27 Saturday
July 2024
2024 July 27
1446 Mouharrem 20

ബഷീര്‍ സാഹിത്യത്തിന്റെ നവോത്ഥാന ശീലങ്ങള്‍

ജമാല്‍ അത്തോളി


ബഷീര്‍ പലവിധത്തില്‍ വായിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങള്‍ക്ക് പലവുരു ബഷീര്‍ കൃതികള്‍ വിധേയമായി. ഒന്നിലും പൂര്‍ണമായി ഒതുങ്ങാത്തതാണ് ബഷീറും അദ്ദേഹത്തിന്റെ എഴുത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു കള്ളിയിലും അദ്ദേഹത്തെ ഒതുക്കിനിര്‍ത്താനാവില്ലെന്ന് പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ ആര്‍ ഇ ആഷര്‍ വിലയിരുത്തിയിട്ടുണ്ട്. താത്വികവും ഗൗരവതരവുമായ വിശകലനങ്ങള്‍ക്കു നേരെപ്പോലും പോടാ, ഗ്രാസേ എന്നു ചൊല്ലുന്ന ഒരു നിഷേധിയായി തത്വശാസ്ത്രങ്ങളില്‍ തളച്ചിടാനാവാതെ ബഷീര്‍ മാറുന്നത് കാണാം. ‘യുദ്ധം അവസാനിക്കണമെങ്കില്‍ എല്ലാവര്‍ക്കും വരട്ടുചൊറി വരണം’ എന്ന അസാധാരണമായ, സാധാരണക്കാരന്റെ ദാര്‍ശനിക തലത്തിലേക്ക് ബഷീര്‍ ബുദ്ധിജീവികളെ വെല്ലുവിളിച്ചുകൊണ്ട് കടന്നുകയറുന്നു. അനിഷേധ്യമായ ആ തലയെടുപ്പില്‍ അഭിനവ ബുദ്ധിജീവികള്‍ ചൂളിപ്പോവും.
ഗൗരവത്തിന്റെ കട്ടിക്കണ്ണടച്ചില്ലുകളിലൂടെ തിരിച്ചറിയാനാവാനാകാത്ത ‘ഒരുളുമ്പൂസന്‍’ ചിരി ബഷീര്‍ എപ്പോഴും ചൂണ്ടില്‍ സൂക്ഷിച്ചു. കഥയ്ക്കും നോവലിനും പ്രത്യേക നിര്‍വചനമുണ്ടാക്കി, നിയമങ്ങള്‍ കല്‍പിച്ചുനല്‍കി, പരസ്പരം ചേരാത്ത കള്ളികളിലാക്കിയിട്ട് എഴുതാതിരുന്നതായിരുന്നില്ല അദ്ദേഹം. പഠനങ്ങള്‍ക്കുവേണ്ടി ഒന്നും എഴുതിയില്ല. അനര്‍ഗളമായി പ്രവഹിച്ച ആ ധോരണി പഠിക്കുകയാവാം, വിശകലനങ്ങളാവാം. പക്ഷേ, പഠിതാവിന്റെ വിശകലന തന്മാത്രയില്‍ ബഷീറിയന്‍ രചനയുടെ മാസ്മരിക പ്രകാശമുണ്ടാവില്ലെന്നോര്‍ക്കണം.
ബേപ്പൂരിലേക്ക് ബസ് കയറി വൈലാലും മാങ്കോസ്‌റ്റൈനും നൂറ്റൊന്നാവര്‍ത്തിച്ച് ബഷീര്‍ സാഹിത്യത്തിന്റെ ചെലവില്‍ വാരാന്ത്യപ്പതിപ്പുകളില്‍ സ്വന്തം പേര് അച്ചടിപ്പിച്ചവരെത്ര! തികച്ചും ഭക്തിയോടെ, ഭയപ്പാടോടെ ആ മനുഷ്യനിലേക്കും ഭാഷയിലേക്കും തീര്‍ഥാടനം ചെയ്ത് സ്വയം പഠിക്കുകയും സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് വിഭവമൊരുക്കുകയും ചെയ്തവരും ഏറെയുണ്ട്. ഭാഷയുടെ ഉപാസകന്മാര്‍ സംഘടിപ്പിച്ച സംവാദങ്ങളും സെമിനാറുകളും നിരവധി. സൂക്ഷ്മതയോടെ ത്യാഗപരിശ്രമം ചെയ്തവര്‍ക്കും തീരത്തുനിന്നുള്ള ഒരു വിഹഗവീക്ഷണമോ സാഗരത്തില്‍ നിന്നും കൈക്കുമ്പിളെടുത്തുള്ള പരിശോധനയോ മാത്രമേ സാധ്യമായിട്ടുള്ളൂ പലപ്പോഴും.
ബഷീര്‍ കൃതികളിലെ നവോഥാന ദര്‍ശനവും ഒരു പുതിയ പരിശോധനയല്ല. പരിശ്രമങ്ങള്‍ അതിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുമ്പേ തന്നെ ബഷീറിന്റെ കഥാലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ തരത്തിലൊരു പഠനത്തെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ ഒളിമിന്നിയിരുന്നു. ഭാഷയിലും എഴുത്തിലും സാഹിത്യത്തിന്റെ രീതിശാസ്ത്രത്തിലുമൊക്കെ ഒരു പൊളിച്ചെറിയലും നവോഥാനശീലും പുലര്‍ത്തിയ ആളാണല്ലോ ബഷീര്‍. അതേപ്പറ്റി ഭാഷാ സാഹിത്യ വിശാരദന്മാരുടെ വിശകലനങ്ങള്‍ നാമറിഞ്ഞിട്ടുണ്ട്. പക്ഷേ, സാമുദായികവും ആദര്‍ശപരവുമായ, തികച്ചും മതകീയമായ ബഷീറിന്റെ നവോഥാന സങ്കല്‍പത്തെക്കുറിച്ച് സമഗ്രമായി അധികമാരും സ്പര്‍ശിച്ചിട്ടില്ല. ആ മഹാ മനുഷ്യന്റെ കഥാപ്രപഞ്ചത്തില്‍ വായിച്ചനുഭവിച്ച പ്രസ്തുത നവോഥാന ചിന്തയുടെ ശീലുകള്‍ ചേര്‍ത്തുവെക്കാനുള്ള എളിയ ശ്രമമാണിത്.
ചുറ്റുപാടുമുള്ള ജനങ്ങളോട് സ്വന്തം വിശ്വാസാദര്‍ശങ്ങളുടെ അഭിമാനകരമായ മാനവികതയും സാര്‍വജനീനതയും അദ്ദേഹം വിളിച്ചുപറഞ്ഞു. ഒപ്പം സ്വസമുദായത്തിന്റെ ശോചനീയമായ ഇരുട്ടറകളിലേക്ക് തിരിച്ചറിവിന്റെയും തിരുത്തലിന്റെയും വെളിച്ചമെത്തിക്കാനും ശ്രമിച്ചു. അറിവില്ലായ്മയുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും എല്ലാ പിന്നാക്കാവസ്ഥകളുടെയും നുകം പേറുന്ന ഒരു സമുദായത്തിലെ മെമ്പറായ ബഷീര്‍, കരചലനങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് തന്റെ നിയോഗത്തിന് അനുപമമായ ഒരു തട്ടകം സൃഷ്ടിക്കുകയായിരുന്നു. അതൊന്നിനോടും നേരിട്ടുള്ള യുദ്ധമായിരുന്നില്ല. അതിനേക്കാള്‍ സംവേദനക്ഷമമായ ആഘോഷപ്പെടുത്തലായിരുന്നു. സാഹിത്യത്തെ ഏതെങ്കിലും അതിരുകളിലേക്ക് ഒതുക്കുകയായിരുന്നില്ല, അനായാസമായ തന്റെ പ്രവാഹങ്ങളില്‍ ആവാഹിച്ച് പുതിയ വിശാല വെള്ളച്ചാട്ടം സാധ്യമാക്കുകയായിരുന്നു. ആ ജലപാതത്തിന്റെ ഇരമ്പലുകള്‍ ഉള്ളില്‍ വഹിക്കുമ്പോഴും നിസ്സംഗതയുടെ പ്രശാന്തത സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുവരെ ഒഴുകിയ വഴികള്‍ വിട്ട് സാഹിത്യത്തെ ഗതി മാറ്റി വിട്ടപ്പോഴും വയറ്റുപ്പിഴപ്പിനു വേണ്ടി വല്ലതും കുത്തിക്കുറിക്കുന്നു എന്ന നിസ്സാര ഭാവത്തില്‍ അദ്ദേഹം നടന്നുനീങ്ങി. എന്നാല്‍ ബഷീറിന് നിശിതമായ ചില ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ഓരോ വാക്കും കണിശമായ ശ്രദ്ധയോടെ അദ്ദേഹം ഉള്ളറിഞ്ഞ് ഉപയോഗിക്കുകയായിരുന്നു. ഒന്നും വലിച്ചുനീട്ടി വായിപ്പിക്കുകയായിരുന്നില്ല. 1987ല്‍ ഒരഭിമുഖത്തില്‍ എഴുതിത്തുടങ്ങിയതിന്റെ കാരണങ്ങളെക്കുറിച്ച് ബഷീര്‍ പറഞ്ഞു:
”യേശുക്രിസ്തു ദൈവത്തിന്റെ പുത്രനാണ്. മുഹമ്മദ് മുസല്‍മാന്‍മാര്‍ എന്ന മേത്തന്മാരുടെ ദൈവം. ഇത് അയല്‍ക്കാരനായ രാമന്‍ നായരുടെ അഭിപ്രായമാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസല്‍മാന്‍മാര്‍ എന്നു പറഞ്ഞാല്‍ എന്തോ അപരിഷ്‌കൃതരായ കാട്ടാളന്മാര്‍. ഞാന്‍ വായിച്ച മലയാളം നോവലുകളിലെ നീചകഥാപാത്രങ്ങള്‍ മുസ്‌ലിംകളാണ്. കള്ളന്മാര്‍, പിടിച്ചുപറിക്കാര്‍, പോക്കറ്റടിക്കാര്‍, കൊലപാതകികള്‍ എല്ലാം മുസ്‌ലിംകള്‍. ഇതൊക്കെ എന്റെ മനസ്സില്‍ തറച്ചിരുന്നു. ഞാന്‍ വലുതാകുമ്പോള്‍ മുസ്‌ലിം കഥകള്‍ എഴുതും. നോക്കാമല്ലോ. ചിലതൊക്കെ എഴുതി. മുസല്‍മാന്മാരുടെ ദൈവമല്ല മുഹമ്മദ്. ഇസ്‌ലാമിനെപ്പറ്റി ലേശം അറിവു കൊടുക്കുക. പള്ളിയങ്കണത്തിലെ രാപ്രസംഗം കേള്‍ക്കാന്‍ രാമന്‍ നായരും ജോണും വരില്ല. അതിലുള്ളത് വഅളാണ്.

‘ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു’ അത് വായിച്ച് ആരും ഇസ്‌ലാമിലേക്ക് വരാനല്ല. ഇസ്‌ലാമിനെപ്പറ്റി ലേശം അറിവു കൊടുക്കാന്‍. അത് കേരളത്തില്‍ പാഠപുസ്തകമായി. ആദ്യം സ്തുതിച്ചു പ്രൈസ് തന്നവര്‍ നിന്ദിച്ചു. എതിര്‍പ്പിന്റെ ഘോരാട്ടഹാസം. എല്ലാവരും എന്തിന് എതിര്‍ത്തു? ഒരു മുസ്‌ലിമിന്റെ പുസ്തകം. അത് കുറേ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും കാശു കൊടുത്ത് വാങ്ങിച്ചു… എഴുത്തുകാരന്‍ ആകാനുള്ള യോഗ്യതയൊന്നും എനിക്കില്ല. അല്ലാഹുവിന്റെ അനുഗ്രഹം. ഞാന്‍ എഴുതി. എഴുതുമ്പോള്‍ മുസ്‌ലിമാണെന്ന ദൃഢമായ ഓര്‍മയുണ്ടായിരിക്കും” (മുജാഹിദ് സംസ്ഥാന സമ്മേളന സുവനീര്‍, ഫറോക്ക്).
”(ചെറുപ്പത്തില്‍) വായിച്ച നോവലുകളില്‍ നിന്ന് ഒരു സത്യം വെളിവായി. അന്ന് മലയാള സാഹിത്യം മേല്‍ജാതിക്കാരായ ഹൈന്ദവരുടെയും രാജകുടുംബാംഗങ്ങളുടെയും വകയാണ്… അന്നെനിക്ക് ശ്രേഷ്ഠരായ മുസ്‌ലിം മഹത്തുക്കള്‍ പ്രദാനം ചെയ്ത മഹത്തായ സംസ്‌കാരത്തെപ്പറ്റി അറിയുമായിരുന്നില്ല. ചുറ്റുമുള്ള മുസ്‌ലിം പൗരാവലിയും ഹിന്ദുക്കളെ അപേക്ഷിച്ച് വലിയ മോശക്കാരായിരുന്നില്ല… മുസ്‌ലിം സമുദായത്തില്‍ എന്തുകൊണ്ട് ആരും എഴുത്തുകാരായിത്തീരുന്നില്ല? എനിക്ക് ഓര്‍മ തോന്നുന്ന കാലത്ത് മലയാള സാഹിത്യം തൊണ്ണൂറ് ശതമാനവും ഹിന്ദു മതമാണ്. അതുതന്നെയായിരുന്നു പാഠപുസ്തകങ്ങളിലും. ശ്രീരാമന് എത്ര മക്കളുണ്ടായിരുന്നു എന്ന വാര്‍ത്ത ചെറുപ്പത്തിലേ എനിക്ക് അറിയാം. അയല്‍പക്കത്തെ ഹിന്ദുവിന് ക്രിസ്തുമതത്തെപ്പറ്റിയോ ഇസ്‌ലാം മതത്തെപ്പറ്റിയോ എന്തറിയാം? ഇസ്‌ലാം എന്നാല്‍ ബ്രിഡ്ജുകളി മാതിരി ഒരു ചീട്ടുകളിയുടെ പേരാണ്. അറബിക്കഥകള്‍ എന്ന പുസ്തകം എഴുതിയ ആളുടെ പേരാണ് പ്രവാചകനായ മുഹമ്മദ് (എന്നുള്ളത് അി അിവേീഹീഴ്യ ീള കഹെമാശര ഘശലേൃമൗേൃല എന്ന അമേരിക്കയില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ നിന്ന്). ആയിരത്തിലധികം കൊല്ലമായി ക്രൂരക്രൂരങ്ങളായ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്തിന്? ഈ കുഷ്ഠം പിടിച്ച ആത്മാക്കളുടെ നുണകള്‍ വായിക്കുന്നവര്‍ക്ക് ഇസ്‌ലാമിനെപ്പറ്റി നല്ല അഭിപ്രായമായിരിക്കുമല്ലോ?” (ഓര്‍മയുടെ അറകള്‍).
എം പി പോളിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കവേ ബഷീര്‍ എഴുതി: ”മുസ്‌ലിം സമുദായത്തിന്റെ മാര്‍ക്കം എന്ന സുന്നത്ത് കല്യാണം സാഹിത്യവിഷയമാക്കിയത് (പലരും) എതിര്‍ത്തു. ആ കാലത്ത് ഹിന്ദുമതവും ആചാരങ്ങളുമായിരുന്നു മലയാള സാഹിത്യം. മുസ്‌ലിം പരിശുദ്ധ ഹൈന്ദവ ചോര ചിന്തുന്ന സമുദായം ക്രൂരമുഹമ്മദരായിരുന്നു.”
(ബഷീര്‍) മഹത്തായ കലാസൃഷ്ടിക്കു പുറമേ ഒരു സമുദായ സേവനം കൂടി സാധിച്ചിട്ടുണ്ട്. ഒരു സമുദായത്തിന്റെ ഹൃദയത്തില്‍ പ്രവേശിക്കാനുള്ള ഏക മാര്‍ഗം സാഹിത്യമാണ്. എന്നാല്‍ കേരളത്തിലെ ഒരു വമ്പിച്ച ജനവിഭാഗമായ മുസ്‌ലിം സമുദായം നമ്മുടെ സാഹിത്യത്തിന് അപരിചിതമായിട്ടാണ് കഴിഞ്ഞത്. തന്നിമിത്തമുള്ള നഷ്ടം മുസ്‌ലിം സമുദായത്തിനല്ല, മലയാള സാഹിത്യത്തിനാണ്. തിരണ്ടുകല്യാണം സാഹിത്യവിഷയമാകാം. പക്ഷേ, മാര്‍ക്കക്കല്യാണം സാഹിത്യത്തിന്റെ ആഭിജാത്യത്തിന് ചേര്‍ന്നതല്ല എന്നു വിചാരിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. ഈ കൃതി (ബാല്യകാലസഖി) നമ്മുടെ മധ്യേ നിവസിക്കുന്ന ഒരു ഗണനീയമായ ജനവിഭാഗത്തോട് ഹൃദയബന്ധമുണ്ടാക്കാന്‍ പര്യാപ്തമാണ് എന്ന് എം പി പോള്‍ ഇതിനു മറുപടി നല്‍കിയിട്ടുണ്ട്.
ബഷീറെഴുത്തുകളുടെ ചേതനയതായിരുന്നു. പക്ഷേ, ബഷീറിനെ ഒരു കൂട്ടര്‍ മാത്രം മനസ്സിലാക്കിയില്ല. ആര് ഏറ്റവും കൂടുതല്‍ തന്റെ വരികള്‍ക്കിടയിലെ വിലാപം ഉള്‍ക്കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് അദ്ദേഹം ഇച്ഛിച്ചോ അവര്‍ (മുസ്‌ലിം സമുദായം). തന്നെ തിരിച്ചറിയാത്തതോ ആദരിക്കാത്തതോ പോകട്ടെ, വായിച്ച് ഇത്തിരി പോലും കരുത്താര്‍ജിക്കാത്തതില്‍ ആ ഹൃദയം എത്ര വേദനിച്ചിരിക്കാം.
ഇസ്‌ലാമും ഖുര്‍ആനും നല്‍കിയ വെളിച്ചം സഹജീവികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ബഷീര്‍ ശ്രമിച്ചു. വായിക്കുന്നവരുടെ മനസ്സില്‍ ദീര്‍ഘമായി നില്‍ക്കേണ്ട ആ വെളിച്ചം കൂടുതല്‍ സൂക്ഷ്മവും തീക്ഷ്ണവുമാക്കാന്‍ സമുദായനേതൃത്വം സഹകരിച്ചില്ല. മതപണ്ഡിതന്മാര്‍ കണ്ടറിഞ്ഞ് ബഷീറുമായി സഹവസിച്ചിരുന്നുവെങ്കില്‍ ഖുര്‍ആനില്‍ നിന്നും അദ്ദേഹം കൊളുത്തിയെടുത്ത അഗ്നിസ്ഫുലിംഗങ്ങള്‍കൊണ്ട് സമുദായത്തിന്റെ വെളിച്ചമേല്‍ക്കാത്ത ഇടനാഴിക തേജോമയമാക്കാമായിരുന്നു. മലയാളത്തില്‍ ബഷീര്‍ എന്നതിനു പകരം ബശീര്‍ എന്നെഴുതണം എന്നതു മുതല്‍, ഹദീസുകളെക്കുറിച്ച ഗഹന ചര്‍ച്ചക്ക് വരെയും സാഹിത്യത്തിന്റെയും ഇസ്‌ലാമിക പ്രബോധനത്തിന്റെയും സമന്വയ സാധ്യതകളെയും എഴുത്തിലെ സ്ഖലിതങ്ങളോളവും ചെന്നെത്തുന്ന സഹായം ഉണ്ടായില്ലെന്നത് ദുഃഖകരമായി.
സമുദായം പലതിനെയും വൈകാരികമായാണ് ഉള്‍ക്കൊണ്ടത്. ഏതാനും ആചാരാനുഷ്ഠാനങ്ങളിലൂടെ മാത്രം മനുഷ്യസ്പര്‍ശമില്ലാത്ത മോക്ഷത്തിന്റെ വഴി തേടുന്നതിനോട് ബഷീര്‍ മതിപ്പു പുലര്‍ത്തിയിരുന്നില്ല. ചടങ്ങിന് അഞ്ചു നേരം നമസ്‌കരിച്ചു, നോമ്പു നോറ്റ്, അതിന്റെ ആത്മഭാവം ഉള്‍ക്കൊള്ളാതെ, സ്വര്‍ഗത്തില്‍ മെതിയടിയിട്ട് ആഢ്യത്വത്തോടെ അങ്ങ് കയറിപ്പറ്റാമെന്ന വൃഥാവ്യാമോഹത്തിലായിരുന്നു സമുദായം. അവര്‍ക്ക് വയളേ പ്രബോധന മാര്‍ഗമുള്ളൂ. സാഹിത്യം അതിന് ഉപയോഗപ്പെടുത്താമെന്ന വിദൂരസമ്മതം പോലും തോന്നായ്കയാണ് ബഷീര്‍ അനുഭവിച്ച അയിത്തത്തിന് കാരണം.
പ്രബോധനവും
സാഹിത്യവും

ഇനിയെങ്കിലും വൈക്കം മുഹമ്മദ് ബഷീര്‍ എന്ന നിയോഗത്തെ പഠിച്ചറിയാന്‍ പ്രബോധക വിദ്യാര്‍ഥികള്‍ ഒരുമ്പെടണം. ഇരിക്കപ്പൊറുതിയില്ലാതെ ബഷീറിനെ വേദനിപ്പിച്ച് കഥകളിലെത്തിച്ചതെന്ത്? സംസ്‌കാരത്തിന്റെ മടിത്തട്ടുകളിലേക്കും വിസ്മയിച്ചുപോകുന്ന വിശകലനങ്ങളിലേക്കും ആരാണീ മുതിര്‍ന്ന കുഞ്ഞിനെ എടുത്തെറിഞ്ഞത്? കൗതുകത്തോടെയെങ്കിലും ഉള്ള ഒരന്വേഷണം, ഒരു വേട്ടനായയെപ്പോലെ തന്നെ പിന്തുടരുന്ന നിയോഗത്തിന്റെ നീതിയെന്തെന്ന് ബഷീര്‍ തിരിഞ്ഞുനിന്ന് ചോദിച്ച സമസ്യകള്‍ക്ക് ഉത്തരമാവും.
സാഹിത്യം പ്രബോധനത്തില്‍ പ്രയോഗിച്ചുനോക്കിയവര്‍ ഇല്ലാതില്ല. പക്ഷേ, മിക്കതും പരാജയമായിരുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യ സങ്കല്‍പത്തില്‍ കുടുസ്സായ മൂക്കുകയറിട്ട് പ്രബോധനത്തിലേക്ക് വലിച്ചാല്‍ വായിക്കപ്പെടില്ല. സന്ദേശം ഒരന്തര്‍ധാര പോലെ അവാച്യതലങ്ങളിലൂടെ അനുവാചകനിലേക്ക് കടന്നുകയറുകയാണ് വേണ്ടത്. ബഷീറിന്റെ വിജയം അതായിരുന്നു. ബഷീര്‍ കൃതികളില്‍ സാമൂഹിക വിമര്‍ശനങ്ങള്‍ ധ്വന്യാത്മകമാണ്, പ്രകടനാത്മകമല്ല. സാരോപദേശങ്ങള്‍ ആയിട്ടല്ല അവയുള്ളത്. നൂലിഴ വ്യത്യാസപ്പെടുത്താതെ ചിന്തകളും കഥയും ഇടചേര്‍ത്തു നെയ്തുകൊണ്ടാണ് സ്വതന്ത്ര വിലയിരുത്തലുകള്‍ക്കും എം ടി, പത്മനാഭന്‍ തുടങ്ങി അടുത്തറിഞ്ഞവരെക്കൊണ്ടെല്ലാം ശുദ്ധകലാകാരനെ ഇഴപിരിക്കാതെ ഉള്‍ക്കൊള്ളിക്കാനും സാധിപ്പിച്ചത്. വ്യക്തിത്വത്തിന്റെയും എഴുത്തിന്റെയും മതിലുകള്‍ പൊട്ടിക്കാനനുവദിക്കാതെ അനവദ്യസുന്ദരമായ തൂലികാപ്രഭയിലൂടെ ബഷീര്‍ അനുവാചകനെ നടത്തി. കല്‍പനാംശവും ആത്മകഥാംശവും എവിടെയെല്ലാമാണെന്ന് കണ്ടെത്താനാവാത്തവിധം. എല്ലാം പോസ്റ്റുമോര്‍ട്ടം ചെയ്തു പരിശോധിക്കുന്ന നിരൂപകന്മാരുടെയും സാംസ്‌കാരിക നായകന്മാരുടെയും ഇടയില്‍, സാഹിത്യ ആചാര്യന്മാരെക്കൊണ്ടും രംഗം അടക്കിവാണവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിച്ചുകൊണ്ടുതന്നെ അദ്ദേഹം പലതും ഉറക്കെപ്പറഞ്ഞു. ആ ധൈര്യപ്പെടല്‍ ചില്ലറക്കാര്യമല്ല.
ഇസ്‌ലാമിക നവോഥാനത്തിന് ബഷീറിന്റെ സംഭാവനകളെ വിശേഷപ്പെടുത്തുമ്പോഴും ആ തൂലിക ഏതെങ്കിലും വരുതിയിലോ അതിരുകളിലോ ഒതുങ്ങുന്ന സങ്കുചിത സ്വഭാവം കൈവരിക്കുന്നില്ല. വിശ്വവിശാലമായ ചക്രവാളത്തിന്റെ വരുതിക്കുള്ളിലാണ് സ്വസമുദായത്തില്‍ ആവശ്യമായ തിരുത്തലുകളും അദ്ദേഹം കോറിയിടുന്നത്. വീടിന്റെ അകത്തളങ്ങളിലും പുറത്തും മുസ്‌ലിം സമുദായം അനുഭവിക്കുന്ന അശാസ്ത്രീയതകളെ ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെ ബഷീര്‍ ദൃഷ്ടിഗോചരമാക്കി.
രചനയ്ക്കു വേണ്ടത്ര അനുഭവസമ്പത്ത് യാത്രകളിലൂടെ ബഷീര്‍ സ്വായത്തമാക്കിയിരുന്നു. സ്വീകരിക്കാന്‍ ആളും സ്‌പോണ്‍സര്‍മാരുമുള്ളിടത്തേക്ക് കോട്ടിട്ട് വിമാനം കയറുകയായിരുന്നില്ല; യാഥാര്‍ഥ്യങ്ങളുടെ ഇരുണ്ട ഇടനാഴികളിലൂടെ തെണ്ടിയലഞ്ഞു നടക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ വെച്ച് അല്ലാമാ യൂസുഫലി, മുഹമ്മദ് അസദ് തുടങ്ങിയവരെ പരിചയപ്പെടുന്നതും പുരോഗമന ചിന്താഗതിക്കാരനായ ബഷീറിന്റെ ഉള്ളില്‍ ശുദ്ധ മതസങ്കല്‍പത്തിന്റെ ദൃഢത കൈവരുന്നതും ഈ അലച്ചിലിനിടെയാണ്.
മാവിന്റെ ഉച്ചിയിലെ ചില്ലകളില്‍ പിടിച്ച് ഇലപ്പടര്‍പ്പുകള്‍ക്കു മീതേക്കൂടി നോക്കുക മജീദിന് (ബാല്യകാലസഖി) ഒരു രസമാണ്. ചക്രവാളത്തിന്റെ അപ്പുറത്തേക്കുള്ള ലോകങ്ങള്‍ കാണാന്‍ അവന് കൊതിയാണ്. ‘പോടാ, പോ, നീ രാജ്യത്തെ ചുറ്റി ഒന്നു പഠിച്ചിട്ടു വാ’- മജീദിനോടുള്ള ബാപ്പയുടെ ആട്ട് ബഷീര്‍ ഏറ്റെടുക്കുകയായിരുന്നു. ആഫ്രിക്ക, അറേബ്യ, ഹിമാലയ സാനുക്കള്‍ തുടങ്ങി സഞ്ചാരത്തിന്റെയും സന്യാസി, സൂഫി, പട്ടിണി, ജയില്‍, സ്വാതന്ത്ര്യ സമരം, തീവ്രവാദം തുടങ്ങിയ ജീവിതവേഷങ്ങളുടെയും ഊര്‍ജം കൊണ്ട് അനുഭവങ്ങളുടെ ഒരു വന്‍കര തന്നെ ബഷീര്‍ സാഹിത്യത്തിലേക്ക് കൊണ്ടുവന്നു. (പ്രയോഗത്തിന് എം എന്‍ വിജയനോട് കടപ്പാട്). യാചകന്മാരുടെ കൂടെയും ഗോസായിമാരുടെയും സഖാവായും ഹോട്ടല്‍ വേലക്കാരനായും പല നിലയിലും ജീവിച്ചു. പണം സമ്പാദിക്കണമെന്ന മോഹം മജീദിനില്ലായിരുന്നു. കാണുക, അറിയുക- അതായിരുന്നു ലക്ഷ്യം. ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് നോക്കിക്കാണാനുള്ള ഈ കരുത്താണ് ബഷീറിന്റെ അക്ഷരങ്ങളെ സൂക്ഷ്മ സംവേദിനികളാക്കിയതും.
അനുരാഗവും ആത്മീയതയും തീക്ഷ്ണയാഥാര്‍ഥ്യവും ഒരേസമയം ബഷീര്‍ പകര്‍ത്തി. ഒരു കപട പരിത്യാഗിയുടെ വേഷം ബഷീര്‍ ഇഷ്ടപ്പെട്ടില്ല. ആളെ കാണുമ്പോള്‍ മാത്രം മുണ്ട് മടക്കിക്കുത്തഴിച്ചൊതുക്കുന്ന കൃത്രിമ വിനയഭാവം ബഷീറിനില്ല. മുണ്ട് മടക്കിപ്പിടിച്ച് അറ്റം കയ്യിലൊതുക്കി ഒരു നടത്തം. അതെ, നടപ്പിലും എടുപ്പിലും എഴുത്തിലും സാധാരണത്വം സൂക്ഷിച്ച ബഷീറിനെ ‘പുരയിടത്തില്‍’ എന്ന അടിക്കുറിപ്പ് നല്‍കിയ ചിത്രത്തില്‍ (ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, പേജ് 77) കാണാം.
ഉള്ളതൊക്കെ തുറന്നുപറഞ്ഞ ഒരു ശുദ്ധതയാണ്, തരം കിട്ടിയാല്‍ എല്ലാ അശ്ലീലതയും ഒളിച്ചനുഭവിക്കുകയും എന്നാല്‍ കുമ്പസാരത്തെ അശ്ലീലതയായി വായിക്കുകയും ചെയ്യുന്ന മാന്യതയുടെ വെള്ളക്കുപ്പായത്തേക്കാള്‍ ബഷീര്‍ താല്‍പര്യപ്പെട്ടത്. സ്വവര്‍ഗ സംഭോഗവും ഗുഹ്യരോഗങ്ങളും അദ്ദേഹം സാഹിത്യത്തിന്റെ ഫ്രെയിമിലാക്കി. കപടവേഷങ്ങളെ കണക്കിന് കളിയാക്കാനും മിനക്കെട്ടു. പ്രപഞ്ചത്തിന്റെ എല്ലാ ഭാവപ്പകര്‍ച്ചകളെയും തന്റെ കാന്‍വാസില്‍ ആവാഹിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x