11 Sunday
May 2025
2025 May 11
1446 Dhoul-Qida 13

ബി ബി സി നമ്മോട് പറയുന്നത്‌


കഴിഞ്ഞ ആഴ്ച ബി ബി സി പുറത്തിറക്കിയ ഡോക്യുമെന്ററി പരമ്പര ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. രണ്ട് എപ്പിസോഡുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. 2002- ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ഈ ഡോക്യുമെന്ററി ഇന്ത്യയില്‍ യൂട്യൂബ് പോലെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം നിരോധനങ്ങള്‍ ഫലപ്രദമാകില്ല എന്നത് വാസ്തവമാണ്. ഡോക്യുമെന്ററി ഇന്ത്യയുടെ പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരികയും പല യൂണിവേഴ്‌സിറ്റികളിലും അത് സംഘര്‍ഷത്തിനും അറസ്റ്റിനും കാരണമായിത്തീരുകയും ചെയ്തു.
ബി ബി സി ഡോക്യുമെന്ററിയില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഒരാള്‍ക്കും പുതുമയുള്ള കാര്യങ്ങളല്ല. 2002-ലെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് അന്നുതന്നെ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും വെളിച്ചത്തുകൊണ്ടുവന്നതാണ്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ പേര് നേടിയ ഒരു മാധ്യമം വളരെ വിശദമായി ഇക്കാര്യം രേഖപ്പെടുത്തുന്നു എന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ പ്രസക്തി.
അന്താരാഷ്ട്ര തലത്തില്‍ പേര് നേടിയെടുക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത് ചര്‍ച്ചയാകുന്നത്. ജി-20 യുടെ അധ്യക്ഷ പദവിയും ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ നേടുന്ന തുടര്‍ച്ചയും ഏഷ്യയിലെ ചൈനീസ് ആധിപത്യത്തിനെതിരായ ഒരു സുപ്രധാന സംരക്ഷണമായി യു കെയും യു എസുമെല്ലാം മോദിയെ കണക്കാക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ ഒരു അന്താരാഷ്ട്ര നേതാവ് എന്ന ഇമേജിലേക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ തല്‍പര കക്ഷികള്‍ അങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു നേതാവ് സ്വന്തം നാട്ടില്‍ അത്ര വിശുദ്ധനല്ല എന്നും, ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള മനോഭാവം ഒരു പരിഷ്‌കൃത നേതാവിന് ചേര്‍ന്നതല്ല എന്നും വരച്ചുകാണിക്കുന്നതാണ് ബി ബി സി ഇടപെടല്‍. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ മോദി സ്വീകരിക്കുന്ന നിലപാടുകളും വര്‍ഗീയ ചേരിതിരിവുകളും ഗുജറാത്ത് വംശഹത്യക്ക് പ്രചോദനം നല്‍കുന്ന രൂപത്തില്‍ ഇടപെട്ടതുമെല്ലാമാണ് ആദ്യ എപ്പിസോഡിലെ വിഷയം. 2002-ലെ വംശഹത്യാനന്തരം മോദിയുടെ രാഷ്ട്രീയ വളര്‍ച്ച, വലതുപക്ഷ ഹിന്ദുത്വസംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം, ബി ജെ പിയുടെ വിവിധ പദവികളിലൂടെയുള്ള അദ്ദേഹത്തിന്റെ ഉയ ര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.
രണ്ടാം എപ്പിസോഡ് 2019ല്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുകയാണ് ചെയ്യുന്നത്. വിവാദപരമായ നയങ്ങളുടെ ഒരു പരമ്പര തന്നെ ഈ ഘട്ടത്തില്‍ ഉണ്ടാവുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ഉറപ്പുനല്‍കുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യലും മുസ്‌ലിംകളെ രണ്ടാം തരക്കാരാക്കി മാറ്റുന്ന, പൗരത്വത്തിന് മതം അടിസ്ഥാനമായി വര്‍ത്തിക്കുന്ന പൗരത്വ നിയമം, 2014 മുതല്‍ തുടരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും തുടങ്ങിയ മേഖലകളിലാണ് ഡോക്യുമെന്ററി കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ആക്ടിവിസ്റ്റുകളുടെ അഭിപ്രായവും ഇതില്‍ രേഖപ്പെടുത്തുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങളും ഈ ഭാഗത്ത് വരുന്നുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായി എത്തിച്ചേരാവുന്ന തീര്‍പ്പുകള്‍ തന്നെയാണ് ബി ബി സിയും മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഇത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ മോദിയുടെ വിശ്വഗുരുവിലേക്കുള്ള പ്രയാണം അത്ര എളുപ്പമാകില്ല എന്നുവേണം കരുതാന്‍. മോദിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമാണ് എന്നുകരുതുന്ന ചില ആളുകള്‍ ഈ ഘട്ടത്തിലും പുറത്തു വന്നിട്ടുണ്ട്. ഭരണകൂട വിമര്‍ശം എന്നാല്‍ രാജ്യദ്രോഹമോ രാജ്യവിമര്‍ശമോ ഇന്ത്യയുടെ അഖണ്ഡതയ്ക്കു മേലുള്ള കടന്നുകയറ്റമോ അല്ല.

Back to Top