8 Sunday
December 2024
2024 December 8
1446 Joumada II 6

ബീമാപള്ളി വെടിവെപ്പിന് 15 വര്‍ഷം

സജീവന്‍ മാവൂര്‍

2009 മെയ് 17നാണ് ബീമാപള്ളി വെടിവെപ്പ് നടന്നത്. 9 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പിന് 15 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആലോചിക്കേണ്ട കുറേ വിഷയങ്ങളുണ്ട്. ഈ വെടിവെപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു മുന്നറിയിപ്പായിത്തീര്‍ന്നുവോ എന്നതാണൊന്ന്. വലിയൊരു ഭരണകൂട വേട്ടയായി, കേരളത്തെ നടുക്കിയ കൂട്ടക്കൊലയായി കേരള ജനത ഇതു വിലയിരുത്തിയോ എന്ന്. എന്നാല്‍ ക്രൂരമായ നിസ്സംഗതയോടെ കേരളം ഇതിനെ അവഗണിച്ചു തള്ളിക്കളഞ്ഞു എന്നതാണ് നടുക്കുന്ന സത്യം. തങ്കമണി വെടിവെപ്പോ കൂത്തുപറമ്പ് വെടിവെപ്പോ പോലെ കേരളം ഒരിക്കലും ഇതു ചര്‍ച്ചയാക്കിയതേയില്ല.
ഏറെക്കാലമായി കേരളത്തിലെ മതേതര മാധ്യമങ്ങള്‍ പൈശാചികവത്കരിച്ചുവെച്ചിട്ടുള്ള ചില സ്ഥലങ്ങളുണ്ട്. ബീമാപള്ളിയും ഈരാറ്റുപേട്ടയും പോലുള്ളവ. തീവ്രവാദികളുടെ കേന്ദ്രമാണ് എന്നാണ് കേരളത്തിലെ പോലിസ് ഉന്നതാധികാരികളും മാധ്യമങ്ങളും ഈ പ്രദേശങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ സാധാരണ മനുഷ്യരല്ല, ഒരുതരം അര്‍ധ മനുഷ്യരാണ്, വേറൊരുതരം ജീവികളാണ് എന്നാണ് മാധ്യമങ്ങള്‍ ദശാബ്ദങ്ങളായി ഉലക്ക മഷിയില്‍ മുക്കി എഴുതിപ്പിടിപ്പിച്ചത്. ഇതുകൊണ്ടാണ് ബീമാപള്ളി വെടിവെപ്പിനെ കേരളം ഒന്നാകെ കുറ്റകരമായി മറന്നുകളഞ്ഞത്. അന്നു കേരളം ഭരിച്ചിരുന്ന ഇടതുപക്ഷത്തിന് 15 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ക്ഷമാപണം നടത്തേണ്ടിവരാതിരുന്നതും ഇതുകൊണ്ടുതന്നെ.

Back to Top