ബറാഅത്ത് രാവും ഖുര്‍ആന്‍ അവതരണവും
പി മുസ്തഫ നിലമ്പൂര്‍
വിശുദ്ധ റമദാനിന്റെ തൊട്ടുമുമ്പുള്ള മാസമാണ് ശഅ്ബാന്‍. മഹത്തായ ചില സവിശേഷതകള്‍ ഈ മാസത്തിനുണ്ട്. റമദാനിലെ പുണ്യം നേടാന്‍ സജ്ജമാക്കുന്ന, വരാനിരിക്കുന്ന റമദാന്‍ മാസത്തിന്റെ സന്തോഷവാര്‍ത്ത പ്രവാചകന്‍ (സ) അനുചരരെ ഈ മാസത്തില്‍ തന്നെ അറിയിക്കുമായിരുന്നു. നബി(സ) ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിരുന്നത് ശഅ്ബാന്‍ മാസത്തിലായിരുന്നു.
മറ്റു മാസങ്ങളില്‍ നബി(സ)യുടെ നോമ്പിനെ സംബന്ധിച്ച് ആയിശ(റ) പറയുന്നു: ഇനി നോമ്പ് ഒഴിവാക്കുകയില്ല എന്ന് പറയാവുന്ന രൂപത്തില്‍ നബി നോമ്പെടുക്കാറുണ്ടായിരുന്നു. അതുപോലെ ഇനി നോമ്പെടുക്കുകയില്ല എന്ന ഭാവത്തില്‍ ദീര്‍ഘമായി നോമ്പ് ഒഴിവാക്കാറുമുണ്ടായിരുന്നു. (മുസ്‌ലിം). ശഅ്ബാന്‍ മാസത്തിലാവട്ടെ നബി(സ) കൂടുതല്‍ നോമ്പ് അനുഷ്ഠിക്കുക പതിവായിരുന്നു. ഉമ്മുസലമ(റ) പറയുന്നു: ശഅ്ബാന്‍, റമദാന്‍ എന്നീ തുടര്‍ച്ചയായ മാസങ്ങളിലല്ലാതെ രണ്ട് മാസം തുടര്‍ച്ചയായി നബി(സ) നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (അബൂദാവൂദ്, നസാഈ)
പൂര്‍ണമായും നോമ്പ് അനുഷ്ഠിക്കുക എന്ന് ശഅ്ബാന്‍ മാസത്തെ സംബന്ധിച്ച് പറഞ്ഞത് ആ മാസം മുഴുവന്‍ നോമ്പനുഷ്ഠിച്ചു എന്ന നിലയിലല്ല. കുറഞ്ഞ ദിവസങ്ങള്‍ ഒഴികെ ബാക്കി ദിവസങ്ങളില്‍ നബി (സ) സുന്നത്ത് നോമ്പ് അനുഷ്ഠിച്ചിരുന്നുവെന്നാണ്. അബൂസലമ (റ) നബി(സ)യുടെ സുന്നത്ത് നോമ്പിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ആയിശ(റ) പറഞ്ഞു: ഇനി നബി(സ) നോമ്പ് തുടര്‍ന്ന് കൊണ്ടേയിരിക്കും എന്ന് ഞങ്ങള്‍ പറയുവോളം നബി(സ) നോമ്പനുഷ്ഠിക്കും. ചിലപ്പോള്‍ നബി നോമ്പെടുക്കുകയേ ഇല്ല എന്ന് ഞങ്ങള്‍ പറയുവോളം നബി(സ) നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. ശഅ്ബാനിനേക്കാള്‍ (റമദാനല്ലാത്ത) മറ്റൊരു മാസത്തിലും നബി നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മുഴുവന്‍ നോമ്പെടുക്കും; അല്‍പമൊഴികെ. (മുസ്ലിം)
ഇബ്‌നു അബ്ബാസ് പറയുന്നു: റമദാനല്ലാത്ത മറ്റൊരു മാസത്തിലും നബി പൂര്‍ണമായി നോമ്പെടുത്തിട്ടില്ല. (ബുഖാരി മുസ്ലിം) ശഅ്ബാന്‍ നോമ്പിനെക്കുറിച്ച് ഉസാമത്തിബ്‌നു സെയ്ദ്(റ) നബി(സ)യോട് ചോദിച്ചു: ശഅ്ബാന്‍ പോലെ മറ്റൊരു മാസത്തിലും ഇത്ര ധാരാളമായി അങ്ങ് നോമ്പെടുക്കുന്നില്ലല്ലോ. അവിടുന്ന് പറഞ്ഞു: റജബിന്റെയും റമദാനിന്റെയും ഇടയിലുള്ള ആ മാസം ജനങ്ങള്‍ അശ്രദ്ധമാകുന്ന മാസമാണ്. ആ മാസത്തിലാണ് ലോക രക്ഷിതാവിങ്കലേക്ക് പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തപ്പെടുക. അതുകൊണ്ട് നോമ്പുകാരനായ നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (അബൂദാവൂദ്, നസാഇ, ഇബ്‌നു ഖുസൈമ)
നന്മയില്‍ നിന്ന് ജനങ്ങള്‍ അശ്രദ്ധമാകുന്ന മാസമെന്നതാണ് നബി(സ) ആദ്യം പറഞ്ഞത്. നന്മയില്‍ നിന്ന് ജനങ്ങള്‍ അശ്രദ്ധമാകുന്ന സന്ദര്‍ഭങ്ങളില്‍ നന്മയില്‍ മുന്നേറുന്നത് ഹിജ്‌റയുടെ പ്രതിഫലം ലഭിക്കുന്ന ത്യാഗമാണ്. നബി പറഞ്ഞു: കുഴപ്പം അധികരിച്ച കാലത്തുള്ള ആരാധന എന്നിലേക്കുള്ള ഹിജ്‌റ പോലെയാണ്. (മുസ്ലിം)
ഇസ്‌ലാം പുതുമയോടെ ആരംഭിച്ചതാണ്. ആരംഭിച്ച അപരിചിതാവസ്ഥയിലേക്ക് അത് തിരിച്ചുപോകും. അപ്പോഴവര്‍ക്ക് മംഗളം. (മുസ്‌ലിം). അബ്ദുല്ലാഹിബ്‌നു അംറിബ്‌നുല്‍ ആസ്(റ)ല്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ആരാണ് അപരിചിതര്‍ എന്ന് ചോദിക്കപ്പെട്ടു. ജനങ്ങളെല്ലാം ദുഷിക്കുകയും നല്ല മനുഷ്യരേക്കാള്‍ ധിക്കാരികള്‍ അധികരിക്കുമ്പോഴും നന്മയില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുന്നവരാണവര്‍ എന്ന് അവിടുന്ന് മറുപടി നല്‍കി. (അഹ്മദ്)
ഹദീസില്‍ പരാമര്‍ശിച്ച രണ്ടാമത്തെ കാര്യം പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമെന്നതാണ്. അല്ലാഹു അവന്റെ ദാസന്മാരുടെ സല്‍പ്രവര്‍ത്തനങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും അവര്‍ക്ക് നന്മ വര്‍ധിപ്പിച്ചു കൊടുക്കുകയും ഉന്നതമായ സ്ഥാനത്ത് അതിനെ രേഖപ്പെടുത്തുകയും ചെയ്യും. ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും. (ഫാത്വിര്‍)
പ്രത്യേകമായ സമയങ്ങളിലും ദിവസങ്ങളിലും മാസത്തിലും ആകാശത്തിലെ കവാടങ്ങള്‍ തുറക്കപ്പെടുമെന്നും അവങ്കലേക്ക് പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തപ്പെടുമെന്നും പ്രവാചക വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി പറഞ്ഞു: മലക്കുകള്‍ ഊഴമായി (ഭൂമിയില്‍ എത്തുന്നു). ഒരു വിഭാഗം മലക്കുകള്‍ രാത്രിയിലും ഒരു വിഭാഗം പകലിലും. രണ്ടു വിഭാഗവും പ്രഭാത നമസ്‌കാരത്തിന്റെയും അസ്ര്‍ നമസ്‌കാരത്തിന്റെയും വേളയില്‍ സന്ധിക്കുന്നു. നിങ്ങള്‍ക്കിടയില്‍ രാത്രി കഴിച്ചുകൂട്ടിയ മലക്കുകള്‍ പിന്നീട് അല്ലാഹുവിന്റെ അടുത്തേക്ക് തിരിച്ചുപോകുന്നു. അവന്‍ അവരോട് ചോദിക്കും: അല്ലാഹുവിന് തന്നെയാണ് അവരെക്കുറിച്ച് നന്നായി അറിയുക. നിങ്ങള്‍ എന്റെ ദാസന്മാരെ എങ്ങനെയാണ് വിട്ടേച്ചു പോന്നത്. മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നെത്തിയപ്പോള്‍ അവര്‍ നമസ്‌കരിക്കുകയായിരുന്നു. ഞങ്ങള്‍ തിരിച്ചു പോരുമ്പോഴും അവര്‍ നമസ്‌കരിക്കുകയാണ്. (ബുഖാരി മുസ്ലിം)
ദുഹ്ര്‍ നമസ്‌കാരത്തിന്റെ റവാത്തിബ് സുന്നത്തിനെ സംബന്ധിച്ച് നബിയോട് ചോദിച്ചപ്പോള്‍ നബി പറഞ്ഞത് ഇപ്രകാരമാണ്: സൂര്യന്‍ നീങ്ങിയാല്‍ ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. ദുഹ്ര്‍ നമസ്‌കാരം കഴിയുന്നതുവരെ ഒരു കവാടവും അടക്കപ്പെടുകയില്ല. അതിനാല്‍ ആ സന്ദര്‍ഭത്തില്‍ എന്റെ നന്മകള്‍ ഉയര്‍ത്തപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. (തിര്‍മിദി, സ്വഹീഹു തര്‍ഗീബ്)
സഹ്‌ലുബ്‌നു സഅ്ദ് നബിയില്‍ നിന്ന് നിവേദനം ചെയ്യുന്നു: രണ്ടു സന്ദര്‍ഭങ്ങളില്‍ ആകാശകവാടങ്ങള്‍ തുറക്കപ്പെടും. നമസ്‌കാര സമയം സമാഗതമാകുമ്പോഴും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അണിനിരക്കുമ്പോഴും. (ഇബ്‌നു ഹിബ്ബാന്‍).
അബൂഹുറയ്‌റ പറയുന്നു: നബി പറഞ്ഞു: എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടും. ശിര്‍ക്ക് ചെയ്യാത്ത മുഴുവനാളുകള്‍ക്കും അന്ന് പൊറുത്തുകൊടുക്കും. തന്റെ സഹോദരനുമായി വൈരം വെച്ചവര്‍ക്കൊഴികെ. അവര്‍ പരസ്പരം നന്നാകുവോളം അവരുടെത് മാറ്റി വെക്കൂ എന്ന് പറയപ്പെടും. (മുസ്ലിം )
മേല്‍ വചനങ്ങളില്‍ നിന്ന് അല്ലാഹു ചില പ്രത്യേക സന്ദര്‍ഭങ്ങളിലും ദിവസങ്ങളിലും മാസങ്ങളിലും സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ തുറക്കുമെന്നും അവന്റെ അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുമെന്നും മനസ്സിലാക്കാം.
ബറാഅത്ത്
ശഅ്ബാന്‍ പതിനഞ്ചിന് ബറാഅത്ത് എന്ന പേരില്‍ പല ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നടത്തിവരുന്നുണ്ട്. വിശുദ്ധഖുര്‍ആനിലോ സ്ഥിരപ്പെട്ട സുന്നത്തിലോ ഒരു അടിസ്ഥാനവും അതിനില്ല. പൂര്‍വികരാരും ചെയ്തിട്ടില്ല. അലി(റ)യില്‍ നിന്ന് ഇബ്‌നുമാജ ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടാണ് ഇതിന് അവലംബിക്കാറുള്ളത്. നിര്‍മിതവും ദുര്‍ബലവുമായ പരമ്പരയിലൂടെയാണിത് വന്നിട്ടുള്ളത്. പരമ്പരയിലെ ഇബ്‌നു അബീസബ്‌റ നിര്‍മിത ഹദീസുകള്‍ ഉദ്ധരിക്കുന്ന ആളാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. (മീസാനുല്‍ ഇഅ്തിദാല്‍, തഹ്ദീബുതഹ്ദീബ്)
അനുഗൃഹീത രാത്രി
തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്കുന്നവനാകുന്നു. (ദുഖാന്‍). മേല്‍ വചനത്തില്‍ പരാമര്‍ശിച്ച അനുഗൃഹീത രാവ് ശഅ്ബാന്‍ പതിനഞ്ചിന്നാണെന്ന വാദമാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് അത് വിശുദ്ധ ഖുര്‍ആനിന്റെ യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ്. ഖുര്‍ആന്‍ അവതരണാരംഭം റമദാന്‍ മാസത്തിലാണെന്ന് ഖുര്‍ആന്‍ കൊണ്ട് സ്ഥാപിതമായതാണ്. അതുകൊണ്ട് ശഅ്ബാന്‍ പതിനഞ്ചിനാണ് അനുഗൃഹീത രാവ് എന്ന വാദം തെറ്റാണ്. ഇബ്‌നുകസീര്‍ പറയുന്നു: ശഅ്ബാന്‍ പതിനഞ്ചിനാണ് ഖുര്‍ആന്‍ അവതീര്‍ണമായ അനുഗൃഹീത രാവ് എന്ന് ഇക്‌രിമ പറഞ്ഞത് പോലെ ആരെങ്കിലും പറഞ്ഞാല്‍ അവന്‍ സത്യത്തില്‍നിന്ന് അതിവിദൂരമാണ്. അത് റമദാന്‍ മാസത്തിലാണ് എന്ന് ഖുര്‍ആന്‍ കൊണ്ട് സ്ഥാപിതമായതാണ്. (ഇബ്‌നു കസീര്‍)