20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ബനൂ ഇസ്‌റാഈലിന്റെ ചരിത്രം: ഖുര്‍ആന്‍ നല്‍കുന്ന പാഠങ്ങള്‍


വിശുദ്ധ ഖുര്‍ആനിന്റെ അവതരണാരംഭം കുറിക്കുമ്പോഴേക്കും ഏകദേശം നാലായിരം വര്‍ഷത്തെ ചരിത്രം പിന്നിട്ട സമൂഹമായിരുന്നു ഇസ്‌റാഈല്യര്‍. അല്‍ബഖറയില്‍ 40-ാം സൂക്തം മുതല്‍ സാമാന്യം ദീര്‍ഘമായി ഇസ്‌റാഈല്‍ സന്തതികളുടെ ചരിത്രമാണ് പരാമര്‍ശിക്കുന്നത്. തൗറാത്തിനെയും മൂസാ നബിയിലൂടെ അവര്‍ക്ക് വെളിപ്പെട്ട ദൃഷ്ടാന്തങ്ങളുടെയും പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത ആ സമൂഹത്തിന് നിന്ദ്യതയുടെ ശിക്ഷ ഈ ദുന്‍യാവില്‍ വെച്ചുതന്നെ അനുഭവിക്കേണ്ടിവന്നു. വലിയ ഖേദത്തിന് കാരണമായിത്തീര്‍ന്ന അതിഭീമമായ ഒരു അക്രമവും അവരുടെ ഭാഗത്തു നിന്നുണ്ടായി. സ്രഷ്ടാവായ അല്ലാഹുവിനെ കൈയൊഴിഞ്ഞ് സ്വകരങ്ങളാല്‍ നിര്‍മിച്ച ഒരു പശുക്കുട്ടിയുടെ പ്രതിമയെ അവര്‍ ദൈവമാക്കി ആരാധിച്ചു. ഈ സംഭവങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന അധ്യായമാണ് അല്‍ബഖറ.
ഇസ്‌റാഈല്‍
സന്തതികള്‍

ഇബ്‌റാഹീം നബി(അ)യുടെ പുത്രന്‍ ഇസ്ഹാഖ് നബി(അ)യുടെ മകന്‍ യഅ്ഖൂബ് നബി(അ)യുടെ മറ്റൊരു പേരാണ് ഇസ്‌റാഈല്‍. ഹീബ്രു ഭാഷയില്‍ ഈ പേരിന്റെ അര്‍ഥം ‘അല്ലാഹുവിന്റെ അടിയാന്‍’ എന്നാണെന്ന് അഭിപ്രായമുണ്ട്. യഅ്ഖൂബ് നബിക്ക് യൂസുഫ് നബി(അ) അടക്കം പന്ത്രണ്ട് മക്കളാണ്. അവരുടെ സന്താന പരമ്പര കാലക്രമത്തില്‍ പന്ത്രണ്ട് ഗോത്രങ്ങളായിത്തീരുകയും അവര്‍ ഫലസ്തീനില്‍ കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. എല്ലാവരും യഅ്ഖൂബ് നബിയുടെ സന്തതികളായതുകൊണ്ട് ബനൂഇസ്‌റാഈല്‍ (ഇസ്‌റാഈല്‍ സന്തതികള്‍) എന്ന് അവര്‍ അറിയപ്പെട്ടു. ബനൂഇസ്‌റാഈല്യരെ ബൈബിളില്‍ അഭിസംബോധന ചെയ്തിരിക്കുന്നത് ഇസ്‌റാഈല്‍ മക്കള്‍ എന്നാണ്.
ഇസ്‌റാഈല്യര്‍ക്കുള്ള ആദരവ്
ഇസ്‌റാഈല്യര്‍ പൊതുവേ യഹൂദികളാണ്. എന്നാല്‍ യഹൂദികളേ എന്നോ മറ്റോ സംബോധന ചെയ്യാതെ ഇസ്‌റാഈല്‍ സന്തതികളേ എന്നാണ് ഖുര്‍ആന്‍ (2:40,47) അവരെ സംബോധന ചെയ്തത്. ഇത് അവര്‍ക്ക് നല്‍കിയ ആദരവാണ്. സര്‍വാദരണീയനായ പ്രവാചക പിതാവിന്റെ സന്തതികള്‍ എന്ന നിലയ്ക്ക് മറ്റാരേക്കാളും സത്യമാര്‍ഗം സ്വീകരിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണത്.
സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ആ ജനസമൂഹത്തിന്നിടയില്‍ അനേകം പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. ബനൂഇസ്‌റാഈല്യര്‍ നയിക്കപ്പെട്ടിരുന്നത് പ്രവാചകന്മാരാലായിരുന്നു. ഓരോ പ്രവാചകന്റെ കാലം കഴിയുമ്പോഴേക്കും മറ്റൊരു പ്രവാചകന്‍ നിയുക്തനായ ചരിത്രമാണ് അവരുടേത്.
അല്ലാഹുവിന്റെ
അനുഗ്രഹങ്ങള്‍

നിരവധി പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സമൂഹമായിരുന്നു ഇസ്‌റാഈല്യര്‍. അതു കൂടാതെ, അല്ലാഹുവിന്റെ അതിമഹത്തായ മറ്റ് അനുഗ്രഹങ്ങളും ബനൂഇസ്‌റാഈല്യര്‍ക്ക് ലഭിച്ചിരുന്നു. ഫിര്‍ഔനിന്റെ അടിമത്തത്തില്‍ നിന്നും മര്‍ദനത്തില്‍ നിന്നുമുള്ള മോചനം, അസാധാരണമാംവിധം ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ടത്, മന്നയും സല്‍വയും ലഭിച്ചത്, പാറക്കല്ലില്‍ നിന്ന് ഓരോ ഗോത്രക്കാര്‍ക്കായി 12 നീരുറവകള്‍ പൊട്ടി ഒഴുകിയത് എന്നിങ്ങനെയുള്ള അനുഗ്രഹങ്ങളെ ഓര്‍ത്ത് അല്ലാഹുവിന് നന്ദിയുള്ളവരായി ജീവിക്കാനാണ് അല്ലാഹു അവരോട് കല്‍പിക്കുന്നത് (2:40,47).
നിരവധി ദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ട് അനുഭവിക്കാനുള്ള അവസരം ലഭിച്ച സമൂഹമായിരുന്നു ഇസ്‌റാഈല്യര്‍. അതുകൊണ്ട് മറ്റെല്ലാ ജനവിഭാഗങ്ങളേക്കാളും അല്ലാഹുവിനോട് കരാര്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടെന്ന് അല്ലാഹു ഓര്‍മപ്പെടുത്തി(2:40). ഐഹിക കാര്യലാഭങ്ങള്‍ക്കായി അല്ലാഹുവിന്റെ വിധിവിലക്കുകളെ അവഗണിക്കാതെ ജീവിക്കണമെന്നും സത്യത്തെക്കുറിച്ച് തിരിച്ചറിവുള്ളവര്‍ എന്ന നിലയ്ക്ക് അത് സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും അല്ലാഹു അവരോട് ആവശ്യപ്പെട്ടു (2:41).
എന്നാല്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെയും ശ്രേഷ്ഠതകളെയും അഭിമാനാര്‍ഹമായ പാരമ്പര്യത്തെയും കളഞ്ഞുകുളിച്ച ജനവിഭാഗമായി അവര്‍ മാറി. അതിനാല്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് അവര്‍ പാത്രീഭൂതരാവുകയും ചെയ്തു. ഞങ്ങള്‍ പ്രവാചകത്വത്തിന്റെയും വേദഗ്രന്ഥത്തിന്റെയും ആള്‍ക്കാരാണ്, അതുകൊണ്ട് സ്വര്‍ഗം ഞങ്ങളുടെ കുത്തകയാണ്, ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും ഇഷ്ടക്കാരുമായതിനാല്‍ നരകാഗ്നി ഞങ്ങളെ ബാധിക്കില്ല തുടങ്ങിയ നിരര്‍ഥകമായ അവകാശവാദങ്ങള്‍ അവര്‍ ഉയര്‍ത്തി. ഈ നിലപാടുമായി മുന്നോട്ടുപോകുന്ന ഇക്കൂട്ടര്‍ക്ക് യാതൊരു രക്ഷാമാര്‍ഗങ്ങളുമില്ലാത്ത ഖിയാമത്ത് നാളിലെ ശിക്ഷയെക്കുറിച്ച് അല്ലാഹു താക്കീത് ചെയ്തു (2:48).
ഉപരിസൂചിത കാര്യങ്ങള്‍ ബനൂഇസ്‌റാഈല്യരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആയതിനാല്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇവിടെ പരാമര്‍ശിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറന്ന് നന്ദികേട് കാണിക്കുന്നവര്‍ക്കെല്ലാം നിന്ദ്യമായ പര്യവസാനമുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ബനൂഇസ്‌റാഈല്യരുടെ ചരിത്രത്തില്‍ നിന്ന് വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ടത്. പാരമ്പര്യത്തെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങള്‍ക്കപ്പുറം മുന്‍ വേദങ്ങളെ സത്യപ്പെടുത്തി അവതീര്‍ണമായ ഖുര്‍ആനിക അധ്യാപനങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധതയും അല്ലാഹുവിനോടുള്ള കടമ നിറവേറ്റിക്കൊണ്ടുള്ള ആരാധനാനിഷ്ഠമായ ജീവിതവുമാണ് അല്ലാഹുവിങ്കല്‍ ഏതൊരു സമൂഹത്തിന്റെയും ശ്രേഷ്ഠതയുടെ മാനദണ്ഡമെന്ന് ഈ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.
തിന്മ കൊണ്ടുള്ള
പരീക്ഷണത്തില്‍
ക്ഷമയുടെ വിജയം

യൂസുഫ് നബി ഈജിപ്തിലെ ധനകാര്യ ചുമതല ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ പിതാവ് യഅ്ഖൂബ് നബിയും സഹോദരന്മാരും അവിടെ താമസമാക്കി. 400 സംവത്സരങ്ങള്‍ കൊണ്ട് കുടുംബം പെറ്റുപെരുകി പ്രബല സമൂഹമായി മാറി. ഈജിപ്തിലെ പഴയ വംശജരായ ഖിബ്തികള്‍ക്കിത് സഹിച്ചില്ല. അസൂയ കാരണം അവര്‍ ഇസ്‌റാഈല്യര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. ഫിര്‍ഔന്‍ എന്ന പേരില്‍ അറിയപ്പെട്ട ഈജിപ്തിലെ ഭരണാധിപന്മാര്‍ക്ക് അവരുടെ ഭരണകാലത്ത് ഇസ്‌റാഈല്യരോട് വിരോധം ശക്തമായി. ഖിബ്തികളുടെ പേരിനും പ്രശസ്തിക്കും കോട്ടംതട്ടുമെന്നും അധികാരവും ഭരണവും തങ്ങള്‍ക്ക് നഷ്ടമാവുമെന്നും കരുതി അവര്‍ ഇസ്‌റാഈല്യരിലെ ആണ്‍കുഞ്ഞുങ്ങളെ അറുകൊല ചെയ്യാന്‍ തീരുമാനിച്ചു. ഇസ്‌റാഈല്യരെ അടിമകളെപ്പോലെ കണ്ട് കണക്കറ്റ മര്‍ദനങ്ങള്‍ക്ക് അവരെ ഇരയാക്കി.
കുറേയേറെ കുഞ്ഞുങ്ങള്‍ മൃഗീയമായി അറുകൊല ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മൂസാ നബിയുടെ ജനനം. ഖിബ്തികളുടെ പ്രതാപനാശത്തിന് കാരണക്കാരനാകാന്‍ പോകുന്ന ആ കുഞ്ഞിനെ അല്ലാഹു കൊട്ടാരത്തില്‍ തന്നെ വളര്‍ത്താന്‍ സാഹചര്യമൊരുക്കി. മൂസാ നബിക്ക് പ്രവാചകത്വം ലഭിച്ചതിനെ തുടര്‍ന്ന് പ്രബോധനകൃത്യം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഫറോവന്‍ മര്‍ദനമുറകള്‍ ശക്തിപ്പെട്ടു. ഇസ്‌റാഈല്യരിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതടക്കമുള്ള കഠിനയാതനകളില്‍ നിന്ന് മൂസാ നബി മുഖേന അല്ലാഹു അവര്‍ക്ക് മോചനം നല്‍കി.
ഫിര്‍ഔനിന്റെ ആള്‍ക്കാര്‍ അനുഭവിപ്പിച്ച മര്‍ദനങ്ങളെല്ലാം ക്ഷമയും സഹനവും പരിശോധിക്കാനുള്ള പരീക്ഷണങ്ങളായിരുന്നുവെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു (2:49). നന്മ മുഖേന നന്ദിയും തിന്മ മുഖേന ക്ഷമയുമാണ് അല്ലാഹു അടിമകളില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ഷമ അവലംബിക്കുന്നവര്‍ക്ക് അല്ലാഹു തന്നെ എല്ലാ വിപത്തുകളില്‍ നിന്നും രക്ഷപ്പെടാനുള്ള പോംവഴി കാണിച്ചുതരുമെന്ന് (2:50) അല്ലാഹു അറിയിച്ചു. ഫിര്‍ഔനിന്റെ മര്‍ദനം സഹിച്ച് മടുത്ത ഇസ്‌റാഈല്യര്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ട സംഭവം അതാണ് പഠിപ്പിക്കുന്നത്. നബി മദീനയില്‍ എത്തിയപ്പോള്‍ യഹൂദികള്‍ ആശൂറാഅ് (മുഹര്‍റം 10) നോമ്പ് എടുക്കുന്നത് ശ്രദ്ധയില്‍ ഏര്‍പ്പെട്ടപ്പോള്‍ അതിന്റെ കാരണം അന്വേഷിച്ചു.
ഇസ്‌റാഈല്യര്‍ക്ക് അവരുടെ ശത്രുവില്‍ നിന്നുള്ള മോചനം നേടിയ ദിവസം എന്ന നിലയ്ക്ക് മൂസാ നബി നോമ്പ് നോറ്റ കാര്യം അവര്‍ ഉണര്‍ത്തി. ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മൂസാ നബിയോട് അടുപ്പം കാണിക്കാന്‍ അവകാശപ്പെട്ട പ്രവാചകന്‍ എന്നു പറഞ്ഞ് നബി നോമ്പ് നോല്‍ക്കുകയും അത് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. തിന്മകളില്‍ നിന്ന് രക്ഷ നല്‍കിയ അല്ലാഹുവിന്റെ അനുഗ്രഹത്തിനുള്ള നന്ദിപ്രകടനവും ക്ഷമയിലൂടെ ആ പരീക്ഷണത്തില്‍ നിന്ന് വിജയിക്കാനുള്ള പ്രേരണയുമാണ് മുഹര്‍റം 9, 10 ദിവസങ്ങളില്‍ സുന്നത്തായ നോമ്പിന്റെ പൊരുളായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്.
ഇസ്‌റാഈല്യരുടെ
ഖേദവും
പശ്ചാത്താപവും

ഇസ്‌റാഈല്യര്‍ക്ക് ഫിര്‍ഔനിന്റെ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയായിരുന്നു ഫിര്‍ഔനിനെയും കൂട്ടരെയും മുക്കി നശിപ്പിച്ചതിലൂടെ അല്ലാഹു തുറന്നുകൊടുത്തത്. അതിനു ശേഷം മൂസാ നബി അല്ലാഹുവുമായുള്ള നിശ്ചയപ്രകാരം 40 ദിവസം പ്രത്യേകം ആരാധനകളോടുകൂടി സീനാ താഴ്‌വരയില്‍ കഴിച്ചുകൂട്ടി. അവര്‍ക്കുള്ള നിയമസംഹിതയായ തൗറാത്ത് സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു മൂസാ നബി പോയത്.
ഈ ഘട്ടത്തില്‍ ഇസ്‌റാഈല്യരുടെ നേതൃത്വം സഹോദരന്‍ ഹാറൂന്‍ നബിയെ ഏല്‍പിച്ചു. എന്നിട്ടും മൂസാ നബിയുടെ അസാന്നിധ്യത്തില്‍ അവര്‍ സ്വര്‍ണം കൊണ്ട് പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കാന്‍ തുടങ്ങി. ഈജിപ്തുകാരുമായുള്ള വര്‍ഷങ്ങള്‍ നീണ്ട സമ്പര്‍ക്കത്തിലൂടെ പശുവിന്റെ രൂപമുണ്ടാക്കി അവയെ ആരാധിക്കുന്ന സമ്പ്രദായം അനുകരിക്കാന്‍ അവര്‍ തയ്യാറായി. ഹാറൂന്‍ നബിയുടെ വിലക്കുകളെല്ലാം അവഗണിച്ച് അവര്‍ ആ കൊടിയ അക്രമം ചെയ്തു.
മൂസാ നബിക്ക് വ്യസനവും കോപവും സഹിക്കാന്‍ കഴിഞ്ഞില്ല. കാരണം, ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ച സംഭവം കേവലം ഒരു സാധാരണ വിഗ്രഹാരാധനയായി കാണാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഹാറൂന്‍ നബിയുടെ വാക്കോ മൂസാ നബി തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയോ കാണിക്കാതെ വിഗ്രഹപൂജയിലേക്ക് അവര്‍ വ്യതിചലിച്ചത് അവരുടെ ധിക്കാരത്തിന്റെയും അനുസരണമില്ലായ്മയുടെയും വലിയ തെളിവുകളാണ്. ഇത്രയും കടുത്ത അപരാധം ചെയ്തിട്ടും അവര്‍ക്ക് അല്ലാഹു മാപ്പു നല്‍കിയെന്നത് അവന്റെ കാരുണ്യത്തിന്റെ ഏറ്റവും വലിയ നിദര്‍ശനമാണ് (2:54).
ഇത് കൊടിയ അപരാധമാണെന്ന് തിരിച്ചറിഞ്ഞ ഇസ്‌റാഈല്യര്‍ അതില്‍ ഖേദിക്കുകയും അല്ലാഹുവോട് പശ്ചാത്തപിക്കുകയും ചെയ്തു. ഇസ്‌റാഈല്യരുടെ പശ്ചാത്താപത്തിന്റെ പൂര്‍ത്തീകരണമായി കൊല നടത്തണമെന്ന കല്‍പനയുമുണ്ടായിരുന്നു. അവര്‍ ചെയ്ത നീചകൃത്യത്തിന്റെ ഗൗരവം അവരെ തന്നെ ബോധ്യപ്പെടുത്താനും അവശേഷിക്കുന്ന ആളുകള്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനും വേണ്ടിയാണ് ഈ ഒരു കല്‍പനയുണ്ടായതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. കൊല്ലപ്പെടുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രീതിക്കായി ജീവന്‍ ത്യജിക്കുന്നത് നിമിത്തം അവരുടെ മഹാ പാപം പൊറുക്കാന്‍ കാരണമായിത്തീരുകയും ചെയ്യും.
ഇസ്‌റാഈല്യരിലെ ഒരു വിഭാഗം ധിക്കാരബുദ്ധിയോടുകൂടിയ സമീപനവും വിഡ്ഢിത്തം പ്രകടമാക്കുന്ന പ്രതികരണവുമാണ് മുന്നോട്ടുവെച്ചിരുന്നത്. മൂസാ നബി ക്ഷണിക്കുന്ന റബ്ബില്‍ വിശ്വസിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിനെ നേരില്‍ കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്ന് ഇടിത്തീ ശിക്ഷയായി അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു.
നന്ദികേടിനുള്ള ശിക്ഷ
ബനൂഇസ്‌റാഈല്യര്‍ ചെങ്കടല്‍ കടന്ന് രക്ഷപ്പെട്ട ശേഷം ബൈത്തുല്‍ മുഖദ്ദസ് എന്ന വാഗ്ദത്ത ഭൂമിയിലേക്ക് പ്രവേശിക്കാനും ആ രാജ്യം അടക്കിഭരിച്ചിരുന്ന ശത്രുക്കളെ പുറത്താക്കാനും കല്‍പനയുണ്ടായിരുന്നു. എന്നാല്‍ അതിന് അവര്‍ കൂട്ടാക്കാത്തതു നിമിത്തം 40 കൊല്ലം സീനാ താഴ്‌വരയില്‍ അലഞ്ഞുതിരിയേണ്ടിവന്നു (മാഇദ 23-29).
ആ സമയത്ത് അല്ലാഹു മേഘത്തണലുകളെക്കൊണ്ട് തണുപ്പും സുരക്ഷിതത്വവും നല്‍കുകയും ഭക്ഷണത്തിന് മന്നയും സല്‍വയും ഇറക്കിക്കൊടുക്കുകയും ചെയ്തു. മരുഭൂവാസക്കാലത്ത് വെള്ളത്തിന് വിഷമം നേരിട്ടപ്പോള്‍ വടി കൊണ്ട് പാറക്കല്ലില്‍ അടിക്കാന്‍ അല്ലാഹു കല്‍പിച്ചു. അതില്‍ നിന്ന് പന്ത്രണ്ട് നീരുറവകള്‍ പൊട്ടിയൊഴുകി. വിനയവും താഴ്മയും പ്രകടിപ്പിച്ചുകൊണ്ട് ആ നാട്ടില്‍ പ്രവേശിക്കണമെന്ന അല്ലാഹുവിന്റെ കല്‍പനയെയും അവര്‍ മാറ്റിമറിച്ചു. അതിലൊരു വിഭാഗം ആളുകള്‍ അഹങ്കാരപൂര്‍വം വിജയഭേരി മുഴക്കിയാണ് അവിടെ പ്രവേശിച്ചത്. നന്ദിവാക്കിനു പകരം നിന്ദയുടെ ശബ്ദം ഉച്ചരിച്ചുകൊണ്ട് അവിടെ കടക്കാന്‍ മാത്രം ധിക്കാരം കാണിച്ചതിനാല്‍ അവരുടെ മേല്‍ അല്ലാഹു ശിക്ഷ ഇറക്കി.
ദുശ്ശാഠ്യത്തിന്റെ
അനന്തര ഫലം

അധ്വാനം കൂടാതെ സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന മന്നയും സല്‍വയും കൊണ്ട് തൃപ്തിപ്പെടാതെ തങ്ങള്‍ക്ക് ധാന്യവും പച്ചക്കറിയുമൊക്കെ ഉല്‍പാദിപ്പിച്ചുകിട്ടണമെന്ന് അവര്‍ മൂസാ നബിയോട് ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ അനുഗ്രഹത്തെ കണ്ടറിഞ്ഞ് അതിന് നന്ദി കാണിക്കാതെ, ദുശ്ശാഠ്യവും ദുരാഗ്രഹവും കാരണം ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചപ്പോള്‍ അത് അല്ലാഹുവില്‍ നിന്നുള്ള കോപം ഏറ്റുവാങ്ങുന്നതിന് കാരണമായിത്തീര്‍ന്നു (2:61).
ഒരേ ഭക്ഷണം കൊണ്ട് തൃപ്തിപ്പെടാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്ന് അവര്‍ പറഞ്ഞതുകൊണ്ടല്ല അവര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരായത്. അതിന്റെ കാരണം അല്ലാഹു 2:61ന്റെ അവസാന ഭാഗത്ത് പറയുന്നുണ്ട്: ”അത് അല്ലാഹുവിന്റെ ആയത്തുകളില്‍ (ദൃഷ്ടാന്തങ്ങള്‍) അവിശ്വസിക്കുകയും ന്യായമില്ലാതെ നബിമാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ) അവര്‍ അനുസരണക്കേട് ചെയ്തതും അവര്‍ അക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമാകുന്നു.
മതനിയമത്തെ
മറികടക്കാനുള്ള
ഉപായം

ഇസ്‌റാഈല്യര്‍ക്ക് വിശേഷദിവസമായി നിശ്ചയിച്ച ശനിയാഴ്ച മറ്റ് ജോലികളില്‍ നിന്നെല്ലാം ഒഴിവായി പ്രത്യേകം അനുഷ്ഠാന കര്‍മങ്ങള്‍ ആചരിച്ചിരുന്നു. ഇതിന് സബ്ത് അഥവാ ശാബ്ബത്ത് എന്ന് പറഞ്ഞിരുന്നു. സമുദ്രതീരത്ത് താമസിച്ചിരുന്ന ഒരു രാജ്യക്കാര്‍ മത്സ്യവേട്ട നടത്തുന്നവരായിരുന്നു. ശാബ്ബത്ത് നാളില്‍ ജോലി ചെയ്യാനുള്ള അനുമതി ഇല്ലാത്തതിനാല്‍ അവര്‍ ഒരു ഉപായം കണ്ടുപിടിച്ചു. ധാരാളം മത്സ്യം കൂട്ടംകൂട്ടമായി അന്നത്തെ ദിവസം പ്രവഹിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ സമുദ്രത്തിന്റെ അടുത്ത സ്ഥലങ്ങളില്‍ കുഴികളുണ്ടാക്കി നീര്‍ച്ചാലുകള്‍ വഴി അതിലേക്ക് വെള്ളം കടത്തിവിട്ടു. ശാബ്ബത്തിന്റെ സമയം പിന്നിട്ടാല്‍ അവര്‍ ആ മത്സ്യം പിടിച്ചു ശേഖരിക്കുകയും ചെയ്തു.
മതനിയമത്തെ മറികടക്കാനുള്ള അവരുടെ ഈ ഉപായം നിയമത്തെ ധിക്കരിക്കലും വഞ്ചനയുമാണ്. അവരില്‍പ്പെട്ട സദ്‌വൃത്തര്‍ ഇത് ശരിയല്ലെന്ന് ഉപദേശിച്ചുവെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ആ നല്ല മനുഷ്യരെ അല്ലാഹു രക്ഷപ്പെടുത്തുകയും അതിക്രമം ചെയ്തവരെ കുരങ്ങുകളാക്കി ശിക്ഷിക്കുകയും ചെയ്തു (2:65).
കടുത്തുപോയ
ഹൃദയങ്ങള്‍

പശുവിനെ ബലിയറുക്കാന്‍ അല്ലാഹു കല്‍പിക്കുന്നതായി ഇസ്‌റാഈല്യരെ മൂസാ നബി അറിയിച്ചപ്പോള്‍ അത് അനുസരിക്കാതെ മുടന്തന്‍ ന്യായങ്ങളും അനാവശ്യ ചോദ്യങ്ങളും ഉന്നയിച്ച് അവര്‍ ഒഴിഞ്ഞുമാറി. ഈ നടപടി അവരുടെ വിശ്വാസദൗര്‍ബല്യത്തെയാണ് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ കല്‍പന മാനിക്കാതെയുള്ള പെരുമാറ്റവും അനുസരണക്കേടിന്റെയും അവിശ്വാസത്തിന്റെയും ഫലമായി അവര്‍ ഉയര്‍ത്തുന്ന അനാവശ്യ ചോദ്യങ്ങളും അവര്‍ക്കു തന്നെ ദോഷകരമായിത്തീര്‍ന്നുവെന്നതാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന പാഠം.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ടനുഭവിക്കുകയും ചെയ്തിട്ടും ഇസ്‌റാഈല്യര്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടാകാത്തതിന് കാരണം, അവരുടെ ഹൃദയങ്ങള്‍ പാറക്കല്ലിനേക്കാള്‍ കടുത്തുപോയതുകൊണ്ടാണെന്നും അല്ലാഹു ഓര്‍മപ്പെടുത്തി (2:74).
തൗറാത്തിന്റെ അനുയായികള്‍ എന്ന നിലയ്ക്ക് പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നിട്ടും അസൂയയും ശത്രുതയും നിമിത്തം അവര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അല്ലാഹുവിന്റെ വചനങ്ങളായ വേദവാക്യങ്ങളെ ദുര്‍വ്യാഖ്യാനിക്കാനും അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനും അവര്‍ മുന്നോട്ടുവന്നത് ഇസ്‌റാഈല്യരുടെ ഹൃദയങ്ങള്‍ എത്രത്തോളം കടുത്തുപോയി എന്നതിന്റെ തെളിവാണ്.
കരാര്‍ ലംഘനം
നടത്തുന്നവര്‍ക്കുള്ള താക്കീത്

എല്ലാ സമുദായങ്ങളോടും അല്ലാഹു കല്‍പിക്കുന്ന സാര്‍വ ലൗകികമായ വിശ്വാസാചാരങ്ങള്‍ ഒന്നുതന്നെയാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന കാര്യമാണ് അതിലേറ്റവും മുഖ്യമായത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക, അടുത്ത ബന്ധുക്കള്‍, അനാഥകള്‍, ദരിദ്രര്‍ എന്നിവരോടും പ്രത്യേകിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിക്കുക, നമസ്‌കാരം, സകാത്ത് എന്നിവ നിര്‍വഹിക്കുക- ഈ കാര്യങ്ങളത്രയും ഇസ്‌റാഈല്യരോടുള്ള കല്‍പനകളാണെങ്കിലും പൊതുവില്‍ എല്ലാവര്‍ക്കും ബാധകമാണ്. തൗറാത്തിലും മൂസാ നബിയിലും വിശ്വസിച്ചതോടെ വേദഗ്രന്ഥത്തിലെ എല്ലാ നിയമങ്ങളും പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
എന്നാല്‍ ചില വിധികള്‍ മാത്രം അനുഷ്ഠിക്കുകയും മറ്റു ചിലത് തിരസ്‌കരിക്കുകയും ചെയ്യുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. പരസ്പരം കൊലയും കൊള്ളയും നടത്തുന്ന ഗോത്രവൈരവും വാസസ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിക്കുകയും ബന്ധനത്തിലാക്കുകയും ചെയ്യുന്ന ദുഷിച്ച നടപടികളും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായി. അതിനാല്‍ അല്ലാഹു അവര്‍ക്ക് ഇഹത്തില്‍ അപമാനവും പരലോകത്ത് ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന താക്കീതും അല്ലാഹു നല്‍കുന്നു.
കരാര്‍ ലംഘനത്തിന്റെ കാപട്യം കലര്‍ന്ന നിലപാട് സ്വീകരിക്കുന്നവര്‍ക്കെല്ലാം ഈ താക്കീത് ബാധകമാണെന്ന് ബനൂഇസ്‌റാഈല്യരുടെ സംഭവം പഠിപ്പിക്കുന്നു. കരാര്‍ ലംഘനം പതിവാക്കിയ ഇസ്‌റാഈല്യര്‍ അവരുടെ വേദഗ്രന്ഥത്തെ തന്നെ നിഷേധിക്കുകയാണ് ചെയ്തത്. അവരുടെ ഗ്രന്ഥത്തില്‍ പ്രതിവചിച്ചതും അവരുടെ ഗ്രന്ഥത്തിന്റെ സത്യത സ്ഥാപിച്ചുകൊണ്ട് നിയുക്തനുമായ അന്ത്യപ്രവാചകന്‍ വന്നപ്പോള്‍ ആ പ്രവാചകനെക്കുറിച്ച് അറിയാത്ത ഭാവത്തില്‍ അസൂയയും ധിക്കാരവും നിമിത്തം അവര്‍ അതിനെ നിഷേധിക്കുകയാണ് ചെയ്തത്. ഫലത്തില്‍ അവരുടെ വേദഗ്രന്ഥത്തെ തന്നെ അവര്‍ നിഷേധിക്കുന്നുവെന്നതാണ് ഇതിനര്‍ഥം.

മിഥ്യയായ
അവകാശവാദങ്ങള്‍

തങ്ങള്‍ അല്ലാഹുവിന്റെ മക്കളും ഇഷ്ടക്കാരുമാണ്, വിജയവും രക്ഷയും ഞങ്ങളുടെ ജന്മാവകാശമാണ്, സ്വര്‍ഗം തങ്ങളുടെ കുത്തകാവകാശമാണ്, മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നിവയായിരുന്നു ഇസ്‌റാഈല്യരുടെ മിഥ്യയായ അവകാശവാദങ്ങള്‍. ഈ അവകാശവാദത്തില്‍ സത്യമുണ്ടെങ്കില്‍ അവര്‍ മരിക്കാന്‍ കൊതിക്കട്ടെ എന്നാണ് അല്ലാഹു പറഞ്ഞത് (2:94).
അവര്‍ ഒരിക്കലും അതിന് കൊതിക്കുന്നവരായിരുന്നില്ല. അവരുടെ യഥാര്‍ഥ മനോഗതിയെ അല്ലാഹു തുറന്നുകാണിച്ചു. നിശ്ചയം മനുഷ്യരില്‍ വെച്ച് ജീവിതത്തിന് ഏറ്റവും ആര്‍ത്തിയുള്ളവരായി നീ അവരെ കണ്ടെത്തുക തന്നെ ചെയ്യും. ശിര്‍ക്ക് (ബഹുദൈവവിശ്വാസം) സ്വീകരിച്ചവരേക്കാള്‍ പോലും. അവരില്‍ ഒരാള്‍ മോഹിക്കുന്നു, തനിക്ക് ആയിരം കൊല്ലം ആയുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍ എന്ന്. അവന് ദീര്‍ഘായുസ്സ് നല്‍കപ്പെടുന്നത് അവനെ ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്നതല്ല താനും. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു (2:96).
ജിബ്‌രീല്‍(അ) തങ്ങളുടെ ശത്രുവാണെന്നും അതിനാല്‍ അദ്ദേഹം കൊണ്ടുവന്നുതന്ന ഖുര്‍ആന്‍ സ്വീകാര്യമല്ലെന്നും അവര്‍ വാദിച്ചപ്പോള്‍ അതിനു മറുപടിയായി അല്ലാഹു സൂറത്തുല്‍ ബഖറയില്‍ 97-ാം വചനം അവതരിപ്പിച്ചു. ജിബ്‌രീലിനോട് പകവെക്കുന്നവന്‍ അല്ലാഹുവിനോട് അവന്റെ ദൂതന്മാരായ മലക്കുകളോടും മനുഷ്യദൂതന്മാരായ പ്രവാചകന്മാരോടും പകവെക്കുകയാണ് ചെയ്യുന്നത്. ഇത് അവിശ്വാസത്തിന്റെ അടയാളമാണെന്നും അല്ലാഹു അവരുടെ ശത്രുവാണെന്നും പറഞ്ഞുകൊണ്ടാണ് പ്രസ്തുത സൂക്തം അവസാനിക്കുന്നത്. ഇസ്‌റാഈല്യരുടെ മിഥ്യയായ അവകാശവാദത്തിന്റെ പൊള്ളത്തരവും ഗൗരവവും തുറന്നുകാണിക്കുന്ന വചനം സത്യത്തില്‍ നിന്ന് ബഹുദൂരം അകന്നു ജീവിക്കുന്നവരുടെ ജല്‍പനങ്ങള്‍ക്കെല്ലാമുള്ള ശക്തമായ താക്കീതാണ്.
പൂര്‍വവേദക്കാരായ അവര്‍ ആദ്യകാലങ്ങളില്‍ നേര്‍മാര്‍ഗത്തില്‍ ചരിച്ചുവെങ്കിലും കാലക്രമേണ അവരുടെ ഹൃദയം ദുഷിച്ചു മരവിക്കുകയും തോന്നിവാസത്തിലും ധിക്കാരത്തിലും മുഴുകുകയും ചെയ്തതുപോലെ സത്യവിശ്വാസികള്‍ ആകാന്‍ പാടില്ല എന്ന ശക്തമായ ഓര്‍മപ്പെടുത്തലാണ് ഇസ്‌റാഈലീ ചരിത്രങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. സ്വാര്‍ഥതാല്‍പര്യങ്ങളും അധികാരമോഹങ്ങളും അസൂയയും അവരെ അടക്കിഭരിച്ചപ്പോള്‍ അവര്‍ യഥാര്‍ഥ വിശ്വാസവും ഭക്തിയും കൈയൊഴിഞ്ഞു. അതിനാല്‍ വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ട ഇക്കൂട്ടരെപ്പോലെ സുഖാനുഗ്രഹങ്ങളില്‍ കഴിയുമ്പോള്‍ സത്യവിശ്വാസികളുടെ ഭാഗത്തുനിന്ന് അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്ന് അകലുന്ന നിലപാടും അനാസ്ഥയും ഉണ്ടായിക്കൂടെന്ന് അല്ലാഹു ഓര്‍മപ്പെടുത്തിയിട്ടുണ്ട് (57:16).
ഇതര സമുദായങ്ങളേക്കാള്‍ പ്രവാചകത്വം കൊണ്ടും വിധികര്‍തൃത്വം കൊണ്ടും യോഗ്യതയും ശ്രേഷ്ഠതയും അല്ലാഹു അവര്‍ക്ക് നല്‍കി (45:10). എന്നാല്‍ അവര്‍ക്ക് നിന്ദ്യതയും അധഃപതനവും ദൈവത്തിന്റെ അടുക്കല്‍ നിന്നുള്ള ശാപകോപങ്ങളും ഏല്‍ക്കാന്‍ നിമിത്തമായത് വ്യക്തമായ അറിവ് വന്നെത്തിയ ശേഷം ധിക്കാരത്താല്‍ ഭിന്നിക്കുകയും പരസ്പരം ഛിദ്രമാവുകയും ചെയ്തുവെന്നതാണ്. ഇസ്‌റാഈല്യരുടെ ഉത്ഥാനപതനത്തിന്റെ ചരിത്രം ഖുര്‍ആന്‍ മുന്നില്‍ വെക്കുമ്പോള്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും അതില്‍നിന്ന് വലിയ പാ ഠമാണ് ഉള്‍ക്കൊള്ളാനുള്ളത്. മുന്‍കൂട്ടി വേദഗ്രന്ഥം മുഖേന അല്ലാഹു താക്കീത് നല്‍കിയിട്ടും അത് വിലവെക്കാതെ ജീവിച്ച ഇസ്‌റാഈല്യര്‍ മതകല്‍പനകളുടെ ലംഘനവും അതിക്രമങ്ങളും പതിവാക്കിയപ്പോള്‍ അതിന്റെ അനന്തര ഫലമായി ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നു.

Back to Top