29 Friday
March 2024
2024 March 29
1445 Ramadân 19

ബഹുദൈവാരാധന വിവിധ രൂപത്തില്‍

സി പി ഉമര്‍ സുല്ലമി


ആദ്യ മനുഷ്യരെല്ലാം അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരായിരുന്നു. അവനോട് മാത്രം പ്രാര്‍ഥിക്കുകയും അവനെ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്തു. കാലക്രമത്തില്‍ അവരിലേക്ക് ബഹുദൈവാരാധന കടന്നുകൂടി. അങ്ങനെ നൂഹ് നബി(അ)യുടെ കാലത്തെ ജനങ്ങളെല്ലാം ബഹുദൈവാരാധകരായി മാറി. നിരാശനായ നൂഹ് നബി(അ)യുടെ പ്രാര്‍ഥന സ്വീകരിച്ച അല്ലാഹു ഒരു വെള്ളപ്പൊക്കത്തിലൂടെ ഭൂമുഖം ബഹുദൈവാരാധനയില്‍ നിന്ന് ശുദ്ധീകരിച്ചു. ഏകദൈവാരാധകരെ മാത്രം അല്ലാഹു രക്ഷപ്പെടുത്തി.
നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍, മുസ്‌ലിംകളുടെ പിന്‍ഗാമികളായ തലമുറ വീണ്ടും ബഹുദൈവാരാധനയിലേക്ക് പോയി. ആ ബഹുദൈവാരാധകരെ ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ അല്ലാഹു ഇബ്‌റാഹിം നബി(അ)യെ നിയോഗിച്ചു. ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും നാം നൂഹിനെയും ഇബ്‌റാഹീമിനെയും ദൂതന്മാരായി നിയോഗിച്ചു. അവരുടെ സന്തതികളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നാം ഏര്‍പ്പെടുത്തി. അവരുടെ കൂട്ടത്തില്‍ സന്മാര്‍ഗികളും ദുര്‍മാര്‍ഗികളും ഉണ്ടായിരുന്നു. അവരില്‍ അധിക പേരും ദുര്‍മാര്‍ഗികളായിരുന്നു.” (വി.ഖു 57:26)
ബഹുദൈവാരാധകന്റെ മകനായാണ് ഇബ്‌റാഹീം നബി ജനിച്ചത്. ചെറുപ്പത്തിലേ സന്‍മാര്‍ഗം പ്രാപിച്ച ഇബ്‌റാഹിം നബി(അ), തന്റെ പിതാവിനെയാണ് ആദ്യമായി ഉദ്‌ബോധിപ്പിക്കാന്‍ തുടങ്ങിയത്. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: ”വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെ പറ്റിയുള്ള വിവരം നീ പ്രസ്താവിക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാണ്: എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവിനെ താങ്കള്‍ എന്തിനാണ് ആരാധിക്കുന്നത്?”
ഇബ്‌റാഹിം നബി പിതാവിനെ ദീര്‍ഘമായി ഉപദേശിച്ചു. സത്യത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ ആ പിതാവ് തയ്യാറായില്ല. അയാള്‍ പറഞ്ഞു: ”നീ എന്റെ ദൈവങ്ങളെ വെറുക്കുന്നവനാണോ ഇബ്‌റാഹീം? നീ ഇത് നിര്‍ത്തിയില്ലെങ്കില്‍ തീര്‍ച്ചയായും നാം നിന്നെ എറിഞ്ഞ് ഓടിക്കുന്നതാണ്. നീ കുറേ കാലത്തേക്ക് ഇവിടെ നിന്ന് വിട്ട് നില്‍ക്കുക തന്നെ വേണം.”
ഇബ്‌റാഹിം നബിയെ പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് നാട്ടുകാരെ ഉപദേശിക്കാന്‍ മുന്നോട്ട് വന്നു. വിഗ്രഹാരാധനയില്‍ മുഴുകിയ ജനങ്ങളോട് അദ്ദേഹം ചോദിച്ചു: നിങ്ങള്‍ ഭജനമിരുന്ന് ആരാധിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിമകള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. ഒരൊറ്റ മറുപടിയേ അവര്‍ക്ക് പറയാനുണ്ടായിരുന്നുള്ളൂ: ഞങ്ങളുടെ പൂര്‍വികര്‍ ഇവയെ ആരാധിച്ചിരുന്നതായാണ് ഞങ്ങള്‍ കണ്ടത്.
ഇബ്‌റാഹിം(അ) പറഞ്ഞു: ഇതായിരുന്നു നിങ്ങളുടെ പൂര്‍വികര്‍ ചെയ്തിരുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പൂര്‍വികരും വ്യക്തമായ വഴികേടില്‍ തന്നെ ആയിരുന്നു. ജനങ്ങള്‍ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ മാത്രമല്ല തങ്ങളുടെ പൂര്‍വികരും പിഴച്ചുപോയി എന്നാണല്ലോ ഒരു ചെറുപ്പക്കാരന്‍ പറയുന്നത്. അവര്‍ ചോദിച്ചു: നീ സത്യമാണോ പറയുന്നത്, അതല്ല ഞങ്ങളെ കളിയാക്കുകയാണോ? ഇബ്‌റാഹിം(അ) പറഞ്ഞു: വാസ്തവത്തില്‍ നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച നാഥനാകുന്നു. ഞാന്‍ അതിനെ സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാണ്. നിങ്ങള്‍ പിന്തിരിഞ്ഞ് പോയതിന് ശേഷം നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു സൂത്രം ഞാന്‍ പ്രയോഗിക്കുന്നതാണ്.
വിഗ്രഹാരാധകരുടെ ഉത്സവ ദിവസം വളരെ ആഘോഷമായി അവര്‍ കൊണ്ടാടുകയാണ്. ഇബ്‌റാഹിമിനെയും അവര്‍ ക്ഷണിച്ചു. എന്നാല്‍ ‘ഞാന്‍ അസ്വസ്ഥനാണ്, അതുകൊണ്ട് ഞാന്‍ വരുന്നില്ല’ എന്നദ്ദേഹം പറഞ്ഞു. നാട്ടുകാരെല്ലാം ആഘോഷത്തില്‍ മുഴുകി. ഇബ്‌റാഹിം മാത്രം വിട്ടു നിന്നു. ഇവരെല്ലാം പോയതിന് ശേഷം ഇബ്‌റാഹിം ഒരു സൂത്രം പ്രയോഗിച്ചു. വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ച ദേവാലയത്തില്‍ അദ്ദേഹം ചെന്നു. പ്രതിമകളുടെ മുന്നില്‍ വഴിപാടുകളായി കൊണ്ടുവന്ന പല തരത്തിലുള്ള പലഹാരങ്ങളുമുണ്ട്. ഇബ്‌റാഹിം നബി(അ) ചോദിച്ചു: നിങ്ങള്‍ ഒന്നും ഭക്ഷിക്കുന്നില്ല, നിങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്നു വെച്ചതാണല്ലോ ഇവ.
പ്രതിമകള്‍ മറുപടി പറയില്ലല്ലോ. വീണ്ടും പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ക്കെന്തു പറ്റി? എന്താ ഒന്നും മിണ്ടാത്തത്? യാതൊരു ഉത്തരവുമില്ല. തുടര്‍ന്ന് ഏറ്റവും വലിയ വിഗ്രഹത്തെ മാത്രം നിര്‍ത്തി ബാക്കിയുള്ള വിഗ്രഹങ്ങളെ അദ്ദേഹം തകര്‍ത്തു. എന്നിട്ട് സ്ഥലം വിട്ടു. ആഘോഷത്തില്‍ മുഴുകിയ ആരാധകര്‍ ദൈവങ്ങളുടെ അടുത്ത് വന്നപ്പോള്‍ അവ തകര്‍ന്നതായിട്ടാണ് കണ്ടത്. വിഗ്രഹങ്ങളെ തകര്‍ത്തത് കൊണ്ട് വിഗ്രഹാരാധന ഇല്ലാതാവുമെന്ന് കരുതിയല്ല ഇബ്‌റാഹിം എന്ന ബുദ്ധിശാലി അത് ചെയ്തത്. ഈ കൃത്രിമ ദൈവങ്ങള്‍ക്ക് ആത്മരക്ഷക്ക് പോലും സാധിക്കുകയില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള സൂത്രമായിരുന്നു ഇത്. ആരാധകരെല്ലാം അവരെ സഹായിക്കാന്‍ വേണ്ടി വെച്ച പ്രതിമകളാണല്ലോ ഇവ. അവര്‍ക്ക് അവരെ തന്നെ രക്ഷിക്കാന്‍ സാധ്യമല്ല എന്ന് ബുദ്ധി ഉള്ളവര്‍ മനസ്സിലാക്കട്ടെ -അതായിരുന്നു ഇബ്‌റാഹിം നബി(അ)ന്റെ സൂത്രം.
ആഘോഷത്തില്‍ മുഴുകിയിരുന്ന ആരാധകര്‍ ആദരപൂര്‍വം ദൈവങ്ങളുടെ അടുത്തേക്ക് വന്നപ്പോള്‍ വലിയ പ്രതിഷ്ഠ മാത്രം നില്‍ക്കുകയും മറ്റെല്ലാം തകര്‍ക്കപ്പെട്ട നിലയിലുമാണ്. അവര്‍ക്ക് സ്വാഭാവികമായും സങ്കടം ഉണ്ടായി. ആരായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക എന്നവര്‍ തമ്മില്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു. ഇബ്‌റാഹിം നബി(അ) മുമ്പേ സൂത്രം ചെയ്യുമെന്ന് പറയുന്നത് കേട്ട ചിലര്‍ പറഞ്ഞു: ഇബ്‌റാഹിം എന്ന ചെറുപ്പക്കാരന്‍ ഇവയെ വിമര്‍ശിച്ച് സംസാരിച്ചത് കേട്ടിട്ടുണ്ട്, അവനായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക. മറ്റാരും ഇതിന് ധൈര്യപ്പെടുകയില്ല.
അവര്‍ ഇബ്‌റാഹിമിനെ വിളിച്ചു വരുത്തി. തന്റേടിയായ പതിനാറുകാരനായ യുവാവ്. ദൈവകോപം കൊണ്ട് അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുന്ന വിഗ്രഹാരാധകര്‍ ചോദിച്ചു: ഇബ്‌റാഹീം, നീ ആണോ ഇത് ചെയ്തത്? നീ അല്ലാതെ വേറെ ആരും ഇത് ചെയ്യില്ലല്ലോ.
ഇബ്‌റാഹിം അത് നിഷേധിക്കുകയോ താനാണ് ഇത് ചെയ്തതെന്ന് സമ്മതിക്കുകയോ ചെയ്തില്ല. വളരെ സൂത്രത്തില്‍ മറുപടി പറഞ്ഞു: ആ നില്‍ക്കുന്ന വലിയവന്‍ ചെയ്തതായിരിക്കും ഇത്, അവനോടാണല്ലോ നിങ്ങള്‍ എല്ലാവരും സഹായം തേടുന്നത്. അതുകൊണ്ട് നിങ്ങള്‍ അവനോട് തന്നെ ചോദിക്കുക, അവര്‍ക്ക് പറയാന്‍ കഴിയുമെങ്കില്‍ അവര്‍ മറുപടി പറയട്ടെ.
പക്ഷെ ആ ജനങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തി.
നിനക്കറിയില്ലേ ഇവര്‍ സംസാരിക്കുകയില്ലാ എന്ന്- അവരിലെ പ്രധാനി പറഞ്ഞു. ഇതുകേട്ട് ഇബ്‌റാഹിം നബി (അ) അവരോട് പറഞ്ഞു: കഷ്ടം തന്നെ, ഇത്തരം വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്. സ്വയം രക്ഷക്ക് കഴിയാത്തവര്‍ക്ക് നിങ്ങളെ രക്ഷിക്കാന്‍ കഴിയുമോ?
സ്വയം രക്ഷക്ക് കഴിയാത്ത ഇവരെ ആരാധിക്കുന്ന നമ്മള്‍ തന്നെയല്ലേ കുറ്റക്കാര്‍ എന്ന് അവരുടെ മനസാക്ഷി അവരോട് പറഞ്ഞു. പക്ഷെ ആ വീണ്ടുവിചാരം അധിക നേരം നിലനിന്നില്ല. അവര്‍ മറിച്ച് ചിന്തിച്ചു. എന്നിട്ട് അവര്‍ തമ്മില്‍ പ്രഖ്യാപിച്ചു: ഇവനെ വെറുതെ വിട്ടു കൂടാ, നിങ്ങള്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയുമെങ്കില്‍ ഇവനെ ചുട്ടെരിച്ച് ദഹിപ്പിക്കണം, നിങ്ങളുടെ ദൈവങ്ങളെ നിങ്ങള്‍ സഹായിക്കണം!
ദൈവശത്രുവിനെ ജീവനോടെ ദഹിപ്പിക്കാന്‍ വേണ്ടി ഒരു വലിയ അഗ്‌നികുണ്ഡം നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ അവര്‍ നിരതരായി. ഇതൊരു മഹാ പുണ്യമെന്ന നിലയില്‍ അതിലേക്ക് വിറകും ഇന്ധനങ്ങളും വഴിപാടുകളായി എത്താന്‍ തുടങ്ങി. അത്തരം വഴിപാടുകള്‍ കൊണ്ട് അവര്‍ക്ക് ആഗ്രഹ സഫലീകരണം ഉണ്ടായിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ആ തോന്നല്‍ ഉണ്ടാകുന്നിടത്താണ് പിശാചിന്റെ വിജയം. അങ്ങനെ ഒരു മഹാ അഗ്‌നികുണ്ഡം അവിടെ തയ്യാറായി. കഠിനമായ ചൂട് കൊണ്ട് അതിന്റെ അടുത്തേക്കാര്‍ക്കും ചെല്ലാന്‍ പറ്റാതെയായി. ഇബ്‌റാഹിമിനെ അതിലേക്ക് അകലെ നിന്നെറിയുവാനുള്ള ഒരു യന്ത്രം അവര്‍ കണ്ടു പിടിച്ചു. അതിന്റെ സഹായത്തോടെ ഇബ്‌റാഹിം എന്ന ധീരയുവാവിനെ അഗ്‌നികുണ്ഡത്തിലേക്ക് അവര്‍ എറിഞ്ഞു.
ദൈവങ്ങളുടെ ശത്രുവായ ഈ പാപി ദഹിക്കുന്നത് കാണുവാന്‍ കുറേ ജനങ്ങള്‍ ചുറ്റും നിന്നിരുന്നു. അഗ്‌നികുണ്ഡത്തിലേക്ക് ഇന്ധനം നേര്‍ച്ചയാക്കിയവരും ആരാധകരും അതിലുണ്ട്. എന്നാല്‍ ഇബ്‌റാഹിം എന്ന ആ ചെറുപ്പക്കാരന് യാതൊരു പേടിയുമില്ല. എടുത്തെറിയുന്ന സമയത്തും ‘എനിക്ക് അല്ലാഹു മതി ഭരമേല്‍പ്പിക്കാന്‍ ഏറ്റവും നല്ലവന്‍ അവനാകുന്നു’ എന്നായിരുന്നു അവസാനത്തിലും അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇബ്‌റാഹിം ദഹിച്ച് ചാരമായി പോവുമെന്ന് അവര്‍ കരുതി. പക്ഷെ അല്ലാഹുവിന്റെ വിധി മറിച്ചായിരുന്നു. അല്ലാഹു തീയിനോടായി പറഞ്ഞു: നീ ഇബ്‌റാഹിമിന്റെ ശാന്തിയും തണുപ്പുമായി തീരുക. അതിനുള്ള സാഹചര്യം അല്ലാഹു സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെ ഇബ്‌റാഹിം നബി യാതൊരു പരിക്കുകളും പറ്റാതെ ആ അഗ്‌നികുണ്ഡത്തില്‍ നിന്ന് വരുന്നതാണ് കൂടി നിന്നവര്‍ കണ്ടത്.
അല്ലാഹു അതിനെ പറ്റി അവസാനമായി പറഞ്ഞു: അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു, അല്ലാഹു അവരെ ഏറ്റവും നഷ്ടപ്പെട്ടവരാക്കുകയാണുണ്ടായത്. വിശുദ്ധ ഖുര്‍ആന്‍ ഇരുപത് വചനങ്ങളിലായി ഈ സംഭവം വിവരിച്ചിട്ടുണ്ട് (21:51-71) അതിന്റെ അവസാനത്തില്‍ അല്ലാഹു പറഞ്ഞു: ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കി വെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തെയും ലൂഥിനെയും ഞാന്‍ രക്ഷപ്പെടുത്തി കൊണ്ട് പോവുകയും ചെയ്തു.
ഇബ്‌റാഹീമിന്റെ(അ) സന്താന പരമ്പരയില്‍ പെട്ടവരായിരുന്നു മുഹമ്മദ് നബി(സ)യുടെ കാലത്തുണ്ടായ ബഹുദൈവാരാധകര്‍. ഇബ്‌റാഹിം നബി(അ)യുടെ പേരിലും ഒരു പ്രതിഷ്ഠ കഅ്ബാലയത്തിന്റെ പരിസരത്ത് പ്രതിഷ്ഠിക്കപെട്ടിരുന്നു. ഈ ബഹുദൈവാരാധകന്മാരെല്ലാം ഏക ദൈവ വിശ്വാസികളായ മുസ്ലിംകളുടെ പിന്‍ഗാമികളായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x