ഭക്ഷണ ശാസ്ത്രവും ഇസ്‌ലാമിക സംസ്‌കാരവും
ഡോ. പി എം മുസ്തഫ കൊച്ചിന്‍
ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടത്രയുണ്ട്. ആര്‍ത്തിക്ക് വേണ്ടത്ര ഇല്ലതന്നെ. ആഹാരം ഒരു ആവശ്യമാണ്. പക്ഷെ, അതിന്മേലുള്ള നിയന്ത്രണം അനിവാര്യമാണ് – നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്ക്. ഇസ്‌ലാമില്‍ ഭക്ഷണവും ആഹരിക്കലും ഒരു സംസ്‌കാരമല്ല. ഭക്ഷണശാസ്ത്ര(ആൃീാമീേഹീഴ്യ) രംഗത്ത് ഇസ്‌ലാമിന് ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. ഭക്ഷണ ചിന്തയാണ് അതിന്റെ മുഖമുദ്ര. മാനവര്‍ അവരുടെ കൃഷിയെപ്പറ്റിയും ജലത്തെക്കുറിച്ചും ചിന്തിക്കണമെന്നും അവ മനുഷ്യന് നല്‍കിയത് അല്ലാഹുവാണെന്നും ഖുര്‍ആന്‍ (56:63-69) പറഞ്ഞുവെച്ചിട്ടുണ്ട്.
ഭക്ഷണം എന്തിന്?
ആവശ്യമായ രക്ത ഉല്‍പാദനം, ആവശ്യമായ ശരീര ഊഷ്മാവും ഊര്‍ജവും ഉണ്ടാക്കല്‍, ശാരീരിക ആരോഗ്യം നിലനിര്‍ത്തല്‍, രുചിെയ സംപ്രീതമാക്കല്‍ എന്നിവ ഭക്ഷണങ്ങളുടെ പ്രധാന ഉദ്ദേശ്യങ്ങളായി കാണാം. ജീവന്‍ നിലനിര്‍ത്താനുള്ള ഈ ഭക്ഷണം ഒരാഘോഷമായി കാണുമ്പോള്‍ അത് മനുഷ്യ ജീവന്റെ നിലനില്‍പിന് ഭീഷണിയായി മാറുന്നു. പ്രായം, ലിംഗം, ശരീരസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയുടെയും ആഹാര രീതികള്‍ വ്യതിരിക്തമാവണം. ‘കവുങ്ങിനും തെങ്ങിനും ഒറ്റത്തളപ്പല്ല’ വേണ്ടത്.
എപ്പോള്‍ കഴിക്കണം?
ശരീരം ഓട്ടോമാറ്റിക്കാണ്. ആഹാരം ആവശ്യം വരുമ്പോള്‍ വിശപ്പിലൂടെയും പാനീയം വേണ്ടി വരുമ്പോള്‍ ദാഹത്തിലൂടെയും നമ്മെ അത് അറിയിക്കും. ദാഹവും വിശപ്പും ഉള്ളപ്പോഴാണ് അത് കഴിക്കേണ്ടത്. കംഗാരുവിനെപ്പോലെ എപ്പോഴും തിന്നുകൊണ്ടിരിക്കുന്നത് ഇസ്‌ലാമിക ഭക്ഷണ സംസ്‌കാരമല്ല. പോഷകാംശം കുറവുള്ള പുല്ലും ഇലയും ആയതിനാലാണ് കംഗാരൂ മൃഗം എപ്പോഴും കഴിച്ചു കൊണ്ടിരിക്കുന്നത്. ഭക്ഷണത്തളികയിലും തീന്മേശയിലും അടുക്കളയിലും ആരോഗ്യവും രോഗവുമുണ്ട്. ശരിയായ ആഹാരം ആരോഗ്യവും തെറ്റായ ആഹാരവും അശ്രദ്ധയും രോഗവും പ്രദാനം ചെയ്യുന്നു. രോഗപ്രതിരോധം, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യസുസ്ഥിതി നിലനിര്‍ത്തല്‍, രോഗമുക്തി എന്നിവയ്ക്ക് മരുന്നുകളെക്കാള്‍ പ്രാധാന്യം ആഹാരക്രമത്തിനാണെന്ന് മറക്കാതിരിക്കുക. ആഹരിക്കുന്നതിന് കുറെ കുറ്റമറ്റ ക്രമങ്ങളും ചില ചിട്ടകളും ഇസ്‌ലാം വെച്ചിട്ടുണ്ട്. ചെളിയില്‍ ചവിട്ടിയിട്ട് കാല്‍ കഴുകുന്നതിലും നല്ലത് ചെളിയില്‍ ചവിട്ടാതിരിക്കലാണ്. രോഗം പിടിപെട്ട് ചികിത്സിക്കുന്നതിനേക്കാളും നല്ലത് രോഗം വരാതിരിക്കാന്‍ പരമാവധി മുന്‍കരുതല്‍ സ്വീകരിക്കുകയാണ്.
എങ്ങനെ കഴിക്കണം?
ആഹരിക്കല്‍ പഞ്ചേന്ദ്രിയ സാന്നിധ്യത്തോടെ, സാവകാശം സമയമെടുത്ത് ചെയ്യേണ്ട പ്രക്രിയയാണ്. ശിശുക്കളില്‍ പൊതുവെ ഈ ഗുണം കാണാം. എന്നാല്‍ മാതാപിതാക്കള്‍ വേഗത്തില്‍ വാരിവലിച്ച് വിഴുങ്ങാനുള്ള ശീലമാക്കി അതിനെ പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. നബി(സ) ചാരിയിരുന്ന് ഭക്ഷിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ദൈവ ദാസനാണ്. ദൈവദാസന്‍ കഴിക്കുന്നതു പോലെ ഞാന്‍ കഴിക്കുന്നു. ദൈവദാസന്‍ ഇരിക്കുന്ന മാതിരി ഞാന്‍ ഇരിക്കുന്നു’ (ബുഖാരി 5398, 5399)
ഈ നബി നിര്‍ദേശത്തില്‍ തീന്‍മേശയ്ക്ക് ചുറ്റും ചാരുകസേരകള്‍ക്ക് പകരം ചാരിയില്ലാത്ത സ്റ്റൂളോ ബെഞ്ചോ ആവുകയാണ് ഉത്തമം എന്ന് മനസ്സിലാക്കാം. ഇരുന്ന് നമസ്‌കരിക്കുമ്പോഴും ചാരുകസേരകള്‍ പാടില്ല. എന്നാല്‍ നമ്മുടെ പള്ളികളില്‍ ചാരില്ലാത്ത ബെഞ്ചോ സ്റ്റൂളോ വേണ്ടിടത്ത് ഇന്ന് കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വലതു കരം കൊണ്ട് ആഹരിക്കുക (ബുഖാരി 5376), ഇരുന്നോ നിന്നോ ആഹരിക്കാം (ബുഖാരി 5615, 5618) എന്നിവ നബി നിര്‍ദേശമാണെങ്കില്‍, ‘ഒന്നിച്ചോ ഒറ്റയ്‌ക്കോ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല’ (24:61) എന്നത് ഖുര്‍ആനിക ശാസനയാണ്. ഭക്ഷണം കൂട്ടുകൂടി കഴിക്കുമ്പോള്‍ കൂടുതല്‍ രുചികരമായി ആസ്വദിച്ച് കഴിക്കാനാവും.
ഇന്ദ്രിയ സാന്നിധ്യം
‘ഭക്ഷണ സാന്നിധ്യത്തില്‍ നമസ്‌കാരമില്ല’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ആഹാര സാന്നിധ്യം പ്രധാനമായും കണ്ടോ, കേട്ടോ, മണത്തോ ആയിരിക്കും നാം അറിയുന്നത്. പഞ്ചേന്ദ്രിയ സാന്നിധ്യത്തോടെ നടക്കേണ്ട പ്രക്രിയയാണ് ആഹരിക്കല്‍. ഭക്ഷണത്തിന്റെ വാസന അറിയണം, ഭക്ഷണം കാണണം, ഭക്ഷണത്തെപ്പറ്റി കേള്‍ക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ സ്പര്‍ശവും രൂചിയും അനുഭവവേദ്യമാവുകയും ചെയ്യും. രുചിയുള്ള ഭക്ഷണ വിഭവങ്ങള്‍ ദര്‍ശിക്കുമ്പോഴും സ്വാദിഷ്ടവും സുഗന്ധവുമുള്ള ഭക്ഷണങ്ങളുടെ മണം മൂക്കിലടിക്കുമ്പോഴും നല്ല ഭക്ഷണത്തെക്കുറിച്ച് കേള്‍ക്കുമ്പോഴും കണ്ണും കാതും മൂക്കും ആ വിവരം തലച്ചോറിലെത്തിക്കുന്നു. അപ്പോള്‍ നമ്മുടെ സ്വയംനിര്‍ണയ നാഡീവ്യൂഹങ്ങളുടെ (Autonomous nervous system) ഉത്തരവനുസരിച്ച് ഉമിനീര്‍ ഗ്രന്ഥികള്‍ പ്രവര്‍ത്തനസജ്ജമാവുകയും ചെയ്യുന്നു.
പഞ്ചേന്ദ്രിയങ്ങളുടെ സാന്നിധ്യത്തോടെ
കഴിക്കുക
അന്നപാനീയങ്ങളെക്കുറിച്ച് കേള്‍ക്കുക: ആഹാരം ചവയ്ക്കുമ്പോള്‍ സംസാരിക്കാനാവില്ലല്ലോ. എന്നാല്‍ ചവയ്ക്കാത്ത ഇടവേളകളില്‍ സംസാരത്തിന് വിലക്കില്ല. വെള്ളം കുടിക്കുമ്പോള്‍ ഒറ്റയടിക്ക് പാടില്ല. ഒന്നിലധികം പ്രാവശ്യമായിട്ടാണ് വെള്ളം കുടിക്കേണ്ടത്. കുടിക്കുന്ന അവസരത്തില്‍ സംസാരം പറ്റില്ലല്ലോ. എന്നാല്‍ അതിന്റെ ഇടവേളകളില്‍ സംസാരത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
ഭക്ഷണത്തിന് മുമ്പും പിമ്പും അതിനെക്കുറിച്ച് നല്ലത് പറയാവുന്നതാണ്. ‘എത്ര നല്ല കറിയാണ് സുര്‍ക്ക(വിനാഗിരി)’ എന്ന് നബി(സ) പറഞ്ഞത് സ്മരണീയമാണ്. മാത്രമല്ല, ‘പ്രവാചകന്‍(സ) ഒരു ഭക്ഷണത്തെയും ഒരിക്കലും അവമതിച്ച് പറഞ്ഞിട്ടില്ല. നബിക്ക് ഇഷ്ടം തോന്നിയാല്‍ കഴിക്കും. അല്ലെങ്കില്‍ അത് വെടിയും’ (ബുഖാരി)
അന്നപാനീയം ദര്‍ശിക്കുക: അന്ന് വാട്ടര്‍ ബോട്ട്ല്‍ ആയി ഉപയോഗിച്ചിരുന്ന വെള്ളപ്പാത്ര(സിഖാഉ്)ത്തിന്റെ കുഴലിലൂടെ കുടിക്കുന്നത് (ബുഖാരി) നബി(സ) വിരോധിച്ചതിന് പിന്നില്‍ അതിന്നകത്തുള്ള വെള്ളം കണ്ടുകൊണ്ട് കുടിക്കാന്‍ പറ്റില്ല എന്നതായിരിക്കാം. പാനീയങ്ങള്‍ എപ്പോഴും സുതാര്യ ഗ്ലാസുകളിലാക്കി കുടിക്കുകയാണ് കരണീയമായിട്ടുള്ളത്.
ആഹാരത്തിന്റെ ഗന്ധം അറിയുക: നാം കഴിക്കുന്ന ആഹാരപാനീയങ്ങളുടെ സ്വാദ് യഥാവിധി ആസ്വദിക്കാന്‍ സഹായിക്കുന്ന ഇന്ദ്രിയമാണ് മൂക്ക്. ഒരു ജ്യൂസ് നാം കുടിക്കുകയാണെന്ന് വിചാരിക്കുക. നാസാരന്ധ്രത്തിലൂടെ അതിന്റെ ഗന്ധം അടിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ രൂചി നാവിലൂടെ അറിയുന്നത്. മൂക്ക് പൊത്തിപ്പിടിച്ച് ആഹാരപാനീയം വായില്‍വെച്ച ശേഷം ചവച്ചരച്ചിറക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ യഥാര്‍ഥ സ്വാദ് തിരിച്ചറിയാന്‍ കഴിയില്ലാ എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചതാണ്. ഭക്ഷണ പാനീയങ്ങളിലേക്ക് ഊതരുത് (മുസ്‌ലിം 5285), ഭക്ഷണപാത്രം ഭദ്രമായി മൂടിവെക്കുക, ഭക്ഷണത്തളികയുടെ ഏറ്റവും ഭാഗത്തുനിന്ന് ആഹരിക്കുക എന്നീ പ്രവാചക നിര്‍ദേശങ്ങളില്‍ ഈ തത്വം അടങ്ങിയിട്ടുണ്ട്.
ഭക്ഷണം സ്പര്‍ശിക്കുക: വൃത്തിയാക്കുക, കൈകൊണ്ട് ആഹാരം സ്പര്‍ശിച്ച് കഴിക്കുക, പാനീയം, വായ് സ്പര്‍ശിച്ച് കഴിക്കുക എന്നിവ ഭക്ഷണത്തെ അറിയുന്ന അവസ്ഥ സംജാതമാക്കും. ഭക്ഷ്യവസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് ഭക്ഷിക്കലും (ഇഖ്‌റാന്‍) ഭക്ഷണം വാരിവലിച്ച് വിഴുങ്ങലും നബി(സ) വിലക്കിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം)
സ്വാദറിഞ്ഞ് കഴിക്കുക: ആഹാര പാനീയങ്ങള്‍ ചവച്ചരച്ച് സ്വാദനുഭവിച്ചാണ് കഴിക്കേണ്ടത്. പ്രായപൂര്‍ത്തിയായ ഒട്ടകത്തെപ്പോലെ ഒറ്റയടിക്ക് പാനം ചെയ്യരുത്. രണ്ടോ, മൂന്നോ പ്രാവശ്യമായി കുടിക്കുക (തിര്‍മിദി) എന്ന നബി നിര്‍ദേശത്തില്‍ നിന്ന് നിറുത്തി നിറുത്തി സ്വാദറിഞ്ഞ് കുടിക്കണം എന്നുകൂടി മനസ്സിലാക്കാം. ആഹരിക്കുന്ന പാത്രം വടിക്കാനും കൈവിരലുകള്‍ നക്കാനും നബി(സ) നിര്‍ദേശിച്ചിരിക്കുന്നു (മുസ്‌ലിം)
എന്ത് കഴിക്കണം?
മനുഷ്യരെ, എന്ന് വിളിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”ഭൂമിയിലുള്ളതില്‍ നിന്ന് വിശിഷ്ടമായ അനുവദനീയം (ഹലാലുന്‍ ത്വയ്യിബ്) നിങ്ങള്‍ കഴിക്കുക. നിങ്ങളുടെ സുവ്യക്ത ശത്രുവായ ചെകുത്താന്റെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റരുത്” (2:168).
ബനൂ ഇസ്‌റാഈല്‍ വിഭാഗത്തോട് ഖുര്‍ആന്‍ നിര്‍ദേശിച്ചതിങ്ങനെയാണ്: ”നിങ്ങള്‍ക്ക് നാം വിഭവമായി നല്‍കിയിട്ടുള്ള വിശിഷ്ടമായതില്‍ നിന്ന് കഴിക്കുക” (7:160). ദൗത്യവാഹകരെ എന്ന് അഭിസംബോധന ചെയ്ത് ഖുര്‍ആന്‍ പറയുന്നു: ”വിശിഷ്ടമായതില്‍ നിന്ന് നിങ്ങള്‍ കഴിക്കുകയും വിശിഷ്ടമായവ പ്രവര്‍ത്തിക്കുകയും ചെയ്യുക” (23:51). സത്യവിശ്വാസികളെ പ്രത്യേകം അഭിസംബോധന ചെയ്തു കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ക്ക് നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് വിശിഷ്ടമായവ കഴിക്കുക” (2:172).
ഹലാലായ വസ്തുക്കള്‍ വിശിഷ്ടമാണ്. വിശിഷ്ടമായവ ഹലാലുമാണ് എന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ അതിലേക്ക് സൂചന നല്‍കുന്നതിങ്ങനെയാണ്: ”വിശിഷ്ട വസ്തുക്കള്‍ അവര്‍ക്ക് നബി(സ) ഹലാലാക്കുകയും നീച വസ്തുക്കള്‍ അവര്‍ക്ക് ഹറാമാക്കുകയും ചെയ്യുന്നു” (7:157). ”അല്ലാഹു അവന്റെ ദാസന്മാര്‍ക്കു വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള ഭംഗി വസ്തുക്കളും വിശിഷ്ട ആഹാര വിഭവങ്ങളും ഹറാമാക്കുന്നതാര്?” (7:32) എന്ന ഖുര്‍ആനിക വാക്യം ഹലാലായ എല്ലാത്തരം ഭക്ഷ്യവസ്തുക്കളും നമുക്കാവശ്യമുള്ളതാണെന്ന് മനസിലാക്കാം.
എത്ര കഴിക്കണം?
‘അമിതമാവാതെയും ദുരഭിമാന പ്രകടനങ്ങളില്ലാതെയും നീ കഴിക്കുക, കുടിക്കുക, ധരിക്കുക’യെന്ന് നബി(സ) പറഞ്ഞിരിക്കുന്നു. ‘അമിത ഭോജനവും ഊര്‍ജം ദുര്‍വ്യയം ചെയ്യുന്ന ആഹാരവും വെടിയണം’ (ബുഖാരി 5392-5397), ആവശ്യത്തിന് മാത്രം ആഹരിക്കുക (ബുഖാരി 2128). കൂടുതല്‍ വാരിവലിക്കലും വായില്‍ കൊള്ളുന്നതിലും അധികം ആഹരിക്കലും പാടില്ല (ബുഖാരി 5446).
സത്യവിശ്വാസി ഒരു കുടല്‍ കഴിക്കുന്നു. സത്യനിഷേധി ഏഴ് കുടലുകള്‍ കഴിക്കുന്നു (ബുഖാരി). രണ്ട് പേരുടെ ഭക്ഷണം മൂന്നുപേര്‍ക്ക് മതിയാകുന്നതാണ് (ബുഖാരി), അനുഗ്രഹമുണ്ടാകാന്‍ ഭക്ഷണം അളന്നെടുക്കുക (ബുഖാരി), എന്നീ പ്രവാചക ശാസനകള്‍ വളരെ അര്‍ഥവത്താണ്. ആയുര്‍വിധിപ്രകാരം ഒരാളുടെ ആമാശയത്തിന്റെ അരഭാഗം ആഹാരത്തിനും കാല്‍ഭാഗം വെള്ളത്തിനും കാല്‍ഭാഗം വായുവിനായും നീക്കിവെക്കേണ്ടതാണ്. ഇസ്‌ലാമിക വിധിപ്രകാരം ആമാശയത്തിന്റെ മൂന്നിലൊന്നുവീതം ആഹാരത്തിനും പാനീയത്തിനും വായുവിനുമായി ഭാഗിച്ചു നല്‍കണം.
ഭക്ഷണക്രമവും ക്രമഭംഗവും
ഭക്ഷണക്രമം(ഡയറ്റ്) പലവിധമുണ്ട്. കീറ്റോ, മെഡിറ്ററേനിയന്‍, ഡാഷ്, ഫ്‌ളെക്‌സിറ്റേറിയന്‍, മൈന്‍ഡ്, ഓര്‍നിശ്, ഡുകാന്‍, വോലുമെട്രിക് എന്നിവ നിലവിലുള്ള ഏതാനും ഭക്ഷണ ചിട്ടകളാണ്. വെജിറ്റേറിയന്‍, ഫ്രൂട്ടേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ എന്നീ ചിട്ടകള്‍ വേറെയും. ഖുര്‍ആനും നബി(സ)യും വരച്ചുകാണിച്ചിട്ടുള്ള ഇസ്‌ലാമിക ഭക്ഷണ ക്രമം (ഇസ്‌ലാമിക ഡയറ്റ്) കുറ്റമറ്റ രീതിയാണ്. റമദാന്‍ കാല പകലുകള്‍ ഭക്ഷണത്തോടുള്ള ഭീതിയും അതിന്റെ രാത്രികള്‍ ആഹാരത്തോടുള്ള ആസക്തിയുമായി മനസ്സിലാക്കാവതല്ല. വിശപ്പില്ലായ്മയെപ്പോലെതന്നെ ഭക്ഷണ ആര്‍ത്തിയും ഭക്ഷണക്രമഭംഗങ്ങള്‍ ആണ്. റമദാന്‍കാല വ്രതം ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്ന മാനസികരോഗാവസ്ഥ അല്ല.
മതം മിതമാണ്
മനുഷ്യന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അവന്റെ ആവശ്യത്തിനാണ്. അതിന് അവന്‍ നന്ദി കാണിക്കണം (56:70). അതിന് അമിതവ്യയവും ദുര്‍വ്യയവും അരുത്. മനുഷ്യന്റെ ആര്‍ത്തിയെയും ആസക്തിയെയും തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങള്‍ ഭൂമിയിലില്ല. പ്രകൃതിയിലെ ഓരോ വിഭവങ്ങളും ഭൂമിയിലെ അവസാന മനുഷ്യന്‍ വരെയും നിലനില്‍ക്കണം എന്ന ചിന്ത നമുക്ക് വേണം. മിതത്വവും മിതവ്യയവും ഇസ്‌ലാം മതത്തിന്റെ മുഖമുദ്രയാണ്. ദാനം നല്‍കുന്നതില്‍ പോലും ദുര്‍വ്യയം പാടില്ലാ എന്നതും ദുര്‍വ്യയം ചെയ്യുന്നവന്‍ ചെകുത്താന്റെ ചങ്ങാതിമാരാണെന്നതും (17:26,27) ഖുര്‍ആനിക തത്വമാണ്.
ഭക്ഷണരംഗത്ത് ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് പലവഴിക്ക് പാഴായിപ്പോകുന്നു. വിളവെടുപ്പ് സമയത്തും, കൊയ്ത്തുവേളയിലും കൈമാറ്റം നടക്കുന്ന സന്ദര്‍ഭത്തിലും, വിപണിയിലെത്തുന്ന നേരത്തും, പാചകം ചെയ്യുമ്പോഴും, വിളമ്പുമ്പോഴും, ആഹരിക്കുമ്പോഴും ഭക്ഷണം കുറെ പാഴായിപ്പോകുന്നുണ്ട്. ഈ രംഗങ്ങളിലൊക്കെ കൂടുതല്‍ കരുതല്‍ വേണം. വിളവ് കൊയ്‌തെടുക്കുമ്പോള്‍ തന്നെ അതിന്റെ ദാനവിഹിതം നല്‍കണമെന്നും അതില്‍പോലും ധൂര്‍ത്ത് പാടില്ലെന്നും ഖുര്‍ആന്‍(6:140) പഠിപ്പിക്കുന്നു.
ധൂര്‍ത്ത് എന്ന അധാര്‍മികത
ഭക്ഷണ മേഖലയിലെ ധൂര്‍ത്തിലും പാഴാക്കലിലും ധനനഷ്ടം മാത്രമല്ല ഉണ്ടാകുന്നത്. ഉല്‍പാദനത്തിനുപയോഗിച്ച പ്രകൃതി വിഭവങ്ങളായ ഭൂമി, ജലം, ഊര്‍ജം, വളം തുടങ്ങിയവയും മനുഷ്യാധ്വാനവും പാഴായിപ്പോകുന്നു. കൂടാതെ വലിച്ചെറിയുന്ന ഭക്ഷണം പരിസര മലിനീകരണമുണ്ടാക്കുന്നു. ജീര്‍ണിച്ചുണ്ടാകുന്ന വാതകമായ മീഥേല്‍ ആഗോള താപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഏഴിലൊന്ന് മനുഷ്യര്‍ പട്ടിണി കിടക്കുന്ന ഈ ലോകത്ത് ഇതൊരു ധാര്‍മിക പ്രശ്‌നം കൂടിയാവുന്നു. ഭക്ഷണം ധൂര്‍ത്തടിക്കുമ്പോള്‍ വിശക്കുന്നവനോട് അനീതിയാണ് കാട്ടുന്നത്. പരിസ്ഥിതിക്ക് വിനാശകരമായ ചെയ്തിയില്‍ നാം പങ്കാളിയാവുകയും ചെയ്യുന്നു.
ധൂര്‍ത്തിന് കാരണം
ജീവിതശൈലിയും ഭക്ഷണ രീതിയും ചടങ്ങുകളില്‍ ഭക്ഷണത്തിന് നല്‍കുന്ന അമിത പ്രാധാന്യവും ഉപഭോഗ സംസ്‌കാരവും വിഭവ രീതികളും ഭക്ഷണ ധൂര്‍ത്തിന് കാരണമായിട്ടുണ്ട്. 1960ല്‍ ഇന്ത്യാ – ചൈന യുദ്ധസമയത്ത് ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ വിവാഹത്തിന് അതിഥികളെ പരിമിതപ്പെടുത്തണമെന്ന് നിയമമുണ്ടായിരുന്നത് ശ്രദ്ധേയമാണ്.
പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച് ആവാസ വ്യവസ്ഥയ്ക്ക് പരിക്കേല്‍പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളല്ല കരണീയം. അവ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന പ്രകൃതി സൗഹൃദ ജീവിതശൈലിയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. ആവശ്യത്തിന് കഴിക്കുക, കൗതുകത്തിന് ഭക്ഷണം വാങ്ങാതിരിക്കുക, ഹോട്ടലില്‍ കയറും മുമ്പ് വീട്ടിലെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുക. ‘റബ്ബേ, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യത്തിനു വന്നുപോയ ധൂര്‍ത്തും ഞങ്ങള്‍ക്ക് നീ പൊറുത്തു തന്നാലും’ (3:147) എന്ന ഖുര്‍ആനിക പ്രാര്‍ഥന നാം ശീലമാക്കുക. എന്നാല്‍ ഈ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ അതിനുള്ള യോഗ്യതയും അര്‍ഹതയും നാം നേടിയിരിക്കണമെന്ന് പ്രവാചക അധ്യാപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.
നബി(സ) ഒരു വ്യക്തിയെ അനുസ്മരിച്ചു. അയാള്‍ ദീര്‍ഘയാത്ര ചെയ്യുന്നു. മുടി ജഡപിടിച്ചവന്‍, വസ്ത്രം പൊടിപുരണ്ടവന്‍, അയാള്‍ ഇരുകരങ്ങള്‍ ആകാശത്തേക്ക് നീട്ടുന്നു. ‘റബ്ബേ, എന്റെ സംരക്ഷകനേ, എന്ന് വിളിക്കുന്നു, എന്നാല്‍ അയാളുടെ ആഹാരം നിഷിദ്ധം, അയാളുടെ കുടിനീര്‍ നിഷിദ്ധം, അയാളുടെ വസ്ത്രം നിഷിദ്ധം, നിഷിദ്ധത്തില്‍(ഹറാം) ഊട്ടിവളര്‍ത്തപ്പെട്ടവന്‍. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് മറുപടി ലഭിക്കുക. (മുസ്‌ലിം)