9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ശ്രദ്ധയോടെ പ്രതികരിക്കുക


ഗുരുഗ്രാമിലെയും നൂഹിലെയും തീ അണയുന്നില്ല. മണിപ്പൂരില്‍ നിന്ന് തുടങ്ങിയ അശാന്തിയുടെ നിലവിളി ഇപ്പോള്‍ ഹരിയാനയിലും എത്തിയിരിക്കുന്നു. രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അടുത്ത പത്ത് മാസത്തിനുള്ളില്‍ ലോകസഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളാണ് ലോകസഭക്ക് മുമ്പായി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
അതായത്, ഇന്ത്യ ഇനിയുള്ള മാസങ്ങളില്‍ ഏറെ സെന്‍സിറ്റീവായിരിക്കും. ഓരോ സംഭവ വികാസങ്ങളും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും. അതറിയുന്നത് കൊണ്ടാണ് മണിപ്പൂരിന് പുറമെ മറ്റ് സംസ്ഥാനങ്ങളും ഇപ്പോള്‍ സംഘര്‍ഷങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നത്. ഈ കാലയളവില്‍ പുറത്തുവരുന്ന ഓരോ വാര്‍ത്തയോടും വളരെ സൂക്ഷ്മമായി മാത്രമേ പ്രതികരിക്കാന്‍ പാടുള്ളൂ. മിക്ക സംഭവ വികാസങ്ങള്‍ക്ക് പിന്നിലും ചരടുവലികള്‍ ഉണ്ടായേക്കാം. പൊടുന്നനെ സംഭവിക്കുന്ന കാര്യങ്ങളായി നമുക്കത് അനുഭവപ്പെടുമ്പോഴും, അതിന്റെ പിറകില്‍ ആസൂത്രിതമായ ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നത്.
ഗുരുഗ്രാമില്‍ ഒരു പള്ളിയിലെ ഇമാം കൊല്ലപ്പെട്ടു. ചുരുക്കം ചില മസ്ജിദുകള്‍ മാത്രമേ ഇവിടെ ആരാധനക്ക് തുറന്നു നല്‍കിയിട്ടുള്ളൂ. അങ്ങനെ തുറന്ന് നല്‍കിയ പള്ളികളിലൊന്നാണ് ഇപ്പോള്‍ അഗ്‌നിക്കിരയാക്കപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള ആക്രമികള്‍ അഴിഞ്ഞാടുന്നുണ്ട്. ഓരോ പ്രദേശത്തെയും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഭീതിയോടെയാണ് കഴിയുന്നത്. നൂഹിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ തന്നെ ഭയക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹരിയാനയിലെ നൂഹ് ജില്ലയില്‍ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ ഒരു കൂട്ടം യുവാക്കളും വിശ്വഹിന്ദു പരിഷത്തും തമ്മില്‍ നടന്ന സംഘര്‍ഷമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. മതപരമായ ഘോഷയാത്രകള്‍ അക്രമങ്ങള്‍ക്ക് ഹേതുവാകുന്ന സ്ഥിതി മുമ്പും ഉണ്ടായിട്ടുണ്ട്. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ചുണ്ടായ അക്രമങ്ങള്‍ നാം കണ്ടതാണ്. ഹരിയാന സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, അക്രമത്തില്‍ ഇതുവരെ ആറ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വി എച്ച് പിയുടെ ‘ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര’ നൂഹിലെ ഖേദ്‌ല മോഡിന് സമീപം ഒരു സംഘം യുവാക്കള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് പോലീസ് പറയുന്നു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സംഘര്‍ഷത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കലാപങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്. അതേസമയം, ഭരണകൂടത്തിന്റെയും പോലീസിന്റെയും കൃത്യമായ ഇടപെടലുകള്‍ വൈകാന്‍ ഇടയായിക്കൂടാ.
ചെറിയ ചെറിയ സംഘര്‍ഷങ്ങളാണ് വലിയ കലാപത്തിലേക്ക് നയിക്കുന്നത്. സമയബന്ധിതമായി അതില്‍ ഇടപെടുന്നതിലും അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിലുമുള്ള ഭരണകൂടത്തിന്റെ നിസ്സംഗതയാണ് സംഘര്‍ഷത്തെ വലുതാക്കുന്നത്. മണിപ്പൂരില്‍ എന്ന പോലെ തന്നെ, ഹരിയാനയിലും ഭരണകൂടം നിശ്ശബ്ദമാണ്. അക്രമികള്‍ക്ക് മൗനാനുവാദം നല്‍കുന്ന സ്ഥിതിയിലാണ് പോലീസുള്‍പ്പെടെയുള്ള സേനകള്‍ പെരുമാറുന്നത്. സ്വാഭാവികമായും ഭരണകൂട പിന്തുണയുള്ള അക്രമികള്‍ അഴിഞ്ഞാടുന്നു. തെരഞ്ഞെടുപ്പില്‍ മതം പറഞ്ഞ് ധ്രുവീകരണം സൃഷ്ടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കലാപങ്ങളാണ്. സംഘപരിവാര്‍ കലാപങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത് ഈ ധ്രുവീകരണമാണ്. അതുവഴി 2024 ലും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
ഹരിയാനയിലെ അക്രമം തടയുന്നതിനോ മുന്‍കൂട്ടി കാണുന്നതിനോ ഭരണകൂടം പരാജയപ്പെട്ടതിന് കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത് പോലെ, കലാപം ‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന’ ആണെന്ന വിമര്‍ശനത്തിന് സാധുതയുണ്ട്. ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലും ബഹുസ്വരതയിലുമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തിന്റെ മതേതരത്വം പ്രായോഗികമായി നിലനിര്‍ത്തുവാന്‍ ഭരണകൂടത്തിനും പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ട്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളെ സാകൂതം ശ്രദ്ധിക്കുകയും സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രം പ്രതികരിക്കുകയും ചെയ്യുന്നതാണ് നല്ലത്.

Back to Top