23 Monday
December 2024
2024 December 23
1446 Joumada II 21

അഞ്ഞൂറോളം പേജുകളുണ്ടായിരുന്ന ബാല്യകാലസഖി

ജമാല്‍ അത്തോളി


ബഷീറിന്റെ ബാല്യകാലസഖിയില്‍ മജീദ് ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാണെന്ന് നിരൂപിക്കുന്നുണ്ട്. ഇതൊരു പരമ സത്യമാണ്. രണ്ടു നദികള്‍ സമ്മേളിച്ച് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതവന്‍ ആലോചിച്ചതാണ്. അധ്യാപകന്റെ അടി അവനെ സങ്കടപ്പെടുത്തി. സഹിക്കാന്‍ വയ്യാത്ത സങ്കടത്തോടെ മജീദ് ചെന്ന് ഉമ്മയോട് ആവലാതി പറഞ്ഞു. മാതാവ് കനിവോടെ ഉപദേശിച്ചു. സങ്കടമെല്ലാം പടച്ചവനെ അറിയിക്കുവാന്‍. റബ്ബുല്‍ ആലമീന്‍ ഓരോരുത്തരുടെയും അപേക്ഷ തള്ളികളകേല മോനേ. അതനുസരിച്ച് ആ പിഞ്ചുഹൃദയം പ്രപഞ്ച സ്രഷ്ടാവായ ജഗന്നിയന്താവിനോട് (അല്ലാഹുവിന്റെ വിശേഷണങ്ങള്‍ക്ക് അവസരം കിട്ടിയേടമെല്ലാം ബഷീര്‍ ധാരാളിയായിട്ടുണ്ട്) ഹൃദയപൂര്‍വം അപേക്ഷിച്ചു. ”എന്റെ റബ്ബേ, എന്റെ കണക്കുകളെല്ലാം ശരിയാക്കിത്തരണേ”.
സുഹ്‌റയുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായ നഖങ്ങള്‍ മജീദ് മുറിച്ചുകളഞ്ഞത് ഒരു സൂത്രം പ്രയോഗിച്ചാണ്. സുന്ദരമായ ഒരു കഥയായി നാമും അത് വായിച്ചനുഭവിക്കുന്നു. വെടിപ്പിനും വൃത്തിക്കും സ്‌കൂളിലെ ഉത്തമമാതൃകയാണ് അവള്‍. മജീദിന്റെ വസ്ത്രങ്ങളില്‍ എന്നും മഷിയും കറയും പുരണ്ടിരിക്കും. സമുദായ ഗാത്രത്തിലെ എല്ലാ മ്ലേച്ഛതകളും. അതെത്ര നിസ്സാരമാവട്ടെ, ചളിനിറഞ്ഞ നീണ്ടനഖമോ മഷിക്കറയോ ശുദ്ധീകരിക്കണമെന്ന് സഫീര്‍ ആഗ്രഹിച്ചു.
മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ഇളക്കിയ സംഭവമായിരുന്നു. വെടിക്കെട്ടും വലിയ സദ്യയുമുണ്ടായിരുന്നു. ബാന്റ് മേളങ്ങളോടും ഗ്യാസ് ലൈറ്റുകളോടും കൂടി ആനപ്പുറത്താണ് മജീദിനെ ഊരുലാത്തിയത്. ലോകത്തുള്ള എല്ലാ മുസ്‌ലിം പുരുഷന്മാരെയും മാര്‍ക്കം ചെയ്തിട്ടുള്ളതാണ്… എന്നിങ്ങനെ മാര്‍ക്കത്തിന്റെ എല്ലാ ആചാരങ്ങളും ബഷീര്‍ മലയാള സാഹിത്യ നിഘണ്ടുവില്‍ മായാതെ കുറിച്ചിട്ടു. സുഹ്‌റായുടെ കാതുകുത്തും തഥൈവ. മജീദ് ആ ഭംഗിയുള്ള ചെവികളില്‍ നോക്കി. കാതുകുത്ത് ഒരാചാരമാണ്… കുനുകുനാ കുത്തിത്തുളയ്ക്കുമ്പോള്‍ വേദനിക്കില്ലേ? ഈ കാതുകുത്തെന്തിന്? പരിചിന്തന താല്‍പര്യപ്പെടുന്ന ഒരു ചോദ്യവുമായി ബാല്യകാലസഖി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മജീദ് ആദ്യമായി മരണം കണ്ടു. സുഹ്‌റായുടെ ബാപ്പ മരിച്ചു. വീടുകളില്‍ പോയി അടയ്ക്കാ വാങ്ങി ചുമന്ന് പട്ടണത്തില്‍ വിറ്റ് ജീവിച്ച അയാളെ മജീദ് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം കണ്ടിട്ടുള്ള രാജ്യങ്ങളിലെ വിശേഷങ്ങളൊക്കെ മജീദിനോട് പറയും. വെളിയിലാണ് യഥാര്‍ഥ മുസല്‍മാന്മാരുള്ളത്, ആ ഗ്രാമത്തിലുള്ളവരോ അന്ധവിശ്വാസികള്‍… ഇവിടുള്ളോര് കരുതണത് ഇവരു മാത്രമാ ശരിയായ ഇസ്‌ലാമീങ്ങള്. അറിവില്ലാത്തതിന്റെ ദൂഷ്യം. പടച്ചോന്‍ ബേണ്ട്യവെച്ച് നിങ്ങളൊക്കെ പഠിച്ച് വലുതായ് വര്മ്പ ഈ സിതിയൊക്കെ പോകും’ സുഹ്‌റായുടെ വലിയ പരീക്ഷകള്‍ പാസ്സാക്കണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.
വിദ്യാഭ്യാസമില്ലാതിരുന്ന, പെണ്ണിന് പള്ളിക്കൂടം വിലക്കപ്പെട്ടിരുന്ന സമുദായ മെമ്പറായ ബഷീറിന്റെയും ആശയാണ് മുകളിലുദ്ധരിച്ചത്. ദൂരെയുള്ള പട്ടണങ്ങളില്‍ ഉദാരശീലരായ മുസ്‌ലിം ധനികന്മാരുണ്ട്. അവര്‍ സമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിനുവേണ്ടി പലതും ചെയ്യുന്നു. അശരണരായ യുവതികളെ വിവാഹം ചെയ്തുകൊടുക്കുക, ജോലിയില്ലാത്തവര്‍ക്ക് ജോലി ഉണ്ടാക്കിക്കൊടുക്കുക, സൗജന്യ വിദ്യാഭ്യാസത്തിന് സ്‌കൂളുകള്‍ ഏര്‍പ്പെടുത്തുക, അഗതികളെയും അംഗഭംഗം വന്നവരെയും സംരക്ഷിക്കുന്നതിന് ആതുരാലയങ്ങള്‍ സ്ഥാപിക്കുക… അങ്ങനെ പലതും ചെയ്യുന്നതായി മജീദിനോടു ഉമ്മ പറഞ്ഞു. ഇത് ഉമ്മയുടെ ഭാഷയല്ല നാടുചുറ്റുന്ന ഒരു മുസ്‌ലിം യാചകന്‍ പറഞ്ഞുകൊടുത്തതാണ്. അയാളുടെ ഭാഷയുമല്ല ഇത്. സാമൂഹിക ക്ഷേമത്തിന്റെ ഈ വരികള്‍ കഥയില്‍ കരുതിക്കൂട്ടലോടെ ചേര്‍ത്തിരിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറാണ്.
മജീദ് നാടുവിട്ടു. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം പണമൊന്നുമില്ലാതെ തിരിച്ചുവന്നു. മജീദിന്റെ കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. രണ്ടാം കെട്ടിന്റെ എല്ലാ നോവുമേറ്റ് സുഹ്‌റ തളര്‍ന്നു. മജീദും സുഹ്‌റയുമായുള്ള സമാഗമം. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന നേര്‍ത്ത തൊലിയില്‍ അരംകൊണ്ടുരയ്ക്കുന്നപോലെ തീവ്രമായ ഭാഷയില്‍ ബഷീര്‍ ഇവയൊക്കെ വിവരിച്ചു.
സുഹ്‌റായെ സ്വീകരിക്കാന്‍ ബഷീര്‍ തയ്യാറാവുന്നു. അതിനുള്ള കടമ്പ പെങ്ങന്മാരുടെ കല്യാണമാണ്. അവര്‍ക്ക് ആളെയും സ്ത്രീധനവും കണ്ടെത്തണം. സ്ത്രീധനം! ബഷീറിന്റെ അമര്‍ഷം സ്ത്രീധനത്തിനും സ്വര്‍ണ സംസ്‌കാരത്തിനും നേരെ നുരയുന്നു. സഹോദരിമാരുടെ നാല് കാതുകളിലും കൂടി 42 തുളകളുണ്ട്. അതൊക്കെ എന്തിനു കുത്തിത്തുളച്ചു? കഴുത്തിലും അരയിലും ഒന്നും സ്വര്‍ണം ഇട്ടില്ലെങ്കിലെന്ത്? സ്ത്രീധനമെന്ന ഏര്‍പ്പാടുതന്നെ ഇല്ലായിരുന്നെങ്കില്‍….! നമ്മുടെ സമുദായത്തിനുമാത്രം എന്തിനാണ് ഈ വൃത്തികെട്ട ഏര്‍പ്പാടുകള്‍? വൃത്തികെട്ട വസ്ത്രധാരണവും വൃത്തികെട്ട ആഭരണങ്ങളും….? (ഉമ്മയും മോനും തമ്മിലുള്ള ഒരു സംഭാഷണം). മോനേ, ആ സുഹ്‌റയുടെ കോലം കണ്ടോ? കിളിപോലെ ഇരുന്ന പെണ്ണാ… എല്ലാം റബ്ബിന്റെ ബേണ്ട്യ!
‘അവളെ അങ്ങനെ ആക്കിത്തീര്‍ത്തതാരാണ്?’ മജീദിന് കോപവും വ്യസനവും വന്നു.
ഭാവ തീവ്രമായ ഏതു രംഗവും വരികളധികമില്ലാതെ, വാചകങ്ങളധികമെഴുതാതെ, അതേപടി വായനക്കാരനെ അനുഭവിപ്പിക്കാനുള്ള മന്ത്രം ബഷീറിനു നന്നായി വശമായിരുന്നു. തീവ്രാനുഭവങ്ങളിലേക്ക് പ്രകൃതിയെയും സാകല്യപ്പെടുത്തി (കാര്‍മേഘം ദുഃഖമാവും അപ്പോള്‍) മറ്റെഴുത്തുകാര്‍ മിനക്കെടുമ്പോള്‍ ലോകാവസ്ഥയുടെ നിസ്സംഗയാഥാര്‍ഥ്യത്തെ ബഷീര്‍ മറന്നുപോകുന്നില്ല. സുഹ്‌റായുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഉമ്മയുടെ കത്ത് ഉണ്ടാക്കുന്ന പ്രതികരണം ഇങ്ങനെ വായിക്കാം: പ്രപഞ്ചം ശൂന്യം…. ഇല്ല… പ്രപഞ്ചത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. കാറ്റു വീശുന്നു. ഉള്ളില്‍ നിന്ന് രോമകൂപങ്ങള്‍ വഴി പൊന്തിയ ആവിയില്‍ മജീദ് കുളിച്ചുപോയി എന്നുമാത്രം. ലോകത്തിന്റെ നിസ്സംഗഭാവം തന്നിലേക്ക് ആവാഹിച്ച് വായനക്കാരനെ പ്രതിസന്ധികളില്‍ യാഥാര്‍ഥ്യബോധം നല്‍കി പിടിച്ചുനില്‍ക്കാന്‍ അദ്ദേഹം ഊര്‍ജം പകരുന്നു.
ഓരോ വാക്കും
മനമറിഞ്ഞ്

ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ നിമിത്തം മജീദ് വീണ്ടും നാടുവിട്ടു. ഒരുപാട് സ്വപ്‌നങ്ങളുമായി. എന്നാല്‍ ഒരപകടത്തില്‍ കാല്‍ നഷ്ടപ്പെടുന്ന അദ്ദേഹം വലിയ ദുരന്തപാത്രമാവുന്നു. ഒറ്റക്കാലുമായി ജോലിയന്വേഷിച്ച് ഒടുവില്‍, നഗരത്തിലെ കുബേരന്മാരെക്കണ്ട് സഹായം അഭ്യര്‍ഥിക്കാമെന്നുറക്കുന്നു. പട്ടണത്തില്‍ വലിയ കെട്ടിടങ്ങളും ഗവണ്‍മെന്റില്‍ വലിയ പിടിപാടുമുള്ള ഖാന്‍ ബഹദൂര്‍ ഏറ്റവും ഉദാരനാണെന്ന് മജീദ് അറിയുന്നു. പതിനായിരക്കണക്കിന് രൂപ ചെലവ് ചെയ്ത് ഗവര്‍ണര്‍ക്ക് വിരുന്നുകൊടുത്തത് ആയിടെയാണത്രേ.
പക്ഷേ, പടികാവല്‍ക്കാര്‍ മജീദിനെ അകത്തേക്ക് വിട്ടില്ല. ദിവസവും മാളികയുടെ വാതില്‍ക്കല്‍ വന്നുനിന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാവല്‍ക്കാര്‍ക്ക് അലിവുതോന്നി. ഖാന്‍ ബഹദൂറിന്റെ സന്നിധാനത്തില്‍ മജീദ് ആനയിക്കപ്പെട്ടു. മജീദ് സലാം ചൊല്ലി. ഒരു മുസല്‍മാന്‍ മറ്റൊരു മുസല്‍മാനെ കാണുമ്പോള്‍ അസ്സലാമു അലൈക്കും എന്ന് പറയണമെന്നുണ്ട്. പക്ഷേ ഖാന്‍ ബഹദൂര്‍ എന്തുകൊണ്ടോ സലാം മടക്കിയില്ല. അദ്ദേഹം അത് കേട്ടതായിത്തന്നെ ഭാവിച്ചില്ല. മജീദിന്റെ ദുഃഖവാര്‍ത്ത മുഴുവനും മൂളിക്കേട്ട അദ്ദേഹം സമുദായത്തിന്റെ ഉയര്‍ച്ചക്കുവേണ്ടി ചെയ്തിട്ടുള്ള മഹത്തായ കാര്യങ്ങള്‍ വിവരിച്ചു. പള്ളി നാലെണ്ണം പണിതിട്ടുണ്ട്. മറ്റു കോടീശ്വരന്മാര്‍ ഓരോ പള്ളി വീതമേ വെപ്പിച്ചിട്ടുള്ളൂ. സ്‌കൂള്‍ വെക്കുന്നതിന് സമുദായത്തിന് ഖാന്‍ ബഹദൂര്‍ ഒരു സ്ഥലം ദാനം കൊടുത്തിട്ടുണ്ട്. അവിടെ ഒരു കെട്ടിടം പണിത് വാടകക്ക് കൊടുത്തിരുന്നെങ്കില്‍ മാസംതോറും വളരെ രൂപ വരുമാനം കിട്ടുമായിരുന്നില്ലേ? സമുദായത്തിനുവേണ്ടി കൊല്ലംതോറും എത്ര രൂപയാണ് നഷ്ടം സഹിക്കുന്നത്?… ഇങ്ങനെ ഒരു വീമ്പു പറയുന്ന ധനാഢ്യനെ സമുദായത്തിലെ വീമ്പിളക്കുന്ന ധനാഢ്യരുടെ അഹംബോധത്തിനു നേരെ കണ്ണാടി പിടിച്ചുകൊടുക്കാനാണ് ബഷീര്‍ സൃഷ്ടിച്ചത്.
ഖാന്‍ ബഹദൂര്‍ ഔദാര്യപൂര്‍വം വേലക്കാരന്‍ വശം കൊടുത്തുവിട്ട ഒരു രൂപ നിരസിച്ചുകൊണ്ട് പ്രപഞ്ചങ്ങളുടെ കരുണാമയനായ സ്രഷ്ടാവിന്റ കാരുണ്യത്തിന്റെ കൈകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ജീവിതത്തിന്റെ പച്ച യാഥാര്‍ഥ്യങ്ങളിലേക്ക് മജീദ് നടന്നിറങ്ങുന്നു. സുഹ്‌റയുടെ അകാല വേര്‍പാടിന്റെ നൊമ്പരത്തോടെ, എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത് എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തോടെ, ബാല്യകാലസഖി അവസാനിക്കുമ്പോള്‍ സമുദായത്തോടും ചില സവിശേഷ ചോദ്യങ്ങള്‍ ബഷീര്‍ ബാക്കിയാക്കുന്നു.

അദ്ദേഹം ഒന്നും വെറുതെ പറഞ്ഞുപോയതല്ല. ഒരക്ഷരവും അദ്ദേഹം (ആഖ്യയും ആഖ്യാതാവുമറിയാതെ) തെറ്റി പ്രയോഗിച്ചതല്ല. ഓരോ കഥയ്ക്കും മനമറിഞ്ഞാണ് പേരിട്ടതുപോലും. ഉമ്മാ, ഞാന്‍ കാന്തീനെ തൊട്ടു എന്ന് ഒരു നാടന്‍ വാക്യത്തില്‍ ത്രസിക്കുന്ന ദേശീയബോധവും ആ തൊടലിന്റെ പുണ്യമറിയിക്കലും ഉപന്യസിച്ചെങ്കിലും ഒതുക്കാന്‍ ആര്‍ക്കാവൂം. ഭ്രാന്തായതും ആത്മഹത്യ ചെയ്യാന്‍ പോയതും കാലഭേദമില്ലാതെ വീണ്ടും വീണ്ടും വായിക്കുന്ന സാഹിത്യമാക്കാന്‍ മറ്റാര്‍ക്കു സാധിച്ചു. വര്‍ണനക്കോ ഭാവനക്കോ വാക്കുകളധികമില്ലാതെ മസാല ചേര്‍ക്കാത്ത ഈ കറിക്കൂടുകളെങ്ങനെ ഇത്ര രുചികരമായി. ആറ്റിക്കുറുക്കി ഊതിക്കാച്ചിയ പൊന്നുപോലെ!
പെര്‍ഫക്ഷനുവേണ്ടി നിര്‍ദയമായ കത്രികയാണദ്ദേഹം ബാല്യകാലസഖിയിലും പ്രയോഗിച്ചത്. രാകി മൂര്‍പ്പിച്ച ചാട്ടുളിയുടെ മൂര്‍ച്ചയും വജ്രത്തിന്റെ ഗാഢതയുമുള്ളതാക്കിയാണ് ഓരോ വാക്കും ബഷീര്‍ ബാക്കിയാക്കിയത്. ആദ്യം എഴുതിയപ്പോള്‍ അഞ്ഞൂറോളം പേജുകളുണ്ടായിരുന്ന ബാല്യകാലസഖി പ്രസിദ്ധീകരിച്ചപ്പോള്‍ വെറും എഴുപത്തിയഞ്ച് പുറങ്ങളിലായി ചുരുങ്ങി. ഇതിന്നിടയില്‍ നടന്ന പ്രക്രിയയോര്‍ത്ത് നാം മൂക്കത്ത് വിരല്‍വെക്കുക.

Back to Top