1 Friday
March 2024
2024 March 1
1445 Chabân 20

ഭക്തിയും പ്രയോഗികതയും തമ്മിലുള്ള പിടിവലി

ഡോ. എം എച്ച് ഇല്യാസ്‌


സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മറ്റിടങ്ങളിലെ മുസ്ലിം രാഷ്ട്രീയ നേതൃത്വത്തിന് പ്രാദേശികവും സാര്‍വത്രികവുമായ രണ്ട് തലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാര്‍വദേശീയമായി നോക്കിയാല്‍ ആഗോള തലത്തില്‍ മതത്തിന്റെ ഏകതയും തനിമയും നിലനിര്‍ത്തുകയാണ് അതിന്റെ പ്രധാന ലക്ഷ്യം. സാര്‍വദേശീയരായ നേതാക്കള്‍ക്ക്, സമുദായത്തെയും സ്വത്വത്തെയും വിശാലമായ സന്ദര്‍ഭത്തില്‍ വെച്ചുകൊണ്ട് കൂടുതല്‍ വിശദമായി മനസ്സിലാക്കിക്കാന്‍ സഹായിക്കാവുന്നതാണ്. പ്രാദേശിക നേതാക്കളാവട്ടെ പ്രദേശത്തെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകളെ മാനിക്കുന്നവരും അതിനനുസരിച്ചു ഇടപെടുന്നവരുമാണ്.
മറ്റ് മതവിശ്വാസികള്‍ക്കും അവരെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് പ്രത്യേകതകളില്‍ ഊന്നിയ കാഴ്ചപ്പാട് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് നേതാക്കള്‍ കരുതുന്നു. എന്നാല്‍ കേരളത്തിലെ അനുഭവം വെച്ചു നോക്കിയാല്‍ അത്തരത്തില്‍ ഒരു സാമാന്യവത്കരണം മേഖലയിലെ മുസ്ലിം നേതൃത്വത്തിന്റെ വികസനത്തോട് ചേര്‍ന്ന് പോകുകയില്ല എന്ന് പറയാനാവും.
കേരളത്തില്‍ മുസ്ലിം നേതൃത്വത്തെ രൂപപ്പെടുത്തിയ ചില പ്രാദേശിക താല്പര്യങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിന് പ്രത്യേകമായുള്ള, രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സ്വാധീനിച്ച, മുസ്ലിം നേതൃത്വത്തെ, പ്രത്യേകിച്ച് മുസ്ലിം ലീഗിനെ രൂപപ്പെടുത്തിയ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഇവിടെ പരാമര്‍ശിക്കട്ടെ. മുസ്ലിം ലീഗിന്റെ ഒരു ഹ്രസ്വ ചരിത്രം നല്‍കുന്നത് ഈ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഓരോന്നും ലീഗിന്റെ നേതൃത്വത്തെ രൂപപ്പെടുത്തുന്നതിന് എത്രത്തോളം സംഭാവന നല്‍കി എന്ന് മനസ്സിലാക്കാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് 1937-ല്‍ അബ്ദുസ്സത്താര്‍ സേട്ട്, കെ എം സീതി സാഹിബ്, കെ എം മൗലവി, കോട്ടാല്‍ ഉപ്പി സാഹിബ്, ബി പോക്കര്‍ സാഹിബ് എന്നിവര്‍ സ്ഥാപകാംഗങ്ങളായി രൂപീകരിച്ച മലബാര്‍ ജില്ലാ കമ്മിറ്റിയാണ് മുസ്ലിം ലീഗിന്റെ കേരളത്തിലെ ആദ്യ ഘടകം.(3) അതിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് മുഹമ്മദലി ജിന്നയുടെ നേരിട്ടുള്ള ഇടപെടലില്‍ സ്ഥാപിക്കപ്പെട്ട മദ്രാസ് സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലാണ് മലബാര്‍ ജില്ലാ കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നത്. ആദ്യ കാലത്ത് ലീഗിന്റെ സാന്നിധ്യം മലബാറില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല. 1937-ലെ മലബാര്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ആദ്യകാലത്തെ ഏറ്റവും ജനകീയനായ നേതാവായിരുന്ന പോക്കര്‍ സാഹിബ് പരാജയപ്പെട്ടു. പക്ഷെ ജിന്നയുടെ സാന്നിധ്യത്തില്‍ മദ്രാസില്‍ വെച്ച് 1941-ല്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തോടെ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി. മലബാറിലെ പല നേതാക്കളും സമ്മേളനത്തില്‍ ഊര്‍ജിതമായി പങ്കെടുത്തിരുന്നു.
1940-കളുടെ ആദ്യ പകുതിയില്‍ പാകിസ്ഥാന്‍ എന്ന മുസ്ലിംകള്‍ക്കായുള്ള സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന ആവശ്യം അതിന് പുതുജീവന്‍ നല്‍കി. മേഖലയില്‍ ആകമാനം ഈ ആവശ്യം തീവ്രമാവുകയും 1921-ലെ മലബാര്‍ സമരത്തിന്റെ കേന്ദ്രമായ (സ്വാതന്ത്ര്യത്തിന് മുമ്പുള്ള) ഏറനാട് താലൂക്കില്‍ അതിനെ പിന്താങ്ങുന്നവരായി കുറേപ്പേര്‍ ഉണ്ടായിരുന്നു.(4) ‘പാകിസ്ഥാന്‍ അല്ലെങ്കില്‍ കബറിസ്ഥാന്‍’, ‘പത്തിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാന്‍’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ അലയടിച്ചു.(5) 1945-ല്‍ അന്നത്തെ ആള്‍ ഇന്ത്യ മുസ്‌ലിംലീഗ് ജന. സെക്രട്ടറി ആയിരുന്ന നവാബ് ലിയാഖത് അലി ഖാന്റെ സന്ദര്‍ശനം മലബാറില്‍ ലീഗിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി.(6)

1947-ല്‍ വിഭജനശേഷം ആള്‍ ഇന്ത്യ മുസ്ലിം ലീഗ് സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് വഴിമാറി. എന്നിരുന്നാലും വിഭജനവും സ്വതന്ത്ര ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്റെ രൂപീകരണവും മലബാറിലെ മുസ്ലിംകളില്‍ കാര്യമായി ചലനം സൃഷ്ടിച്ചില്ല. കേരളത്തിലെ മുസ്ലിം നേതാക്കളില്‍ ചുരുക്കം ചിലരൊഴികെ ആരും തന്നെ പാകിസ്ഥാന്‍ സ്വതന്ത്ര രാജ്യമായി എന്ന യാഥാര്‍ഥ്യത്തെ പിന്തുണച്ചിരുന്നില്ല. മലബാറിന്റെ സാഹചര്യത്തില്‍ അതില്‍ ഉള്ളടങ്ങിയിരിക്കുന്ന സാംസ്‌കാരികവും പ്രായോഗികവുമായ അപകടങ്ങള്‍ കാരണമാവാം ഈ ആശയത്തിന് അധികം സ്വീകര്‍ത്താക്കള്‍ ഇല്ലാതെ പോയത്. അതിന് പകരം ‘മാപ്ലസ്ഥാന്‍’ എന്ന പേരില്‍ വേറിട്ട് ഒരു പ്രവിശ്യ സൃഷ്ടിക്കണം എന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കളുടെ അഭിപ്രായം. അങ്ങനെയൊരു നടപടി മാത്രമേ സമുദായത്തിന്റെ വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളെ മെച്ചപ്പെടുത്താന്‍ സഹായിക്കൂ എന്ന് അവര്‍ വാദിച്ചു.
സീതി സാഹിബ് ഈ ആവശ്യം മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലിയില്‍ വെച്ചു. വിഭജനത്തിന് തൊട്ടുമുന്‍പായി 1947ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ ലീഗ് കൗണ്‍സില്‍ യോഗത്തിന് സമാന്തരമായി മുസ്ലിം ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ജിന്ന അതിനെ എതിര്‍ത്തു.(7) ഏതാനും ആളുകള്‍ മാത്രമേ മലബാറില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്വമേധയാ പോയുള്ളു. പാകിസ്ഥാന്‍ പൗരന്മാരാവാന്‍ തീരുമാനിച്ചവരില്‍ മിക്കവരും ലാഹോറിലോ കറാച്ചിയിലോ ഇന്നത്തെ പാകിസ്ഥാന്റെ മറ്റു ഭാഗങ്ങളിലോ തടഞ്ഞുവെക്കപ്പെട്ട രേഖകളില്ലാത്ത തൊഴിലാളികളോ ചെറു കച്ചവടക്കാരോ ഒക്കെയായിരുന്നു.(8)
പാകിസ്ഥാനില്‍ കുടുങ്ങിപ്പോയവര്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ നേരിട്ടു. വംശീയമായ വിവേചനമായിരുന്നു അതില്‍ ഏറ്റവും തീവ്രം.

കേരളത്തിലെ മുസ്ലിം നേതൃത്വം ആദ്യമൊന്നും ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെയോ കമ്മ്യൂണിസ്റ്റുകാരുടെ സ്വയം നിര്‍ണയ സിദ്ധാന്തത്തെയോ കാര്യമായി എതിര്‍ക്കാനോ അംഗീകരിക്കാനോ ശ്രമിച്ചില്ല.(9) ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലിം നേതാക്കള്‍, വിശേഷിച്ചു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് അതിനെ ദേശീയ വിഷയമായോ മുഴുവന്‍ ഇന്ത്യന്‍ മുസ്ലിംകളുടെയും വിഷയമായോ അല്ല കണ്ടത്. അദ്ദേഹം അതിനെ തെക്കും വടക്കും എന്നിങ്ങനെ രണ്ട് മേഖലകള്‍ തമ്മിലുള്ള ഒരു സാംസ്‌കാരിക വിഷയമായാണ് കണ്ടതും അതുകൊണ്ട് തന്നെ എതിര്‍ത്തതും.(10)
അബ്ദുറഹ്മാന്‍ സാഹിബ് ഇങ്ങനെ പറഞ്ഞു: ‘അഥവാ അവര്‍ സ്വന്തം ആവശ്യം നേടിയെടുത്താല്‍ തന്നെ മുസ്ലിം ഭൂരിപക്ഷമായ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും വിഭജിച്ചാണ് പാകിസ്ഥാന്‍ ഉണ്ടാക്കുക, അതില്‍ മദ്രാസ് സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ വെറും ഏഴു ശതമാനം വരുന്ന നമ്മള്‍ മുസ്ലിംകള്‍ക്ക് എന്ത് കിട്ടാനാണ്. മലബാറിലെ ഭൂരിപക്ഷ ഹിന്ദുക്കളുടെ അനിഷ്ടം വിളിച്ചു വരുത്തിക്കൊണ്ട് നമ്മള്‍ പാകിസ്താന് വേണ്ടി വാദിക്കുന്നത് ശരിയാണോ?(11) ഇവിടം വിട്ട് ഉപേക്ഷിച്ചു പോകാന്‍ നമ്മള്‍ തയാറാണോ?”

കേരളത്തിലെ മുസ്ലിം രാഷ്ട്രീയ ചരിത്രത്തില്‍ രൂപാന്തരണത്തിന്റെതായ ഒരു നിമിഷം സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ ഉണ്ടായി. വിഭജനത്തിന്റെ അനന്തരഫലങ്ങള്‍ കേരളത്തില്‍ താരതമ്യേന വളരെ കുറവായിരുന്നു എങ്കിലും അതിന്റെ ചീത്തപ്പേര് മാറിക്കിട്ടാന്‍ എന്ത് ചെയ്യണം എന്ന അടിയന്തിരവും പ്രധാനപ്പെട്ടതുമായ ചിന്ത മുസ്‌ലിം നേതൃത്വത്തിന് ഉണ്ടായി. സ്വാതന്ത്ര്യനന്തരം മുസ്ലിം ലീഗ് പുനസ്സംഘടനക്ക് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മുസ്ലിം നേതാക്കള്‍ എതിരായിരുന്നു. ഇ മൊയ്തു മൗലവി, എം അബ്ദുല്ല മൗലവി തുടങ്ങിയ നേതാക്കള്‍ ലീഗിനെതിരായി കനത്ത പ്രചാരണം നടത്തുകയും വിഭജനത്തിന് തൊട്ടുപിന്നാലെ മുസ്ലിം പുരോഹിതരും മലബാറിലെ സമുദായ പ്രമുഖരും ഉള്‍ക്കൊള്ളുന്ന യോഗത്തില്‍ ലീഗ് പിരിച്ചുവിടണമെന്ന് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.(12) കെ എം സീതി സാഹിബിനെ പോലെയുള്ള നേതാക്കള്‍ ലീഗ് നിലനില്‍ക്കേണ്ടത് ഒരു രാഷ്ട്രീയ ആവശ്യകതയാണെന്ന് പറഞ്ഞു പ്രമേയത്തെ എതിര്‍ത്തു.(13)
ഉപരിവര്‍ഗവും
പാര്‍ട്ടി പദവിയും

സ്വാതന്ത്ര്യത്തിന് മുന്‍പ് ആദ്യകാലത്തു മുസ്ലിംലീഗ് നേതൃത്വത്തിന് സമുദായത്തിലെ വലിയ വ്യാപാരിമാരോടും ഭൂവുടമകളോടും ഒരു ചായ്വ് ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു.(14) ലീഗിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സാമ്പത്തികമായും മതപരമായും ഉയര്‍ന്ന തട്ടിലുള്ളവരായിരുന്നു അതിന്റെ സാമൂഹിക മണ്ഡലത്തില്‍. അവരെല്ലാം തന്നെയാണ് സ്വാതന്ത്ര്യത്തിന് ശേഷവും ലീഗിന്റെ നയരൂപീകരണത്തെ സ്വാധീനിച്ചത്.
ടി ജെ നൊസ്സിറ്റര്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ലീഗ് നേതൃത്വത്തെ കവല രാഷ്ട്രീയക്കാരായാണ് വിവരിക്കുന്നത്.(15) സാമ്രാജ്യത്വകാലത്ത് ധനികരായി തുടര്‍ന്ന വ്യാപാരികള്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായുള്ള ബന്ധത്തിലൂടെ ശക്തരായിത്തീര്‍ന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ശക്തമായ സാമ്പത്തിക – വ്യാപാരബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന തലശ്ശേരിയിലെ കേയിമാരുടെ കുടുംബത്തില്‍ നിന്ന് ആദ്യകാലത്തെ ലീഗിന്റെ പല പ്രമുഖരായ നേതാക്കളും ഉയര്‍ന്നുവന്നത് ഉദാഹരണമാണ്.(16)
ധനികരായ വ്യാപാരികളും ഭൂവുടമകളുമല്ലാതെ ഉപരിവര്‍ഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അര്‍ധ സ്വതന്ത്രരായ ഉലമകളുടെ വര്‍ഗവും ഉണ്ടായിരുന്നു.(17) ഇവര്‍ ബ്രിട്ടീഷ് ഭരണകാലത്തു സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ നേതൃത്വം വഹിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഉലമ നേതൃത്വം പോര്‍ച്ചുഗീസ് കാലം മുതല്‍ക്കെ തെക്കന്‍ മലബാറില്‍ വിശേഷിച്ചും സാമ്രാജ്യത്വ അടിച്ചമര്‍ത്തലിനു എതിരായ മാപ്പിളമാരുടെ പല സമരങ്ങള്‍ക്കും ആത്മീയ പിന്തുണ നല്‍കിയിരുന്നു.(18) മതനേതൃത്വവും സമുദായ നേതൃത്വവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുകിടന്ന കാലത്തെക്കുറിച്ച് ചില ഇസ്ലാമിക ചരിത്ര പണ്ഡിതര്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്നു.(19)
എന്നാല്‍ പാര്‍ട്ടിയിലെ പദവി സംബന്ധിച്ച കാര്യങ്ങള്‍ അല്പം വ്യത്യസ്തമായിരുന്നു. ലീഗിന്റെ അനുഭാവികളില്‍ മേല്‍ത്തട്ടില്‍ ഉണ്ടായിരുന്നത് കണ്ണൂര്‍ കോഴിക്കോട് മുതലായ വ്യാപാരനഗരങ്ങളിലെ ധനികരായ ഭൂവുടമകളും ഇരുപ്രദേശങ്ങള്‍ക്കും ഇടയില്‍ കച്ചവടം നടത്തിയിരുന്ന കൊയിലാണ്ടിയിലെയും തലശ്ശേരിയിലെയും വ്യാപാരികളുമായിരുന്നു. പാര്‍ട്ടിയുടെ താഴെ തട്ടില്‍ ഏറനാട് താലൂക്കിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായിരുന്നു. ധനികരും ഇടത്തരക്കാരുമായ ഗള്‍ഫ് പ്രവാസികള്‍ ലീഗിന്റെ വര്‍ഗ അടിത്തറയില്‍ വൈകി വന്നവരാണ്. എന്നാല്‍ ഇന്ന് ധനികരായ ഗള്‍ഫ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നു.(20)
അനുയായികളുടെ സാമൂഹ്യവും സാമ്പത്തികവുമായ പശ്ചാത്തലവും നേതൃത്വത്തിന്റെ വര്‍ഗതാല്പര്യങ്ങളും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു ആന്തരിക സംഘര്‍ഷം നിലനിന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ (സി പി ഐയും സി പി എമ്മും) അത്തരം വര്‍ഗസംഘര്‍ഷങ്ങളെ എപ്പോളും മുതലെടുത്തിരുന്നു. ലീഗിലെ ഉന്നതനേതൃത്വത്തെ ലക്ഷ്യം വെച്ചുകൊണ്ട് താഴെത്തട്ടിലെ ആളുകളെ ആകര്‍ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചു.
ലീഗിന്റെ മലബാറിലെ മുഖ്യ എതിരാളിയായി അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആണ് കണക്കാക്കിയിരുന്നത്. രണ്ട് കൂട്ടരുടെയും മലബാറിലെ ശക്തികേന്ദ്രം ഒന്നായിരുന്നു- പാവപ്പെട്ട കര്‍ഷക തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, ചില്ലറ കച്ചവടക്കാര്‍ എന്നിവര്‍.(21) ഈ സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടനായി പാര്‍ട്ടി ആദ്യം മുതലേ കമ്മ്യൂണിസ്റ്റ് വിരുദ്ധ നയം സ്വീകരിച്ചുപോന്നു. ഉലമ നേതൃത്വമാണ് പാര്‍ട്ടിയില്‍ ഇടയ്ക്കിടെ ഉണ്ടായ വര്‍ഗ സംഘര്‍ഷങ്ങളെ ഒത്തുതീര്‍പ്പാക്കിയത്. നേതൃത്വത്തിലേക്ക് സയ്യിദുമാരെയും ഉലമകളെയും കൊണ്ടുവന്നുകൊണ്ട് മുസ്ലിം വിഭാഗത്തിലെ ഭൂരിഭാഗം വരുന്ന യാഥാസ്ഥിതികരായ അനുയായികളുടെ വികാരത്തെ തൃപ്തിപ്പെടുത്തിയാണ് ഈ വെല്ലുവിളിയെ പാര്‍ട്ടി പ്രധാനമായും നേരിട്ടത്.
യാദൃച്ഛികമായി പറയട്ടെ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരളത്തിലെ ആദ്യ അധ്യക്ഷന്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, അതിനു ശേഷം അധ്യക്ഷനായ പി എസ് എം എ പൂക്കോയ തങ്ങള്‍, അദ്ദേഹത്തിന്റെ മകനും അടുത്ത അധ്യക്ഷനുമായ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം പ്രവാചകന്റെ കുടുംബമായ അഹ്ലുല്‍ ബൈത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവരാണ്. ബാഫഖി തങ്ങളുടെ ശരീരഘടന, വ്യക്തിപ്രഭാവം, കുലീനമായ ശബ്ദം എല്ലാം സമുദായത്തിന്റെ ഉന്നത നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. വെളുത്ത നിറത്തില്‍ ഉയരമുള്ള ശരീരം, പ്രസന്നമായ മുഖഭാവം, മതിപ്പുളവാക്കുന്ന വസ്ത്രധാരണം, മാന്യമായ പെരുമാറ്റം, കുലീനമായ കുടുംബ പശ്ചാത്തലം, സൗമ്യമായ സംസാരം എന്നിവയെല്ലാം അദ്ദേഹത്തെ ഒരു മഹാനായ നേതാവാക്കി മാറ്റി.(22)
മതപരമായ സവിശേഷപദവി വഹിക്കുന്ന ആളുകളുടെ സാന്നിധ്യം പാര്‍ടിക്ക് നൈതികതയും ജനപിന്തുണയും നല്‍കി.(23) സയ്യിദ് കുടുംബത്തില്‍ നിന്നുള്ള ഒരു സമ്പന്ന വ്യക്തി വേണം സംഘടനയെ നയിക്കാന്‍ എന്നത് ഒരു അലിഖിതമായ ആചാരമായി മാറി.

എന്‍ പി ചെക്കുട്ടി ചൂണ്ടിക്കാട്ടിയതുപോലെ ഒരു സയ്യിദ് നേതാവും അനുയായിയും തമ്മിലുള്ള സംവാദങ്ങള്‍ രാഷ്ട്രീയത്തിന് പുറത്തായിരിക്കും, കാരണം അത് ആത്മീയസ്വഭാവമുള്ളതാണ്.(24) ഉലമയും നേതാവും ഏറെക്കുറെ സമാനാര്‍ഥമുള്ളതായി തീരുകയും അതുവഴി സയ്യിദ് കുടുംബങ്ങളില്‍ ഒരുപാട് ശക്തിയും അധികാരവും നിക്ഷിപ്തമാവുകയും ചെയ്തു. മതസംബന്ധമായ കാര്യങ്ങളില്‍ എന്നപോലെ തന്നെ മതേതരമായ രാഷ്ട്രീയത്തിലും അവരുടെ സ്വാധീനം പ്രവര്‍ത്തിച്ചു.
തെക്കേ മലബാറിലെ ഒരു സയ്യിദ് കുടുംബമായ പാണക്കാട് തങ്ങള്‍ കുടുംബമാണ് വിജയകരമായി ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം ഇത്തരത്തില്‍ സംയോജിപ്പിച്ചത്. അവര്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് മഹല്ലുകളുടെ ഖാസി പദവി വഹിക്കുന്നതോടൊപ്പം തന്നെ ഒരുപറ്റം രാഷ്ട്രീയപാര്‍ട്ടികളുടെ വിശാല സഖ്യമായ ഐക്യ ജനാധിപത്യ മുന്നണിയുടെ (യു ഡി എഫ്) നേതൃത്വത്തില്‍ ഇരിക്കുകയും ചെയ്തു.
തങ്ങന്മാര്‍ ഭക്തിയും മതബോധവുമുള്ള നേതാക്കളായി കേള്‍വി കേട്ടവരാണ്. നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മലബാറിലെ മുസ്ലിംകള്‍ അവരെ സമീപിക്കുന്നു. ആ കുടുംബത്തിലെ മുഖ്യ അംഗങ്ങള്‍ മധ്യസ്ഥരായും സമാധാനദൂതരായും രാഷ്ട്രീയത്തില്‍ പങ്കു വഹിക്കുകയും പാര്‍ട്ടികളുടെയും മതങ്ങളുടെയും അതിര്‍വരമ്പുകള്‍ക്ക് അപ്പുറം അവരുടെ സ്വാധീനം ചെന്നെത്തുകയും ചെയ്യാറുണ്ട്.
ആധുനിക കേരള രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ തലപ്പത്ത് ഒരു സയ്യിദ് കുടുംബാംഗത്തെ ഇരുത്തുന്ന പതിവ് ന്യായീകരിക്കപ്പെടുകയും ശരിയെന്നു വാദിക്കപ്പെടുകയും ചെയ്യുന്നു. പാര്‍ട്ടിയിലെ പരിഷ്‌കരണവാദികള്‍ പക്ഷെ മുറുമുറുപ്പോടെയാണ് അത് അംഗീകരിച്ചത്. അവര്‍ ഒരു നവീകരിച്ച നേതൃത്വത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പരിഷ്‌കൃത രാഷ്ട്രീയ ഭാവനക്ക് കൃത്യമായി നിരക്കുന്നതല്ല ആത്മീയ നേതൃത്വം എന്ന ആശയം. വിമര്‍ശകരുടെ നോട്ടത്തില്‍ അത്തരം നേതൃത്വം സമുദായത്തെ പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത്.
ദാര്‍ശനിക തര്‍ക്കം
ഒരു സമയത്ത് സലഫി ദര്‍ശനത്തിന്റെ സ്വാധീനം കെ എം മൗലവിയെയും കെ എം സീതിയെയും പോലുള്ള നേതാക്കളുടെ രാഷ്ട്രീയം രൂപീകരിക്കുന്നതില്‍ പ്രകടമായിരുന്നു. എന്നാല്‍ നേതാക്കളുടെ സലഫി ചായ്വിനോട് സുന്നികള്‍ക്കുള്ള അനിഷ്ടം തിരിച്ചറിഞ്ഞു സീതി ഏറ്റവും ജനകീയനായ സുന്നി നേതാവായ ബാഫഖി തങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരികയും അതുവഴി പാര്‍ട്ടിയെ അവര്‍ക്ക് അഭികാമ്യമായി മാറ്റുകയുംചെയ്തു.
1970-കള്‍ വരെ, ലീഗിന്റെ അനുയായികള്‍ ഭൂരിഭാഗവും സുന്നി വിഭാഗക്കാരായിരുന്നെങ്കിലും സലഫി ചായ്‌വുള്ള നേതാക്കന്മാര്‍ തലപ്പത്തുണ്ടായിരുന്നു. സീതിയും കെ എം മൗലവിയും സലഫി പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിരുന്നതുകൊണ്ട് അവര്‍ സുന്നി നേതൃത്വത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയരായി. പലിശയെ ആധുനിക സാഹചര്യത്തില്‍ പുനര്‍നിര്‍വചിക്കുന്നതും പലിശ രഹിത വിശ്വാസാധിഷ്ഠിത ബാങ്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെ അവരുടെ പരിഷ്‌കരണ നടപടികളായിരുന്നു കാരണം. ആധുനിക ബാങ്കിംഗ് സമ്പ്രദായത്തെ അനുകൂലിച്ചുകൊണ്ടുള്ള മൗലവിയുടെ ഫത്‌വയും അതിനെ സാധൂകരിക്കാനായി ശാഫിഈ ഗ്രന്ഥങ്ങളെ ഉപയോഗിച്ചതും വിശേഷിച്ചും സുന്നി യാഥാസ്ഥിതികരുടെ ഈര്‍ഷ്യ ക്ഷണിച്ചുവരുത്തി.(25) കെ എം മൗലവി, സീതി സാഹിബ്, സി എച്ച് മുഹമ്മദ് കോയ മുതലായ നേതാക്കള്‍ സലഫി ദര്‍ശനങ്ങളോട് ആഭിമുഖ്യം കാണിച്ചപ്പോള്‍ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ചെറിയ മാമുക്കേയി തുടങ്ങിയവര്‍ സുന്നി യാഥാസ്ഥിതികതയില്‍ ഉറച്ചുനിന്നു.
തമിഴ്‌നാട്ടില്‍
ഇതിന് സമാന്തരമായി അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എതിരായ ഒരു സഖ്യം എന്ന നിലക്ക് 1950കളുടെ അവസാനത്തില്‍ ഖാഇദേ മില്ലത് മുഹമ്മദ് ഇസ്മായിലിന്റെ(26) നേതൃത്വത്തില്‍ മുസ്ലിം ലീഗ് അണ്ണാദുരൈയുടെ ദ്രാവിഡ പ്രസ്ഥാനവുമായും സി രാജഗോപാലാചാരിയുടെ(27) സ്വതന്ത്ര പാര്‍ട്ടിയുമായും ശക്തമായ രാഷ്ട്രീയ ബന്ധം സൃഷ്ടിച്ചിരുന്നു. അദ്ദേഹം ആദ്യകാലത്തു ദക്ഷിണേന്ത്യയിലും പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം രണ്ട് ദശാബ്ദത്തോളം രാജ്യമെമ്പാടും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ പാര്‍ട്ടിയെ നയിച്ചു. ഇസ്മയിലിനെക്കാളേറെ ശക്തമായ, ബൃഹത്തായ എഴുത്തിന് വിധേയരായ ദക്ഷിണേന്ത്യന്‍ മുസ്ലിം നേതാക്കള്‍ കുറവാണ്.
ഇന്ത്യന്‍ പാര്‍ലമെന്റിലെയും മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലെയും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കൊണ്ട് മാത്രമല്ല, അദ്ദേഹത്തിന്റെ മരണശേഷം നൂറുകണക്കിന് ജീവചരിത്ര കൃതികളിലൂടെ അദ്ദേഹത്തിന്റെ അനുയായികള്‍ രേഖപ്പെടുത്തിയ എളിയ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഛായയും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്.

1920കളുടെ തുടക്കത്തില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഖിലാഫത്ത്, നിയമലംഘന പ്രസ്ഥാനങ്ങളിലൂടെയാണ് ഇസ്മായില്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ പാശ്ചാത്യ വിദ്യാഭ്യാസം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനനുസരിച്ചു അദ്ദേഹം പഠനം നിര്‍ത്തി. ആ കാലഘട്ടം മുതല്‍ മരണം വരെ അദ്ദേഹം ഖാദി വസ്ത്രം മാത്രം ധരിച്ചു. 1920-ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തിരുനല്‍വേലി സമ്മേളനത്തില്‍ സന്നദ്ധപ്രവര്‍ത്തകനായി പങ്കെടുത്തു. ഗാന്ധിജിയുടെ ഋഷിതുല്യമായ ജീവിതം ഇസ്മയിലിന്റെ വ്യക്തിത്വത്തിലൂടെ, കേരളത്തിലെ മുസ്ലിം നേതാക്കള്‍ക്കിടയില്‍ ഗാന്ധിയുടെ സ്വാധീനം വളര്‍ത്തിയെടുക്കുന്നതിന് ഫലപ്രദമായ ഒരു മാതൃക രൂപപ്പെടുത്തി.
ഖിലാഫത്ത് പ്രസ്ഥാനം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സലഫി ആഭിമുഖ്യമുള്ള ലീഗിലെ ആദ്യകാല നേതാക്കള്‍ക്കിടയില്‍, മഹാത്മാഗാന്ധിയുടെ ബ്രിട്ടീഷ് വിരുദ്ധ പ്രത്യയശാസ്ത്രത്തോട് ആദരവ് നിലനിര്‍ത്തിയിരുന്ന അവരുടെ ഈജിപ്ഷ്യന്‍ ഉപദേഷ്ടാക്കളാണ്, കൊളോണിയല്‍ വിരുദ്ധ നിലപാടുകള്‍ പകര്‍ന്നുനല്‍കിയത്.(28) ഓട്ടോമന്‍ ഖിലാഫത്തിനോട് ശക്തമായ പ്രത്യയശാസ്ത്ര വിരോധം ഉണ്ടായിരുന്നിട്ടും അഹിംസയുടെ പ്രത്യയശാസ്ത്രം കേന്ദ്രസ്ഥാനത്തു നിര്‍ത്തിയുള്ള ഗാന്ധിയുടെ ഖിലാഫത്ത് പ്രസ്ഥാന നേതൃത്വം, ഈജിപ്തിലെ സലഫി പ്രസ്ഥാനത്തിലെ പലരുടെയും ഭാവനയെ ആകര്‍ഷിച്ചു.(29) ഈജിപ്തിലെ ഇസ്ലാമിക ആധുനികതയുടെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നായ അല്‍മനാര്‍(30) ഈ സംവാദങ്ങള്‍ നടക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി മാറി.(31)
ദക്ഷിണ, ദക്ഷിണ പൂര്‍വ ഏഷ്യയിലെ ആധുനിക ഇസ്ലാമിക ബൗദ്ധിക വൃത്തങ്ങള്‍ക്കിടയില്‍ അല്‍-മനാര്‍ പരക്കെ സ്വാധീനം ചെലുത്തിയതിനാല്‍, ഈ സംവാദങ്ങള്‍ വിഭജനത്തിനു മുമ്പുള്ള ഇന്ത്യയില്‍ കൊളോണിയലിസത്തെയും കൊളോണിയല്‍ ആധുനികതയെയും കുറിച്ചുള്ള ശക്തമായ വ്യവഹാരങ്ങള്‍ക്ക് കാരണമായി. സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായെന്ന ആരോപണത്തോടെ കോണ്‍ഗ്രസ് എതിര്‍ത്ത 1921 ലെ മാപ്പിള കലാപത്തോടെ സമുദായം ഖിലാഫത്ത് പ്രസ്ഥാനത്തില്‍നിന്ന് അകലുന്നതുവരെ ലീഗിന്റെ നേതാക്കളില്‍ മിക്കവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്നു.(32)
പോക്കര്‍ സാഹിബിനെ പോലെയുള്ള ആദ്യകാല നേതാക്കള്‍ മലബാറിനെ പ്രതിനിധീകരിച്ചു മദ്രാസില്‍ വെച്ച് മൗലാന ഷൗക്കത്തലിയുടെ(33) അധ്യക്ഷതയില്‍ നടന്ന ഖിലാഫത് സമ്മേളനത്തില്‍ പങ്കെടുത്തു. കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി സീതി ലഹോറില്‍ വെച്ച് 1929 ല്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ രണ്ട് വാര്‍ഷിക സെഷനുകളില്‍ പങ്കെടുത്തു.(34)
എന്നിരുന്നാലും ലോകത്തെ ഏത് മുസ്ലിം സമൂഹത്തിലും സംഭവിച്ചതുപോലെ സാമ്രാജ്യത്വത്തിന്റെ ഉദയത്തോടും സമൂഹത്തിന്റെ ആധുനികവത്കരണത്തോടും അനുബന്ധിച്ചു കേരളത്തിലെ മുസ്ലിം സമുദായത്തിലേക്ക് ആധുനിക മതേതര നേതൃത്വത്തിന്റെ ഇറക്കുമതി സംഭവിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ മാപ്പിള മുസ്ലിം പ്രമുഖര്‍ക്ക് ഖാന്‍ ബഹദൂര്‍ എന്ന പദവി നല്‍കി ആദരിക്കുകയും സമൂഹത്തില്‍ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ രൂപപ്പെടുത്തിയ നേതൃത്വത്തിന്റെ ഒരു പുതിയ പാരമ്പര്യം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ആധുനിക വിദ്യാഭ്യാസമുള്ള മാപ്പിളമാരെ ചില പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്തു.
സമൂഹത്തെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായി നിയോഗിക്കപ്പെട്ട അത്തരത്തിലുള്ള നിരവധി ഉദ്യോഗസ്ഥരില്‍ ഒരാളാണ് തെക്കേ മലബാറിലെ കുന്നംകുളം സ്വദേശിയായ കെ മുഹമ്മദ്. 1930-കളുടെ അവസാനത്തില്‍ മലബാറിലെ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ മദ്രസയുടെ നവീകരണത്തിനും പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിനുമുള്ള പ്രത്യേക വിദ്യാഭ്യാസ ഓഫീസറായിനിയമിച്ചു.(35)
കുറിപ്പുകള്‍

3. Chekutty NP. Muslim League Kerala Charitratil, Calicut: Institute of Objective Studies. 2020.
4. A series of outbreaks by the Mappila community in Malabar against the British colonialism culminated in the Malabar Rebellion of 1921. .
5. Chekutty NP. Muslim League Kerala Charithrathil, op.cit. .
6. Musliyar NA, Naha A. Kozhikode: Mathrubhumi. Kozhikode. 2016.
7. Chekutty NP. Muslim League Kerala Charithrathil, op.cit. .
8. The traders from Malabar were the worst affected community. Most of them could not return due to the post-Partition turmoil and their families could not join them because of the denial of visa to Pakistan. .
9. The Communist party had shown an inclination towards the question of Pakistan in the early days, though the Party changed its stance later..
10. Pottakkad SK, et al. Muhammad Abdul Rahiman Memorial Committee. Muhammad Abdul Rahiman Memorial Committee. 1978.
11. Ibid, p 624. .
12. Chekutty NP. Muslim League Kerala Charithrathil, op.cit, p 40. .
13. Ibid, p 40. .
14. Ibid, p 43. .
15. Nossiter TJ. Communism in Kerala: A Study in Political Adaptation. Berkeley. .
16. Santhoshabraham. The KeyiMappila Muslim Merchants of Tellicherry and the Making of Coastal Cosmopolitanism on the Malabar Coast. Asian Review of World Histories. 2017;5:145–162.
17. Almost ninety percent of them belonged to the category of poor peasants, agricultural labourers, porters or Khalsis at the ports and fishers. Only a minuscule few were rich engaged in large-scale trading. See N.P. Chekutty, Muslim League Kerala Charithrathil, p 68. .
18. Dale S. The Mappilas of Malabar, 1498-1922. In: Islamic Society on the South Asian Frontier. Clarendon Press. 1980.
19. Hussain KT. Kerala Muslimkal Adhinivesa Virudha Samaratile Pandita Sannidyam, Calicut: IPH, 2011. Calicut. IPH. 2011.
20. Malayalee Gulf businessmen have great influence in the League politics though their political tactics have been brilliantly pragmatic, switching support between the CPI(M)-led Left Democratic Front and the Congress-led United Democratic Front (UDF) at different times.
21. Chekutty NP. Muslim League Kerala Charithrathil, op.cit, p 80..
22. Menon KPK. Samudayika Souhrudhatinte Utamamatrika. In: Bafakhi Thangal Smarakagrandam. Chandrika Publications. 1973;p. 19.
23. Chekutty NP. Muslim League Kerala Charithrathil, op.cit, p 91..
24. Ibid. .
25. Maulawi’s fatwa, published in the form of a book entitled Risalatun fil bank, legitimized the endeavour to establish the bank citing sources to substantiate it from the canonical texts of Sahafi School of jurisprudence in Sunni Islam.
26. In a gesture of honour and love, the flowers called him Khaide Millat (The leader of the Community). .
27. Rajagopalachari C. after quitting Indian National Congress established a political Party called Swatantra Party with liberal ideals to promote. 1959.
28. Bar SR. Debating Gandhi in al-Manar during the 1920s and 1930s.” Comparative Studies of South Asia, Africa and the Middle East. Project MUSE. 2008;38(3):491–507. Available from: https://muse.jhu.edu/ article/712673.
29. It is well known that the Egyptian nationalists had appropriated Gandhi’s political practices for Egyptian anti-colonial movement in the early twentieth century. Gandhi’s influence on the leaders of Salafi movement in Egypt, however. .
30. Al-Manar was a scholarly journal published by Rashid Rida from 1898 until his death in 1935 with the objectives of articulating and disseminating reformist ideas and preserving unity of the Muslims. .
31. As Sadeh points out, “(N)ot only did al-Manararticles on Gandhi’s political struggles, but during the years 1926-28, it was also the first Arabic journal to publish a serialized translation of one of his most popular works, A Guide to Health.”Roy Bar Sadeh, “Debating Gandhi in al-Manar”, op,cit, p.493.
32. Chekutty NP. Muslim League Kerala Charithrathil, op.cit, p 132.
33. Kunhimoosa KP, Sahib BP. Malappuram. Malappuram. Grace Books. 2020.
34. Althaf KM, Sahib S. Navothana Samskritiyude Speaker, Calicut. Calicut. Olive Books. 2015.
35. Interview with V.K. Sreeraman by the author held on 12 October, 2020. 2020.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x