8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

‘സേവനം ചെയ്യാനാവുക എന്നത് വലിയ സന്തോഷമാണ്’

പാറപ്പുറത്ത് ബാവഹാജി / ഡോ. യൂനുസ് ചെങ്ങര


യു എ ഇ, ഖത്തര്‍, ഒമാന്‍, സുഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഒരു മലയാളിയോട് അവരുടെ പഴം, പച്ചക്കറി ആവശ്യങ്ങള്‍ക്ക് ഏറെ കടപ്പെട്ടിരിക്കുന്നു. മലപ്പുറം, തെക്കന്‍ കുറ്റൂര്‍ സ്വദേശി പാറപ്പുറത്ത് ബാവ ഹാജി എന്ന മൊയ്തീന്‍ കുട്ടിയോടാണത്. ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ ലഭ്യമാകുന്ന ഫലങ്ങളും അറബ് നാടുകളില്‍ ലഭ്യമാക്കുന്നതില്‍ ഹാജി കാണിച്ച ശ്രദ്ധ ലോകമറിയുന്ന എ എ കെ ബ്രാന്‍ഡിന്റെ ഉത്പത്തിയിലാണ് കലാശിച്ചത്. പഴം, പച്ചക്കറി കയറ്റുമതി, ഇറക്കുമതി മേഖലയിലെ വിശ്വസ്ത നാമമായി വളര്‍ന്നു വന്നതിനു പിന്നില്‍ കണ്ണീരിന്റേയും ത്യാഗത്തിന്റെയും വലിയ കഥയുണ്ട്.
ബറാമി പള്ളിയും
ഗള്‍ഫ് യാത്രയും

1964-ല്‍ പിതാവിന്റെ മരണം ഉണ്ടാക്കിയ വിടവ് ബാവയുടെ ജിവിതത്തില്‍ വലിയ ഭാരങ്ങള്‍ നല്കി. മൂത്ത മകന്‍ എന്ന നിലക്ക് കുടുംബത്തിന്റെ ചുമതല ബാവയില്‍ വന്നു ചേര്‍ന്നു. കുടുംബത്തെ കര കയറ്റാനുള്ള പോംവഴിയായി കടല്‍ കടന്ന് അറബി നാട്ടിലെത്തിപ്പെടുക എന്ന ചിന്ത ബാവയില്‍ മുളപൊട്ടി. കൃത്യമായ യാത്രാ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നതിനാല്‍ ചരക്കുമായി വരുന്ന ലോഞ്ചുകളില്‍ (കപ്പല്‍), അവര്‍ക്കു പണം കൊടുത്ത് തീരത്തിനടുത്ത് കടലില്‍ ചാടി നീന്തി കരയണയാനാണ് പറയുക. കോഴിക്കോട്ടെ ബറാമി പള്ളിയില്‍ ഇമാമായിരുന്ന ബാവയുടെ അമ്മാവന്‍ ഹസന്‍ മൊല്ല ചരക്കുമായി വന്ന ഒരു ലോഞ്ചിന്റെ ഇടപാടുകാരന് 250 രൂപ കൊടുത്താണ് യാത്രക്കുള്ള അവസരമുണ്ടാക്കുന്നത്. ഒരു മാസം ദൈര്‍ഘ്യമുള്ള ആ യാത്ര പിന്നീട് അവസാനിക്കുന്നത് യു എ ഇയിലെ ഖോര്‍ഫുഖാന്‍ തീരത്താണ്.
ചുമട്ടു ജോലിയില്‍
നിന്ന് ബിസിനസിലേക്ക്

എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്തിയെടുക്കുക, കുടുംബത്തിന് ഒരു കൈത്താങ്ങാവുക എന്നുമാത്രമായിരുന്നു 17 വയസ്സുമാത്രമുള്ള ബാവയുടെ ലക്ഷ്യം. എന്നാല്‍ ജോലിക്കായി യുഎഇയിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ദിവസങ്ങളോളം അലഞ്ഞുവെങ്കിലും ഒന്നും തരപ്പെടാതെ, വിശപ്പു സഹിച്ച് ദിവസങ്ങള്‍ തള്ളി നീക്കി. വിശപ്പും തളര്‍ച്ചയും വന്ന് തളര്‍ന്നുറങ്ങിയ കെട്ടിടത്തിലെ തൊഴിലാളികള്‍ അവരുടെ കൂടെ ചുമടെടുക്കാന്‍ ഒപ്പം കൂട്ടിയത് പട്ടിണി നാളുകളെ മറികടക്കാന്‍ ഹാജിക്കു സഹായകമായി. വിശപ്പിനോളം വലുതൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ ഹാജി ആ ജോലി വിട്ടു മറ്റൊന്നു തേടാന്‍ ശ്രമിച്ചില്ല. ആയിടക്ക് തൊഴിലിടത്തില്‍ വന്ന അബ്ദുല്ല അല്‍കത്താല്‍ എന്ന അറബി, ബാവയുടെ തൊഴിലിനോടുള്ള കൂറ് മനസ്സിലാക്കുകയും തന്റെ വീട്ടില്‍ ജോലി നല്കി അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു. അത് ഹാജിയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറി.

അബ്ദുല്ല അല്‍
കത്താല്‍ (എഎകെ)
ഉണ്ടായ കഥ

തനിക്കു ജോലി നല്കിയ അറബിയുടെ കൂടെ തന്നെയാണ് ബാവ ദീര്‍ഘകാലം ചെലവഴിച്ചത്. അങ്ങനെയിരിക്കെയാണ് അറബി തന്റെ ഉടമസ്ഥതയില്‍ ദുബായ് ദേര മത്സ്യ മാര്‍ക്കറ്റിലുണ്ടായിരുന്ന കട ബാവ ഹാജിക്കു നല്‍കുന്നത്. ഇവിടെ നിന്നാണ് ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നതും, പഴം, പച്ചക്കറി മേഖലയിലെ വിശ്വസ്ത നാമമായി വളരുന്നതും. 1994-ല്‍ ലുലു നല്കിയ പഴം, പച്ചക്കറി വിതരണാവസരമാണ് ബിസിനസില്‍ വലിയ വഴിത്തിരിവിലേക്ക് എ എ കെയെ എത്തിച്ചെതെന്ന് ഹാജി വിശ്വസിക്കുന്നു.
ജീവകാരുണ്യമേഖലയിലെ പ്രചോദനങ്ങള്‍
ഹാജിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന സ്മരണകളിലൊന്നാണ് വറുതിയുടെ നാളുകളില്‍ ഖോര്‍ഫുഖാന്‍ തീരത്തിനടുത്തുള്ള കാലിക്കറ്റ് ഹോട്ടലും അതിന്റെ ഉടമ തിരൂര്‍ക്കാരനായ കഞ്ഞിമൗലാനയുടെ സ്നേഹ വിരുന്നുകളും. നാട്ടില്‍ നിന്ന് ജോലി തേടി തീരമണയുന്നവര്‍ക്ക് സൗജന്യമായി വയറു നിറയെ കഞ്ഞി പകര്‍ന്നു നല്‍കുന്ന രീതി. ആ മഹാനുഭാവനെ ഹാജി ഇടക്കിടെ ഓര്‍ക്കാറുണ്ട്. തന്റെ മുന്നിലെത്തുന്ന സഹജീവികള്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ച് ആശ്വാസമേകുന്ന ഇത്തരം ആളുകള്‍ വലിയ പ്രചോദനമാണ്. ഇത്തരം ആളുകള്‍ ഇല്ലായിരുന്നുവെങ്കില്‍ തന്നെപ്പോലെ എത്രയോ മനുഷ്യര്‍ അനുഭവിക്കുമായിരുന്ന കഷ്ടത, തന്റെ സഹജീവികളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ തനിക്ക് ഏറെ പ്രേരണ നല്കിയ മാതൃകയായി ഹാജി പങ്കുവെക്കാറുണ്ട്.
പ്രവാസ ജീവിതത്തിന് വിരാമം
1964 മുതല്‍ തുടങ്ങിയ തന്റെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് സംരംഭങ്ങളില്‍ നിന്നെല്ലാം മാറി വിശ്രമ ജീവിതത്തിന് ഹാജിയെ പ്രേരിപ്പിച്ചത്, ചില ശാരീരിക പ്രയാസങ്ങളായിരുന്നു. 2004 മുതല്‍ സംരംഭങ്ങളുടെ നടത്തിപ്പ് മകന്‍ മുസ്തഫയെ ഏല്‍പിച്ച് വിശ്രമ ജീവിതത്തിലാണ് ഹാജി. തന്റെ പിന്‍ഗാമികള്‍ക്ക് ബിസിനസ് കൈ മാറുമ്പോഴും കൃത്യമായ പരിശീലനം അവര്‍ക്കു കിട്ടിയെന്ന് ഉറപ്പുവരുത്താന്‍ ഹാജി ശ്രദ്ധ പുലര്‍ത്തിയിരുന്നു. അനുഭവങ്ങളോളം പോന്ന അറിവുകളില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ഹാജി ബിസിനസിന്റെ ഏറ്റവും അടിത്തട്ടു മുതലുള്ള അറിവ് തന്റെ പിന്‍ഗാമികള്‍ക്കുണ്ടാകണമെന്നും, തൊഴിലാളികളെ ബഹുമാനിക്കണമെന്നുമുള്ള പാഠം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കാറുണ്ട്.
മുജാഹിദ് പ്രസ്ഥാനം
ബാവഹാജി ജനിച്ചതും വളര്‍ന്നതും മുജാഹിദ് പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരെത്തെയുള്ള ഒരു നാട്ടിലും കുടുംബ പശ്ചാത്തലത്തിലുമായിരുന്നു, അതുകൊണ്ട് തന്നെ യാഥാസ്ഥിതിക മുസ്ലിം ജീവിതത്തെക്കുറിച്ച് തനിക്ക് വലിയ ധാരണകളില്ലെന്ന് ബാവഹാജി പറയുന്നു. യൗവനത്തില്‍ തന്നെ പ്രവാസ ലോകത്ത് എത്തിപ്പെട്ടതിനാല്‍ പിന്നീടുള്ള പ്രസ്ഥാന ബന്ധങ്ങളെല്ലാം പ്രവാസവുമായി ബന്ധപ്പെട്ടാണ് കൂടുതലും ഉണ്ടായിട്ടുള്ളത്.
എങ്കിലും നാട്ടിലെ ഇസ്ലാഹി ചലനങ്ങള്‍ക്കും മുസ്ലിം മുന്നേറ്റങ്ങള്‍ക്കും ഉതകുന്ന ഒട്ടേറെ സംരംഭങ്ങള്‍ക്ക് പിന്‍ബലമേകാന്‍ അവസരം ലഭിക്കുകയുണ്ടായിട്ടുണ്ട്. ഇന്നും ഏറെ ചരിതാര്‍ഥ്യം പകരുന്നത് അതാണ്. എന്നാല്‍ പ്രസ്ഥാനത്തില്‍ ഉണ്ടായ പിളര്‍പ്പ് ഏറെ സങ്കടപ്പെടുത്തിയ സംഭവമായിരുന്നു. കേരളീയ മുസ്ലിംകളുടെ സാമൂഹിക രാഷ്ട്രീയ മതപരമായ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമായ നായകത്വം വഹിച്ച ഈ പ്രസ്ഥാനത്തിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു 2002ല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ചത് എന്നാണ് ബാവ ഹാജി കരുതുന്നത്.
സമ്മേളനത്തിന്റെ
ചെയര്‍മാന്‍

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സി പി ഉമര്‍ സുല്ലമി, മനാഫ് മാസ്റ്റര്‍, അബ്ദുല്‍ കരീം എഞ്ചിനീയര്‍, മമ്മു സാഹിബ് കോട്ടക്കല്‍ എന്നിവര്‍ വന്നു കണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. സിപി ജനറല്‍ കണ്‍വീനര്‍ ആണെന്നും, സമ്മേളനം ഒരു വലിയ ജന സമൂഹത്തിന് ഖുര്‍ആനിക സന്ദേശങ്ങള്‍ എത്തിച്ചു നല്‍കാന്‍ നിമിത്തമാവുമെന്നും അറിഞ്ഞപ്പോള്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇപ്പോള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്ന ശാരീരിക അസ്വസ്ഥതകളാല്‍ സമ്മേളന നഗരിയില്‍ വന്നു ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാനാവുക എന്ന ആശങ്കയിലാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x