ബഹുസ്വരതയും മുസ്ലിം വ്യക്തിത്വവും
ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
ഭൂമുഖത്തെ ജനവാസം വൈവിധ്യങ്ങള്‍ നിറഞ്ഞതാകുന്നു. വിവിധ ഭൂപ്രദേശങ്ങള്‍ കൈവശം വെക്കുന്നവര്‍ മിക്കപ്പോഴും അവിടുത്തെ ഭൂരിപക്ഷം തന്നെയാണ്. മതം, രാഷ്ട്രീയം, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലെല്ലാം ഭൂമുഖത്തെ പകുത്തെടുത്തതായി കാണാം. ഏതു അന്തരീക്ഷത്തിലും അസ്ഥിത്വം നിലനിര്‍ത്തി ആചരിക്കാന്‍ പറ്റിയ മതമാകുന്നു ഇസ്ലാം. തങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള മണ്ണില്‍ ന്യൂനപക്ഷമായാലും മതങ്ങള്‍ക്കൊന്നും പ്രത്യേക പരിഗണനയില്ലാത്ത മതേതരത്വം നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണെങ്കിലും മതനിരാസ മണ്ണിലാണെങ്കിലും ഇസ്ലാമിനെ പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് മുസ്ലിം വ്യക്തിത്വം നിലനിര്‍ത്താം എന്നതാകുന്നു സത്യമതത്തിന്റെ സവിശേഷത.
സാമൂഹ്യജീവിതത്തില്‍ ബഹുസ്വരതയെ നിലനിര്‍ത്തുന്നതില്‍ ഇസ്ലാം മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. ഇസ്ലാമിക ഭരണ വ്യവസ്ഥിതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പോലും മുസ്ലിംകള്‍ക്കും മതനിഷേധികള്‍ക്കും പൗരാവകാശങ്ങള്‍ വകവെച്ചു കൊടുക്കുവാനും തുല്യനീതി ഉറപ്പുവരുത്തുവാനും മതം ആഹ്വാനം ചെയ്യുന്നുണ്ട്: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യംവഹിക്കുന്നവരുമായിരിക്കുക, ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നിങ്ങള്‍ നീതി പാലിക്കുക, അതാകുന്നു ദൈവഭക്തിയോട് ഏറ്റവും അടുത്തു നില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (വി.ഖു 5:8)
ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മുസ്ലിമേതരര്‍ പീഡിതരാണെന്ന തെറ്റായ സന്ദേശം ഇസ്ലാമിന്റേതല്ല. പ്രവാചകന്‍ ശിലയിട്ട ഇസ്ലാമിക രാഷ്ട്രത്തില്‍ ജൂത-ക്രൈസ്തവ വിഗ്രഹാരാധകര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള മതസ്വാതന്ത്ര്യവും ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും പരിപാലിക്കാനുള്ള അവകാശവുമുണ്ടായിരുന്നു. മതത്തിന്റെ പേരിലുള്ള ഒരു രാഷ്ട്രം ഇതര മതസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കില്‍ ജീവിതത്തിലെ മറ്റു വ്യവഹാരങ്ങളില്‍ അവര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുകയില്ലന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
മുസ്ലിം- അമുസ്ലിം
ബന്ധം
സമാധാന കാംക്ഷയിലധിഷ്ഠിതമായ സൗഹൃദബന്ധം മനുഷ്യര്‍ക്കിടയില്‍ നിലനിര്‍ത്തുവാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഇസ്ലാം എന്നാല്‍ സമാധാനമാകുന്നു. സമാധാനം, സമര്‍പ്പണം എന്നീ അര്‍ഥങ്ങള്‍ വരുന്ന സില്‍മ് എന്ന അറബി പദമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഈ അടിസ്ഥാനത്തില്‍ നിന്നു വേണം ഇതര മതസ്ഥരുമായുള്ള ബന്ധം എങ്ങനെയാണെന്ന് വിലയിരുത്തുവാന്‍. ദൈവത്തിന് സകലവും സമര്‍പ്പിക്കുന്നതിലൂടെ സ്വയം കൈവരിക്കുന്ന സമാധാനത്തോടൊപ്പം സകല മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രകൃതിക്കു തന്നെയും സമാധാന ദായകന്‍ കൂടിയാവണം മുസ്ലിം. ”അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും നീ സമാധാനം (അസ്സലാം) ആശംസിക്കുക.” (ബുഖാരി) എന്ന പ്രവാചക നിര്‍ദേശം സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടവനാണ് മുസ്ലിം എന്ന് വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നാവുന്നു അസ്സലാം. സ്വര്‍ഗത്തിന്റെ മറ്റൊരു പേര് ദാറുസ്സലാം എന്നത്രെ. ഇതെല്ലാം കുറിക്കുന്നത് സമാധാനം എന്ന അച്ചുതണ്ടിനെ ആസ്പദമാക്കി കറങ്ങേണ്ടവനാണ് മുസ്ലിം എന്നാകുന്നു.
പ്രവാചകനും അനുയായികളും ജീവിതം നയിച്ചത് അമുസ്ലിംകള്‍ തിങ്ങിനിറഞ്ഞ സമൂഹത്തിലാണ്. അവരുടെ വീടകങ്ങളില്‍ പോലും അമുസ്ലിംകള്‍ ഉണ്ടായിരുന്നു. അബൂത്വാലിബും അബൂലഹബും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായിരുന്നു. അമുസ്ലിമായ അബൂതാലിബ് തനിക്കൊരുക്കിയ സംരക്ഷണവലയം പ്രവാചകന്‍ തിരസ്‌കരിച്ചില്ല. ഇതര മത ദര്‍ശനങ്ങള്‍ ആശ്ലേഷിച്ചു എന്നതിന്റെ പേരില്‍ മാത്രം പ്രവാചകന്‍ മുസ്ലിംകളല്ലാത്തവരോട് അസഹിഷ്ണുത കാണിക്കുകയോ സൗഹൃദബന്ധം തകര്‍ക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അവരുമായി അദ്ദേഹം ലൗകിക കാര്യങ്ങളില്‍ ചങ്ങാത്തം നിലനിര്‍ത്തുകയും ചെയ്തു.
ശത്രുക്കള്‍ മക്കയില്‍ നിന്നും പ്രവാചകനെയും അനുയായികളെയും ആട്ടിയോടിക്കുകയുണ്ടായി. മദീനയിലേക്ക് ഹിജ്‌റ പോകുന്ന വേളയില്‍ വഴികാട്ടിയായി അദ്ദേഹം സ്വീകരിച്ചത് അബ്ദുല്ലാഹിബിനു ഉറൈഖത്ത് എന്ന് അമുസ്ലിമിനെയായിരുന്നു. നബിയുടെ തലയ്ക്ക് ശത്രുക്കള്‍ ഇനാം പ്രഖ്യാപിച്ച വേളയിലാണ് തന്റെ ആദര്‍ശ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന ഒരാളെ അദ്ദേഹം വഴികാട്ടിയായി സ്വീകരിച്ചത്. അദ്ദേഹത്തിലുള്ള വിശ്വാസം ഹിജ്‌റയ്‌ക്കൊരുങ്ങിയ സുപ്രഭാതത്തില്‍ ഉടലെടുത്തതായിരിക്കില്ല. തന്റെ നാട്ടിലുള്ള അമുസ്ലിംകളില്‍ ഓരോരുത്തരെയും പ്രവാചകന് നന്നായറിയാമായിരുന്നു. അവരുമായി ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹം ഇടപഴകാറുണ്ടായിരുന്നു.
പ്രവാചകനും കൂട്ടുകാരുമൊക്കെ തങ്ങളുടെ വീട്ടില്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കി അമുസ്ലിം സുഹൃത്തുക്കളെ സല്‍കരിക്കാറുണ്ടായിരുന്നു. പ്രവാചക കാലത്തെ മുസ്ലിംകള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു തങ്ങളുടെ അമുസ്ലിംകളായ മാതാപിതാക്കള്‍. മുസ്ലിം വിരുദ്ധര്‍ കടുത്ത മര്‍ദ്ദനങ്ങളും പീഡനങ്ങളും തങ്ങള്‍ക്കെതിരെ അഴിച്ചുവിട്ടു കൊണ്ടിരുന്ന അന്ന് ഈ മാതാപിതാക്കളോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അസ്മ(റ) പറയുന്നു: ”നബിയുടെ കാലത്ത് ബഹുദൈവ വിശ്വാസിനിയായിരുന്ന എന്റെ മാതാവ് സഹായം ചോദിച്ചു കൊണ്ട് എന്റെ അടുത്ത് വരാറുണ്ടായിരുന്നു. ഞാന്‍ അതിനെക്കുറിച്ച് പ്രവാചകനോട് മതവിധി ചോദിച്ചു. ”പ്രവാചകരേ, എന്റെ മാതാവ് സഹായം ആഗ്രഹിച്ചുകൊണ്ട് എന്നെ സമീപിച്ചിരിക്കുന്നു. ഞാന്‍ അവരുമായി കുടുംബബന്ധം പുലര്‍ത്തേണ്ടതുണ്ടോ? നബി പറഞ്ഞു: നീ അവരുമായി കുടുംബ ബന്ധം പുലര്‍ത്തുക.” (ബുഖാരി)
മതമേതായാലും മാനുഷിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടവനാണ് മുസ്ലിം എന്ന യാഥാര്‍ഥ്യമാവുന്നു പ്രവാചകന്‍ പഠിപ്പിക്കുന്നത്.
അകലം പാലിക്കേണ്ടത് ആരോട് ?
ഖുര്‍ആന്‍ പറയുന്നു: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.” (60:8,9)
അടുപ്പത്തിന്റെയും അകല്‍ച്ചയുടെയും മാനദണ്ഡം എന്തായിരിക്കണമെന്ന് ഈ വിശുദ്ധ വചനങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. ഒരു സമുദായത്തില്‍ പെട്ട ഏതാനും വ്യക്തികളും ഏതെങ്കിലും സംഘടനകളും ഇസ്ലാം – മുസ്ലിം വിരുദ്ധ നിലപാടുകള്‍ വെച്ചുപുലര്‍ത്തുകയും മുസ്ലിം പീഡനങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുന്നതിന്റെ പേരില്‍ ആ സമുദായത്തെ മുഴുവന്‍ ശത്രു പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നു കൂടി ഇതില്‍ നിന്ന് മനസ്സിലാക്കാം. ശത്രുപക്ഷവുമായി സായുധസംഘട്ടനം വരെ പ്രവാചകന് നടത്തേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ നിരപരാധികളെ ഉപദ്രവിക്കാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് കാര്‍ക്കശ്യമുണ്ടായിരുന്നു. അദ്ദേഹം തന്റെ അനുയായികളോട് താക്കീതായി ഇപ്രകാരം പറഞ്ഞു: ”നിങ്ങള്‍ അവശരായ വൃദ്ധന്മാരെയും കുട്ടികളെയും സ്ത്രീകളെയും വധിക്കരുത്. വഞ്ചന കാണിക്കരുത്. നന്മ മാത്രമേ പ്രവര്‍ത്തിക്കാവൂ.”
മുസ്ലിംകളും ഇതര
മതാഘോഷങ്ങളും
ഒരു ബഹുസ്വര സമൂഹത്തില്‍ സമാധാനത്തിലധിഷ്ഠിതമായ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തേണ്ടവരാണ് മുസ്ലിംകള്‍ എന്ന് ഇസ്ലാമികാധ്യാപനങ്ങളില്‍ നിന്ന് നാം മനസ്സിലാക്കി. സൗഹൃദത്തിന്റെ ഇഴകള്‍ക്ക് ബലിഷ്ഠതയേകുന്ന സന്ദര്‍ഭങ്ങളാണ് ആഘോഷങ്ങള്‍. അയല്‍വാസികളായി കഴിയുന്ന വിവിധ മതസ്ഥരുടെ വീടുകളില്‍ മാറി വരുന്ന ഈദും ഓണവും ക്രിസ്തുമസും അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ ഊഷ്മളത നിലനിര്‍ത്തുന്നു. ആശംസകള്‍ കൈമാറിയും സല്‍ക്കാരങ്ങളില്‍ പങ്കെടുത്തും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്നതോടൊപ്പം ഈടുറ്റ സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതില്‍ നിന്ന് മുഖം തിരിഞ്ഞു നില്‍ക്കുന്നവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് പോകാറുമുണ്ട്.
ഇസ്ലാം അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ നിരുപാധികം ആവശ്യപ്പെടുന്നില്ല. ബഹുദൈവാരാധനാപരമല്ലാത്തതും ഇസ്ലാമില്‍ നിഷിദ്ധമല്ലാത്തതുമായ കാര്യങ്ങളില്‍ അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതിന് മുസ്ലിമിന് ഇസ്ലാം വിലക്കേര്‍പ്പെടുത്തുന്നില്ല. നമ്മുടെ ആഘോഷങ്ങളില്‍ ഇതര മതസ്ഥരെ പങ്കെടുക്കുന്നതിനെ നിരോധിക്കുന്നുമില്ല.
മതകാര്യങ്ങളില്‍ കണിശത പുലര്‍ത്താറുള്ള ഉമറിനെ പോലുള്ള പ്രവാചകാനുയായികള്‍ ബലിപെരുന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് ബലിമാംസം പോലും നല്‍കാറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെരുന്നാള്‍ ദിനത്തില്‍ അമുസ്ലിം സുഹൃത്തുക്കളെ ഭക്ഷണം കഴിക്കാന്‍ നാം വീടുകളിലേക്ക് ക്ഷണിക്കാറുണ്ട്. ഒരു മതാചാരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമല്ലത്. മാനുഷിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള ക്ഷണമാകുന്നു. ഈ അര്‍ഥത്തില്‍ തന്നെയാണ് ഓണത്തിനും ക്രിസ്തുമസിനും ഹൈന്ദവ-ക്രൈസ്തവ സഹോദരങ്ങള്‍ നമ്മെ ക്ഷണിക്കുന്നതും. അതില്‍ പങ്കെടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മതം വിലക്കേര്‍പ്പെടുത്തുന്നില്ല.
എന്നാല്‍ അവരുടെ ബഹുദൈവാരാധനാപരമായ കുരിശിനെ വന്ദിക്കല്‍, മഹാബലിയുടെ വേഷം കെട്ടല്‍ തുടങ്ങിയവയും അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത്, മദ്യം, പന്നിമാംസം പോലുള്ള നിഷിദ്ധ ആഹാരങ്ങളും നിര്‍ബന്ധമായും വെടിയണം. ഇത് സൗഹൃദത്തിന് പോറലേല്‍പ്പിക്കുകയില്ല. മറിച്ച് നമ്മുടെ ആദര്‍ശനിഷ്ഠ അവരില്‍ മതിപ്പുളവാക്കുകയാണ് ചെയ്യുക. ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം തിരിച്ചറിയുന്നവര്‍ അതിനനുസരിച്ച് മാത്രമെ പെരുമാറുകയുള്ളൂ.
ഒരു സ്വാമിജി നമ്മുടെ വീട്ടില്‍ പെരുന്നാളിന് വന്നാല്‍ അദ്ദേഹത്തിന് നാം മാംസാഹാരം വിളമ്പാറില്ല. അതുപോലെ ഒരു മുസ്ലിം മത പണ്ഡിതന് ക്രിസ്ത്യാനികള്‍ വീഞ്ഞും പന്നി മാംസവും വിളമ്പാറില്ല. ഇരുവരുടെയും മതകാര്യങ്ങളിലുള്ള നിലപാട് മനസ്സിലാക്കിയതു കൊണ്ടാണത്. എന്നാല്‍ മതസൗഹാര്‍ദത്തിന്റെ പേരില്‍ ആഘോഷമല്ലേ? ആരെയും പിണക്കരുത് എന്നു കരുതി ഒരു അവിയല്‍ സമീപനം കൈകൊള്ളുന്നതും അതുപോലെ തന്നെ അമുസ്ലിംകളുടെ ആഘോഷങ്ങളെല്ലാം ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായതുകൊണ്ട് അവരുടെ സദ്യയില്‍ പങ്കെടുക്കുവാനേ പാടില്ല എന്ന് ശഠിക്കുന്നതും സത്യമതമായ ഇസ്ലാമിനോട് കാണിക്കുന്ന അപരാധമാകുന്നു.