മനോഹര മതമാണ് ഇസ്‌ലാം -ബെന്‍സീമയുടെ പങ്കാളി
ഇസ്‌ലാം മതത്തിന്റെ സൗന്ദര്യവും അത് തന്നില്‍ ചെലുത്തിയ സ്വാധീനവും തുറന്നുപറഞ്ഞ് ഇസ്‌ലാം മതത്തിലേക്കുള്ള കടന്നുവരവ് പരസ്യപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ഫുട്‌ബോള്‍ താരം കരീം ബെന്‍സീമയുടെ പങ്കാളിയും അമേരിക്കന്‍ മോഡലുമായ ജോര്‍ദന്‍ ഓസുന.
ഏറെ നാളായി താന്‍ ഇസ്‌ലാമിനെയും ഖുര്‍ആനിനെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും നന്നായി പഠിച്ചു മനസ്സിലാക്കിയതിനു ശേഷമാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നതെന്നും ഓസുന പറഞ്ഞു. മാഡ്രിഡിലെ പള്ളിയില്‍ വെച്ച് നടന്ന ചെറിയ ചടങ്ങിലായിരുന്നു മതംമാറ്റം. അവിടെ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ അതു കേട്ട് താന്‍ ചെറിയ കുട്ടിയെപ്പോലെ കരഞ്ഞെന്നും ഓസുന അഭിമുഖത്തില്‍ പറഞ്ഞു.
ഇസ്‌ലാമിനെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം. മനോഹരമായൊരു മതമായാണ് എനിക്ക് ഇസ്‌ലാമിനെ അനുഭവപ്പെട്ടത്. അതേക്കുറിച്ച് വായിച്ചതെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. റമദാനില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് കരയാറുണ്ടെന്നും അവര്‍ പറഞ്ഞു. കരീം ഒരു മനുഷ്യനാണ്. ഒപ്പമിരുന്ന് ഒരുപാട് സംസാരിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് കരീം ബെന്‍സീമയെന്നും അവര്‍ പറഞ്ഞു.