ബന്ധം നന്നാക്കുക
എം ടി അബ്ദുല്‍ഗഫൂര്‍
അബുദ്ദര്‍ദാഅ്(റ) പറയുന്നു. നബി(സ) ഒരിക്കല്‍ ചോദിച്ചു. നമസ്‌കാരത്തെക്കാളും നോമ്പിനെക്കാളും ദാനത്തെക്കാളും ശ്രേഷ്ഠ പദവിയുള്ള ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ, പരസ്പരം ബന്ധം ചേര്‍ക്കുകയാണത്. പരസ്പരമുള്ള ബന്ധത്തില്‍ കുഴപ്പമുണ്ടാക്കുന്നത് (മതത്തെ തന്നെ) നശിപ്പിച്ചുകളയുന്നതാണ് (അബൂദാവൂദ്, തിര്‍മിദി, അഹ്‌മദ്)
മനുഷ്യര്‍ക്കിടയില്‍ സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ വിവരിക്കുന്ന ഒരു തിരുവചനമാണിത്. ആദര്‍ശ ബന്ധമായാലും കുടുംബ ബന്ധമായാലും സുഹൃദ്ബന്ധമായാലും സാമൂഹിക ബന്ധമായാലും എല്ലാം നിലനില്‍ക്കേണ്ടത് അനിവാര്യമെന്നത്രെ ഈ വചനത്തിന്റെ താല്‍പര്യം.
രഞ്ജിപ്പിന്റെയും യോജിപ്പിന്റെയും മേഖലകള്‍ തേടുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാകുന്നു. ജനങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വളര്‍ത്തിയെടുക്കാന്‍വേണ്ടി പരിശ്രമിക്കുന്നത്, ഐഛികമായ നമസ്‌കാരം, നോമ്പ്, സ്വദഖ എന്നിവയെക്കാള്‍ മഹത്തരമായ പദവിയുള്ള പ്രവര്‍ത്തനമാണെന്ന് ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നു. ജനങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങളും പിണക്കങ്ങളും ഒഴിവാക്കാന്‍വേണ്ടി പരിശ്രമിക്കുന്നത് ശ്രേഷ്ഠകരമായ കര്‍മങ്ങളുടെ കൂട്ടത്തില്‍ എണ്ണിയിരിക്കുന്നു. പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുകയും അതിനുവേണ്ടിയുള്ള പരിശ്രമം സമൂഹത്തിന്റെ സുസ്ഥിതിയ്ക്ക് അനിവാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. കാരണം, അത് സാമൂഹികാന്തരീക്ഷത്തെ സമാധാനപൂര്‍ണമാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്നു.
എന്നാല്‍ പരസ്പരം ബന്ധം വിച്ഛേദിക്കുകയും ബന്ധങ്ങളെ വഷളാക്കുകയും രഞ്ജിപ്പിനുവേണ്ടി പരിശ്രമിക്കാതിരിക്കുകയും ചെയ്യുന്നത് സര്‍വനാശത്തിലേക്കാണെത്തിക്കുന്നത്. ഇത്തരം അവസ്ഥകള്‍ മതം തന്നെ മുണ്ഡനം ചെയ്യപ്പെട്ടതായി മാറ്റുമെന്നത്രെ ഈ തിരുവചനത്തിന്റെ പൊരുള്‍. പരസ്പരമുള്ള പകയും വിദ്വേഷവും സംഘര്‍ഷത്തിലേക്കും ഛിദ്രതയിലേക്കും എത്തിക്കുന്നതായി നാം കാണുന്നു.
ഇസ്‌ലാം ഇണക്കവും ഐക്യവും കാംക്ഷിക്കുന്ന മതമാണ്. പിണക്കവും ശത്രുതയും അതിന് അന്യമത്രെ. മനുഷ്യര്‍ക്കിടയില്‍ ഇണക്കമുണ്ടാക്കുകയെന്നത് മഹത്തരമായ പുണ്യപ്രവൃത്തിയായി പരിചയപ്പെടുത്തുന്നത് അതുകൊണ്ടാണ്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുകയെന്ന് (8:1) വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ക്ഷമയും വിട്ടുവീഴ്ചയും കാണിച്ച് യോജിപ്പിലും ഇണക്കത്തിലും ജീവിക്കുന്നതാണ് മനസ്സമാധാനം നല്‍കുന്നത്.