2 Monday
December 2024
2024 December 2
1446 Joumada II 0

ഭരണകൂട വിമര്‍ശനങ്ങള്‍ മറന്നുപോകുന്ന മാധ്യമങ്ങള്‍

നിഷാദ് റാവുത്തര്‍


ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും, ഏതാണ്ടെല്ലാ പ്രത്യാശാഗോപുരങ്ങളും ഒരു വിഭജനാശയത്തിന്റെ പിടിയിലമര്‍ന്നു വീണുപോകുമ്പോള്‍ എതിര്‍ശബ്ദമായി നില്‍ക്കേണ്ട മാധ്യമങ്ങള്‍ എന്തുമാത്രം പ്രത്യാശയുടെ സ്വഭാവം കാണിക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം നിരാശയാണ്. ആ നിരാശയുടെ നടുവില്‍ നിന്നുകൊണ്ടാണ് നമ്മള്‍ നിരന്തരമായി മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുന്നത്. മാധ്യമങ്ങള്‍ ഈ നശിച്ച കാലത്ത് അവരുടെ ശരിയായ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്ന് നമ്മള്‍ ഭയപ്പെടുകയാണ്.
അതൊരു ഭയം മാത്രമല്ല, യാഥാര്‍ഥ്യമാണ്. പാരിസ് ആസ്ഥാനമായുള്ള സംഘടന ഓരോ വര്‍ഷവും പുറത്തുവിടുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ സൂചിക നോക്കുമ്പോള്‍ ഇന്ത്യ ഓരോ വര്‍ഷവും അതില്‍ കൂപ്പുകുത്തുന്നതായി കാണാം. ഇന്ന് നമ്മള്‍ 161ാം സ്ഥാനത്താണ്. നമ്മളേക്കാള്‍ ആഭ്യന്തര കാലുഷ്യങ്ങള്‍ നിറഞ്ഞ രാജ്യങ്ങളില്‍ പോലും മികച്ച മാധ്യമപ്രവര്‍ത്തനം നടക്കുന്നുണ്ട് എന്നാണ് പാരിസ് ഏജന്‍സി പറയുന്നത്.
ഈ കണക്കെടുക്കാന്‍ വേണ്ടി പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്: ഓരോ രാജ്യത്തും മാധ്യമങ്ങള്‍ ബഹുഭൂരിപക്ഷവും ആരുടെ കൈയിലാണ്, ആരുടെ മൂലധന താല്‍പര്യമാണ് അതില്‍ പ്രവര്‍ത്തിക്കുന്നത്, ഗവണ്‍മെന്റുകള്‍ എന്തുമാത്രം സഹിഷ്ണുതയോടെ മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്, മാധ്യമങ്ങള്‍ക്ക് പൊതുവേ എന്തുമാത്രം സര്‍ക്കാര്‍ വിമര്‍ശന സ്വഭാവമുണ്ട് തുടങ്ങിയ പലതരത്തിലുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് ഓരോ വര്‍ഷവും മാധ്യമങ്ങള്‍ ശരിയായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കുന്നത്.
അപ്പോള്‍ ഇന്ത്യ പോലുള്ള, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ-ബഹുസ്വര രാഷ്ട്രത്തിലെ വളരെ മര്‍മപ്രധാനമായ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ഒരു മേഖല അത് നിറവേറ്റുന്നില്ല എന്നു മാത്രമല്ല, അടിസ്ഥാന വര്‍ഗക്കാരുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയും ഭരണകൂടത്തിന്റെ മാത്രം താല്‍പര്യങ്ങളെ നിരന്തരം പ്രൊപഗേറ്റ് ചെയ്യുന്നവരായി മാറുകയും ചെയ്യുന്ന അപകടകരമായ ഒരവസ്ഥയാണ് നമ്മള്‍ കാണുന്നത്. മാധ്യമങ്ങള്‍ പല തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഭരണകൂടം ഉണ്ടാക്കുന്ന സമ്മര്‍ദം വളരെ വലുതാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് ഭരണകൂടത്തിന് വാഴ്ത്തുപാട്ട് പാടാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേറെ വല്ല കുക്കറി ഷോയും കാണിക്കാം, അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് നിശ്ശബ്ദരായിരിക്കാം എന്ന ഒരു താക്കീത് പരോക്ഷമായി മാധ്യമങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഭരണകൂടം നിങ്ങളെ വേട്ടയാടി പിടിക്കും, നിങ്ങളുടെ ഓഫീസില്‍ റെയ്ഡ് നടത്തും, നിങ്ങളുടെ ലൈസന്‍സ് കട്ട് ചെയ്യും, അതുമല്ലെങ്കില്‍ ഭരണകൂടത്തിന്റെ ചങ്ങാതിമാര്‍ നിങ്ങളുടെ ഉടമാവകാശം വാങ്ങിയെടുക്കും. ഇതൊക്കെയും നേരത്തേ പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ അളവുകോലാണ്.
അത് മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ മാധ്യമങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കുന്ന സമ്മര്‍ദം ചില്ലറയല്ല. മതങ്ങള്‍, പല തരത്തിലുള്ള ലോബികള്‍, കോര്‍പറേറ്റ് ഭീമന്മാര്‍, വന്‍കിട മാഫിയകള്‍ എന്നിവയൊക്കെ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ഉണ്ടാക്കുന്ന സമ്മര്‍ദം ചെറുതല്ല എന്നു പഠനങ്ങള്‍ പറയുകയാണ്. ആഭ്യന്തരമായി അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുക എന്നതാണ്. എന്നുവച്ചാല്‍, ഇവര്‍ തങ്ങള്‍ക്കു വേണ്ടി സംസാരിക്കുമെന്ന് നിഷ്‌കളങ്കമായ പ്രത്യാശ വെക്കുന്ന മനുഷ്യരോട് ചെയ്യുന്ന വഞ്ചനയാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ നഷ്ടം.
ഒരു രാജ്യത്ത് എല്ലാം നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ പ്രത്യേകമായി ഉത്തരവാദിത്തം ഒന്നുമില്ല. എന്നാല്‍, നമ്മുടെ രാജ്യത്തെ സകല സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും മുഴുവന്‍ ഈ വിപത്കരമായ കാലത്ത്, ശരിയാംവണ്ണം അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ എന്നു സംശയമുള്ള കാലത്ത്, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങള്‍ അക്കാര്യം ചെയ്യാതെ നിശ്ശബ്ദമാവുകയാണ്.
ഏറ്റവും അവസാനമായി ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ് കോടതി ചവറ്റുകൊട്ടയിലിട്ടു. ദുരൂഹമായ കേന്ദ്രങ്ങളില്‍ നിന്ന് ഭരണകക്ഷിക്ക് ശതകോടികള്‍ വാങ്ങിയെടുക്കാനും അതിന്റെ കണക്ക് ആരെയും ബോധിപ്പിക്കാതെ അവര്‍ക്കു മാത്രം സ്വന്തമായി ഒരു ധനവിനിമയ ഏര്‍പ്പാട് ഉണ്ടാക്കാനും കഴിയുന്ന സാമ്പത്തിക സംവിധാനം ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയിട്ട്, നമ്മുടെ കോടതി അത് ഭരണഘടനാവിരുദ്ധമാണെന്ന് പറയാന്‍ അഞ്ചു വര്‍ഷം എടുത്തു! ഈ അഞ്ചു വര്‍ഷത്തിനിടെ അതുമൂലമുള്ള അപകടങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ബി ജെ പി മാത്രം കോടികള്‍ സമ്പാദിക്കുകയും, മറ്റുള്ളവരുടെ സാമ്പത്തിക സ്രോതസ്സുകളൊക്കെ തിരിച്ചറിഞ്ഞ് അവയെ മുഴുവന്‍ ബ്ലോക്ക് ചെയ്യുകയും പ്രതിപക്ഷത്തെ സാമ്പത്തികമായി നിരായുധീകരിക്കുകയും ചെയ്തു. ഇത്രയും വിനാശം സംഭവിച്ചുകഴിഞ്ഞ ശേഷമാണ് കോടതി ഇതൊരു മോശം കാര്യമാണെന്നു പറഞ്ഞത്. നിങ്ങളീ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമല്ലേ എന്ന് ചോദിക്കാന്‍ ഈ രാജ്യത്ത് ഒരു മാധ്യമസ്ഥാപനം ഉണ്ടായില്ല എന്നതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത്.
ആര്‍ ബി ഐ പറയുകയാണ്, ‘ഞങ്ങള്‍ക്കല്ലേ ബോണ്ടുകള്‍ പുറത്തിറക്കാനുള്ള ഉത്തരവാദിത്തം, പുതിയൊരു ധനവിനിമയ ഏര്‍പ്പാട് കൊണ്ടുവരുമ്പോള്‍ ഞങ്ങളല്ലേ അത് ചെയ്യേണ്ടത്?’ അത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. തിരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നുണ്ട്, ‘ആളുകള്‍ കൊടുക്കുന്ന പണത്തിന്റെ സ്രോതസ്സ് അറിയാതിരിക്കുക എന്നത് എന്തുമാത്രം വലിയ അപകടമാണ്, കള്ളപ്പണത്തിന്റെ വലിയ കുത്തൊഴുക്കല്ലേ ഉണ്ടാവുക? അത് ശരിയാണോ?’ സര്‍ക്കാര്‍ അത് പരിഗണിക്കുന്നില്ല.
ഞാന്‍ വരുന്നത് നിരോധിക്കപ്പെട്ട, വലിയ നിയമ പോരാട്ടത്തിലൂടെ വീണ്ടെടുക്കപ്പെട്ട ഒരു മാധ്യമ സ്ഥാപനത്തില്‍ നിന്നാണ്. ആ സ്ഥാപനത്തെ നിരോധിക്കുക വഴി ഭരണകൂടം എന്താണ് ഉദ്ദേശിക്കുന്നത്? 300ലധികം ആളുകള്‍ ജോലി ചെയ്യുന്ന, പത്ത് വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനത്തിന് ഇതിനു മുമ്പൊരു നോട്ടീസ് പോലും കിട്ടിയിട്ടില്ല, ഞങ്ങള്‍ ഇതെന്തിന് പൂട്ടണം എന്ന ചോദ്യത്തിന് ‘ഒരു നിമിഷം പോലും ഇതിന് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല, രാഷ്ട്രസുരക്ഷയ്ക്ക് എതിരാണ്, പൂട്ടി പോകണം’ എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. മുമ്പ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 48 മണിക്കൂര്‍ പൂട്ടാന്‍ ഉത്തരവിട്ടത് ‘ഈ കലാപത്തില്‍ ആര്‍ എസ് എസിന് പങ്കാളിത്തം ഉണ്ടെന്ന് സംശയമുണ്ട്, പോലീസ് അവിടെ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല’ എന്നീ രണ്ടു പരാമര്‍ശങ്ങളുടെ പേരിലാണ്.
ഈ പൂട്ടലുകള്‍ കേവലം ‘മീഡിയാവണ്ണി’ന് എതിരെ മാത്രം വരുന്ന ഒരു സംഗതിയല്ല, രാജ്യത്താകമാനമുള്ള മാധ്യമങ്ങള്‍ക്കുള്ള ഭരണകൂടത്തിന്റെ സന്ദേശമാണത്. ഭരണകൂടത്തിനെതിരായി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, സംസാരിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തണം, അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദാക്കുമെന്നും സ്ഥാപനം പൂട്ടിക്കളയുമെന്നുമുള്ള ഭയം രാജ്യത്താകമാനം പടര്‍ത്തിയിട്ടുണ്ട്. ഈ രാജ്യത്ത് ‘ന്യൂസ് ക്ലിക്ക്’ പോലുള്ള സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുമ്പോള്‍, അതിന്റെ ആളുകളെ പിടിച്ചു ജയിലില്‍ അടയ്ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഈ മീഡിയ ഫ്രറ്റേണിറ്റിയില്‍ നിന്നുപോലും ആളുകള്‍ ഉണ്ടാവുന്നില്ല.
ഭരണകൂടം ചാപ്പകുത്തിയ സ്ഥാപനങ്ങളെ നമ്മള്‍ പിന്തുണയ്ക്കാന്‍ പോയാല്‍ നമ്മുടെ ഇന്‍വെസ്റ്റ്‌മെന്റുകള്‍ വെള്ളത്തിലാകുമെന്നു വിചാരിക്കുന്ന കോര്‍പറേറ്റ് മൂലധന താല്‍പര്യം ഇന്ത്യയിലെ മാധ്യമങ്ങളുടെ സ്വഭാവത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മറ്റൊരു പ്രശ്‌നം, വിഭജനാശയത്തിന് കുഴലൂതിയാല്‍ നമുക്ക് ഒരുപാട് ടിആര്‍പി റേറ്റിംഗ് കിട്ടുമെന്ന് വിചാരിക്കുന്ന സ്ഥാപനങ്ങളാണ്. ഗ്യാന്‍വാപിയില്‍ ഒരു സര്‍വേ നടത്താന്‍ കോടതി ഭരണഘടനയെ മറികടന്നുകൊണ്ട് ഉത്തരവിടുന്നു, ആ സര്‍വേ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഹരജിക്കാരന്‍ പറയുന്നു, അവിടെ നിന്ന് ഞങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട ഒരു സ്ട്രക്ചര്‍ കണ്ടെടുത്തു എന്ന്. അതിന്റെ ദൃശ്യങ്ങള്‍ക്ക് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട മാധ്യമസ്ഥാപനം ഒരു ദിവസം മുഴുവന്‍ കവറേജ് നല്‍കുകയാണ്.
ബാബരി മസ്ജിദ് പൊളിച്ച ദിവസം ‘ഇന്ത്യയുടെ നാണക്കേട്’ എന്ന തലക്കെട്ട് നല്‍കിയ മാധ്യമ സ്ഥാപനം കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് കൊടുത്ത തലക്കെട്ട് ‘ഇത് ഇന്ത്യയുടെ സാംസ്‌കാരികമായ നേട്ടത്തിന്റെ ദിവസം’ എന്നായിരുന്നു! പലതരം താല്‍പര്യങ്ങള്‍ ഇത്തരമൊരു മാറ്റത്തിന് പിറകില്‍ കാണാം. ഭരണകൂടവുമായി ഏറ്റുമുട്ടി ബിസിനസ് വെള്ളത്തിലാക്കേണ്ട, ഭരണകൂടവുമായി ഏറ്റുമുട്ടി പ്രക്ഷേപണാവകാശം ഇല്ലാതാക്കേണ്ട, ഭരണകൂടം പടര്‍ത്തുന്ന വിഭജനാശയത്തിനാണ് ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഉള്ളത്, അതിന്റെ ആളുകളായി മുന്നില്‍ നില്‍ക്കാം തുടങ്ങിയ തോന്നലുകളാണ്.
ഇന്ത്യയില്‍ ഇന്നീ പറയുന്ന കുഴപ്പം പിടിച്ച അന്തരീക്ഷം എല്ലാ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. 1991ലെ ആരാധനാലയ നിയമപ്രകാരം ഇന്ത്യയില്‍ ഒരു പള്ളിക്കും അമ്പലത്തിനും മേല്‍ ആര്‍ക്കും ഒരു അവകാശവാദവുമായി കോടതിയില്‍ പോകാന്‍ പറ്റില്ല. എന്നിട്ടും കോടതി ഗ്യാന്‍വാപി മസ്ജിദിന്മേലുള്ള അവകാശം അംഗീകരിച്ചുകൊടുക്കുകയാണിപ്പോള്‍. സുപ്രീം കോടതി ആദ്യം പറയേണ്ടത് ഗ്യാന്‍വാപി മസ്ജിദിന്മേല്‍ അവകാശവാദം ഉന്നയിച്ചു വരുന്ന ഒരു ഹരജിയും നിയമപരമായി എടുക്കാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ സുപ്രീംകോടതി അത് പറഞ്ഞില്ല. ഇപ്പോള്‍ അവിടെ നടക്കുന്നത് എന്താണെന്ന് നമ്മള്‍ കാണുന്നുണ്ട്.
അങ്ങനെ എല്ലാ സ്ഥാപനങ്ങളിലും ഈ തീക്കാറ്റ് ചൂടേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, അതിന്റെ കൂടെ സ്വാഭാവികം എന്ന നിലയ്ക്ക് മാധ്യമമേഖലയും തങ്ങളുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, അവര്‍ വീണുപോകാന്‍ പാടുണ്ടോ? പാടില്ലാത്തതാണ്. ഒറ്റപ്പെട്ട ശബ്ദം ഉയര്‍ത്തേണ്ടവരാണ്. അവര്‍ അതു ചെയ്യുന്നില്ല എങ്കില്‍ പിന്നെ നമ്മുടെ ആത്യന്തികമായ പ്രതീക്ഷ സാധാരണക്കാരായ ജനങ്ങളിലാണ്.
ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ സൃഷ്ടിച്ച ഇന്ത്യ എവിടെ എന്നു ചോദിച്ചുകൊണ്ട് തെരുവിലേക്ക് ഇറങ്ങിവരുന്ന, മാധ്യമങ്ങളെയും കോടതികളെയും ചോദ്യം ചെയ്യുന്ന, രാഷ്ട്രീയബോധമുള്ള സാധാരണക്കാരിലാണ് പ്രതീക്ഷ. ആ ജനങ്ങളാണ് മാധ്യമങ്ങളോട്, ഗുണനിലവാരമുള്ള വാര്‍ത്തകളാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന് ഉച്ചത്തില്‍ പറയേണ്ടത്. ഗുണമേന്മയുള്ള രാഷ്ട്രീയ സാഹചര്യത്തെയും ഭരണസംവിധാനത്തെയും മാധ്യമങ്ങളെയും ആവശ്യപ്പെടുന്ന ജനക്കൂട്ടത്തിന്റെ ഭാഗമാകാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.

Back to Top