30 Monday
June 2025
2025 June 30
1447 Mouharrem 4

ആത്മീയ ചൂഷകര്‍ക്കെതിരെ ബഹുജന പ്രതിരോധം മന്ത്രവാദികളെ പരസ്യമായി വെല്ലുവിളിച്ച് കെ എന്‍ എം പ്രചാരണത്തിന് തുടക്കം


കോഴിക്കോട്: ആഭിചാരത്തിലൂടെ തങ്ങള്‍ക്കെതിരില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ലോകത്തുള്ള മുഴുവന്‍ സിദ്ധന്‍മാരെയും മന്ത്രവാദികളെയും വെല്ലുവളിച്ചുകൊണ്ട് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ആത്മീയ ചൂഷകര്‍ക്കെതിരെ ബഹുജന പ്രതിരോധമെന്ന പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. മന്ത്രവാദത്തിലൂടെയും മാരണത്തിലൂടെയും പ്രശ്‌ന പരിഹാരം സാധ്യമല്ലെന്ന് ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമിയുടെ നേതൃത്വത്തില്‍ പരസ്യമായി വെല്ലുവിളി ഉയര്‍ത്തി നേതാക്കള്‍ പ്രതിജ്ഞ ചെയ്തു. പ്രബുദ്ധ കേരളത്തില്‍ പോലും ആളുകളെ വിശ്വാസപരമായും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയും അവസാനം കൊലപാതകങ്ങളില്‍ വരെ എത്തിപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആത്മീയ ചൂഷകന്‍മാര്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജിന്ന് ചികിത്സ, മാരണം, മന്ത്രവാദം തുടങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന മുഴുവന്‍ ആത്മീയ ചികിത്സാകേന്ദ്രങ്ങളും അടച്ചു പൂട്ടണം. ആത്മീയ വാണിഭത്തിലൂടെ സമൂഹത്തെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്ന സിദ്ധന്മാരെയും മന്ത്രവാദികളെയും മാരണക്കാരെയും ആത്മീയ ചികിത്സകരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.
മാരണത്തിന് പ്രതിഫലനമില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണെന്നിരിക്കെ ഹദീസുകളുടെ അക്ഷരവായന നടത്തി മന്ത്രവാദങ്ങളെയും മാരണത്തെയും ന്യായീകരിക്കുന്ന മുസ്‌ലിംകളിലെ നവയാഥാസ്ഥിതികര്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും ആദര്‍ശത്തിലേക്ക് തിരിച്ചുവരണം. മനുഷ്യര്‍ക്കിടയില്‍ സംശയങ്ങളുണ്ടാക്കി വിദ്വേഷം ജനിപ്പിച്ച് കുടുംബ കലഹവും വ്യക്തി വൈരാഗ്യങ്ങളും വളര്‍ത്തുന്ന മാരണ വിശ്വാസത്തെ ഇസ്‌ലാമിന്റെ പേരില്‍ ന്യായീകരിക്കുന്നവര്‍ വിശുദ്ധ ഖുര്‍ആനെയാണ് തള്ളിപ്പറയുന്നത്.
സംസ്ഥാനത്ത് ഈയിടെ മന്ത്രവാദ മാരണ ചികിത്സയെ തുടര്‍ന്നുള്ള ദാരുണ മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള നിയമ നിര്‍മാണം നടത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ഉടന്‍ നടപ്പിലാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി പ്രചാരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ യു കെ കുമാരന്‍ മുഖ്യാതിഥിയായിരുന്നു. കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, ഡോ. ജാബിര്‍ അമാനി, ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് മങ്കട, റുഖ്‌സാന വാഴക്കാട്, പി ടി അബ്ദുല്‍ മജീദ് സുല്ലമി, ഫര്‍ഷാന കോഴിക്കോട് പ്രസംഗിച്ചു.

Back to Top