ബലിമൃഗത്തിന്റെ മാംസം
സലമത് ബ്‌നു അക്‌വഅ്(റ) പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും ഉദ്ഹിയ്യത്ത് നടത്തിയാല്‍ അതിന്റെ മാംസം മൂന്ന് ദിവസമല്ലാതെ വീട്ടില്‍ ബാക്കിയാവരുത്. എന്നാല്‍ പിറ്റേ വര്‍ഷം വന്നപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെയല്ലേ ഞങ്ങള്‍ ചെയ്യേണ്ടത്? നബി(സ) പറഞ്ഞു: നിങ്ങള്‍ തിന്നുകയും തീറ്റിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്‌തോളൂ. കാരണം കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ക്ക് ക്ഷാ മം ബാധിച്ച വര്‍ഷമായിരുന്നു. അതിനാല്‍ നിങ്ങള്‍ അവരെ സഹായിക്കട്ടെ എന്ന് ഞാന്‍ ഉദ്ദേശിച്ചു” (ബുഖാരി)
സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുക എന്നത് ഏത് സാഹചര്യത്തിലും സുപ്രധാനമായ കാര്യമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഒരൊറ്റ ശരീരം കണക്കെ ശക്തമായ ബന്ധങ്ങള്‍ ഇഴചേര്‍ന്ന വ്യക്തികളുടെ കൂട്ടമായിരിക്കണം ഏതൊരു സമൂഹവും എന്ന കാഴ്ചപ്പാടിന് വളരെയേറെ പ്രാധാന്യമുണ്ട്.
സമൂഹത്തിലെ ഏതെങ്കിലുമൊരു വ്യക്തിക്കോ ഏതാനും വ്യക്തികള്‍ക്കോ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആ സമൂഹത്തിലെ എല്ലാവരും തയ്യാറാവുകയും ശ്രദ്ധപുലര്‍ത്തുകയും വേണമെന്നതാണ് ഇസ്‌ലാമിന്റെ താല്‍പര്യം. അപരന് ആശ്വാസം നല്‍കുന്നത് പുണ്യകര്‍മമായി പഠിപ്പിക്കുക മാത്രമല്ല അതിനുള്ള മാര്‍ഗങ്ങള്‍കൂടി വിവരിക്കുന്നുണ്ട് ഇസ്‌ലാം.
ആഹാരത്തിനായി ജനങ്ങള്‍ പ്രയാസമനുഭവിക്കുന്ന വേളകളില്‍ അവര്‍ക്ക് ഭക്ഷണമെത്തിക്കേണ്ട ബാധ്യത മറ്റുള്ളവര്‍ക്കുണ്ട് എന്ന പാഠമാണ് ഈ നബിവചനം നല്‍കുന്നത്. ക്ഷാമകാലത്ത് ഉദ്ഹിയ്യത്തിന്റെ മാംസം വിതരണം ചെയ്യാതെ സൂക്ഷിച്ചുവെക്കരുതെന്ന നബി(സ)യുടെ നിര്‍ദേശത്തില്‍ ഈ മാനവികവശം ബോധ്യമാകുന്നു.
”അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കുവാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക” (22:28) എന്ന വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശം ബലിയെന്ന ആരാധനയുടെ മാനുഷിക തലത്തെ സൂചിപ്പിക്കുന്നു.
ബലിമാംസം തിന്നുകയും ആവശ്യക്കാര്‍ക്ക് വിതരണം നടത്തുകയും ചെയ്യുന്നതിലൂടെ സാഹോദര്യം ശക്തമാവുകയും പ്രതിസന്ധി വേളകളില്‍ കൈത്താങ്ങായി നില്‍ക്കാന്‍ നിരവധി പേരുണ്ടെന്ന സുരക്ഷിത ബോധം വളരുകയും ചെയ്യുന്നു. ക്ഷാമകാലം നേരിടാനുള്ള പ്രായോഗികമായ വഴികള്‍ വിവരിക്കുന്നതിലൂടെ അപരന്റെ ആവശ്യങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കും പരിഗണന നല്‍കണമെന്ന സന്ദേശം നല്‍കുകയാണീ തിരുവചനം.