ബഹുസ്വരതയിലെ സൗഹൃദ ബന്ധങ്ങള്‍
വി എ എം അശ്‌റഫ്
‘വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്; അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്’ (ഖു.5:51).
ഇസ്ലാമോഫോബുകളും തീവ്രവാദികളായ ഒസാമ ബിന്‍ ലാദനും അയ്മന്‍ അല്‍ സവാഹിരിയും അബുബക്കര്‍ അല്‍ ബാഗ്ദാദിയും ഖു 5:51 നിരന്തരം ഉദ്ധരിക്കാറുണ്ടായിരുന്നു. സാധാരണക്കാര്‍ അടക്കമുള്ള ജൂത-ക്രൈസ്തവരുമായുമുള്ള ബന്ധത്തെ ഈ സൂക്തം നിരോധിക്കുന്നുണ്ടോ എന്നതാണ് ഈ പ്രബന്ധത്തിന്റെ അന്വേഷണം.
‘ജൂത-ക്രൈസ്തവരെ വലിയ്യുകളാക്കരുത്’ എന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ചതിനെ ‘സ്നേഹിതരാക്കരുത്’ എന്നര്‍ഥം കൊടുത്താണ് ഇസ്ലാം വിരോധികളും മുസ്ലിം തീവ്രവാദികളും ദുരുപയോഗിക്കുന്നത് (ഖു. 5:51, 60:1, 4:139, 5:57, 3:28). സംരക്ഷകന്‍, ഉത്തരവാദിത്തമുള്ള മാനേജര്‍, യജമാനന്‍, രഹസ്യം സൂക്ഷിപ്പുകാരന്‍, ഇഷ്ടദാസന്‍ എന്നൊക്കെ അര്‍ഥമുള്ള പദമാണ് ‘വലിയ്യ്’.
‘ഔലിയ’ പ്രയോഗത്തിന്റെ കൂടുതല്‍ സൂക്ഷ്മതലത്തിലുള്ള അര്‍ഥമറിയാന്‍ താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തം ഉപകരിക്കും: ‘സത്യത്തെ നിഷേധിച്ച ജനങ്ങള്‍ പരസ്പരം സഹായിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കലാപവും വമ്പിച്ച നാശവും ഉണ്ടാകും.’ (8:73). തിന്മയുടെ വക്താക്കള്‍ സഹകരണത്തിലായതിനാല്‍ നന്മയുടെ വക്താക്കളുടെ നിസ്സഹരണം ലോകത്തെ ആപത്തിലേക്കാകും നയിക്കുക എന്നതാണ് സൂക്തത്തിന്റെ സന്ദേശം.
ഖുര്‍ആന്‍ 5:51, 5:57 എന്നിവ ഒരുമിച്ച് വായിച്ചാല്‍ ഇങ്ങനെയൊരു ആശയം ലഭിക്കും: ‘നിങ്ങളോട് കൊടിയ ശത്രുത പുലര്‍ത്തുന്ന’ യഹൂദന്മാരെയും ക്രിസ്ത്യാനികളെയും കൈകാര്യകര്‍ത്താക്കള്‍ ആയി എടുക്കരുത്. എന്തെന്നാല്‍ നിങ്ങളുടെ വിശ്വാസത്തെ പരിഹസിക്കുകയും അവമതിക്കുകയും ചെയ്യാന്‍ അവര്‍ ഉല്‍സുകരാണ്.
യഹൂദരും ക്രൈസ്തവരും ദിവ്യസന്ദേശത്തിന്റെ അധികാരിക വാഹകരാണ്: ‘ഗ്രന്ഥത്തിന്റെ ആളുകളോട് ചോദിക്കുക’ എന്ന നിര്‍ദേശം ഖുര്‍ആനില്‍ കാണാം (ഖു.10: 94; 17: 101; 25:59; 16:43; 21: 7; 43:45, 2: 211).
ഖുര്‍ആനിലെ ഒരു സൂക്തം മറ്റൊന്നിനെ വിശദീകരിക്കുന്നു (ഖു. 4:82, 2:85). ദൈവം താനിച്ഛിക്കുന്നവരെ വഴികേടിലാക്കുമെന്ന് ഒരിടത്തു പറയുന്നു (ഖു. 3: 27); മറ്റൊരു വാക്യം ഇത് കൃത്യമായി വിശദീകരിക്കുന്നത്, ദൈവിക അടയാളങ്ങളുടെ അവഗണനക്കാരെയാണ് ഇവ്വിധം വഴികേടില്‍ ആക്കുന്നത് എന്നാണ് (ഖു. 6: 39).
പരസ്പരം സംരക്ഷിക്കുന്ന ശത്രുക്കളെ കൈകാര്യകര്‍ത്താക്കള്‍ ആക്കുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നു (ഖു.8:73; 45:19). സത്യനിഷേധികള്‍ പരസ്പരം സഖ്യകക്ഷികളാണെന്ന് ഓര്‍മിപ്പിക്കുകയും അവരെ നേതൃത്വമേല്‍പ്പിച്ചാല്‍ ഭൂമിയില്‍ അടിച്ചമര്‍ത്തലും അഴിമതിയും നടക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു (8:73). സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലും എതിരാളികളാണെങ്കില്‍ അവരെ സഖ്യകക്ഷികളാക്കരുത് (ഖു.4: 139; 9:23). സല്‍പ്രവൃത്തികളില്‍ പരസ്പരം സഹായിക്കാന്‍ ഖുര്‍ആന്‍ മനുഷ്യരോട് കല്‍പ്പിക്കുന്നു (ഖു.2: 148; 2: 177; 5: 2, 60: 8-9).
‘നിങ്ങള്‍ പരസ്യമായി ദാനധര്‍മങ്ങള്‍ ചെയ്യുകയാണെങ്കില്‍ നല്ലതു തന്നെ. എന്നാല്‍ രഹസ്യമായി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണെങ്കില്‍, അതാണ് ഏറെ വിശിഷ്ടം. അതുമൂലം നിങ്ങളുടെ ധാരാളം കുറ്റങ്ങള്‍ അവന്‍ മായ്ച്ചു കളയുന്നതുമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം ദൈവം സൂക്ഷ്മമായി അറിയുന്നുണ്ട്’ (2:271). എവിടെയും വിശ്വാസി- അവിശ്വാസി വ്യത്യാസങ്ങള്‍ ദീക്ഷിച്ചിട്ടില്ല. പ്രവാചകശിഷ്യരില്‍ ചിലര്‍ അമുസ്ലിം സന്യാസിമാര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഖര്‍ദാവി ഉദ്ധരിക്കുന്നു. (ഖറദാവി, പേ.449) മുസ്ലിംകളുമായി യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് സകാത്ത് കൊടുക്കരുതെങ്കിലും അല്ലാത്തവര്‍ക്ക് 9:60, 60:8-9 സൂക്തങ്ങളുടെ വെളിച്ചത്തില്‍ സകാത്ത് നിഷിദ്ധമല്ല എന്ന് ഖര്‍ദാവി വ്യക്തമാക്കുന്നുണ്ട്. (ഖര്‍ദാവി, പേ.447-452).
ചര്‍ച്ചുകളെയും സിനഗോഗുകളെയും സംരക്ഷിക്കാന്‍ മുസ്ലിംകളോട് കല്‍പ്പിച്ചിരിക്കുന്നു; അവ, ‘ദൈവത്തിന്റെ നാമം ഏറെ വിളിക്കപ്പെടുന്ന’ പവിത്ര ഇടങ്ങളാണ് (ഖു.22:40). ജൂത ക്രൈസ്തവ ജനതയുമായുള്ള വൈവാഹിക ബന്ധത്തിനും ഖുര്‍ആന്‍ പിന്തുണക്കുന്നു (ഖു.5:5). വൈകാരിക-സ്‌നേഹ ബന്ധങ്ങളുടെ ഊഷ്മള നിദര്‍ശനവുമായി വിവാഹത്തെ ഖുര്‍ആന്‍ വിവരിക്കുമുണ്ട് (ഖു.2:187, 2:229-237; 4:19, 4:25, 9:71; 30:21). ഖു.5: 51 ല്‍ വിരോധിച്ചിരിക്കുന്ന ആശയം ഖു.3:28, 4: 139 എന്നിവ കൂടുതലായി വിശദീകരിക്കുന്നുണ്ട്. ഖു. 60: 7-9 ല്‍ വ്യക്തമാക്കിയതു പോലെ, മനുഷ്യരുമായുള്ള സാധാരണവും സൗഹൃദപരവുമായ ബന്ധത്തിനെയല്ല ഖുര്‍ആന്‍ എതിര്‍ക്കുന്നത്.
ദൈവശാസ്ത്രപരമായ തര്‍ക്കങ്ങള്‍ കാരണം യഹൂദരും ക്രിസ്ത്യാനികളും നിത്യ ശത്രുക്കളായിരിക്കുമെന്ന് ഖുര്‍ആന്‍ പ്രവചിക്കുന്നു (ഖു. 5: 64). എന്നിരുന്നാലും, നികൃഷ്ടകാര്യങ്ങള്‍ക്കായി ഐക്യപ്പെടാനും ഗൂഢാലോചന നടത്താനും അവര്‍ക്കാവും: ക്രിസ്ത്യന്‍, ജൂത സയണിസ്റ്റുകള്‍ തമ്മിലുള്ള സഖ്യമാണ് ഇതിന് വ്യക്തമായ ഉദാഹരണം. ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ അടിസ്ഥാനപരമായി യഹൂദ വിരുദ്ധരാണ്; രാഷ്ട്രീയ ലക്ഷ്യത്തിനായി അവര്‍ യഹൂദ സയണിസ്റ്റുകളുമായി ചേരുന്നു. ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ അന്ത്യകാല പ്രവചനങ്ങളിലും യഹൂദരുടെ കൂട്ടക്കൊലകള്‍ ഉണ്ട്: ഇസ്രായേല്‍ ദേശത്തെ യഹൂദ ജനതയുടെ മൂന്നില്‍ രണ്ട് ഭാഗവും നശിക്കും. അവശേഷിക്കുന്ന മൂന്നിലൊന്ന് പരിഷ്‌കരിക്കപ്പെടുകയും ക്രിസ്തുവിന്റെ രണ്ടാം വരവില്‍ ദൈവത്തിന്റെ വിടുതലിനായി കാത്തിരിക്കുകയും ചെയ്യും. (വാല്‍വോര്‍ഡ്, പേ. 108) ഇതാണ് ക്രിസ്ത്യന്‍ സയണിസം ആഗ്രഹിക്കുന്നത്. ജൂത വിരുദ്ധത വെടിയാതെയുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ലക്ഷ്യം ഭൂമിയില്‍ കലാപം ഉണ്ടാക്കലാണ്.
ആദമിന്റെ മക്കള്‍ക്ക് മുഴുവന്‍ ആദരവുള്ളതായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (17:70). ‘ആദമിന്റെ മക്കള്‍’ എന്ന പ്രയോഗം എല്ലാ മനുഷ്യ വര്‍ഗത്തെയും പരാമര്‍ശിക്കുന്നു. മാനവരാശിയോടുള്ള ആദരവും നീതിയും ഖുര്‍ആനിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഒന്നാണ് (4: 135, 5: 8). തിന്മ ചെയ്യുന്നവരോട് നന്മ കാണിക്കാനും മുസ്ലിംകളോട് നിര്‍ദ്ദേശിക്കുന്നു (41:34). ശത്രുതയുള്ളവരോട് പോലും സമാധാന വാക്കുകള്‍ സംസാരിക്കുക (25:63), ജ്ഞാനത്തോടും മനോഹരമായ ശൈലിയോടെയും ദൈവമാര്‍ഗത്തിലേക്ക് വിളിക്കുക (16: 125), സമാധാനപരമായ അമുസ്ലിംകളോട് അങ്ങേയറ്റം ദയയോടും നീതിയോടും പെരുമാറുക (60: 8) എന്നിവയും ഖുര്‍ആനിക നിര്‍ദ്ദേശങ്ങളില്‍ പെട്ടതാണ്. മനുഷ്യന്‍ മാലാഖമാരേക്കാള്‍ ശ്രേഷ്ഠരായി സൃഷ്ടിക്കപ്പെട്ടവരാണ് (2:34, 32:79). അതുകൊണ്ട് തന്നെ മര്‍ത്യജീവിതം പരമപവിത്രമാണ് (5:32). മുഴുവന്‍ മനുഷ്യര്‍ക്കും സത്യത്തിന് സാക്ഷികളാകാന്‍ (ഖു. 2:143) നിയോഗിതരായ ഉത്തമ സമൂഹം (ഖു. 3:110) എന്ന നിലയില്‍ നന്മയുടെയും ഭക്തിയുടെയും ഉദാത്ത മാതൃകകള്‍ മുഖേന ലോകര്‍ക്ക് വെളിച്ചം നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ് മുസ്ലിംകള്‍ (ഖു. 2:177, 2:189, 2:44, 3:92, 58:9).
ഖുര്‍ആന്‍ അനുസരിച്ച്, ഗ്രന്ഥത്തിന്റെ ആളുകള്‍ എല്ലാവരും ഒരേ സ്വഭാവമുള്ളവരല്ല; അവരില്‍ ധാരാളം ഭക്തന്മാരുണ്ട് (ഖു. 3: 113-14, 5: 82-83, 7: 159, 5:66, 3:75, 2: 121, 17: 107-108). യഹൂദന്മാരെ ബഹുമാനിക്കുന്ന ലോകത്തിലെ യഹൂദേതര വേദഗ്രന്ഥമാണ് ഖുര്‍ആന്‍ (ഖു. 2: 40, 2: 47-52, 2: 57-58, 5:20, 5: 44, 10:47, 10: 90-93, 14: 6, 17: 2-3, 20: 47-52, 20: 77-80, 44: 30-32, 45:16).
ജൂതരെക്കുറിച്ചുള്ള ഖുര്‍ആന്റെ പ്രധാന വിമര്‍ശനങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു: ഉടമ്പടി ലംഘിക്കുക, തെളിവുകള്‍ നിരസിക്കുക (ഖു.4: 153-4), പ്രവാചകന്മാരെ നുണയന്മാരായി മുദ്രകുത്തുകയും അന്യായമായി കൊല്ലുകയും ചെയ്യുക (ഖു.5: 70), പ്രവാചകനായ ഈസയുടെ മാതാവിനെ അവമതിക്കുക (ഖു.4: 153-80), അന്യായമായി പെരുമാറുക (ഖു. 4: 160-1), അന്യവിഭാഗങ്ങളോട് പലിശ വാങ്ങുക (ഖു. 5: 62) എന്നിവയാണ്. മാത്രമല്ല, ഉസൈര്‍ ദൈവപുത്രനാണെന്ന് അവകാശപ്പെടുന്നവരും യഹൂദന്മാരില്‍ ഉള്‍പ്പെടുന്നു; അവരില്‍ ചിലര്‍ ശപിക്കപ്പെട്ടു (ഖു. 9:30). ജൂത ക്രൈസ്തവ വേദങ്ങളും ചരിത്രവും ഈ വിമര്‍ശനങ്ങളെ സാക്ഷീകരിക്കുന്നു. അതെസമയം നല്ല യഹൂദന്മാരെ ഖുര്‍ആന്‍ പ്രശംസിച്ചുകൊണ്ടു മോശയുടെ യഥാര്‍ഥ അധ്യാപനങ്ങള്‍ അവര്‍ പിന്തുടരുകയും ചെയ്താല്‍ രക്ഷ വാഗ്ദാനം ചെയ്യുന്നു (ഖു.2: 62, 2: 121-122, 3: 113-115, 3: 199, 5:12, 5:65 -66, 5:69, 29:46).
ക്രിസ്ത്യാനികളോടുള്ള ഖുര്‍ആനിന്റെ ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനങ്ങളിലൊന്നാണ് ത്രിത്വം (ഖു.2: 116; 5:73). യേശുവിന്റെ പുത്രത്വത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തില്‍ ക്രിസ്ത്യാനികള്‍ തെറ്റിദ്ധരിക്കുന്നു (ഖു.5: 72; 9:30); യേശു ഒരു മനുഷ്യനും പ്രവാചകനും ദൈവദൂതനുമാണ്. യേശുവിന്റെ ക്രൂശീകരണത്തിലും (ഖു.4: 157-158) മനുഷ്യരാശിയുടെ പതനത്തെക്കുറിച്ചുള്ള ധാരണയായിലും ക്രിസ്ത്യാനികള്‍ തെറ്റിപ്പോകുന്നു; അതിനാല്‍ ദൈവത്തിന്റെ നീതി മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു: ”ഭാരം ചുമക്കുന്നവന്‍ മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല” (ഖു.35:18, 53:38), ‘ദൈവം കഴിവിന്ന് അപ്പുറത്തുള്ളതു വഹിക്കാന്‍ ആരെയും നിബന്ധിക്കുന്നില്ല’ എന്നും ഓര്‍മ്മിപ്പിക്കുന്നു (ഖു.2:286). എന്നാല്‍ നല്ല ക്രിസ്ത്യാനികള പ്രശംസിക്കുകയും യേശുവിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ പിന്തുടരുകയാണെങ്കില്‍ അവര്‍ക്കും രക്ഷയുണ്ട് എന്ന് ഉണര്‍ത്താനും വിട്ടുപോകുന്നില്ല (ഖു.2:62, 2: 121-122, 3: 113-115, 3: 199, 5: 65-66, 5:69 , 5:82, 29:46). യേശുവിനെയും മറിയയെയും വളരെ ആദരവോടെ ബഹുമാനിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ (ഖു.3: 42-55, 5: 44-46, 5: 110, 43:59).
ഖുര്‍ആന്റെ കടുത്ത പ്രയോഗം ഉള്ളത് വ്യക്തികളിലേക്കല്ല, മറിച്ച് തെറ്റായ മനോഭാവം, തെറ്റായ ചിന്ത, ധാര്‍ഷ്ട്യം, ഇസ്ലാമിനോടുള്ള ശത്രുത തുടങ്ങിയ സ്വഭാവങ്ങളിലേക്കാണ്. ഖുര്‍ആന്‍ വേദക്കാരോട് സൗമനസ്യവും ക്രിയാത്മകമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നത് കാണുക (ഉദാ. ഖു.3.64, 3:113115, 3:199; 5.69; 16.43; 29.46). ഖുര്‍ആന്‍ സൂക്തം 5:82 ക്രൈസ്തവരെ വിശാസികളുമായി അടുത്തു നില്‍ക്കുന്നവരായി സൂചിപ്പിക്കുന്നു. ഒരു ക്രിസ്ത്യന്‍ പ്രതിനിധി സംഘം നജ്റാനില്‍ നിന്ന് എത്തിയപ്പോള്‍, സ്വന്തം മസ്ജിദില്‍ ആരാധനാരാധന നടത്താന്‍ പ്രവാചകന്‍ അവരെ അനുവദിച്ചു. (ഗില്ലാമെ, പേ. 270-277)
രഹസ്യ ഉദ്ദേശ്യങ്ങള്‍ക്കായി ഒത്തുചേരുന്ന ശത്രുക്കളെയാണ് കൈകാര്യ കര്‍ത്താക്കളാകരുതെന്നു പറയുന്നത്; അല്ലാതെ സാധാരണ ജൂത ക്രൈസ്തവ വിശ്വാസികളെയല്ല (ഖു. 4:89, 4: 144; 5:51, 5 : 57). ദുരുദ്ദേശമുള്ള (ഖു.33: 32) ജൂത ക്രിസ്ത്യന്‍ സയണിസത്തിലും അവരുടെ പൂര്‍വിക രൂപത്തിലും വക്രവും നിഗൂഡവുമായ ആവശ്യങ്ങള്‍ക്കായി പരസ്പര സഹായത്തില്‍ ഒന്നിക്കുന്നുവെന്ന് വ്യക്തമാണ്. കാപട്യം, വഞ്ചന, വക്രത, ക്രൂരത തുടങ്ങിയവ പുലര്‍ത്തുന്ന വിഭാഗങ്ങളാണ് ഖുര്‍ആന്റെ വിമര്‍ശനത്തിന് ശരവ്യം ആകുന്നത്. വിശ്വാസത്തെ സ്വന്തം നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കുന്നു (ഖു. 2: 8-11, 24: 47-50 33:12, 33:60, 47:20, 47: 29, 74:31).
പ്രവാചകന്മാരുടെ അഭിസംബോധിതരെ ‘സോദരര്‍’ എന്നാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്: ലൂത്തിന്റെയും (ഖു.50:12-14) നൂഹിന്റെയും (26:106), ഹൂദിന്റെയും (26:142, 7:65) സാലിഹിന്റെയും (26:142, 7:73), ശുഐബിന്റെയും (26:176, 11:84) സോദരര്‍ എന്ന പ്രയോഗം നോക്കുക. സ്വന്തം സോദരരല്ലാതിരുന്നിട്ടും മനുഷ്യരെ സോദരത്വേന വീക്ഷിക്കാനേ ദൈവസന്ദേശവാഹര്‍ക്ക് കഴിയുകയുള്ളൂ. (അലി, പേ. 422). യഹൂദ ക്രിസ്ത്യാനികളില്‍ നീതിക്കായി നിലകൊള്ളുന്നവരുണ്ടെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് (ഖു.3: 113). അവരില്‍ സാമ്പത്തികമായി വിശ്വസ്ഥത പുലര്‍ത്തുന്ന നല്ല മനുഷ്യരുമുണ്ട് (ഖു.3:75). ക്രിസ്ത്യന്‍-ജൂത സയണിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ സംരക്ഷണത്തെ മാത്രമാണ് ഖു. 5:51 വിലക്കുന്നത്. ഏകദൈവ പരലോക ബോധത്തെ അടിസ്ഥാനമാക്കിയുള്ള ആരുടെ സല്‍കര്‍മ്മങ്ങളും പാഴാകില്ല (ഖു. 5: 69, 2:62, 22:17).
നീതിബോധം, സഹകരണ മനോഭാവം, പരസ്പര ബഹുമാനം തുടങ്ങിയവയാണ് ബഹുസ്വരതയുടെ ഊടും പാവും. ഇതംഗീകരിക്കുന്ന ഏത് മതവിശ്വാസികളുമായും സഹോദര്യ ബന്ധം നിലനിര്‍ത്താവുന്നതാണ്. .
ഗ്രന്ഥസൂചി:
Ali, Yusuf, The Holy Qur’an: English Translation Meanings & Commentary, Madina: King Fahd Holy Qur’an Printing Complex, 1411 H
Guillaume, Alfred (tr), The Life of Muhammad: A Translation of Ibn Ishâq’s Sîrat Rasûl Allâh, Oxford: OUP, 1968
Qaradawi, Yusuful, Fiqh alZakat (Tr.Dr.Monzer Kahf), London: Dar alTaqwa, 1999
Walvoord, John F, Israel in Prophecy, Grand Rapids, MI: Zondervan, 1988