ബഹുദൈവാരാധനക്ക് ന്യായീകരണം ചമയ്ക്കുന്നവര്‍
സി പി ഉമര്‍ സുല്ലമി
മക്കാ വിജയത്തിന് ശേഷം ഹുനൈന്‍ യുദ്ധത്തിലേക്ക് പോകുമ്പോള്‍ തന്നെ മുസ്ലിംകളില്‍ ശിര്‍ക്കിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം പ്രകടമായിരുന്നു എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ സൂത്രങ്ങള്‍ ഉപയോഗിച്ച് അതിനെ ന്യായീകരിക്കുന്ന ഒരു വിഭാഗം ഏതു കാലത്തും ഉണ്ടാകും. കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കി തെറ്റുകള്‍ തിരുത്തുകയാണ് യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്. തെറ്റുകള്‍ എങ്ങനെയാണ് പ്രകടമാവുന്നത് എന്ന് ഒരു ഉദാഹരണത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
അല്ലാഹു വിരോധിച്ച ഒരു കാര്യം ഒരു പ്രദേശത്തുകാര്‍ സൂത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സംഭവമാണിത്. കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ആ നാട്ടുകാരെക്കുറിച്ച് നീ അവരോട് ചോദിച്ചു നോക്കുക. ശനിയാഴ്ച ദിവസം അവരുടെ പുണ്യദിനമാണ്. പുണ്യദിനത്തില്‍ മത്സ്യം പിടിക്കരുത് എന്ന് അവരുടെ മതം കല്‍പ്പിച്ചിരുന്നു. അത് അവര്‍ ആചരിച്ചു കൊണ്ടിരുന്ന കാലത്ത് അല്ലാഹു അവരെ പരീക്ഷിച്ചു. ശനിയാഴ്ച മത്സ്യവേട്ട ഇല്ലാത്തത് പതിവായപ്പോള്‍ അന്ന് മത്സ്യങ്ങള്‍ ധാരാളം വെള്ളത്തിനു മുകളില്‍ തല കാണിച്ചു പുറത്തുവരാന്‍ തുടങ്ങി. ആരാധനയുടെ ഭാഗമായ നിരോധനം നിലനില്ക്കുന്നതിനാല്‍ അവര്‍ക്ക് മത്സ്യം പിടിക്കാന്‍ പറ്റുകയില്ല. എന്നാല്‍ മത്സ്യങ്ങള്‍ ധാരാളമായി പൊങ്ങി വരുന്നത് പതിവായപ്പോള്‍ അവര്‍ക്ക് ഒരു സൂത്രം തോന്നി. ശനിയാഴ്ച മീന്‍ പിടിക്കരുത് എന്നാണല്ലോ കല്പന. അത് അവര്‍ അക്ഷരം പ്രതി അനുസരിക്കുകയും അന്ന് കാണുന്ന മത്സ്യങ്ങളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്താനുള്ള ഒരു സൂത്രം പ്രയോഗിക്കുകയും ചെയ്തു.
ശനിയാഴ്ച അവര്‍ മീന്‍ പിടിക്കുന്നില്ല, എന്നാല്‍ പിറ്റേ ദിവസം ശനിയാഴ്ച തടഞ്ഞുവച്ച മത്സ്യങ്ങള്‍ അവര്‍ പിടിച്ചെടുക്കുകയും ചെയ്യും. ഇത് ധിക്കാരമാണെന്ന് മനസ്സിലാക്കിയ സഹൃദയരായ ആളുകള്‍ അവരെ ഉപദേശിച്ചു: നിങ്ങള്‍ ഈ ചെയ്യുന്നത് ശരിയായ നടപടിയല്ല, ശനിയാഴ്ച മത്സ്യം പിടിക്കുന്നില്ലെങ്കിലും മത്സ്യത്തെ തടഞ്ഞു വെക്കുന്നതും മത്സ്യത്തെ പിടിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് നിങ്ങള്‍ ഇത് ചെയ്യരുത്. അല്ലാഹുവിന്റെ ശിക്ഷ ലഭിച്ചേക്കും.
അങ്ങനെ അവര്‍ രണ്ട് വിഭാഗമായി മാറി. മത്സ്യങ്ങളെ തടഞ്ഞുവെച്ച് പിടിക്കുന്നവരും ഈ രീതി ശരിയല്ലെന്ന് വാദിക്കുന്നവരും. ഇവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. പിന്നീട് അവര്‍ക്കിടയില്‍ ഒരു മൂന്നാം വിഭാഗവും ഉടലെടുത്തു. ഈ മത്സ്യങ്ങളെ തടഞ്ഞുവയ്ക്കാന്‍ തുടങ്ങിയതു മുതലാണല്ലോ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായത്. അവരോട് നിര്‍ത്താന്‍ പറയാതെ, ഈ തെറ്റിനെ ചൂണ്ടിക്കാണിച്ചവരോടായിരുന്നു മൂന്നാം കക്ഷിക്ക് എതിര്‍പ്പുണ്ടായത്.
ഉപദേശിക്കുന്നവരോട് അവര്‍ ചോദിച്ചു: അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങള്‍ എന്തിനാണ് ഉപദേശിക്കുന്നത്? നിങ്ങള്‍ ഉപദേശിക്കുന്നത് കൊണ്ടാണല്ലോ ഈ കുഴപ്പമുണ്ടാകുന്നത്. അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു: രക്ഷിതാവിങ്കല്‍ ഈ അപരാധത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ്. ഒരുപക്ഷേ ഈ ഉപദേശം കേട്ട് അവര്‍ സൂക്ഷ്മത പാലിച്ചെന്ന് വരാമല്ലോ.
ദിവസങ്ങള്‍ നീണ്ടുപോയപ്പോള്‍ ഈ തെറ്റുകാര്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്കു വിധേയരായി. ഉപദേശിച്ചവരെ എല്ലാം അല്ലാഹു സുരക്ഷിതമാക്കുകയും ചെയ്തു. ഉപദേശങ്ങള്‍ക്ക് യാതൊരു വിലയും വെക്കാതെ എല്ലാം മറന്നു കൊണ്ട് അവര്‍ കൂടുതല്‍ ധിക്കാരികള്‍ ആയിത്തീര്‍ന്നു. അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകള്‍ ആയിത്തീരുക. അങ്ങനെ ആ ജനത അല്ലാഹുവിന്റെ ശിക്ഷയ്ക്കു വിധേയരായി. തെറ്റ് വിരോധിച്ചവര്‍ ആരാണോ, അവരെ അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്തു. ഈ സംഭവം വിശുദ്ധ ഖുര്‍ആന്‍ (7:163-166) വചനങ്ങളില്‍ മനസ്സിലാക്കി തരുന്നുണ്ട്.
ഇന്ന് ബഹുദൈവാരാധനയുടെ കാര്യത്തില്‍ മുസ്‌ലിംകളുടെ സ്ഥിതി ഇതുതന്നെയാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവെനയല്ലാതെ ആരെയും ആരാധിക്കാതിരിക്കുക -ഇതാണല്ലോ ഏകദൈവ വിശ്വാസത്തിന്റെ പൊരുള്‍. പക്ഷേ ഞങ്ങള്‍ ‘അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല’ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നവരാണല്ലോ എന്നായിരുന്നു അവരുടെ ന്യായം. പക്ഷേ ആരാധനാപരമായ എല്ലാ കാര്യങ്ങളും പ്രാര്‍ഥന, നേര്‍ച്ച, ബലി എന്നിങ്ങനെയുള്ള ആരാധനകളും അല്ലാഹു അല്ലാത്തവര്‍ക്ക് സമര്‍പ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ അനന്തരഫലം മുസ്ലിംകള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു.
മുന്‍ സമുദായങ്ങളെ ശിക്ഷിച്ചതു പോലെ ഈ സമുദായത്തിനെ ശിക്ഷിക്കുന്നില്ലെങ്കിലും അതിന്റെ തിക്തഫലം ഈ സമുദായം അനുഭവിക്കുന്നുണ്ട്. അവരെ കുരങ്ങുകള്‍ ആക്കുകയാണ് ചെയ്തത്. അന്ധമായ അനുകരണം ആണ് കുരങ്ങുകളുടെ സ്വഭാവം. തങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെ മറ്റുള്ളവരെ അനുകരിക്കുന്ന സ്വഭാവം ഇന്ന് മുസ്ലിംകളില്‍ ധാരാളമായി കണ്ടുവരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പ്രബോധനം ചെയ്ത, വിഗ്രഹങ്ങള്‍ തച്ചുടച്ച ഇബ്‌റാഹീം നബി തന്നെ ആരാധിക്കപ്പെടുന്ന അവസ്ഥയുണ്ടായി.
എന്നാല്‍ അങ്ങനെ മുഹമ്മദ് നബിയെ ആരാധിക്കാതിരിക്കണം. അതിനുവേണ്ടി ‘ഞാന്‍ മനുഷ്യന്‍ ആണ്’ എന്ന് വ്യക്തമായി പറയവാന്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ച് കല്‍പ്പിച്ചിട്ടുണ്ട്. ”നബിയോട് പറയുവാന്‍ കല്‍പ്പിച്ചു, ഞാന്‍ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏകനായ ദൈവം മാത്രമാണെന്ന് എന്നിലേക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു. വല്ലവനും തന്റെ രക്ഷിതാവിനെ കണ്ടുമുട്ടണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യേണ്ടതാണ്.” (വി.ഖു. 18:110)
എന്നാല്‍ മുസ്‌ലിംകളില്‍ തന്നെ ഒരു വിഭാഗം ഇങ്ങനെ ഒരു ന്യായം കണ്ടുപിടിച്ചു: അല്ലാഹു പ്രവാചകന്മാര്‍ മുഖേനയാണ് നമുക്ക് സന്ദേശം എത്തിച്ചു തരുന്നത്. അതു കൊണ്ട് അവര്‍ മുഖേന തന്നെ നമ്മള്‍ അല്ലാഹുവിലേക്ക് അടുക്കുകയാണ് ചെയ്യേണ്ടത്.’ ഇങ്ങനെ ഒരു പുതിയ ആശയം പൈശാചിക പ്രചോദനം കൊണ്ട ചില പണ്ഡിതന്മാര്‍ തന്നെ പറയാന്‍ തുടങ്ങി. അങ്ങനെ ആരാധനയില്‍ വക്രത വരികയും ഇടയാളന്മാരെ പ്രതിഷ്ഠിക്കാന്‍ തുടങ്ങുകയും ചെയ്തു. അല്ലാഹു വീണ്ടും നബിയോട് പറയാന്‍ കല്‍പ്പിച്ചു: ”നബിയേ പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏകനായ ദൈവം ആകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അവനിലേക്കുള്ള മാര്‍ഗത്തില്‍ നേരെ നിലകൊള്ളുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. പരലോകത്തില്‍ വിശ്വാസമില്ലാത്ത ബഹുദൈവാരാധകര്‍ക്കാകുന്നു നാശം.” (വി.ഖു. 41:6)
നേര്‍ക്ക് നേരെ അല്ലാഹുവിനെ ആരാധിക്കാനുള്ള കല്‍പ്പനയാണ് ഈ വചനത്തില്‍ അല്ലാഹു നടത്തിയിട്ടുള്ളത്. പ്രവാചകന്മാര്‍ക്ക് വഹ്‌യ് കിട്ടിയതു കൊണ്ട് അവരിലൂടെ അല്ലാഹുവിലേക്ക് സമീപിക്കാതെ, നേരെ സമീപിക്കണം എന്നാണ് അല്ലാഹു ഈ സൂക്തത്തിലൂടെ കല്പിച്ചിട്ടുള്ളത്. അതാണ് ശരിയായ മാര്‍ഗം എന്ന് പറഞ്ഞു തരുന്നു. ഇതില്‍ വ്യതിചലിച്ച് ബഹുദൈവാരാധനക്ക് പോകുന്നവര്‍ അല്ലാഹു നിര്‍ബന്ധമാക്കിയ ദാനധര്‍മം ചെയ്യാത്തവരും പരലോക വിശ്വാസം ഇല്ലാത്തവരുമായിരിക്കുമെന്നും ഈ സൂക്തം പഠിപ്പിക്കുന്നു. ഇത് ഇന്ന് മുസ്ലിംകളില്‍ ധാരാളമായി പ്രകടമായി കൊണ്ടിരിക്കുന്ന വസ്തുതയാണ്.
ഭൗതികമായ കാര്യങ്ങള്‍ക്ക് വേണ്ടി ഇടയാളന്മാരെ വെച്ച് പ്രാര്‍ഥിക്കുകയും ജീവിക്കുന്ന ചില ഇടയാളന്മാരെ പൂജിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി ധാരാളം സമ്പത്ത് ചിലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനപരമായ സകാത്ത് സംഭരിച്ച് നല്‍കാന്‍ ഒരു പ്രോത്സാഹനവും അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയില്ല. അതേ അവസരത്തില്‍ നിഷിദ്ധ രൂപത്തിലുള്ള സാമ്പത്തിക വരുമാനമുണ്ടാക്കുന്ന ആള്‍ദൈവങ്ങളെ ധാരാളമായി ദിവ്യ പരിവേഷം നല്കി കാണുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ അവരെ പറ്റി പ്രസ്താവിക്കുന്നു: ”അവര്‍ കുറ്റകരമായി പറയുന്നതില്‍ നിന്നും നിഷിദ്ധമായ സമ്പാദ്യം ഭക്ഷിക്കുന്നതില്‍ നിന്നും പുണ്യവാന്‍മാരും പണ്ഡിതന്മാരും അവരെ തടയാതിരിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് വളരെ ചീത്തയാണല്ലോ.” (വി.ഖു. 5:63)
വിശുദ്ധ ഖുര്‍ആന്‍ പഠിച്ചും പഠിപ്പിച്ചും അല്ലാഹുവിന്റെ നിഷ്‌കളങ്ക ദാസന്മാരായി തീരുവാനാണ് അല്ലാഹു കല്‍പിക്കുന്നത്. എന്നാല്‍ ആള്‍ദൈവങ്ങളുടെ അടിമകളായി തീരാന്‍ പ്രചോദനം നല്‍കുന്ന എത്രയെത്ര അനാചാരങ്ങളാണ് ഇന്ന് മുസ്ലിംകളില്‍ നിലനില്‍ക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ നമുക്ക് എത്തിച്ചു തന്ന പ്രവാചകന്‍ നിങ്ങള്‍ മുഹമ്മദീയര്‍ ആവണമെന്നല്ല പഠിപ്പിച്ചത്. നിങ്ങള്‍ റബ്ബിന്റെ സാമീപ്യം നേടിയവര്‍ ആവണമെന്നാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹു ഒരു മനുഷ്യന് വേദഗ്രന്ഥവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും പിന്നെ അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിനെ വിട്ട് എന്റെ അടിമകളായിത്തീരണമെന്ന് പറയുകയും ചെയ്യുക എന്നത് ഒരിക്കലും ഉണ്ടാവാന്‍ പറ്റുകയില്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിച്ചു കൊണ്ടും പഠിപ്പിച്ചു കൊണ്ടും ഇരിക്കുന്നതിലൂടെ ദൈവത്തിന്റെ നിഷ്‌കളങ്ക ദാസന്മാരായി തീരണം എന്നാണ് പറയുന്നത്.” (വി.ഖു. 3:79)
ഖുര്‍ആന്‍ ഇത്രയും വ്യക്തമായി കല്പിച്ചിട്ടും പരിശുദ്ധ ഖുര്‍ആനിലൂടെ ജീവിതം സംസ്‌കരിച്ചെടുക്കാനുള്ള ത്വരീഖത്തുകളുണ്ടാക്കി ശൈഖിന്റെ അടിമകളായും മുരീദുകളായും മാറണമെന്നാണ് വലിയൊരു വിഭാഗം മുസ്ലിംകളുടെയും ആഗ്രഹം. ഈ ശൈഖുമാര്‍ നമുക്ക് മോക്ഷം നല്‍കുമെന്ന് ബഹുജനങ്ങളെ അവര്‍ വിശ്വസിപ്പിക്കുന്നു. അങ്ങനെ ഉടമസ്ഥാവകാശത്തിലും അല്ലാഹുവിനോട് പങ്കു ചേര്‍ക്കാന്‍ ഈ ത്വരീഖത്ത് സിദ്ധാന്തം ബഹുജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. ഇത് നരകത്തിലേക്ക് എത്തിച്ചേരാനുള്ള നിമിത്തമായി തീരുമെന്ന് മുസ്ലിം ബഹുജനങ്ങള്‍ മനസ്സിലാക്കുന്നില്ല. പണ്ഡിതന്മാര്‍ സത്യം മറച്ചുവെക്കുന്നു. അവര്‍ക്ക് വരുമാനമുണ്ടാക്കാവുന്ന അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതാണ് ഇന്ന് മുസ്ലിംകള്‍ ഇത്രയും ദയനീയമായ അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള കാരണം.