ബില്‍ഖീസ്: അനീതിയുടെ ഒരേട്
ഫഹ്മിദ അയ്യായ
ഇന്ത്യക്കാര്‍ക്ക് ഏറ്റവും സുപരിചിതമായ നാമമാണ് ബില്‍ഖീസ്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നടന്ന ഗുജറാത്ത് വംശഹത്യയില്‍ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായ സ്ത്രീ!
ഈ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ബില്‍ഖീസിന്റെ കുടുംബത്തിനെ ക്രൂരമായി ഇല്ലാതാക്കിയ 11 പേരെയും മോചിതരാക്കി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന ഒറ്റ കുഞ്ഞിനെപ്പോലും അന്ന് ആ കോടതിമുറ്റത്ത് കാണാനായില്ല. എന്തിനു വേണ്ടിയാണ് ജയിലില്‍ അടയ്ക്കപ്പെട്ടത് എന്നറിയാത്ത നിരപരാധികളായ ധാരാളം മനുഷ്യരോട് ചെയ്യുന്ന ഒരു ക്രൂരത കൂടിയാണിത്. ഒരു സ്ത്രീക്ക് അനുഭവിക്കാവുന്നതിലപ്പുറമാണ് അന്ന് അവര്‍ അനുഭവിച്ചത്.
തന്റെ കുടുംബത്തിലെ ഓരോരുത്തരെയും തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമ്പോള്‍ പ്രതികരിക്കാനാവാതെ തന്റെ മകളെയും ചേര്‍ത്തുപിടിച്ചു കണ്ണീര്‍ വാര്‍ക്കുകയായിരുന്നു ബില്‍ഖീസ്. അവസാനം അവരെ പിടികൂടുമ്പോള്‍ ‘എന്റെ മോളെ ഒന്നും ചെയ്യല്ലേ’ എന്ന് കരഞ്ഞു പറഞ്ഞിട്ടും നിഷ്‌കരുണം ആ മോളെ മുകളിലേക്കെറിഞ്ഞു. താഴെ വീണ് തല ചിന്നിച്ചിതറിയപ്പോള്‍ ആ മാതൃഹൃദയം നിലവിളിക്കാനാവാതെ മരവിച്ചു. സ്വന്തം മകള്‍ തന്റെ മുന്നില്‍ വെച്ച് കൊല്ലപ്പെടുമ്പോഴുള്ള ആ മാതൃഹൃദയത്തിന്റെ നോവ് ആലോചിച്ചുനോക്കിയിട്ടുണ്ടോ?
ബില്‍ഖീസിനെ ബലാത്സംഗം ചെയ്ത ശേഷം മരണമുറപ്പിക്കാന്‍ വേണ്ടി തലയ്ക്ക് കല്ലു കൊണ്ടിടിച്ച ശേഷമാണ് അവര്‍ അവളെ വലിച്ചെറിഞ്ഞത്. ദൈവവിധി തുണച്ചപ്പോള്‍ അവള്‍ ജീവിതത്തിലേക്ക് തിരികെ വന്നു. ബോധം വന്നപ്പോള്‍ അടുത്തുള്ള ആദിവാസി ഗ്രാമത്തിലേക്ക് വേച്ചുവേച്ചു ചെന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞെങ്കിലും അവരത് നിസ്സാരമാക്കിക്കളയുകയാണ് ചെയ്തത്. അന്നു തുടങ്ങിയ 17 വര്‍ഷത്തെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനാണ് ഇങ്ങനെയൊരു വിധി വന്നത്. പ്രതികള്‍ക്ക് ശക്തമായ ശിക്ഷയും ഇരയ്ക്ക് അര്‍ഹമായ നീതിയും നടപ്പാക്കാത്ത രാജ്യമായി മാറിയിട്ടുണ്ട് ഇപ്പോള്‍ നമ്മുടെ ഇന്ത്യ. ഇത്തരമൊരു വിധി നടപ്പാക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് ഇതൊരു പ്രോത്സാഹനമായിത്തീരുന്നുണ്ടെന്ന് നാമോര്‍ക്കണം!
അനവധി വിചാരണകള്‍ക്കു വേണ്ടി അനേകം രാപ്പകലുകള്‍ നീതിക്കും ജീവനും വേണ്ടി അലഞ്ഞ ബില്‍ഖീസിനെ നിഷ്പ്രയാസം അവഗണിക്കുകയും അവരുടെ അവകാശങ്ങളെ ചവിട്ടിയരക്കുകയും പ്രതികള്‍ക്ക് പൂമാലയും മധുരവും കൊടുത്ത് സ്വീകരിക്കുകയാണ് ബി ജെ പിക്കാര്‍ ചെയ്തത്. ബില്‍ഖീസിന്റെ കണ്ണീരൊപ്പാന്‍ നാം ഇനി അവരുടെ കൂടെ നിന്ന് അനീതിക്കെതിരെ പോരാടി പുതുവെളിച്ചം പരത്തണം. ഗാന്ധിജിയും നെഹ്റുവും മറ്റുള്ളവരും നേടിത്തന്ന ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യവും നീതിയും അവകാശങ്ങളും മാനഭംഗം ചെയ്യപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ദിനംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അവയെല്ലാം നഷ്ടപ്പെടാതെ മുന്നോട്ടു നയിക്കേണ്ടത് ഈ ദേശത്തു ജീവിക്കുന്ന ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അനീതിക്കും അസമത്വത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ ശക്തമായി പ്രതികരിക്കണം. നീതി പുലരാത്ത ഈ കാലത്ത് ഇനി മറ്റൊരു ബി ല്‍ഖീസ് പിറക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.