ത്തകളും മാറിയിട്ടുണ്ട്. പ്രേക്ഷകരെ കീഴ്‌പ്പെടുത്താനുള്ള പ്രധാന മാര്‍ഗമായി പരിഗണിക്കപ്പെടുന്നതുകൊണ്ടുതന്നെ ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളെ പണമെറിഞ്ഞു പിടിക്കുന്ന മൂലധന ശക്തികള്‍ക്കും സ്വയംനിര്‍ണയ താത്പര്യങ്ങളുണ്ടാകും.
രാഷ്ട്രീയ പ്രൊപഗണ്ട പ്രചാരണ ടൂളായി ഉപയോഗിക്കപ്പെടുന്ന മാധ്യമങ്ങള്‍ മൂലധന താത്പര്യത്തോടെ തന്നെ, വര്‍ഗീയവും വിദ്വേഷവും അവതരിപ്പിക്കുമ്പോള്‍ അകറ്റിനിര്‍ത്തലുകളുടെ സാധ്യതകള്‍ പ്രയോഗിക്കാന്‍ രാഷ്ട്രീയവും സമൂഹവും പാകപ്പെട്ടുവരുന്നു എന്നതാണ് ഇന്‍ഡ്യാ മുന്നണിയുടെ 14 അവതാരകര്‍ക്കെതിരെയുള്ള ഇടപെടലും തുടര്‍ന്നുള്ള ചര്‍ച്ചകളും വ്യക്തമാക്കുന്നത്. ബഹിഷ്‌കരണം എന്ന ജനാധിപത്യവിരുദ്ധതയെ മുന്‍നിര്‍ത്തിയാണ് ബിജെപി ഈ അകറ്റിനിര്‍ത്തലിനെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ സഖ്യം ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണിത് എന്നാണ് അകറ്റിനിര്‍ത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
എന്നാല്‍, കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര അകറ്റിനിര്‍ത്തല്‍ തീരുമാനത്തെ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്: ‘ചില ചാനലുകള്‍ എല്ലാ വൈകുന്നേരവും വെറുപ്പിന്റെ കമ്പോളം തുറക്കുകയാണ്. വര്‍ഷങ്ങളായി ഇത് തുടരുന്നു. വിവിധ പാര്‍ട്ടികളുടെ വക്താക്കള്‍ ആ വെറുപ്പിന്റെ കമ്പോളത്തിന്റെ ഉപഭോക്താക്കളെന്നപോലെ പോകുന്നു. ഞങ്ങള്‍ ഒരു അവതാരകര്‍ക്കും എതിരല്ല, ആരോടും വെറുപ്പുമില്ല. എന്നാല്‍ ഞങ്ങള്‍ രാജ്യത്തെ എല്ലാറ്റിലുമധികമായി സ്നേഹിക്കുന്നു. വെറുപ്പിന്റെ കമ്പോളം അടച്ചുപൂട്ടാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. അതുകൊണ്ടാണ് വെറുപ്പിന്റെ കമ്പോളത്തിലേക്ക് ഉപഭോക്താളെന്നപോലെ ഇനി പോകേണ്ടതില്ലെന്ന് ഇന്‍ഡ്യയിലെ ഘടകകക്ഷികള്‍ തീരുമാനിച്ചത്.’ ഈ വ്യക്തമാക്കലോടെ വെറുപ്പ് ഉല്‍പാദന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധം തന്നെയാണ് ഈ അകറ്റിനിര്‍ത്തല്‍ എന്നു ബോധ്യപ്പെടും.
മാധ്യമ അവതാര പറച്ചിലുകള്‍ക്കപ്പുറം മാധ്യമങ്ങളുടെ പ്രൊപഗണ്ട രാഷ്ട്രീയവും വിചാരണകള്‍ക്ക് വിധേയമാകണം. അല്ലാത്തപക്ഷം പ്രേക്ഷകര്‍ മാധ്യമതീര്‍പ്പുകള്‍ക്ക് കീഴ്‌പ്പെട്ടുപോകും. ഭരണകൂടത്തിന്റെ ഇംഗിതത്തിനു വഴങ്ങി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും ഇന്ത്യയിലെ ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വര്‍ഗീയതയും വിദ്വേഷവും നിറഞ്ഞ കണ്ടന്റുകള്‍ക്കെതിരെ സുപ്രീംകോടതി അടക്കം ഇടപെടല്‍ നടത്തിയിരുന്നു.
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നാലാംതൂണായിട്ടല്ല, ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്ന ഉപാധിയായാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനു വിരുദ്ധമായ മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും വിലക്ക് ഏര്‍പ്പെടുത്തുന്നു. എന്നുവെച്ചാല്‍ മോദികാലത്ത് ഗോദി മീഡിയകള്‍ക്ക് അപകീര്‍ത്തി, രാജ്യദ്രോഹം, ദേശസുരക്ഷാ പ്രശ്‌നം എന്നീ ഭരണകൂട പ്രയോഗങ്ങളെ ഭയക്കേണ്ടതില്ല എന്ന്. മാഗ്‌സസെ അവാര്‍ഡ് ജേതാവും എന്‍ഡിടിവി എഡിറ്ററുമായിരുന്ന രവീഷ് കുമാറാണ് ഗോദി മീഡിയ എന്ന വാക്ക് പരിചയപ്പെടുത്തുന്നത്. ഗോദി എന്നത് ഹിന്ദി വാക്കാണ്. മടിയില്‍ എന്നതാണ് അതിന്റെ അര്‍ഥം വരുന്നത്. ‘മടിയിലെ മീഡിയ’ എന്ന് അര്‍ഥം വരുന്ന ഗോദി മീഡിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സര്‍ക്കാരിന്റെ, അല്ലെങ്കില്‍ കോര്‍പ്പറേറ്റുകളുടെ മടിയിലെ കളിപ്പാട്ടങ്ങള്‍ എന്ന അര്‍ഥത്തിലാണ്. ഭരണകൂടത്തിന് അനുകൂലമായി അപരവിദ്വേഷം പ്രചരിപ്പിക്കുക എന്നതാണ് ഗോദി മീഡിയയുടെയും അതിലെ മാധ്യമ അവതാരകരുടെയും പ്രവര്‍ത്തനശൈലി.
അതിനു ശേഷം ഭരണകൂടത്തിനെതിരെയുള്ള ജനകീയ ബഹുജന-രാഷ്ട്രീയ പ്രതിഷേധങ്ങളിലെല്ലാം ‘ഞങ്ങളെ നിങ്ങള്‍ വാര്‍ത്തയാക്കേണ്ടതില്ല, നിങ്ങള്‍ വ്യാജ മാധ്യമങ്ങളാണ്’ എന്നതടക്കമുള്ള പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവന്നു. കര്‍ഷക സമരങ്ങളോടെയാണ് ഗോദി മീഡിയക്ക് എതിരായ മുദ്രാവാക്യങ്ങള്‍ കൂടുതല്‍ സജീവമാകുന്നത്. ശേഷം ഭരണകൂടത്തിനെതിരെ നടന്ന സമരങ്ങളിലെല്ലാം സമാന്തര പ്രതിഷേധം ഗോദി മീഡിയകള്‍ക്കെതിരെയും നടന്നു.
കോവിഡ് കാലത്ത് ഭരണകൂടത്തിനു സംഭവിച്ച വീഴ്ചകള്‍ മറച്ചുവെക്കാന്‍ കടുത്ത വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് ഗോദി മീഡിയകളാണ്. ഡല്‍ഹിയിലെ തബ്‌ലീഗ് വിഭാഗത്തെ കാണിച്ച് ‘കൊറോണ ജിഹാദ്’ എന്ന പ്രയോഗവും ഇവരുടെ സംഭാവനയാണ്. ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് കൂടുതല്‍ ദൃശ്യത നല്‍കിയതും ‘ദി കേരള സ്റ്റോറി’ എന്ന സിനിമയെ മുന്‍നിര്‍ത്തി കേരളത്തെ അടക്കം പൈശാചികവത്കരിക്കാനുള്ള അലര്‍ച്ചകള്‍ നടത്തിയതും ഗോദി മീഡിയകളാണ്. ന്യൂനപക്ഷങ്ങളുടെ മേല്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം 2014നു ശേഷം നടന്ന വര്‍ഗീയ ആക്രമണങ്ങളിലും കലാപങ്ങളിലുമെല്ലാം എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് ഗോദി മീഡിയകള്‍ നടത്തിയത്.
ഗോദി മീഡിയകളുടെ ചര്‍ച്ചാ അവതാരകരില്‍ ചിലരെയാണ് ഇന്‍ഡ്യാ സഖ്യം അകറ്റിനിര്‍ത്തിയിരിക്കുന്നത്. അര്‍ണബ് ഗോസ്വാമി, അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, അദിതി ത്യാഗി, അശോക് ശ്രീവാസ്തവ, സുധീര്‍ ചൗധരി, ചിത്ര ത്രിപാഠി, റൂബിക ലിയാഖത്ത്, ഗൗരവ് സാവന്ത്, ശിവ് അരൂര്‍, പ്രാചി പരാശര്‍, നവിക കുമാര്‍, സുശാന്ത് സിന്‍ഹ എന്നിവരുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നാല്‍ തീരുമാനം പുനഃപരിശോധിക്കാമെന്നും സഖ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്‍ (എന്‍ബിഡിഎ) അടിയന്തരാവസ്ഥയുമായാണ് സഖ്യത്തിന്റെ ഈ നടപടിയെ വിമര്‍ശിക്കുന്നത്. തീരുമാനം താല്‍ക്കാലികമാണെന്ന് സഖ്യം തന്നെ സൂചിപ്പിക്കുന്ന ഘട്ടത്തില്‍ ഈ അകറ്റിനിര്‍ത്തലിനു ഭീകരമായ മാനങ്ങള്‍ നല്‍കുന്നതില്‍ അര്‍ഥമില്ല.
അര്‍ണബ് ഗോസ്വാമിമാര്‍ നിര്‍മിച്ചെടുത്ത വെറുപ്പും വിദ്വേഷവും നിറഞ്ഞ മാധ്യമ സമ്പ്രദായം മോദി ഗവണ്‍മെന്റിനെ പിന്തുണയ്ക്കുമ്പോള്‍ അതിനു ബദലായി ഭരണകൂട വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന മറുവായനയും നടത്തണം. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളില്‍ മുന്‍നിരയിലുള്ള എന്‍ഡിടിവിക്കെതിരെയും പ്രണൊയ് റോയിക്കെതിരേയും ഭാര്യ രാധിക റോയിക്കെതിരേയും നടന്ന വേട്ടയാടലുകള്‍ സമാനതകളില്ലാത്തതാണ്. ഭീഷണികള്‍ക്കു മുമ്പില്‍ വഴങ്ങാതിരുന്ന എന്‍ഡിടിവിയെ അവസാനം ഗൗതം അദാനിയെ ഉപയോഗിച്ച് വിലക്കെടുക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. പ്രണൊയ് റോയിയെ ഡല്‍ഹിയില്‍ വെച്ച് തടവിലാക്കുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ ദിവസമാണ് എന്‍ഡിടിവി മുംബൈ ബ്യൂറോ ചീഫായ സോഹിത് മിശ്ര രാജിവെച്ചത്. രാഹുല്‍ ഗാന്ധി അദാനിക്കെതിരായി നടത്താനിരുന്ന പത്രസമ്മേളനം തടസ്സപ്പെടുത്തണം എന്ന നിര്‍ദേശത്തിന്റെ പുറത്താണ് രാജിവെച്ചത്.
വഴങ്ങാത്ത മാധ്യമ സ്ഥാപനങ്ങളെ കോര്‍പറേറ്റുകളെ ഉപയോഗിച്ച് പിടിമുറുക്കുക എന്നതാണ് ബിജെപി ചെയ്യുന്നത്. ആഗോള മാധ്യമ നിരീക്ഷണ സ്ഥാപനമായ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) തയ്യാറാക്കിയ സൂചികയനുസരിച്ച് 180 രാജ്യങ്ങളുടെ പട്ടികയില്‍ 161 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് നമ്മുടെ രാജ്യം. റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കുറിച്ച് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍, മാധ്യമങ്ങളുടെ രാഷ്ട്രീയ ചായ്‌വ്, മാധ്യമരംഗത്തെ കുത്തകവത്കരണം എന്നിവയെല്ലാം സൂചിപ്പിക്കുന്നത് 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിലുള്ള, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാണ് എന്നാണ്.’
തകര്‍ന്നടിഞ്ഞ ഈ മാധ്യമ സൂചികയടക്കം തിരിച്ചുപിടിക്കാന്‍ തിരുത്തുകള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാന്‍ തരമില്ല. വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന മാധ്യമ സംസ്‌കാരത്തിനും ഭരണകൂട സമീപനത്തിനുമെതിരെയുള്ള പ്രതീകാത്മക പ്രതിഷേധം കൂടിയാണ് അകറ്റിനിര്‍ത്തപ്പെട്ട ഈ ‘മാധ്യമ വിചാരണ.’ മാധ്യമമുറികളിലെ വിസ്താരങ്ങള്‍ക്കും വിധിപ്രഖ്യാപനങ്ങള്‍ക്കും കൂടെ പ്രേക്ഷക വിചാരണയും സജീവമാകണം. മാധ്യമശരികളെ അതേപടി ഏറ്റെടുക്കുമ്പോള്‍ മൂലധനവും രാഷ്ട്രീയപരവുമായ മാധ്യമ അജണ്ടകള്‍ സ്വാംശീകരിക്കപ്പെടും എന്ന ധാരണ പ്രേക്ഷകര്‍ ഈ സത്യാനന്തരകാലത്ത് പിന്തുടരേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x