20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

വിശ്വാസത്തെ കൂട്ടുപിടിച്ചുള്ള ബൗദ്ധിക പ്രയാണം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


ഇസ്ലാം ബുദ്ധി വിരുദ്ധമാണോ? വിശ്വാസം അന്ധമാണോ? തുടങ്ങിയവ മത പരിസരങ്ങളില്‍ കേള്‍ക്കുന്ന ചോദ്യങ്ങളാണ്. ഖുര്‍ആനെപ്പറ്റി അനാവശ്യമായ സംശയങ്ങള്‍ ഉന്നയിക്കുന്ന മതനിരാസരുടെ സമീപനമാണിത്. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടി വിസ്മയമാണ്, ഖുര്‍ആന്‍ അവന്റെ നിയമ നിര്‍ദേശങ്ങളും. രണ്ടിനുമിടയില്‍ വൈരുധ്യമില്ല. എന്നാല്‍ കേവല യുക്തിയല്ല ഈ പഠനത്തിന് അവലംബിക്കേണ്ടത്. മനുഷ്യന്‍ ആര്‍ജിക്കുന്ന വിവിധ വിജ്ഞാന സങ്കല്‍പങ്ങളില്‍ ശരിയും തെറ്റും ആത്യന്തികമായി തീര്‍പ്പു കല്‍പ്പിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല എന്നതാണ് യുക്തി പരതയുടെ അനിശ്ചിതത്വം. അതുകൊണ്ടു തന്നെ യുക്തിപരമായ സമര്‍ഥനം ഒരിടത്തും അവസാനിക്കുകയില്ല.
പ്രപഞ്ചത്തിലെ അത്യുല്‍കൃഷ്ട ജീവിയായി (Master animal) മനുഷ്യനെ പരിഗണിക്കാന്‍ കാരണം അവന് ലഭിച്ചിരിക്കുന്ന ബുദ്ധിയും വിവേചന ശക്തിയുമാണ്. മനുഷ്യ ശരീരത്തിലെ ജൈവിക പ്രവര്‍ത്തനങ്ങളെല്ലാം പദാര്‍ഥ ശാസ്ത്ര ബന്ധിതമാണ്. എന്നാല്‍ ബുദ്ധിയും മനസ്സും അതിന് അതീതമായി പ്രവര്‍ത്തിക്കുന്നു. അത് ഇന്നും ശാസ്ത്രത്തിന് വിസ്മയമാണ്. നിര്‍മിത ബുദ്ധി (artificial intelligence) എത്ര വികസിച്ചാലും യഥാര്‍ഥ മനുഷ്യബുദ്ധിക്ക് അത് പകരമാവില്ല. സമാഹരണം, അപഗ്രഥനം, താരതമ്യം, നിര്‍ധാരണം – ഇവയെല്ലാം നിര്‍മിത ബുദ്ധിക്ക് ഒരു പരിധിയോളം കഴിഞ്ഞേക്കാം. എന്നാല്‍ അത് മാത്രമല്ല മനുഷ്യ ബുദ്ധിയുടെ പ്രത്യേകത. വിചാരങ്ങള്‍ക്കപ്പുറത്ത് വികാരങ്ങളും ബൗദ്ധിക പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നു.
ഓഫീസിലേക്ക് വരുന്ന കസ്റ്റമറെ ഉപചാര പൂര്‍വം റോബോട്ട് സ്വീകരിക്കും. എന്നാല്‍ അയാള്‍ കുഴഞ്ഞു വീണാല്‍ എഴുന്നേല്‍പ്പിക്കാന്‍ മനുഷ്യന്‍ തന്നെ വേണം. ഈ വൈകാരിക ബൗദ്ധികതയാണ് ഓരോ കാര്യങ്ങളിലും ഔചിത്യ ബോധത്തോടെ ഇടപെടാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്. ബൗദ്ധിക നിരീക്ഷണങ്ങള്‍ക്ക് വൈകാരികത നഷ്ടപ്പെടുമ്പോള്‍ വിജ്ഞാനങ്ങള്‍വരണ്ടതാകുന്നു.
മതം എത്രത്തോളം ബുദ്ധിയെ അംഗീകരിക്കുന്നു എന്നത് എക്കാലത്തെയും മുഖ്യ ചര്‍ച്ചയായിരുന്നു. ബുദ്ധിക്ക് ഒരിടവും നല്‍കാത്ത മതസമീപനം ചരിത്രത്തില്‍ വായിക്കാന്‍ കഴിയും. ബൗദ്ധിക വിജ്ഞാനങ്ങളെ ഊതിക്കെടുത്തി പണ്ഡിതന്‍മാരെ പീഡിപ്പിച്ചും വധിച്ചുമായിരുന്നു മതാന്ധത നിലനിന്നിരുന്നത്. മതത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ട പൗരോഹിത്യം ഒരിക്കലും ബൗദ്ധികതയുമായി പൊരുത്തപ്പെട്ടിരുന്നില്ല. എന്നാല്‍ മനുഷ്യ പ്രകൃതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാമിനും മുസ്ലിംകള്‍ക്കും അത്തരം സമീപനം ഉണ്ടായിരുന്നില്ല. വഹ്യിന്റെ ആദ്യാക്ഷരങ്ങള്‍ തന്നെ വായിക്കാനും പഠിക്കാനുമുളള ആഹ്വാനമായിരുന്നു. ബുദ്ധിരഹിതമായ സമീപനം മൃഗതുല്യമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്(7:179).
എന്നാല്‍ ബുദ്ധിയുടെ പരിമിതി നാം അംഗീകരിക്കേണ്ടതുണ്ട്. മതവും അത് ഉണര്‍ത്തുന്നു. കേവല ബുദ്ധിക്ക് ഗണിച്ചെടുക്കാവുന്നതല്ല മനുഷ്യ ജീവിതം. മാനുഷികത മനസ്സിലാക്കാനും ധര്‍മ മൂല്യങ്ങളില്‍ ജീവിക്കാനും ബുദ്ധി അവന് വഴി കാണിക്കില്ല. ബൗദ്ധികമായി മാത്രം ജീവിതത്തെ സമീപിച്ചവര്‍ക്ക് പരാജയ ദുരന്തങ്ങള്‍ കൂടുതലായിരുന്നു. ധാര്‍മികതയെ തകിടം മറിച്ച് ഭൗതികതയെ വാരിപ്പുണരുന്ന ഇന്നത്തെ അരാജകത്വ ചിന്തകളും ഇതേ ദുരന്തങ്ങളിലേക്ക് തന്നെയാണ് മനുഷ്യനെനയിക്കുന്നത്.
ഇസ്ലാമിക സങ്കല്‍പത്തില്‍ മതത്തിനും ബുദ്ധിക്കുമിടയില്‍ ഒരു തരത്തിലും പോരാട്ട ഭാവമില്ല. അവ പരസ്പര പൂരകമാണ്. ബുദ്ധിയും ചിന്തയും ഉപയോഗിച്ച് ഈമാനിലെത്താം. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ബൗദ്ധിക സമീപനം മനുഷ്യന് ഈമാന്‍ നല്‍കും. സ്വന്തം ശരീരത്തില്‍ തന്നെ അതിന് ഉതകുന്ന പരശതം അടയാളങ്ങളുണ്ട്. ഭൂമിയും ഭൗമേതര സംവിധാനവും, പ്രവര്‍ത്തനങ്ങളുടെ ഭദ്രതയും കൃത്യതയും നമ്മുടെ ബുദ്ധിയെ അല്ലാഹുവിലേക്ക് എത്തിക്കുന്നു. അഹങ്കാരം വെടിഞ്ഞ്, വിനയാന്വിതനായി ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നവന്റെ, വായിക്കുന്നവന്റെ മനസ്സില്‍ ഈമാനിന്റെ ദീപം തെളിയും എന്നതിന് ചരിത്രവും ലോകവുംസാക്ഷിയാണ്.
പ്രപഞ്ചം അല്ലാഹുവിന്റെ പ്രവര്‍ത്തന മികവാണ്. ഖുര്‍ആന്‍ അവന്റെ അന്യൂനമായ നിയമ നിര്‍ദേശങ്ങളുമാണ്. ‘അല്ലാഹുവിനെ കുറിച്ചുള്ള ഈമാന്‍, സംശയമില്ലാത്ത ബോധ്യമായിരിക്കണം’ എന്ന് ഇബ്‌നു മസ്ഊദ് (റ) പറയുന്നു. ബുദ്ധി ഉന്നയിക്കുന്ന സംശയങ്ങള്‍ ബോധ്യങ്ങള്‍ക്ക് മുന്നില്‍ നില നില്‍ക്കില്ല.
ഈമാനിലെത്തി കഴിഞ്ഞാല്‍ പിന്നീട് ഉണ്ടാകുന്ന എല്ലാ സംശയങ്ങള്‍ക്കും പരിഹാരം ലഭിക്കേണ്ടത് ഈമാന്‍ അധിഷ്ഠിത പഠനത്തിലൂടെ ആയിരിക്കണം. കേവല ഭൗതിക ബൗദ്ധിക പഠനം അവസാനിക്കുന്നിടത്ത് നിന്ന് ഈമാനിനെ കൂട്ട് പിടിച്ചു കൊണ്ട് മാത്രമെ വൈജ്ഞാനിക പ്രയാണം സാധ്യമാകുകയുള്ളൂ. ഈ രീതി ശാസ്ത്രം മറന്നതു കൊണ്ടാണ് വിശ്വാസികളെന്ന് പറയുന്നവര്‍ മത നിരാസത്തില്‍ വീഴുന്നത്.
ഏത് ഗവേഷണത്തിനും നിയതമായ രീതി ശാസ്ത്രമുണ്ട്. ഈമാന്‍ അധിഷ്ഠിത മെത്തഡോളജിയാണ് മതത്തേയും ബുദ്ധിയേയും ഒന്നിച്ചു കൊണ്ടുപോകാന്‍ നാം സ്വീകരിക്കേണ്ടത്. ഈമാനികമായി കാര്യങ്ങളെ സമീപിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാക്കുന്ന സംശയങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത നാം ഏറ്റെടുക്കേണ്ടതില്ല. ‘അവര്‍ പരിഹസിച്ചു തള്ളുന്ന കാര്യങ്ങളുടെ നിജസ്ഥിതി കുറച്ച് കഴിഞ്ഞാല്‍ അവര്‍ക്കു തന്നെ ബോധ്യപ്പെടും'(6:05)
കാലാന്തരത്തില്‍ സംഭവിക്കുന്ന വിശ്വാസശൂന്യ യുക്തി സമര്‍ഥനം നബി (സ) പ്രവചിക്കുന്നു. ‘ഈ സൃഷ്ടികളെയെല്ലാം അല്ലാഹു പടച്ചു, എങ്കില്‍ അവനെ ആരാണ് സൃഷ്ടിച്ചത് എന്ന് ചോദിക്കുന്ന കാലം വരും, അത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്കുണ്ടായാല്‍, ‘ആമന്‍ത്തു ബില്ലാ’ (ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു) എന്ന് പ്രഖ്യാപിക്കുക.’ (മുസ്ലിം)
യുക്തിസംവാദം വിശ്വാസരാഹിത്യം പ്രചരിപ്പിക്കുമ്പോള്‍ മുസ്ലിംകള്‍ സ്വീകരിക്കേണ്ട ഈമാനിക സമീപനമാണിത്. ചിന്തയും യുക്തിയും തൃപ്തികരമായ മറുപടി നല്‍കുന്നില്ലെങ്കില്‍ ഈമാന്‍ മാത്രമെ മനസ്സിനെ നേര്‍ ദിശയിലേക്ക് നയിക്കുകയുള്ളു. ദൈവിക ദൃഷ്ടാന്തങ്ങള്‍ വിശ്വസിക്കാത്തവരെ അല്ലാഹു നേര്‍വഴിക്ക് നയിക്കുകയില്ല. ഈമാന്‍ അധിഷ്ഠിത ബുദ്ധിയും യുക്തിയുമാണ് മനുഷ്യ പ്രകൃതത്തിന്റെ താല്‍പര്യം. മറിച്ചുള്ളതെല്ലാം അതിനോടുള്ളപോരാട്ടമാണ്.

Back to Top