8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ബഷീര്‍ കൃതികളിലെ ദാര്‍ശനിക വശങ്ങള്‍

ജമാല്‍ അത്തോളി


ദൈവവിധിയുടെയും വിചിത്രമായ യാദൃച്ഛികതകളുടെയും അല്ലാഹുവിന്റെ കൈ നീളുന്ന അപ്രതീക്ഷിത വഴികളെയും ബഷീര്‍ എപ്പോഴും കൗതുകത്തോടെ നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ മിക്ക കഥകളും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഈ നിറധന്യത ദര്‍ശിക്കാം. വിശപ്പ് കാണാത്ത വിപ്ലവത്തിന്റെയും കാതലില്ലാത്ത ഉപരിപ്ലവ ചര്‍ച്ചകളുടെയും ലോകത്തിന്റെ കാപട്യത്തിന്റെയും പലപ്പോഴും വന്നുപെടുന്ന നമ്മെ വിരല്‍ കടിപ്പിക്കുന്ന ജീവിതസന്ദര്‍ഭങ്ങളിലേക്കുമൊക്കെ നീളുന്ന ‘ജന്മദിനം’ എന്ന കഥ; പട്ടിണിയോടെ കടന്നുപോവുന്ന കഥാകാരന്റെ ജന്മദിനത്തില്‍ രണ്ടണ സഹായത്തിന്റെ ദൈവിക പാശം നീണ്ടെത്തുന്നത് ഒരു വേലക്കാരന്‍ പയ്യനിലൂടെയാണ്. അനന്തമജ്ഞാതമവര്‍ണനീയമായ ഈ ലോക ചലനത്തിന്റെ മിടിപ്പറിയുന്ന ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ബഷീറിന്റെ ഹൃദയം വിങ്ങി അല്ലാഹുവേ എന്ന വിളിയുയരുന്നു.
”ഞാന്‍ ‘സര്‍’ ആണത്രേ! ചാരുകസേരയും ഷര്‍ട്ടും മുണ്ടും ഷൂസും ഒന്നും എന്റേതല്ല കുഞ്ഞുങ്ങളേ. എനിക്ക് യാതൊന്നും ഈ ലോകത്ത് സ്വന്തമായി ഇല്ല. നഗ്നമായ ഞാനും എന്റേതല്ല… പിതാവിന്റെ ചൂണ്ടുവിരലില്‍ എത്തിപ്പിടിച്ചു കൊഞ്ചിക്കളിച്ചു നടന്ന ഞാന്‍, അമ്മയുടെ പുടവത്തുമ്പില്‍ തൂങ്ങിക്കേണ ഞാന്‍, ഇന്ന് മഹാകാലത്തിന്റെ ഈ ഉഗ്രമായ പരക്കംപാച്ചില്‍! ആദര്‍ശങ്ങളുടെ എത്രയെത്രെ ബോംബുകള്‍ എന്റെ അന്തഃരംഗത്തില്‍ വീണു പൊട്ടിത്തെറിച്ചു! ഭീകരമായ പടക്കളമാണ് എന്റെ ഹൃദയം! വിശപ്പ്! ആര്‍ത്തി! ലോകം വിഴുങ്ങാന്‍ ആര്‍ത്തി! കിട്ടാന്‍ വഴിയില്ല എന്ന ധാരണയാണ് ഇത്രയും മൂര്‍ച്ച കൂടുന്നത്. കിട്ടാന്‍ വഴിയില്ല എന്ന ധാരണയോടെ എണ്ണമില്ലാത്ത രാപകലുകള്‍ എന്റെ മുമ്പില്‍! ഞാന്‍ തളര്‍ന്നുപോയേക്കുമോ?
തളരാന്‍ പാടില്ല. നടക്കുക… നടക്കുക…!
(മനുഷ്യന്‍) ചങ്ങലകളാലെന്നപോലെ മണ്ണോട് ബന്ധിതനെങ്കിലും അവന്‍ നോക്കുകയാണ്, സമയകാലങ്ങളെ പിന്നിട്ട് ധീരമോഹനമായ നാളെയിലേക്ക്!” (ജന്മദിനം).
ഈദൃശ ദാര്‍ശനികത ബഷീറെഴുത്തുകളില്‍ അന്യത്രയാണ്. ”മനുഷ്യന്‍ എവിടെയും ഒരുപോലെ. ഭാഷയ്ക്കും വേഷത്തിനും മാത്രം വ്യത്യാസം… ജനിച്ച്, വളര്‍ന്ന്, ഇണചേര്‍ന്ന് പെരുപ്പിക്കുന്നു. പിന്നെ മരണം. അത്രതന്നെ. ജനനമരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയുമുണ്ട്. മരണത്തോടെ എല്ലാം കഴിയുമോ?” (ബാല്യകാലസഖി). ചോദ്യം ആവര്‍ത്തിക്കുന്ന ഒരു മുഴക്കമായി ബഷീര്‍ ബാക്കിയാക്കുന്നു.
”മജീദ് വീണ്ടും തനിച്ചായി. സാരമില്ല. എല്ലാവരും ഈ പ്രപഞ്ചത്തില്‍ തനിച്ചാണ്. ഭയപ്പെടുന്നതെന്തിന്? (കാലും ജോലിയും പോയി തനിച്ചായപ്പോള്‍ സമാധാനം കണ്ടെത്തുന്നു). എല്ലാവരും ജീവിക്കുന്നു. ചിലര്‍ മരിക്കുന്നുമുണ്ട്. മജീദിന് നഷ്ടപ്പെട്ടത് ഒരു കാലിന്റെ പകുതി മാത്രമാണ്. രണ്ടു കാലുകള്‍ പോയവരുണ്ട്. രണ്ടു കൈകളും കണ്ണുകള്‍ പോയവരും ജീവിക്കുന്നു. ദുഃഖവും സന്തോഷവുമുണ്ട് ജീവിതത്തില്‍. വലിയവനും ചെറിയവനും. ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നുണ്ടല്ലോ, കരയാനും. ഒന്നും സാരമാക്കേണ്ടതില്ല” (ബാല്യകാലസഖി).
ആഴിയിലെ അഗാധതയിലും ഒഴുകിപ്പരക്കുന്ന ചിന്തയാണ് ബഷീറിലെ ദാര്‍ശനികനെ ഉണര്‍ത്തുന്നത്: ”കടല്‍ എപ്പോഴും ഭയം ജനിപ്പിക്കുന്ന കാഴ്ചയാണ്. മനസ്സിന് ഉള്‍ക്കൊള്ളാനാവുന്നില്ല. ചെറിയ മനസ്സ്, വലിയ കടല്‍. അനക്കമില്ലാത്ത ആകാശം. അത്യഗാധ ഭീകരവിശാലസുന്ദര സാഗരമേ, സലാം!” അലിഫെന്ന അറബി അക്ഷരത്തിലും ദാര്‍ശനികത ദര്‍ശിക്കുന്ന ദൃഷ്ടിയാണ് ബഷീറിനുള്ളത്.
മനുഷ്യന്‍
ജീവിതം, മരണം

”ശാസ്ത്രത്തിന്റെ വെളിച്ചം കടന്നുചെന്നിട്ടില്ലാത്ത ഇരുണ്ട ഒരു ലോകമാണ് മനുഷ്യഹൃദയം. അവിടെ നടക്കുന്നത് എന്തൊക്കെയാണെന്ന് മറ്റാരും അറിയുന്നേയില്ല. ഏറ്റവും നികൃഷ്ടമായ ഹൃദയത്തിന്റെ പരസ്യം ഏറ്റവും സുന്ദരമായ മുഖമായിരിക്കുമോ?” (ഒരു ചിത്രത്തിന്റെ കഥ). ”ഒരു ദിവസത്തില്‍ രാവും പകലും ഉള്ളതുപോലെ ഓരോ സ്ത്രീപുരുഷന്മാരിലുമുണ്ട് ഇരുട്ടു നിറഞ്ഞതും വെളിച്ചമുള്ളതുമായ ഓരോ വശം. ഇപ്രകാരം ഇല്ലാത്തതായി ആരുണ്ട്? പുറമേ ഭാവിക്കുന്നതുപോലെയല്ല. അത്രയ്ക്കു നല്ലവരായിരിക്കുകയില്ല. സ്ത്രീയും പുരുഷനും തമ്മില്‍ ഇതില്‍ ഭേദമില്ല” (സെക്കന്‍ഡ് ഹാന്‍ഡ്).
ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്താന്‍ അനേകം വരികള്‍ ബഷീര്‍ എഴുതിയിട്ടുണ്ട്. ‘അനര്‍ഘനിമിഷം’, ‘ജീവിതം’ തുടങ്ങിയ കഥകള്‍ അപ്പടിയും അതാണ്. അന്തിമയാത്രയ്ക്കുള്ള സമയം, ഒന്നാമത് ബഷീറിന്റെയും രണ്ടാമത് എല്ലാവരുടെയും വളരെ അടുത്തു കഴിഞ്ഞിട്ടുണ്ടെന്ന് അവ ഓര്‍മപ്പെടുത്തുന്നു.
”ഈ വാസ്തവം (അന്ത്യസമയം അടുത്തെന്ന്) എന്റെ സുഹൃത്തുക്കളാരും അറിയുന്നില്ല. പണ്ടേപ്പടി അവര്‍ എന്റെ അടുത്ത് വരുന്നു, തമാശകള്‍ പറഞ്ഞ് അവരെ ചിരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു… എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവന്‍ കേള്‍ക്കുന്നു… അടുത്ത നിമിഷം മുതല്‍ ഞാന്‍ വിസ്മൃതിയില്‍ ലയിച്ചുപോയി. കോടാനുകോടി ഇന്നലെയില്‍… പരിചിതരായ ഒരുപാടു പേര്‍ പോയ്ക്കഴിഞ്ഞു. അവര്‍ എങ്ങോട്ടാണാവോ പോയത്? എനിക്കു മുമ്പേ പോയ അനന്തകോടി! അപാരതയുടെ, അത്ഭുതരഹസ്യത്തിന്റെ ഒരജ്ഞാതമായ ഒരതിരില്‍ ഞാന്‍ എത്തിച്ചേര്‍ന്നതുപോലെ… നാദബ്രഹ്മത്തിന്റെ അനന്തമനന്തമായ വിഭ്രമം.”
ഒരു കഥയുടെ അലങ്കാരഭാഷയല്ല ഇവിടെ, ജീവിതത്തിന്റെ നിസ്സാരതയും മരണമെന്ന സത്യവും അനര്‍ഘബോധ്യമായ നിമിഷങ്ങളില്‍ ബഷീര്‍ കുറിച്ചിട്ട ഈ വരികള്‍ കഥയെന്ന പേരില്‍ പുസ്തകത്തില്‍ സ്ഥലം പിടിച്ചിട്ടുണ്ടെങ്കിലും. ‘ജീവിതം’ എന്ന പേരില്‍ എഴുതപ്പെട്ടതും തഥൈവ. മനുഷ്യന്റെ പിറവി മുതല്‍ വളര്‍ന്നു വികസിക്കുന്ന അവസ്ഥാന്തരങ്ങളെ അതില്‍ മനോഹരമായി ചിത്രീകരിക്കുന്നു:
”…കൊച്ചാവുമ്പോള്‍ ചെറിയൊരു ലോകം, നിരന്തരമായ രോദനമാണ് അവന്റെ ഏക ആയുധം. നിസ്സഹായതയിലൂടെയുള്ള ഒരു വികാസമത്രേ അവനു ജീവിതം… നിരോധനത്തിന്റെ ഉയര്‍ന്ന കൈകളും ശാസനയുടെ ചരിഞ്ഞ നോട്ടങ്ങളും അവന് അന്തരമില്ല. ജ്വലിക്കുന്ന തീക്കട്ടയില്‍ അവനു തൊട്ടുനോക്കണം… തുറസ്സായ സ്ഥലങ്ങളില്‍ അവന് തുള്ളിമറിയണം. മടുപ്പു വരാത്ത ഒരു കളിയത്രേ അവനു ജീവിതം. വീട് അവനൊരു കാരാഗൃഹം. അച്ഛനമ്മമാരെല്ലാം നിര്‍ദയരായ കാവല്‍ക്കാര്‍. അവന് സ്വാതന്ത്ര്യം വേണം. അരുമയായ രഹസ്യങ്ങളുണ്ട് അവന്. സ്വപ്‌നം കാണണമവന്. പഴുതുകള്‍ അവനു മുമ്പില്‍ തെളിഞ്ഞു. ഒരൊളിച്ചുകളിയായി ജീവിതം. അത്ഭുതകരമായ അറിവുകള്‍, സംഭ്രമജനകമായ കാഴ്ചകള്‍. ചക്രവാളം അവനെ ചുറ്റിനില്‍ക്കുന്നു. പക്ഷികള്‍ പാടുന്നതും മാരുതന്‍ മന്ത്രിക്കുന്നതും ചന്ദ്രികാചര്‍ച്ചിതമായ മോഹനരാവുകളും എല്ലാം അവനു വേണ്ടി. വെറും ഒരു സ്വപ്‌നം കാണലാണ് അവന് ജീവിതം.
അവന്‍ ഈശ്വരന്റെ ഉല്‍കൃഷ്ട സൃഷ്ടിയാണ്. അഖിലവും അവന് അടക്കിഭരിക്കണം. എല്ലാം അവനെ അനുസരിക്കണം. തടയപ്പെട്ട ഫലങ്ങള്‍ സ്വാദിച്ചു നോക്കണം. പഴംപുരാണങ്ങളുടെ ഏടുകള്‍ മറിച്ചുനോക്കാനവന് ക്ഷമയില്ല… കുതിച്ചൊഴുകുന്ന ഒരു പ്രവാഹമാണവന് ജീവിതം.
പ്രതിബന്ധങ്ങളെ സംഹരിച്ച് യോദ്ധാവായി അവന്‍ മുന്നേറുന്നു. വേദന തോന്നുമ്പോള്‍ വിങ്ങിക്കരയാം. സന്തോഷം തോന്നുമ്പോള്‍ ചിരിക്കണം. ശിരസ്സുയര്‍ന്നു നില്‍ക്കുന്നു. ദൃഢമായ ആകാരവും മുഴുത്തുരുണ്ട മാംസപേശികളും. അവന് ഭൂഗോളത്തെ ഇടിച്ചു പൊടിയാക്കണം. ഉച്ചത്തില്‍ അലറണം… ഒരു പോരാട്ടമാണ് അവനു ജീവിതം.
സൃഷ്ടിരഹസ്യത്തിന്റെ നാരായവേരില്‍ അവനു തൊട്ടുനോക്കണം. എന്താണ് ജീവിതം? ഒരു സത്യാന്വേഷണമാണ് അവന് ജീവിതം.
ജ്ഞാനത്തിന്റെ ഉറവിടം ആരാഞ്ഞലയുന്നു അവന്‍. മതങ്ങളെല്ലാം സൗമ്യതയോടെ വിളിച്ചുപദേശിക്കുകയാണ്: ‘സംശയിക്കുന്നതെന്തിന്? എല്ലാം സച്ചിദാനന്ദന്റെ ലീലാവിലാസം! ആദികാരണമായ നിഖിലലോകേശനു മാത്രം അറിവുള്ള ദിവ്യരഹസ്യങ്ങള്‍! ദൈവത്തിന്റെ ആള്‍ക്കാര്‍ നാലുവശത്തുനിന്നും മാടിവിളിക്കുന്നു: ഇതിലേ! ഇതിലേ! ഈശ്വരനിലേക്കുള്ള സത്യമാര്‍ഗം ഇതു മാത്രം!’ അവന്‍ വിശ്വാസങ്ങളുടെ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്. ശരീരത്തിനും ഹൃദയത്തിനും ബുദ്ധിക്കും വിലപേശുന്നു! അവര്‍ ആത്മാവിനെ അടിമപ്പെടുത്താന്‍ വെമ്പുകയാണ്. ജീവിത മഹാസമുദ്രം. വലയുമായി നില്‍ക്കുന്ന മീന്‍പിടിത്തക്കാര്‍!
അവസാനിക്കാത്ത മത്സരം. അവന്‍ വേദനിക്കുന്ന മനസ്സോടെ കാണുന്നു പട്ടിണി, ദുരിതങ്ങള്‍, ഉന്മത്തരുടെ പൊട്ടിച്ചിരി, വ്രണിതരുടെ ദീനവിലാപങ്ങള്‍, കിളികളുടെ കളകളാരവം, മോഹനമായ സൂര്യോദയം, മദാലസനായ ഭരണാധിപന്റെ പ്രൗഢമായ ഘോഷയാത്ര, എല്ലും തൊലിയുമായി വിറങ്ങലിച്ച രോഗിയുടെ ഞെരക്കം. പാലൊളി പൂനിലാവ്. എന്തൊരു വൈരുദ്ധ്യം! ആശയങ്ങള്‍ തമ്മില്‍ മത്സരിക്കുന്നു. എല്ലാം മരീചിക പോലെ.
‘ഇന്നലെ’യും ‘നാളെ’യും പിന്‍വാങ്ങുകയായി. ഉണരാന്‍ ഇഷ്ടമില്ലാത്ത സുരഭില യാത്ര. മധുരമാദകമായ ഒരു സ്വപ്‌നമാണ് അവനു ജീവിതം.
അവന്‍ സുഖനിദ്രയില്‍ നിന്നു ഞെട്ടിയുണരുന്നു. അവന്‍ അവനല്ലാതായി. കണ്ണീരിനും പുഞ്ചിരിക്കുമായി വില്‍ക്കപ്പെട്ട ഒരടിശാപഗ്രസ്തവും അനുഗൃഹീതവുമായ ആ മഹാ ദിനം ഭാരമേറിയ ഒരു സ്മരണയായി നില്‍ക്കുന്നു. അവന്‍ തന്റെ സുഖദുഃഖങ്ങള്‍ക്കും ലാഭനഷ്ടങ്ങള്‍ക്കും ശരിക്ക്, ശരിക്കും കണക്കു പറയണം.
കഴിഞ്ഞുപോയ കാലഘട്ടങ്ങള്‍, വ്യര്‍ഥമാക്കിയ നിമിഷങ്ങള്‍. ആരംഭത്തില്‍ നിന്ന് ഒരിക്കല്‍ കൂടി പുതുതായി ആരംഭിച്ചെങ്കില്‍! പലതും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പലതും തെളിവോടെ ചെയ്‌വാന്‍ കഴിയുമായിരുന്നു. ആത്മഭീതിയോടെ അവന്‍ ഈശ്വരനില്‍ അഭയം തേടുന്നു. അവന് അസ്തിത്വത്തില്‍ അചഞ്ചലമായ വിശ്വാസമുണ്ട്. മരണാനന്തരം ജീവിതമുണ്ട്.
(അവന്‍ കാണുന്നു:) ഒന്നുമറിയാത്ത അപക്വ ഹൃദയങ്ങള്‍ ലോകത്തെ താറുമാറാക്കുന്നു. പൗരാണികത്വം കൊണ്ട് പരിശുദ്ധമായവയെ നിരുത്തരവാദികള്‍ അപഹസിക്കുന്നു. അവനു സഹിക്കുന്നില്ല! ഈ ജീവിതം മിഥ്യയാണ്. ഗംഭീരമായ പരീക്ഷണങ്ങള്‍ നടത്തിയ ജീവിതത്തിന്റെ മഹാപ്രതാപങ്ങള്‍ ഭഗ്നാശരായി പിന്‍വാങ്ങേണ്ടിയിരിക്കുന്നു. ഒരു പരാജയസമ്മതമാണ് അവനു ജീവിതം.
അവന്‍ ജീവിതവൃത്തത്തിന്റെ പുറത്തേക്കു തള്ളപ്പെട്ടിരിക്കുന്നു. അവന്‍ എന്നും പിന്നോട്ടു നോക്കി പ്രചോദനം കൊള്ളുന്നു. തന്റെ ചെറുപ്പകാലമായിരുന്നു ഉത്തമം; ഇന്നൊക്കെ അസ്വസ്ഥത. അങ്ങനെ വര്‍ത്തമാനകാലത്തെ പുച്ഛിക്കലാണ് അവനു ജീവിതം.
തൊലികള്‍ ചുരുങ്ങി ഒരു എല്ലിന്‍കൂടായി അവന്‍. ചക്രവാളം ചുരുങ്ങി. കണ്ണുകള്‍, ചെവികള്‍ ഉണ്ടെന്നേയുള്ളൂ. ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല. പരാധീനന്‍, ആശ്രയിച്ചവര്‍ക്ക് ഭാരം. ശ്വാസോച്ഛ്വാസം ഇടയ്ക്കിടക്ക് തങ്ങുന്നു. അവയവങ്ങള്‍ പ്രേരണ നശിക്കും. കടിച്ചുപൊട്ടിച്ച പല്ലുകള്‍ പണ്ടേ പോയി. രൂക്ഷമായി ലോകത്തെ നോക്കിയ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു.
എങ്ങോട്ടാണ് യാത്ര? അവനാകുന്ന വിളക്കണയുന്നു. ആത്മാവ് എവിടെയോ അനക്കമില്ലാതെ തണുത്ത ശരീരം. അതുടനെ ചീഞ്ഞളിഞ്ഞു ഭൂമിയില്‍ ചേരും. അനന്തകോടി ചീഞ്ഞളിഞ്ഞു ഭൂമിയില്‍ ചേര്‍ന്നിട്ടില്ലേ? അനന്തതയിലേക്കുള്ള യാത്രയാണ് ജീവിതം!”
‘ജീവിതം’ (എന്ന എഴുത്ത്) ബഷീര്‍ ഇങ്ങനെ അവസാനിപ്പിക്കുമ്പോള്‍ അത് ‘സ്‌റ്റോറി’ എന്ന ബ്രാക്കറ്റിലൊതുങ്ങുന്നതായി തോന്നുന്നില്ല. ജനനം മുതല്‍ മരണം വരെ വ്യക്തിയുടെ സ്വയംകേന്ദ്രിത അനുഭവ യാഥാര്‍ഥ്യങ്ങളിലൂടെ അവസാന സത്യത്തിന്റെ തീക്ഷ്ണതയില്‍ അനുവാചകനെ എത്തിക്കുന്ന ബഷീറിന്റെ വാക്കുകള്‍ അതിയായ ആത്മസംഘര്‍ഷത്തോടെ ഏറെ കത്രിച്ചാണ് മുകളില്‍ ഉദ്ധരിച്ചത്. ബഷീറെഴുത്തിന്റെ ജാജ്ജ്വലമാനങ്ങളിലേക്ക് സൂചികയാവാന്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x