18 Monday
November 2024
2024 November 18
1446 Joumada I 16

ബഹുസ്വര ഇന്ത്യയും മാനവികതയുടെ ദര്‍ശനങ്ങളും

ബി പി എ ഗഫൂര്‍


ബഹുമത, ബഹുഭാഷാ, വര്‍ഗ, വര്‍ണ, ദേശ, ജാതി വൈജാത്യങ്ങളുടെ മനോഹരമായ സംഗമഭൂമിയാണ് ഇന്ത്യ. രാജ്യത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട ആശയം ബഹിര്‍ഗമിക്കുന്നതാണ് ഇന്ത്യ എന്ന പേരുതന്നെ. ഹിന്ദുമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യത്ത് ജൈന, ബുദ്ധ, സിഖ് മതങ്ങള്‍ രൂപംകൊള്ളുകയും യഹൂദ, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ സ്വാംശീകരിക്കപ്പെടുകയും ചെയ്ത് മതങ്ങളുടെ സൗന്ദര്യവും സാഹോദര്യവും പൂത്തുലഞ്ഞ മനോഹരമായ ഒരു പൂങ്കാവനം കണക്കെ ഇന്ത്യ ലോകത്തിനു മുമ്പില്‍ മാനവികതയുടെ സുഗന്ധം പരത്തി.
1949 നവംബര്‍ 29ന് ഇന്ത്യ ഭരണഘടനാ നിര്‍മാണ സഭ അംഗീകരിക്കുകയും 1950 ജനുവരി 26ന് നടപ്പില്‍ വരികയും ചെയ്ത ഇന്ത്യന്‍ ഭരണഘടന ബഹുസ്വര ഇന്ത്യയുടെ വിശാലമായ ആശയ പ്രപഞ്ചത്തെ ഒന്നാകെ ആവാഹിച്ചെടുത്ത വിധത്തിലുള്ളതാണ്.
മനുസ്മൃതി അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായി നടന്നുവന്ന ജീവിത വ്യവഹാരങ്ങള്‍ നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ത്തിയെടുത്ത അധമത്വം ഇല്ലാതാക്കി തുല്യതയും നീതിയും സ്ഥാപിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഭരണഘടന രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാ ആമുഖം രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളുമെല്ലാം വളരെ മനോഹരമായും സംക്ഷിപ്തമായും പ്രകാശിപ്പിക്കുന്നു.
ഇന്ത്യന്‍ ജനതയുടെ മത, ജാതി, ഭാഷ, ദേശ വൈവിധ്യങ്ങളെയെല്ലാം ഉള്‍ക്കൊണ്ട് മാനവിക മൂല്യങ്ങളിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന്നാവശ്യമായ സമഗ്രമായ ആശയസംഗ്രഹമാണ് ഭരണഘടനാ ആമുഖം മുന്നോട്ടുവെക്കുന്നത്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതി സമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി അത് സംവിധാനം ചെയ്യുന്നു. ജാതിമത വര്‍ഗ വര്‍ണ ദേശ ഭാഷാ വൈജാത്യങ്ങളെയെല്ലാം വിവേചനരഹിതമായി അഭിസംബോധന ചെയ്യുന്ന ഭരണഘടനാ ആമുഖം രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവുമായ നീതി വിഭാവനം ചെയ്യുന്നു.
എല്ലാവിധ വിശ്വാസ ധാരയിലുള്ളതുമായ ചിന്തക്കും ആശയപ്രകടനത്തിനും മതനിഷ്ഠക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. പദവിയിലും അവസരങ്ങളിലും എല്ലാവര്‍ക്കും വിവേചനങ്ങളില്ലാത്ത സമത്വം വാഗ്ദാനം നല്‍കുന്നു. വ്യക്തിയുടെ അന്തസ്സും അഭിമാനവും രാഷ്ട്രത്തിന്റെ ഐക്യവും സാധ്യമാകും വിധമുള്ള സാഹോദര്യത്തിന്റെ കവചങ്ങള്‍ മലര്‍ക്കെ തുറന്നുവയ്ക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനാ ആമുഖം.
വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും സംരക്ഷിക്കലാണ് ജനാധിപത്യമെന്നത്. പങ്കുവെപ്പിന്റേതാണ് ഇന്ത്യന്‍ ജാധിപത്യത്തിന്റെ മഹത്വം. പല ദേശത്തില്‍, പല വേഷത്തില്‍, പല ഭാഷയില്‍ ഒന്നുചേരുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാവുക. മറ്റുള്ളവരെക്കുറിച്ച കരുതലാണ് ജനാധിപത്യമെന്ന ജീവിത ദര്‍ശനംകൊണ്ട് രാഷ്ട്രശില്‍പികള്‍ ലക്ഷ്യംവെച്ചത്.
പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ ജനാധിപത്യ റിപ്പബ്ലിക് എന്നതിലൂടെ ബഹുസ്വര ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ മഹനീയ മാതൃകയാണ് രാഷ്ട്രശില്‍പികള്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്. ആരെയും അവഗണിക്കാതിരിക്കുക, സഹിഷ്ണുത തുടങ്ങിയ മാനവികതയുടെ അടിസ്ഥാന മൂല്യങ്ങളെ ഇന്ത്യ ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നു. സത്യം, നീതി, സമത്വം, കരുണ, സ്‌നേഹം, സാഹോദര്യം, വിശ്വസ്തത തുടങ്ങിയ മാനവിക മൂല്യങ്ങളുടെ അക്ഷയ ഖനിയാണ് ഇന്ത്യന്‍ ഭരണഘടന.
ഉച്ച നീചത്വങ്ങളില്ലാതെ മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടും സ്‌നേഹവും സൗമ്യതയും പ്രകടിപ്പിക്കുന്ന ഉദാത്തമായ മാനവിക സംസ്‌കാരം ഇന്ത്യക്ക് പൈതൃകമായുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ജനത ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് അഹന്തയായി കണ്ടിരുന്ന, ജനായത്തത്തെ അഹന്തയുടെ ചാലകശക്തിയായി വിശേഷിപ്പിച്ചിരുന്ന ജാതി വിവേചനത്തിന്റെ സവര്‍ണാധിപത്യ സംസ്‌കാരത്തെ അതിജയിച്ച് മാനവികതയുടെയും ബഹുസ്വരതയുടെയും ഉദാത്തമായ ആവിഷ്‌ക്കാരമാണ് ജനായത്തമെന്ന് ബോധ്യപ്പെടുത്താന്‍ ഭരണഘടനാ ശില്‍പികള്‍ക്ക് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തെയും ബഹുസ്വരതയെയും അട്ടിമറിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ജാതിവെറിയന്മാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന ഒരു വെല്ലുവിളി തന്നെയാണ്.
ഭരണഘടന വിഭാവന ചെയ്യുന്ന വൈവിധ്യങ്ങളുടെ ഏകത്വത്തെ ഇല്ലാതാക്കാന്‍ ഇപ്പോള്‍ തീവ്രശ്രമം നടക്കുന്നു. പിന്നോട്ട് നടക്കുന്ന ഒരു ജനതയായി ഇന്ത്യയെ മാറ്റാന്‍ ചാതുര്‍വര്‍ണ്യത്തിന്റെ പിന്‍ഗാമികള്‍ അധികാരമുപയോഗിച്ച് കഴിയാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു.
വൈവിധ്യത്തിന്റെ ശത്രുക്കള്‍ ആദ്യമായി ചെയ്യുന്നത് മധുരം പുരട്ടിയ വിഷമിഠായികളായി ഒരു ഭാഷ, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ ഏറെ മനോഹരമെന്ന് തോന്നിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയാണ്. ഇന്ത്യന്‍ ഭരണകൂടം ബഹുസ്വരതയെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ബഹിര്‍പ്രകടനമാണ് ഹിന്ദിഭാഷയെ അടിച്ചേല്‍പിക്കുന്നു എന്നത്. ഭാഷ മരിക്കുമ്പോള്‍ മനുഷ്യരിലെ വൈവിധ്യങ്ങള്‍ ഇല്ലാതാകുമെന്ന ഫാസിസ്റ്റ് നിലപാടിന്റെ പ്രയോഗവത്ക്കരണമാണ് ഭരണകൂടം ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
ചാതുര്‍വര്‍ണ്യത്തിന്റെ തേര്‍വാഴ്ചയ്ക്ക് മുമ്പ് നിലനിന്നിരുന്ന പരിമിതമായ ബഹുസ്വരതയെയും ജനാധിപത്യത്തെയും ഇല്ലാതാക്കിയ മനുസ്മൃതിയെ ഇന്ത്യന്‍ ഭരണഘടനയുടെ ബദലായി മാറ്റുകയെന്ന ആത്മഹത്യാപരമായ നിലപാടിലാണിപ്പോള്‍ രാജ്യത്തിന്റെ ഭരണനേതൃത്വം. ഇന്ത്യന്‍ ഭരണഘടനയുടെ ഔന്നത്യമായ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വാക്കുകള്‍ പോലും ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തുകഴിഞ്ഞു.
ഭരണഘടനാ ധാര്‍മികതയെ മറികടന്നെങ്കില്‍ മാത്രമേ രാജ്യത്തെ ഐക്യവും സാഹോദര്യവും തകര്‍ക്കാനും അതുവഴി ഫാസിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കാനും സാധിക്കൂ എന്ന് മനസ്സിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെതന്നെ റദ്ദ് ചെയ്തുകൊണ്ടുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ്. രാജ്യത്തെ ചെറുപ്പക്കാരായ തൊഴിലന്വേഷകര്‍ക്ക് സൈന്യത്തില്‍ താല്‍ക്കാലിക സേവനത്തിന് അവസരമൊരുക്കുകയെന്ന ഒട്ടും ദോഷകരമല്ലെന്ന് തോന്നുന്ന ഒരു പദ്ധതിയാണല്ലോ അഗ്നിവീര്‍. യഥാര്‍ഥത്തില്‍ രാജ്യത്ത് നിലവിലുള്ള സൗഹൃദവും സൗഹാര്‍ദവും തകര്‍ത്ത് ഹിന്ദുത്വരല്ലാത്തവരെയെല്ലാം വേട്ടയാടാന്‍ അവസരമൊരുക്കുകയാണ് അഗ്നിവീര്‍ പദ്ധതി. ഹിന്ദുത്വ യുവാക്കളെ ആയുധ പരിശീലനം നല്‍കി മിലിറ്റലൈസ് ചെയ്ത് പുറത്തിറക്കി ഭരണഘടന വിഭാവനം ചെയ്യുന്ന വിശ്വമാനവികതയെ തകര്‍ത്തെറിയുന്ന ഗൂഢപദ്ധതിയാണ് അഗ്നിവീര്‍.
മനുഷ്യനെക്കാള്‍ ദേശീയതയ്ക്ക് പ്രാമുഖ്യം നല്‍കുന്ന സാഹചര്യം സൃഷ്ടിച്ചെടുത്ത് മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പ്രവണത വളര്‍ത്തിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യദ്രോഹക്കുറ്റം ചുമത്തി പതിനായിരക്കണക്കിന് ചെറുപ്പക്കാരെയാണ് വിചാരണത്തടവുകാരാക്കി ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദേശീയതയുടെ പേരില്‍ നടക്കുന്ന കേസുകളില്‍ കോടതികള്‍പോലും നീതിയുടെ പക്ഷത്തുനിന്ന് മാറിനില്‍ക്കുന്നു എന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാനവിക പ്രശ്‌നമായി മാറുന്നത്.
മതത്തിന്റെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ ആര്‍ക്കുവേണമെങ്കിലും എവിടെവെച്ചും തല്ലിക്കൊല്ലാനും വെടിവെച്ചുകൊല്ലാനും സ്വാതന്ത്ര്യമുള്ള ഒരു രാജ്യമായി മാറുകയാണിവിടെ. കുറ്റവാളി ശിക്ഷിക്കപ്പെടില്ല എന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വിജയിച്ചിരിക്കുന്നു എന്നതാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.
രാജ്യം എല്ലാ നിലക്കും അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നു വഴിമാറി പിന്തിരിപ്പന്‍ നിലപാടുകളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ നടപടിയാണ് ഫലസ്തീന്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്നത് ഫലസ്തീന്‍ ജനതയുടെ അടിസ്ഥാന ആവശ്യമാണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാല്‍ ഇന്ത്യ എക്കാലത്തും ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുകയാണ് പതിവ്.
എന്നാല്‍ ഇപ്പോള്‍ കൊടിയ പീഡനമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ കയ്യൊഴിഞ്ഞ് അധിനിവേശ ക്രൂരത നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി.
ഈ രാജ്യത്തെ മനുഷ്യത്വമുള്ള മഹാഭൂരിപക്ഷവും ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുമ്പോള്‍ ജനവികാരം അവഗണിച്ച് രാഷ്ട്ര നിലപാടെടുക്കുന്ന ഭരണവര്‍ഗം ബഹുസ്വര ഇന്ത്യയുടെ മാനവിക മൂല്യങ്ങളെ പാടെ ചവിട്ടിമെതിച്ചിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ഒരു പോരാട്ടത്തിലൂടെ മാത്രമേ ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാന്‍ കഴിയൂ എന്നതാണ് നിലവിലെ സാഹചര്യം.

Back to Top