ബാത്വിലിനെ സത്യവുമായി കൂട്ടിക്കലര്‍ത്തല്‍
എ അബ്ദുസ്സലാം സുല്ലമി
സൂറത്തുല്‍ ബഖറയിലെ 42-ാം വചനം അടിസ്ഥാനമാക്കിയാണ് ഈ ഖുത്ബ. സത്യത്തെയും അസത്യത്തെയും കൂട്ടിക്കലര്‍ത്തുന്നതിന്റെ ഗൗരവമാണ് ഈ വചനത്തിലൂടെ അല്ലാഹു ഉണര്‍ത്തുന്നത്. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി യഥാര്‍ഥ സത്യത്തെ മറച്ചുവെക്കുന്ന സ്വഭാവം ജൂതന്മാരിലാണ് കൂടുതലുള്ളത്. എന്നാല്‍ ഇന്ന് അത് മുസ്‌ലിം സമുദായത്തിലും കാണുന്നുണ്ട്. ചില ഉദാഹരണങ്ങള്‍:
1. സ്വന്തം ശരീരത്തേക്കാള്‍ നബി(സ)യെ സ്‌നേഹിക്കണം.

ഇതൊരു സത്യമാണ്. എന്നാല്‍ നബിദിനം ആഘോഷിക്കല്‍ അനാചാരമാണ്. ബാത്വില്‍ ആണ്. സത്യത്തോടൊപ്പം ബാത്വിലിനെ കലര്‍ത്തി അവതരിപ്പിക്കുന്നു. നബിദിനാഘോഷം മൂന്ന് നൂറ്റാണ്ടിനു ശേഷം ഉണ്ടായതാണെന്ന വസ്തുത മറച്ചുവെക്കുന്നു.
2. ഔലിയാക്കളെ സ്‌നേഹിക്കണം, ആദരിക്കണം

ഔലിയാക്കളുടെ പേരില്‍ നേര്‍ച്ച നടത്തുക, അവരെ വിളിച്ചുതേടുക, അവരുടെ പേരില്‍ സത്യം ചെയ്യുക, അവരുടെ ഖബര്‍ കെട്ടി ഉയര്‍ത്തുക മുതലായവ ശിര്‍ക്കുപരമായ ബാത്വില്‍ ആണ്. സത്യത്തിനോടൊപ്പം ഈ ബാത്വിലിനെ കൂട്ടിക്കലര്‍ത്തി ചിലര്‍ അവതരിപ്പിക്കുന്നു. അങ്ങനെ ഇവയെല്ലാം ശിര്‍ക്കാണെന്ന സത്യത്തെ മറച്ചുവെക്കുന്നു.
3. നബിമാര്‍ക്ക് മുഅ്ജിസത്തും ഔലിയാക്കള്‍ക്ക് കറാമത്തും ഉണ്ട്. ഇത് സത്യമാണ്. എന്നാല്‍ അവര്‍ക്ക് ഇതിനുള്ള കഴിവ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ഉദ്ദേശിക്കുമ്പോള്‍ എല്ലാം തന്നെ ഇവ പ്രകടിപ്പിക്കുമെന്നും അവരെ വിളിച്ചു ഇസ്തിഗാസ ചെയ്യാമെന്നും പറയുന്നത് ബാത്വില്‍ ആണ്. ചിലര്‍ ഈ ബാത്വിലിനെ സത്യവുമായി കലര്‍ത്തി അവതരിപ്പിക്കുന്നു. സത്യത്തെ മറച്ചു വെക്കുന്നു.
4. കൂട്ടുപ്രാര്‍ഥനയെ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. എന്നാല്‍ നമസ്‌കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന ബാത്വില്‍ ആണ്. ചിലര്‍ ഈ ബാത്വിലിനെ സത്യവുമായി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്നു. അതിനുവേണ്ടി ശാഫിഈ മദ്ഹബ് ഗ്രന്ഥങ്ങളില്‍ പോലും പറഞ്ഞ വസ്തുതകളെ മറച്ചുവെക്കുന്നു.
5. ദരിദ്രര്‍ക്കും മറ്റുള്ളവര്‍ക്കും അന്നദാനം ചെയ്യല്‍ ഇസ്‌ലാം പ്രേരിപ്പിച്ചതാണ്.

ഇങ്ങനെ ഖുര്‍ആനില്‍ പറയുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ മരിച്ച വീട്ടില്‍ മൂന്നിന്റെ അന്നും നാല്‍പതിനും വര്‍ഷാവസാനത്തില്‍ ആണ്ട് കഴിക്കലുമെല്ലാം ബാത്വില്‍ ആണ്. ചിലര്‍ ഈ ബാത്വിലിനെ സത്യവുമായി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്നു. അങ്ങനെ അനാചാരങ്ങളെ സത്യമായി കരുതുന്നു. ഇവയെല്ലാം ബിദ്അത്തുകളാണെന്ന പണ്ഡിത വിശദീകരണങ്ങളും മദ്ഹബ് അഭിപ്രായങ്ങളും മറച്ചുവെക്കുന്നു.
6. മലക്കും ജിന്നും നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്‌തേക്കാം. എന്നാല്‍ നമുക്ക് അവരെ കാണാനും കേള്‍ക്കാനും സാധ്യമല്ല. നമ്മെ സംബന്ധിച്ച് അവര്‍ അദൃശ്യ സൃഷ്ടികളാണ്. നമ്മെ അവര്‍ക്ക് കാണാനും കേള്‍ക്കാനും സാധിക്കുന്നതിനാല്‍ അവര്‍ ദൃശ്യവും ഭൗതികവുമായ സൃഷ്ടികളാണ്. അവരെ വിളിച്ച് സഹായം തേടുന്നത് ശിര്‍ക്കല്ല എന്ന് പറയല്‍ ബാത്വിലാണ്. ഈ ബാത്വിലിനെ ചിലര്‍ സത്യവുമായി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്നു. സത്യത്തെ മറച്ചുവെക്കുകയും ചെയ്യുന്നു.
7. എല്ലാ നബിമാരും പ്രഥമമായി പ്രബോധനം ചെയ്തത് തൗഹീദാണ്. എന്നാല്‍ എല്ലാ സമയത്തും എല്ലാ സന്ദര്‍ഭത്തിലും അതുതന്നെ പറയണം, മറ്റുള്ള വിഷയങ്ങള്‍ സന്ദര്‍ഭോചിതം പറയുന്നത് മുന്‍ഗണനാ ക്രമം തെറ്റിക്കലാണ് എന്ന് പറയുന്നത് ബാത്വിലാണ്. ചിലര്‍ ഈ ബാത്വിലിനെ സത്യവുമായി കലര്‍ത്തി അവതരിപ്പിക്കുന്നു.
രാഷ്ട്രീയക്കാരിലും ഈ സ്വഭാവം കാണാം. ചില ഭരണാധികാരികളും ശാസ്ത്ര പണ്ഡിതന്മാരും ഈ സ്വഭാവം കാണിക്കാറുണ്ട്. സത്യവും അസത്യവും കൂടി കലര്‍ത്തിയാണ് ചിലര്‍ ദൈവത്തെ വരെ നിഷേധിക്കുന്നത്. ഇസ്‌ലാമിലെ വിവിധ പ്രമാണങ്ങളെ ഈ രൂപത്തില്‍ സത്യവുമായും അസത്യവുമായും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള എല്ലാ കൂട്ടിക്കലര്‍ത്തലിനെയുമാണ് അല്ലാഹു താക്കീത് ചെയ്യുന്നത്.
കുറിപ്പുകള്‍
(1) (ബുഖാരി 7582) അര്‍ഥം: തന്റെ മകനെക്കാളും പിതാവിനെക്കാളും എല്ലാ ആളുകളെക്കാളും ഞാന്‍ അവനു പ്രിയപ്പെട്ടവനാകുന്നതുവരെ നിങ്ങളില്‍ ആരും വിശ്വസികളാവുന്നില്ല.
(2) ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
(3) പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍
(4) അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. (നരകാവകാശികളായി തീര്‍ന്ന ആളുകള്‍ എന്തുകൊണ്ട് നരകത്തില്‍ പ്രവേശിക്കപ്പെട്ടു എന്ന ചോദ്യത്തിന് നല്‍കുന്ന മറുപടിയാണ് ഈ വചനത്തിലുള്ളത്)
