ഒരേ പ്രദേശത്ത് എന്തുകൊണ്ട് രണ്ടു ബാങ്ക്?
ടി പി എം റാഫി
വിശുദ്ധ റമദാന്‍ വരുമ്പോഴാണ് ഒരേ പ്രദേശത്തെ പള്ളികളില്‍ രണ്ടു നേരങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന ബാങ്ക് കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. അതിനു കാരണമുണ്ട്, ഫജ്‌റിന്റെ ബാങ്ക് നോമ്പിന്റെ ആരംഭവും മഗ്‌രിബിന്റെ ബാങ്ക് പര്യവസാനവും കുറിക്കുന്നു എന്നതു കൊണ്ടുകൂടിയാണ്. ഉത്പതിഷ്ണുക്കള്‍ ഫജ്‌റിന്റെ ബാങ്ക് ‘പിന്തിക്കുക’യും മഗ്‌രിബിന്റെ ബാങ്ക് ‘മുന്തിക്കുക’യും ചെയ്യുന്നതോടെ നോമ്പ് ‘മുറിഞ്ഞു’ പോകാന്‍ ഇതിലും വിശേഷിച്ചൊന്നും വേണ്ടല്ലോ!
ഇസ്‌ലാമിലെ നമസ്‌കാര സമയത്തിന്റെ മതപരമായ നിര്‍വചനം എന്താണ്? ഖഗോള ഉത്തരധ്രുവത്തില്‍നിന്ന് ഉച്ചിയിലൂടെ (zenith) ഖഗോള ദക്ഷിണധ്രുവത്തിലേക്കു വരയ്ക്കുന്ന രേഖയാണ് ഉച്ചരേഖ (meridian). യഥാര്‍ഥ സൂര്യന്‍ (ഭൂമിയുടെ സൂര്യപരിക്രമണ വേഗത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുകൊണ്ട് സമയം കണക്കാക്കാന്‍ സ്വീകരിക്കുന്നത് മീന്‍ സണ്‍ എന്ന സാങ്കല്‍പ്പിക സൂര്യനെയാണ്) പ്രാദേശിക ഉച്ചരേഖ മുറിച്ചു കടക്കുന്നതോടെയാണ് ദ്വുഹ്‌റിന്റെ സമയം ആരംഭിക്കുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, സൂര്യന്‍ അതാതു ദിവസങ്ങളില്‍ ആ പ്രദേശത്തെ ആകാശത്ത് ഏറ്റവും ഉയര്‍ന്ന കോണീയ അകലത്തില്‍ (altitude) നില്‍ക്കുമ്പോഴാണ് ഇത്. കഅ്ബയ്ക്കു മുകളിലൂടെ സൂര്യന്‍ കടന്നുപോകുന്നത് എടവം 13-നും കര്‍ക്കടകം 1-നുമാണ്. ആ ദിവസങ്ങളില്‍ അവരുടെ ദ്വുഹ്‌റിന്റെ നേരത്ത് കഅ്ബയ്ക്കും പരിസരത്തെ കെട്ടിടങ്ങള്‍ക്കും നിഴലുണ്ടാവില്ല. കേരളത്തിന്റെ തലയ്ക്കു മുകളിലൂടെ സൂര്യന്‍ കടന്നുപോകുന്നത് ഓണത്തിന്റെയും വിഷുവിന്റെയും കാലത്താണ്. ആ കാലത്ത് കേരളത്തിലെ ഓരോ പ്രദേശത്തും കൊല്ലത്തില്‍ രണ്ടു ദിവസം സൂര്യന്‍ 90 ഡിഗ്രി വരെ ഉയരും. എന്നാല്‍ ഡിസംബര്‍ 22-ന് കോഴിക്കോട്ടെ ആകാശത്ത് 55.25 (90 (23.5 + 11.25)) ഡിഗ്രിയിലൂടെ സൂര്യന്‍ ഉച്ചരേഖ മുറിച്ചു കടക്കുമ്പോള്‍ ദ്വുഹ്‌റിന്റെ നേരമാകും. പ്രദേശത്തിന്റെ തലയ്ക്കു മുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന രണ്ടു ദിവസങ്ങളില്‍ ദ്വുഹ്‌റിന്റെ നേരത്ത് നിഴലുണ്ടാവില്ലെങ്കിലും ബാക്കിയുള്ള 363 ദിവസവും വലുതും ചെറുതുമായ നിഴല്‍ രൂപപ്പെടും. ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തിലെയും ഉത്തരാര്‍ധഗോളത്തിലെയും അക്ഷാംശം 23.5 ഡിഗ്രിക്കു മുകളിലുള്ള എല്ലാ നാടുകളിലും കൊല്ലത്തില്‍ എല്ലാ ദിവസവും ദ്വുഹ്‌റിന്റെ നേരത്ത് നിഴലുണ്ടാകും.
ഒരു വസ്തുവിന്റെ (അളവുകോലിന്റെ) ദ്വുഹ്‌റിന്റെ നേരത്തുള്ള നിഴലിന്റെ നീളം അസ്‌റിന്റെ നേരത്തുള്ള നിഴലിന്റെ നീളത്തില്‍ നിന്നു കിഴിച്ചാല്‍ വസ്തുവിന്റെ നീളം കിട്ടുന്ന സമയത്താണ് അസ്‌റിന്റെ സമയം ആരംഭിക്കുന്നത്. അതായത്, ദ്വുഹ്‌റിന്റെ നേരത്തെ നിഴലിന്റെ നീളത്തോട് അളവുകോലിന്റെ നീളം കൂട്ടുമ്പോഴുള്ള അത്ര വലുപ്പത്തില്‍ അസ്‌റിന്റെ നേരത്ത് നിഴലുണ്ടാവണമെന്നര്‍ഥം.
സൂര്യന്‍ പൂര്‍ണമായും പടിഞ്ഞാറെ ചക്രവാള സീമയ്ക്കപ്പുറം മറയുന്നതോടെ മഗ്‌രിബിന്റെ സമയവും പടിഞ്ഞാറെ ചക്രവാളത്തിലെ അസ്തമന ശോഭ മായുന്നതോടെ ഇശാഇന്റെ സമയവും ആകുന്നു. ഫജ്‌റിന്റെ വേള തുടങ്ങുന്നത് പുലരിയില്‍, പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത സൂര്യന്റെ പ്രഭ കിഴക്കേ ചക്രവാളത്തില്‍ പടരുമ്പോഴാണ്.
ഒരേ സ്ഥലത്ത് വ്യത്യസ്ത ദിവസങ്ങളില്‍ നമസ്‌കാര സമയത്തില്‍ വ്യത്യാസങ്ങള്‍ കാണുക സ്വാഭാവികമാണ്. ഏതാണ്ട് മാര്‍ച്ച് 21-നും സപ്തംബര്‍ 22-നും സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരെ മുകളിലൂടെയാണ് (celestial equator) സാപേക്ഷ സഞ്ചാരം നടത്തുന്നത്. അതുകൊണ്ട് ആ ദിവസങ്ങളില്‍ ഭൂമിയുടെ രണ്ട് അര്‍ധഗോളത്തിലെയും നാടുകളില്‍ സമരാത്രദിനങ്ങളാണ് -തുല്യ പകലും രാത്രിയും. തുടര്‍ന്ന് ജൂണ്‍ 21 വരെ സൂര്യന്റെ ഉത്തരായനമാണ്. അപ്പോള്‍ ഉത്തരാര്‍ധ ഗോളത്തില്‍ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരുന്നു. എന്നാല്‍ ഈ സമയത്ത് ദക്ഷിണാര്‍ധ ഗോളത്തിലാകട്ടെ രാത്രിയുടെ ദൈര്‍ഘ്യമാണ് കൂടുന്നത്. ഉത്തരാര്‍ധ ഗോളത്തില്‍ ചൂടുകാലവും ദക്ഷിണാര്‍ധ ഗോളത്തില്‍ തണുപ്പുകാലവുമായിരിക്കുമപ്പോള്‍. സപ്തംബര്‍ 22-ന് ഉത്തരായനം കഴിഞ്ഞ് സൂര്യന്‍ വീണ്ടും ഭൂമധ്യരേഖയ്ക്കു സമാന്തരമായി സഞ്ചരിക്കുന്നു. അവിടന്നങ്ങോട്ട് ഡിസംബര്‍ 22 വരെ സൂര്യന്റെ ദക്ഷിണായനമാണ്. ഡിസംബര്‍ 22-ന് ഖഗോള മധ്യരേഖയില്‍ നിന്ന് 23.5 ഡിഗ്രിയോളം സൂര്യന്‍ തെക്കായിരിക്കും. അതോടെ ഉത്തരാര്‍ധഗോളം തണുപ്പിന്റെ പാരമ്യതയില്‍ എത്തും. പ്രാദേശികമായ നമസ്‌കാര സമയത്തില്‍ വ്യത്യാസം വരാന്‍ ഒരു കാരണം സൂര്യന്റെ ഈ വാര്‍ഷിക അയനങ്ങളാണ്.
മറ്റൊരു കാരണം ഇതാണ്: 2021 ഏപ്രില്‍ 13-ന് കാസര്‍കോട്ട് 6.43നും കോഴിക്കോട്ട് 6.39നും കൊച്ചിയില്‍ 6.36നും തിരുവനന്തപുരത്ത് 6.32നുമാണ് സൂര്യാസ്തമനം. ഇതിനു കാരണം കാസര്‍കോട് ഭൂമധ്യരേഖയില്‍ നിന്ന് 12.5 ഡിഗ്രി വടക്കും കോഴിക്കോട് 11.25 വടക്കും കൊച്ചി 10 ഡിഗ്രി വടക്കും തിരുവനന്തപുരം 8.5 ഡിഗ്രി മാത്രം വടക്കുമായി സ്ഥിതിചെയ്യുന്നു എന്നതാണ്.
നമസ്‌കാര സമയങ്ങള്‍ മാറി വരുന്നത് ഭൂഗോളത്തില്‍ ആ പ്രദേശം ഏത് അക്ഷാംശത്തില്‍ കിടക്കുന്നു എന്നതിനെയും സൂര്യന്റെ വാര്‍ഷിക അയനത്തില്‍ സംഭവിക്കുന്ന ക്രാന്തിയെയും (declination) ആശ്രയിച്ചാണ്. ക്രാന്തി എന്നുപറഞ്ഞാല്‍ ഖഗോള മധ്യരേഖയില്‍ (celestial equator) നിന്ന് സൂര്യന്‍ എത്ര ഡിഗ്രി വടക്ക് അല്ലെങ്കില്‍ തെക്ക് എന്നതിനെ കുറിക്കുന്നു.
സൂര്യന്റെ ക്രാന്തിയും പ്രദേശത്തിന്റെ അക്ഷാംശ വിലയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗണിതശാസ്ത്ര സൂത്രവാക്യം ഉപയോഗിച്ചാണ് നമസ്‌കാര സമയങ്ങളും ഉദയാസ്തമന സമയങ്ങളും നിര്‍ണയിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഒരേ പ്രദേശത്തു തന്നെ ഒരേ ദിവസം രണ്ടു സമയങ്ങളില്‍ ബാങ്ക് കൊടുക്കുന്നത്? ഈ വിചിത്ര ഏര്‍പ്പാടിന്റെ അശാസ്ത്രീയതയും യുക്തിരാഹിത്യവും ഇവിടെ അപഗ്രഥിക്കാം.
നമസ്‌കാരത്തിന്റെ സമയം സൂചിപ്പിക്കുന്ന ചില ഖുര്‍ആന്‍ വചനങ്ങളുണ്ട്: ”പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക.” (ഹൂദ് 114). പകലിന്റെ ആദ്യ അറ്റം ഫജ്‌റാണെന്നും മറ്റേ അറ്റം മഗ്‌രിബാണെന്നും രാത്രിയുടെ ആദ്യയാമം ഇശാ ആണെന്നും ഇതില്‍ നിന്ന് വ്യക്തമാണ്.
റസൂല്‍ (സ) പറയുന്നു: ”ജിബ്‌രീല്‍ എന്നോടൊപ്പം ഫജ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. ഭക്ഷണം നിഷിദ്ധമായ (വ്രതകാലത്ത്) ആദ്യവേളയില്‍”.
”പുലരിയില്‍ വെളുത്ത നൂലില്‍ നിന്ന് കറുത്ത നൂല് വേര്‍തിരിച്ചറിയുന്നതു വരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയുമാവാം.” (അല്‍ബഖറ 187)
വെളുത്ത നൂലും കറുത്ത നൂലും എന്നത് പകലിന്റെ വെളിച്ചവും രാത്രിയുടെ ഇരുട്ടുമാണെന്ന് നബി വിശദീകരിച്ചിരുന്നതായി അദിയ്യുബ്‌നു ഹാത്വിം നിവേദനം ചെയ്തിട്ടുണ്ട്.
ഭൗതിക ശാസ്ത്രത്തില്‍, കറുത്ത വസ്തുക്കള്‍ എല്ലാ ദൃശ്യപ്രകാശകിരണങ്ങളെയും ആഗിരണം ചെയ്യുന്നവയും വെളുത്ത വസ്തുക്കള്‍ എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നവയുമാണ്. സൂര്യപ്രഭയുടെ നേര്‍ത്ത സാന്നിധ്യം പോലും തിരിച്ചറിയാനുള്ള ശാസ്ത്രീയോപാധി കൂടിയാണിത്.
വചനത്തിലെ തബയ്യുന്‍ എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഹത്താ യത്തബയ്യന ചേര്‍ത്ത് വിശുദ്ധ ഖുര്‍ആന്‍ സമയ നിര്‍വചനത്തിലെ സങ്കീര്‍ണതയും സംശയവും ഒഴിവാക്കിയിട്ടുണ്ട്. അത്താഴം അവസാനിക്കുന്നതിന്റെയും നോമ്പ് ആരംഭിക്കുന്നതിന്റെയും ഇടയ്ക്കുള്ള ‘അതിര്‍വരമ്പ്’ ഇവിടെ വ്യക്തമാകുന്നു. തബയ്യുന്‍ എന്നാല്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍തിരിഞ്ഞു ദൃശ്യമാവുന്ന അവസ്ഥാവിശേഷമാണ്.
”സമഗ്രമായി, പൂര്‍ണതോതില്‍ ഫജ്ര്‍ (പകല്‍വെളിച്ചം) പരക്കുന്നതാണ് തബയ്യുന്‍”- റിയാദിലെ ജ്യോതിശ്ശാസ്ത്ര തലവന്‍ ഡോ. സാക്കിര്‍ ഇബ്‌നു അബ്ദുറഹിമാന്‍ നിര്‍വചിക്കുന്നു.
രാത്രിയുടെ ഇരുട്ടിന് വിരാമമായി പകല്‍വെളിച്ചം ചക്രവാളം ഒന്നാകെ പരക്കുന്ന നേരമാണ് ഇതെന്ന് അല്ലാമാ അയ്‌നി വിശദീകരിക്കുന്നു.
സദൃശ്യപ്രകാശവും
ഫജ്‌റുസ്വാദിഖും
പകല്‍വെളിച്ചം ആരംഭിക്കുന്നതിനു മുമ്പ് ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റിദ്ധാരണാജനകമായ വെളിച്ചമാണ് സദൃശ്യപ്രകാശം. ഇത് സത്യപ്രഭാതമല്ല (ഫജ്‌റുസ്വാദിഖ്). സദൃശ്യപ്രകാശം കാണുന്നത് കള്ളപ്രഭാതത്തിനും സത്യപ്രഭാതത്തിനും ഇടയ്ക്കാണ്. സദൃശ്യപ്രകാശത്തില്‍ വഴിതെറ്റിപ്പോയി നമസ്‌കാരം നിര്‍വഹിക്കരുതെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അത്താഴസമയവും ഫജ്‌റിന്റെ സമയവും തെറ്റിദ്ധരിക്കപ്പെട്ടു പോവാതെ കൃത്യമായി മനസ്സിലാക്കാന്‍ പല നിര്‍ദേശങ്ങളും നബി(സ) നല്‍കിയിട്ടുണ്ട്. അതിലൊന്ന് ഇതാണ്: ബിലാലിനെ സന്ദേഹ സമയത്ത് (സദൃശ്യപ്രകാശം കാണുന്ന നേരം) ബാങ്ക് വിളിക്കാനും ഇബ്‌നു മഖ്ത്തൂമിനെ സത്യപ്രഭാതത്തില്‍ ഫജ്ര്‍ നമസ്‌കാരത്തിന്റെ നേരമായി എന്നറിയിക്കുന്ന ബാങ്ക് വിളിക്കാനും ചുമതലപ്പെടുത്തിയിരുന്നതായി ചരിത്രത്തില്‍ കാണാം. ബിലാലിന്റെ ബാങ്കിനുശേഷവും അത്താഴം കഴിക്കുന്നതിന് ഒരുവിരോധവും ഉണ്ടായിരുന്നില്ല.
സദൃശ്യപ്രകാശത്തെ എങ്ങനെ തിരിച്ചറിയാനാകും? ”ബിലാലിന്റെ ബാങ്കും ചക്രവാളത്തില്‍ കുത്തനെ പ്രത്യക്ഷപ്പെടുന്ന വെളിച്ചവും അത്താഴം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയാതിരിക്കട്ടെ”-നബി(സ) പറഞ്ഞു. സൂര്യപ്രഭ ചക്രവാളം ഒന്നാകെ പരക്കുന്നതാണ് അത്താഴം അവസാനിക്കുന്ന സമയം (ഫജ്‌റിന്റെ ആരംഭവും). ‘ചെകുത്താന്റെ വാലുപോലെ’യാണ് സദൃശ്യ പ്രകാശമെന്ന് മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു. ചക്രവാളത്തിന്റെ ഇരുണ്ട മേഖലയില്‍ കുത്തനെ പ്രത്യക്ഷപ്പെടുന്നതാണ് ഈ വെളിച്ചം. കള്ളപ്രഭാതത്തിന്റെ ലക്ഷണമായി നബി(സ) ഇതിനെ വിലയിരുത്തി. ഈ ദീപ്തി നിങ്ങളെ കബളിപ്പിക്കാതിരിക്കട്ടെ എന്നും നബി(സ) ഉണര്‍ത്തിയിരുന്നു.
ഇതിനൊക്കെ ശേഷമാണ് ചക്രവാളം മുഴുവനായും പരക്കുന്ന ഉദയത്തിനു മുമ്പുള്ള സൂര്യപ്രഭ വരുന്നത്. അപ്പോള്‍ മാത്രമാണ് ഫജ്‌റിന്റെ വേള തുടങ്ങുന്നുള്ളൂവെന്ന് മുന്‍ചൊന്ന ഖുര്‍ആന്‍ വചനത്തില്‍ നിന്നും നബി(സ)യുടെ വിശദീകരണത്തില്‍ നിന്നും ഗ്രഹിക്കാം.
സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് ആദ്യം പടരുന്ന പ്രകാശമാണ് സത്യപ്രഭാതം. നേര്‍ത്ത ചെമപ്പുള്ള, ചക്രവാളത്തില്‍ ഒരുപോലെ നിറയുന്ന വെട്ടം.
നസീറുദ്ദീന്‍ തൂസി എഴുതുന്നു: ”സദൃശ്യപ്രകാശത്തെ ആദ്യ പുലര്‍ച്ച എന്നു വിളിക്കാം. ഈ വെളിച്ചം ചക്രവാള സീമകളിലേക്ക് പരക്കുന്നില്ല. ചക്രവാളത്തില്‍ അപ്പോഴും ഇരുട്ട് ഭേദിക്കപ്പെടുന്നില്ല. ഈ അവസ്ഥാവിശേഷമാണ് കള്ളപ്രഭാതം”.
ഇമാം ഖുര്‍തുബി പറയുന്നു: ”കെട്ടിടങ്ങളിലും തെരുവുകളിലും വെളിച്ചം പരന്ന് അവ ദൃശ്യമായിത്തുടങ്ങുന്ന സമയത്തെയായിരുന്നു സ്വഹാബത്ത് ഫജ്ര്‍ എന്നു വിളിച്ചത്”.
സത്യപ്രഭാതം പകല്‍ വെളിച്ചമാണ്. അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ചെമപ്പു കൂടിയ വെള്ള വെളിച്ചമാണത്. അതു ചക്രവാളത്തില്‍ ഏകതാനമായി പരക്കുന്നു. രാത്രിയെ ഭേദിച്ച് സ്ഥായിയായി നിലയുറപ്പിക്കുന്നു.
അബുറയ്ഹാന്‍ അല്‍ബിറൂനി (എ ഡി 1048) യാണ് സൂര്യപ്രഭയുടെ ഉദയത്തിനു മുമ്പുള്ള ആരംഭവും അസ്തമനത്തിനു ശേഷമുള്ള പരിസമാപ്തിയും ആദ്യമായി ശാസ്ത്രീയമായി നിര്‍വചിച്ച ഇസ്‌ലാമിക ജ്യോതിശാസ്ത്രജ്ഞന്‍. ”സൂര്യഗോളത്തിന്റെ കേന്ദ്രബിന്ദു കിഴക്കേ ചക്രവാളത്തില്‍ 18 ഡിഗ്രിയില്‍ വരുമ്പോള്‍ ഫജ്ര്‍ സമയം ആരംഭിക്കും. അതുപോലെ പടിഞ്ഞാറെ ചക്രവാളത്തിനു താഴെ ഇതേ ഡിഗ്രിയില്‍ വരുമ്പോള്‍ അസ്തമനശോഭ (ശഫഖ്) അവസാനിക്കും. ജ്യോതിശാസ്ത്രപരമായി ഉദയാസ്തമനശോഭ നിലനില്‍ക്കുന്നത് അപ്പോള്‍ മാത്രമാണ്”.
Astronomical twilight ഉം സത്യപ്രഭാതവും ഒന്നാണെന്നും രണ്ടും പകല്‍ വെളിച്ചത്തിന്റെ ആരംഭവും ഒടുക്കവുമാണ് കുറിക്കുന്നതെന്നും ബിറൂനി അഭിപ്രായപ്പെടുന്നു. ”സൂര്യന്റെ കേന്ദ്രബിന്ദു ചക്രവാളത്തിനു കീഴെ 18 ഡിഗ്രിയില്‍ വരുന്നതുവരെ ഏതായാലും പൂര്‍ണ ഇരുട്ടായിരിക്കും. സൂര്യദീപ്തിയുടെ നേര്‍ത്ത പ്രഭപോലും അന്നേരം ദൃശ്യമാവില്ല”-അദ്ദേഹം വ്യക്തമാക്കുന്നു. ഡോ. ഇല്ല്യാസ് എഴുതുന്നു: ”16 ഡിഗ്രിക്ക് അപ്പുറത്തേക്ക് സൂര്യദീപ്തി പെട്ടെന്ന് ഇല്ലാതാവുന്നതായി ഞങ്ങള്‍ക്ക് നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു”. 16 ഡിഗ്രി 30 മിനുട്ടിനു മുമ്പ് സത്യപ്രഭാതം ഒരിക്കലും പിറക്കുകയില്ലെന്ന അസന്ദിഗ്ധമായ അഭിപ്രായമാണ് ഡോ. ഇല്ല്യാസിനുള്ളത്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഫജ്‌റിന്റെ വേള കേരളത്തിലെ ഉത്പതിഷ്ണുക്കളെപ്പോലെ 18 ഡിഗ്രിയോ അതില്‍ താഴെയായോ ആയി സ്വീകരിക്കുന്നത് കാണാം. ഇസ്‌ലാമിക സുവര്‍ണയുഗത്തിലും മധ്യകാലഘട്ടത്തിലും ഈ രീതി അവലംഭിച്ചിരുന്നു. ഇതുതന്നെ വളരെ നേരത്തെയുള്ള സമയമാണ്. അതിനപ്പുറത്തേക്ക് നീട്ടിയാല്‍ കൂരിരുട്ടില്‍ ഫജ്ര്‍ നിര്‍വഹിക്കേണ്ടിവരും.
മൗലാനാ ഖാസിമി, സ്‌കോട്ട്‌ലന്റില്‍ നിന്നുള്ള ഒരു സംശയത്തിനു മറുപടിയായി, ‘പരമാവധി പതിനെട്ടു ഡിഗ്രി എടുത്താല്‍ മതി’ എന്നു പറഞ്ഞു.
ചില ഗവേഷകരായ പണ്ഡിതന്മാര്‍ രാവിലെ 2.30 മണി തൊട്ട് കിഴക്കേ ചക്രവാളം നിരീക്ഷിച്ചു പഠിക്കുകയുണ്ടായി. 18 ഡിഗ്രിയിലും കള്ളപ്രഭാതം അവസാനിക്കുന്നില്ലെന്ന അഭിപ്രായമുള്ളവരുണ്ട് ഇവരില്‍. സൂര്യന്‍ 16 ഡിഗ്രിയില്‍ വരുമ്പോള്‍ മാത്രമേ സത്യപ്രഭാതം യാഥാര്‍ഥ്യമാകുന്നുള്ളൂവെന്നും അവര്‍ കണ്ടെത്തി. ചിക്കാഗോയിലെ മതഗവേഷകരുടെ നിരീക്ഷണവും ഇതിനു പിന്‍ബലം നല്‍കുന്നുണ്ട്. എങ്കില്‍, കേരളത്തിലെ യാഥാസ്ഥിതികരുടെ പള്ളികളിലെ ബാങ്ക് എന്തിനാണ് പിന്നെയും നേരത്തെയാക്കി കൂരിരുട്ടില്‍ കൊടുക്കുന്നത്? അവര്‍ ഫജ്‌റിന്റെ ബാങ്ക് കൊടുക്കുന്ന നേരത്ത് (19 ഡിഗ്രി) ഒരു തുള്ളി സൂര്യപ്രഭയും ചക്രവാളത്തില്‍ പടരില്ല എന്ന സത്യം ജ്യോതിശാസ്ത്ര ഗവേഷകര്‍ തെളിയിച്ചതാണ്. അപ്പോള്‍ പിന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ‘കറുത്ത നൂല് വെളുത്ത നൂലില്‍ നിന്ന്’ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ പാകത്തിലുള്ള വെളിച്ചം പോയിട്ട്, പ്രകാശ പ്രസരണം സൂക്ഷ്മമായി അളക്കുന്ന ജ്യോതിശാസ്ത്ര ഉപകരണങ്ങളില്‍പ്പോലും ആ നേരത്ത് സൂര്യവെളിച്ചം കണ്ടെത്താനാവില്ല. രാത്രിയുടെ ശുദ്ധ ഇരുട്ടിലാണ് അവര്‍ ബാങ്ക് വിളിക്കുന്നതെന്ന വസ്തുത നിഷ്പക്ഷമതികള്‍ മനസ്സിലാക്കണം. ഇസ്‌ലാമികമായി ഈ ഏര്‍പ്പാട് ഗുരുതരമായ വീഴ്ചയുമാണ്.
ഇനി മഗ്‌രിബ് ബാങ്കിന്റെ കാര്യമെടുക്കാം. ഒരു പ്രദേശത്തിന്റെ തലയ്ക്കു മുകളിലുള്ള ഉച്ചരേഖയിലെ ബിന്ദുവായ ഉച്ചി (zenith)യില്‍ നിന്ന് പടിഞ്ഞാറേ ചക്രവാളസീമയിലേക്കും കിഴക്കേ ചക്രവാളസീമയിലേക്കും 90 ഡിഗ്രി ഉച്ചദൂരം (zenith distance) ഉണ്ട്. സൂര്യന്‍ മധ്യാഹ്നം തെറ്റുന്ന ഉച്ചരേഖയിലെ ബിന്ദുവിന് ഇസ്‌ലാമികമായി മാത്രമല്ല, ജ്യോതിശാസ്ത്രപരമായും പ്രാധാന്യമുണ്ട്. ഒരു പ്രദേശത്തെ പകലിന്റെ മധ്യബിന്ദുവാണ് ദ്വുഹ്‌റിന്റെ നേരം. അതായത്, ആ പ്രദേശത്തെ പകലിനെ തുല്യമായി പകുക്കുന്ന ബിന്ദു. ദ്വുഹ്‌റിന്റെ നേരത്തുനിന്ന് അസ്തമനത്തിലേക്കും ഉദയത്തിലേക്കുമുള്ള സമയദൈര്‍ഘ്യം തുല്യമായിരിക്കും. ദ്വുഹ്ര്‍ മുതല്‍ മഗ്‌രിബ് വരെയുള്ള സമയത്തിന്റെ ഇരട്ടിയോ അല്ലെങ്കില്‍ ഉദയം മുതല്‍ ദ്വുഹ്ര്‍ വരെയുള്ള സമയത്തിന്റെ ഇരട്ടിയോ 24 മണിക്കൂറില്‍ നിന്നു കിഴിച്ചാല്‍ ആ പ്രദേശത്തെ രാത്രിയുടെ ദൈര്‍ഘ്യവും കണ്ടുപിടിക്കാം.
ഒരു പ്രദേശത്തിന്റെ ഉച്ചിയില്‍ നിന്ന് ചക്രവാളത്തിലേക്കുള്ള കോണീയ അകലം 90 ഡിഗ്രിയാണെന്നു പറഞ്ഞുവല്ലോ. സൂര്യന്‍ ഉച്ചിയില്‍ നിന്ന് ചക്രവാളത്തില്‍ 90 ഡിഗ്രിയില്‍ എത്തുമ്പോള്‍ സൂര്യബിംബത്തിന്റെ മധ്യബിന്ദുവായിരിക്കും ചക്രവാളത്തില്‍ മുട്ടുന്നത്. മഗ്‌രിബ് ബാങ്കിന്റെ നിര്‍വചനവുമായി ഇതൊരിക്കലും ശരിയാവില്ല. സൂര്യബിംബം പൂര്‍ണമായും ചക്രവാളസീമയ്ക്കപ്പുറം മറയുമ്പോള്‍ മാത്രമാണ് മഗ്‌രിബ് ആരംഭിക്കുന്നത്. അതിനാല്‍ സൂര്യന്റെ ഉച്ചദൂരം 90 ഡിഗ്രി 50 മിനുട്ട് എന്നെടുത്താണ് അസ്തമന സമയ സൂത്രവാക്യത്തില്‍ ഉത്പതിഷ്ണുക്കള്‍ ചേര്‍ക്കുന്നത്. (ഡിഗ്രിയെ 60 മിനുട്ടായും മിനുട്ടിനെ 60 സെക്കന്റായും ഭാഗിച്ചിട്ടുണ്ട്. അപ്പോള്‍ 90 ഡിഗ്രി 50 മിനുട്ട് എന്നത് 91 ഡിഗ്രിയുടെ തൊട്ടടുത്താണെന്നര്‍ഥം).
ഈ ഡിഗ്രിയില്‍ സൂര്യബിംബം ചക്രവാളസീമയില്‍ പൂര്‍ണമായും താണിരിക്കുമെന്ന കാര്യം ഉറപ്പാണ്. ഉത്പതിഷ്ണുക്കളുടെ പള്ളികളില്‍ മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോള്‍ സൂര്യന്റെ ഒരു ചെറിയ പൊട്ട് ചക്രവാളത്തില്‍ മറയാതെ ബാക്കിനിന്നതായി നാളിതുവരെ വിവരദോഷികള്‍ പോലും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് സംശയ രോഗത്തിന് സൂക്ഷ്മതയുടെ പേരുപറഞ്ഞ് മഗ്‌രിബിന്റെ ശ്രേഷ്ഠസമയം (അവ്വല്‍ വക്ത്) നഷ്ടപ്പെടുത്തുന്നത്?
യാഥാസ്ഥിതികരുടെ പൊള്ളയായ വാദങ്ങള്‍ ന്യായീകരിക്കാന്‍ ഇപ്പോള്‍ ബുര്‍ജ് ഖലീഫയുമായാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയുെട താഴ്ഭാഗത്ത് ഒരു നമസ്‌കാരസമയവും മധ്യഭാഗത്ത് വെറൊരു നമസ്‌കാരസമയവും ഏറ്റവും ഉയരത്തില്‍ പിന്നെയും വ്യത്യസ്തമായ നമസ്‌കാരസമയവുമാണെന്നും അതുകൂടി ഗണനയില്‍ പരിഗണിക്കേണ്ടതല്ലേ എന്നാണ് ചോദിക്കുന്നത്. ഇതിലെ കള്ളക്കളികള്‍ നിഷ്പക്ഷമതികള്‍ മനസ്സിലാക്കണം.
ഓരോ 1500 മീറ്റര്‍ ഉന്നതിക്ക് ഒരു മിനുട്ട് കഴിഞ്ഞ് അസ്തമയവും ഒരു മിനുട്ട് നേരത്തെ ഉദയവും സംഭവിക്കുമെന്ന് ഗണിച്ചെടുക്കാം. ബുര്‍ജ് ഖലീഫയുടെ പരമാവധി ഉയരം (h) 830 മീറ്ററാണ്. അപ്പോള്‍ ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ സമയവ്യത്യാസം കണക്കാക്കാം.
h x 100/1500. ഇവിടെ വ ന്റെ വില 830 മീറ്ററാണ്. അപ്പോള്‍ 830 x 100/1500 = 55.33. അതായത് ഒരുമിനുട്ടിന്റെ 55.33 ശതമാനം. ഇത് 33.198 സെക്കന്റ് എന്നു കിട്ടുന്നു. ആകെ വ്യത്യാസം ഇത്ര മാത്രമാണെന്ന് ഇതില്‍നിന്നു വ്യക്തമായി. ഇതിനു വേണ്ടിയാണോ കേരളത്തില്‍ അഞ്ചുമിനുട്ടോളം വൈകി മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത്? കഷ്ടം തന്നെ!
മറ്റൊരു വസ്തുത കൂടിയുണ്ട്. ഒരു ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം. ഗണിതശാസ്ത്ര സൂത്രവാക്യത്തില്‍ മഗ്‌രിബിന്റെ നേരം 6:38:18 എന്നാണ് കിട്ടിയതെന്നിരിക്കട്ടെ. അവിടെ 42 സെക്കന്റ് ഇതോട് ചേര്‍ത്ത് 6.39 ആക്കി മാത്രമാണ് ബാങ്കിന്റെ നേരമായി കലണ്ടറില്‍ കൊടുക്കുന്നത്. അപ്പോള്‍ ബുര്‍ജ് ഖലീഫയേക്കാള്‍ വളരെ വലിയ കെട്ടിടം കേരളത്തിലുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ അവിടെ നിന്നു നോക്കിയാലും സൂര്യന്‍ അസ്തമിച്ചിട്ടുണ്ടാവും!