29 Sunday
June 2025
2025 June 29
1447 Mouharrem 3

ഇബ്‌റാഹീം ബേവിഞ്ച സര്‍ഗധനനായ ധിഷണാശാലി

ശംസുദ്ദീന്‍ പാലക്കോട്‌


ആഗസ്ത് മൂന്നിന് അന്തരിച്ച ഇബ്‌റാഹീം ബേവിഞ്ച മലയാളം ഐച്ഛിക വിഷയമാക്കി അധ്യാപനം നിര്‍വഹിച്ച കോളജ് അധ്യാപകനും മലയാള സാഹിത്യത്തില്‍ സ്ഥിര പ്രതിഷ്ഠ നേടിയ സര്‍ഗാത്മക നിരൂപകനുമായിരുന്നു.
ഖുര്‍ആനിക സാഹിത്യത്തെ തനിമ ചോരാതെ വേറിട്ട ശൈലിയില്‍ മലയാളീകരിച്ചു എന്ന സവിശേഷത ഇബ്‌റാഹിം ബേവിഞ്ച അര്‍ഹിക്കുന്നു. ഇദ്ദേഹത്തിന്റെ ‘ഖുര്‍ആനും ബഷീറും’ എന്ന കൃതി വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് സവിശേഷമായ രണ്ട് അധ്യായങ്ങളുണ്ട്; ‘വൃക്ഷമുദ്രകള്‍ ഖുര്‍ആനില്‍’, ‘വൃക്ഷമുദ്രകള്‍ ബഷീര്‍ കൃതികളില്‍’. വിശുദ്ധ ഖുര്‍ആനിലും ബഷീര്‍ കൃതികളിലും ഉള്‍ചേര്‍ന്നു നില്‍ക്കുന്ന സസ്യ സംബന്ധിയായ പാരിസ്ഥിതിക വിശകലനങ്ങളുടെ താരതമ്യമാണ് ഈ രണ്ട് അധ്യായങ്ങളിലെ പ്രധാന പ്രതിപാദ്യ വിഷയം.
ചെടികളും വൃക്ഷങ്ങളും നിബിഢമായ തോട്ടങ്ങളും ഫലസമൃദ്ധികളും കൊണ്ട് അല്ലാഹു ഈ പ്രപഞ്ചത്തെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വാസയോഗ്യമാക്കിയ കാര്യം വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലത്ത് പല ശൈലിയില്‍ വിവരിച്ചിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച ഈ ദിവ്യസൂക്തങ്ങളെ അതിന്റെ ഖുര്‍ആനിക ചാരുത ചോര്‍ന്നുപോകാതെ മലയാളത്തിലേക്ക് മൊഴിമാറ്റുന്നുണ്ട്, വളരെ ആകര്‍ഷകവും മനോഹരവുമായ ശൈലിയില്‍. ചില ഉദാഹരണങ്ങള്‍:
മാനത്ത് നിന്നവന്‍ മഴ വീഴ്ത്തുന്നു.
അതിനാല്‍ നാം എല്ലാം നാമ്പെടുപ്പിക്കുന്നു.
അതില്‍ നിന്നു പച്ചപ്പുകള്‍, ഇടതൂര്‍ന്നു നില്‍ക്കുന്ന ധാന്യമണികള്‍, കൊതുമ്പില്‍ നിന്ന് കോമ്പലകള്‍, ഞാന്നു നില്‍ക്കുന്ന ഈന്തപ്പനകളും
പിന്നെ, മുന്തിരിത്തോപ്പുകളും നാം സൃഷ്ടിച്ചു. ഒരേ തരത്തിലുള്ളത്.
എന്നാല്‍ ഒരേ തരത്തിലല്ലാത്ത ഒലീവും ഉറുമാമ്പഴവും സൃഷ്ടിച്ചു.
അവ കായ്ക്കുമ്പോള്‍,
കായ്ക്കുന്നതും മൂപ്പെത്തുന്നതും നോക്കൂ ഇവയില്‍ വിശ്വാസികളായ ജനത്തിന് കുറിമാനം.
സൂറതു അന്‍ആം 99-ാം സൂക്തത്തിനാണ് ഈവിധം മനോഹരമായ മലയാള പരിഭാഷ കൊടുത്തത്.
വൈക്കം മുഹമ്മദ് ബഷീര്‍ ചില ഖുര്‍ആന്‍ വാക്യങ്ങള്‍ക്ക് മനോഹരമായ മലയാളീകരണം നല്‍കിയത് ഇബ്‌റാഹീം ബേവിഞ്ച സവിശേഷമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഖുര്‍ആനിലെ 18-ാം അധ്യായമായ അല്‍കഹ്ഫിലെ 109 വാക്യം കുഞ്ഞു പാത്തുമ്മയിലൂടെ മറ്റൊരു തരത്തില്‍ കടന്നുവരുന്നുണ്ട്:
‘ലോകത്തിലെ സമുദ്രങ്ങളൊക്കെ മഷിയാക്കി ഖുര്‍ആന്റെ അര്‍ഥം എഴുതുകയാണെങ്കില്‍ ഒരധ്യായത്തിന്റെ അര്‍ഥം എഴുതിത്തീരും മുമ്പ് മരങ്ങള്‍ തീര്‍ന്നു പോകും. സമുദ്ര ജലമെല്ലാം വറ്റിപ്പോകും.’ (ഖുര്‍ആനും ബഷീറും പേജ് 45)
ഇബ്‌റാഹീം ബേവിഞ്ച എന്ന സര്‍ഗധനനായ സാഹിത്യകാരന്‍ കണ്ടെത്തിയ ‘ഖുര്‍ആന്‍ പാഠങ്ങള്‍’ അദ്ദേഹത്തിന്റെ രചനകളില്‍ പലയിടത്തായി ചിതറിക്കിടപ്പുണ്ട്. മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തില്‍ എന്ന പുസ്തകം യുവതയാണ് പ്രസിദ്ധീകരിച്ചത്. 700-ഓളം ലക്കങ്ങളിലായി, 18 വര്‍ഷം ചന്ദ്രിക വാരാന്തപ്പതിപ്പിലൂടെ പ്രകാശിതമായ ‘പ്രസക്തി’യിലും മറ്റനേകം ലേഖനങ്ങളിലും ഗ്രന്ഥങ്ങളിലും ചിതറിക്കിടക്കുന്ന ബേവിഞ്ചയുടെ ഖുര്‍ആന്‍ പാഠങ്ങള്‍ ഉത്സാഹശാലിയായ ഏതെങ്കിലും ഒരു പ്രതിഭാശാലി ശേഖരിച്ച് ക്രോഡീകരിക്കുന്നതിന് എന്തായാലും പ്രസക്തിയുണ്ട്. ‘ഖുര്‍ആനും ബഷീറും’ എന്ന കൃതിയിലൂടെ ഇബ്‌റാഹീം ബേവിഞ്ച നിര്‍വഹിച്ച മഹത്തായ ഒരു സല്‍കര്‍മത്തിന്റെ തുടര്‍ച്ചയായി അത്തരമൊരു പരിശ്രമം ചരിത്രത്തില്‍ ഇടം നേടും.

Back to Top