2 Monday
December 2024
2024 December 2
1446 Joumada II 0

ഭരണഘടനാ സംസ്‌കാരം അനിവാര്യമാകുന്ന കാലം

മുജീബ് എടവണ്ണ

ഇന്ത്യന്‍ ഭരണഘടന
പാഠങ്ങമള്‍ പാഠഭേദങ്ങള്‍
അഡ്വ. കാളീശ്വരം രാജ്
മാതൃഭൂമി ബുക്‌സ്
വില 260


രാജ്യത്തിന്റെ വിശുദ്ധഗ്രന്ഥമായ ഭരണഘടന നിലനില്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഒരു ജനത തല നീട്ടി നില്‍ക്കുകയാണ്. ഇനിയുള്ള കാലം ഇന്ത്യയില്‍ മുഴക്കമുണ്ടാക്കുന്ന ശബ്ദമായിരിക്കും ഭരണഘടന എന്നത്. ആ മുഴക്കത്തിന്റെ ആയുസ്സ് ദൈര്‍ഘ്യമുള്ളതാക്കേണ്ട ശക്തി ജനങ്ങളാണ്. 2023-ലെ വായനയെ വിശേഷമാക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്ത കൃതിയാണ് സുപ്രീം കോടതി അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. കാളീശ്വരം രാജിന്റെ ‘ഇന്ത്യന്‍ ഭരണഘടന പാഠങ്ങള്‍, പാഠഭേദങ്ങള്‍’ എന്ന പുസ്തകം.
ജനാധിപത്യ സംവിധാനത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ചു കൊണ്ടു തന്നെയാണ് ലോകത്ത് പലയിടങ്ങളിലും സ്വേച്ഛാധിപതികള്‍ ഉയര്‍ന്നു വന്നതെന്ന മുന്നറിയിപ്പ് ഗ്രന്ഥകാരന്‍ ഭരണഘടനയുടെ പ്രസക്തഭാഗങ്ങള്‍ പരിചയപ്പെടുത്തിയാണ് വിവരിക്കുന്നത്. ഭരണഘടനയാണ് ഇന്ത്യന്‍ ജനതയ്ക്ക് കാവലും കരുതലുമാകുന്നത്. ഭരണഘടനയാണ് വലുത്, ഭരിക്കുന്നവരല്ലെന്നത് ഒരു മുദ്രാവാക്യമാകേണ്ട കാലത്ത് ജീവിക്കുമ്പോള്‍ പ്രത്യേകിച്ചും. ഭരണഘടന വായിച്ചു പഠിക്കുന്നതിലല്ല കാര്യം, അതിന്റെ ആത്മാവ് സ്വാംശീകരിക്കുകയാണ് വേണ്ടത്.
പ്രജകളില്‍ നിന്ന് പൗരന്മാരിലേക്ക് ജനങ്ങളെ പരിവര്‍ത്തിപ്പിച്ചത് ഭരണഘടനയാണ്. അതിന്റെ അന്തസ്സും വിശുദ്ധിയും കാത്തുസംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാകേണ്ടതിന്റെ ഗൗരവം ഭാവി ബോധ്യപ്പെടുത്തുമെന്നതില്‍ വായനക്കാരന് സംശയമില്ല.
നാം ഭരണഘടന കാണുന്നില്ല, വായിക്കുന്നില്ല, ജനാധിപത്യം പോലും പുറംപകിട്ടായി നില്‍ക്കുന്ന ഇന്ത്യയില്‍ നിരന്തര പരിശ്രമത്തിലൂടെ പരിശീലിച്ചെടുക്കേണ്ടുന്ന ഒന്നാണ് ഭരണഘടനാ സംസ്‌കാരം എന്ന ഡോ. അംബേദ്കറിന്റെ പരാമര്‍ശം ശ്രദ്ധേയമാണ്. ഈ സ്വപ്‌നം ഇപ്പോഴും സാക്ഷാത്കരിച്ചിട്ടില്ലെന്നതാണ് മറുവശം.
കേന്ദ്ര ഭരണകക്ഷിക്ക് ഇടമില്ലാത്തതിനാല്‍ അവഗണനയും അസ്പൃശ്യതയും സംസ്ഥാനങ്ങളോട് പുലര്‍ത്തുന്നവര്‍ ഭരണഘടനയെ അവമതിക്കുകയാണ് ചെയ്യുന്നതെന്നു ഭരണഘടനയുടെ പീഠികകളിലുണ്ട്. ‘ഇന്ത്യ അഥവാ ഭാരതം, സംസ്ഥാനങ്ങള്‍ ചേര്‍ന്ന കേന്ദ്രം (ഡിശീി ീള ടമേലേ)െ ആയിരിക്കുമെന്ന് ഭരണഘടനയുടെ ഒന്നാം ഭാഗത്തെ ഒന്നാം അനുച്ഛേദത്തില്‍ തന്നെ വ്യക്തവുമാണ്.
ദേശീയതയെ സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കുക, ഗാന്ധിജിയുടെ ഘാതകരെ വിശുദ്ധവത്കരിക്കുക തുടങ്ങിയ ഇന്ത്യ എത്തി നില്‍ക്കുന്ന അവസ്ഥയെ വിചിത്ര കാലമെന്ന് വിശേഷിപ്പിക്കുമ്പോള്‍ പങ്കജ് മിശ്രയുടെ പുസ്തകവും കടന്നുവരുന്നു. ഭാഷാപ്രയോഗങ്ങളിലും വിവരണങ്ങളിലും പരിചയസമ്പന്നനായ അഭിഭാഷകന്റെ വാചാല ചാതുരി മടുപ്പില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഹിന്ദിയിലും മലയാളത്തിലും ഭരണഘടനയുടെ വിവര്‍ത്തനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും വിചാരവികാരമായി അതു മാറിയിട്ടുണ്ടോ എന്ന പ്രസക്തമായ ചോദ്യം പുസ്തകം ഉന്നയിക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കി ചൂടപ്പം പോലെ ബില്ലുകള്‍ ചുട്ടെടുക്കുന്ന സമയമാണിത്. രാഷ്ട്രത്തിന്റെ നിലനില്പും നിര്‍മിതിയും എങ്ങനെ വേണമെന്നു തീരുമാനിക്കുന്നതു ജനപ്രതിനിധികളാണ്. അവരെങ്ങനെയുള്ളവരാകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളും.
2014-ലെ ലോകസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 5,380 സ്ഥാനാര്‍ഥികളില്‍ 17 ശതമാനം പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരായിരുന്നു. 10 ശതമാനം പേര്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഹീന കുറ്റകൃത്യം ചെയ്തവരെന്ന് ആരോപിക്കപ്പെട്ടവരും. സാധാരണ സ്ഥാനാര്‍ഥികളെക്കാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വിജയ സാധ്യത കൂടുതലാണെന്ന യാഥാര്‍ഥ്യം ഒരു പഠന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായതിനാല്‍ വായനക്കാരനെ ഭയസംഭ്രമങ്ങളിലാഴ്ത്തും.
നിയമനിര്‍മാണ സഭകളിലെത്തുന്ന ജനപ്രതിനിധികളുടെ പ്രതിഫലിക്കപ്പെടുന്ന ജനകീയ ഇച്ഛയെ രാഷ്ട്രപതിക്കു പോലും അതിലംഘിക്കാനാവില്ലെന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്ന 111 അനുച്ഛേദ വിവരണം പൗരബോധമുള്ളവരെ തൊട്ടുണര്‍ത്തുന്നതാണ്.
43 ചെറു അധ്യായങ്ങളില്‍ 200 പേജുള്ള പുസ്തകം, നൈതികമായും രാഷ്ട്രീയമായും സമൂഹത്തെ ശാക്തീകരിച്ച ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്തയാണ് അവതരിപ്പിക്കുന്നത്. ഒരു റഫറന്‍സായി പുസ്തകക്കൂട്ടില്‍ ഇടം പിടിക്കേണ്ട കൃതിയാണിതെന്ന് ഓരോ അധ്യായങ്ങളും വായനക്കാരനോട് വിളിച്ചു പറയും.

Back to Top