ബദ്‌റിന്റെ ആത്മീയ പ്രകാശം ഗസ്സക്ക് പ്രചോദനമേകുന്നു
ഹബീബ്‌റഹ്‌മാന്‍ കരുവമ്പൊയില്‍
ഇസ്‌ലാമിക ചരിത്രത്തിലെ ധീരോദാത്തമായ സ്മരണയാണ് ബദ്ര്‍. മക്കയില്‍ ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച മുഹമ്മദ് നബിയെയും ഇസ്‌ലാമിക വിശ്വാസം സ്വീകരിച്ച അദ്ദേഹത്തിന്റെ അനുയായികളെയും ഈ പുതിയ ദൈവിക ദീനില്‍ നിന്നും ആദര്‍ശത്തില്‍ നിന്നും പിന്തിരിപ്പിക്കാനും തടയിടാനും ശ്രമിച്ചുകൊണ്ടേയിരുന്നു. (യഥാര്‍ഥത്തില്‍ ഇത് പുതിയതല്ല, മനുഷ്യാരംഭം മുതല്‍ ഉള്ളതാണ്).
പ്രവാചകനും സഖാക്കള്‍ക്കുമെതിരെയുള്ള എതിര്‍പ്പും ശത്രുതയും വര്‍ധിച്ച്, അത് ശാരീരികവും മാനസികവുമായ അക്രമമര്‍ദനങ്ങളിലേക്കും സാമ്പത്തിക-സാമൂഹിക ഉപരോധങ്ങളിലേക്കും നീങ്ങി. ഇത് അസഹ്യവും ഗുരുതരവുമായപ്പോള്‍ പ്രബോധനത്തിന്റെ 13ാം വര്‍ഷം പ്രവാചകനും അനുയായികളും മക്ക വിട്ട് യസ്‌രിബ് (ഇന്നത്തെ മദീന) എന്ന സ്ഥലത്തേക്ക് പലായനം ചെയ്തു. അവിടെ തന്റെ ആദര്‍ശത്തിനനുസരിച്ചുള്ള ഒരു സമൂഹത്തെയും രാജ്യത്തെയും കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിന് അസ്തിവാരമിട്ടു. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ മക്കയില്‍ അദ്ദേഹത്തെ അക്രമമര്‍ദനങ്ങള്‍ക്ക് വിധേയമാക്കിയ ബഹുദൈവവിശ്വാസികളായ ശത്രുക്കള്‍ അദ്ദേഹത്തെയും അനുയായികളെയും വെറുതെ വിടാനൊരുക്കമില്ലായിരുന്നു. വീടും നാടും കുടുംബവും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തുവന്ന അവരെ അവിടെയും നിശ്ശേഷം നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി. മുഴുവന്‍ ദൈവേതര ശക്തികളെയും കൂട്ടുപിടിച്ച് അവര്‍ക്കെതിരെ പൊരുതി. അങ്ങനെ മുസ്‌ലിംകളും ഇസ്‌ലാമികവിരുദ്ധ ശക്തികളും പരസ്പരം ഏറ്റുമുട്ടി. അതാണ് ബദ്ര്‍ യുദ്ധം എന്നറിയപ്പെടുന്നത്.
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ര്‍ യുദ്ധം. യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് ബദ്ര്‍ യുദ്ധത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. പ്രവാചകന്റെ അനുയായികളും അവരേക്കാള്‍ മൂന്നിരട്ടി വരുന്ന സര്‍വായുധവിഭൂഷിതരായ ശത്രുക്കളും തമ്മിലുള്ള ഈ പോരാട്ടം ഇസ്‌ലാമിന്റെ തന്നെ ജീവന്മരണ പോരാട്ടമായിരുന്നു. പ്രവാചകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മദീനയിലെ മുസ്‌ലിംകളും മക്കയിലെ ഖുറൈശികളും തമ്മില്‍ ക്രി.വ. 624 മാര്‍ച്ച് 13നാണ് (ഹി. 2 റമദാന്‍ 17 വെള്ളിയാഴ്ച) ഇപ്പോഴത്തെ സുഊദി അറേബ്യയിലെ മദീനയിലെ ബദ്ര്‍ എന്ന പ്രദേശത്തു വെച്ച് ഏറ്റുമുട്ടല്‍ നടന്നത്.
ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടല്‍ മൂലമാണെന്ന് ഇസ്‌ലാമിക വിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ (ഒരിക്കല്‍ പോലും യുദ്ധം ചെയ്തിട്ടില്ലാത്ത?) വിജയമാണെന്ന് ശത്രുവിഭാഗവും കരുതുന്നു. ഖുര്‍ആനില്‍ കൃത്യമായി പരാമര്‍ശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. ബദ്‌റിലെ വിജയത്തോടെ മദീനയില്‍ മുഹമ്മദിന് സ്വീകാര്യത വര്‍ധിക്കുകയും മദീനയിലെ നിരവധി ഗോത്രങ്ങള്‍ മുഹമ്മദുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു. കൂടാതെ ഇസ്‌ലാമിന്റെ കീര്‍ത്തിയും പ്രചാരവും വര്‍ധിക്കുകയും ചെയ്തു.
ഇപ്പോള്‍ ഗസ്സയില്‍ നടക്കുന്നത് ഏകപക്ഷീയ ആക്രമണങ്ങളും ക്രൂരതകളുമാണെങ്കിലും ബദ്‌റിനോടും ഉഹ്ദിനോടും തബൂക്കിനോടുമൊക്കെ കിടപിടിക്കുന്ന ഒട്ടനവധി സമാനതകള്‍ കാണാം. ഒരു ചെറിയ പ്രദേശം ആദര്‍ശവീര്യത്താലും സ്വാതന്ത്ര്യദാഹത്താലും സത്യവിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്നു. അവരുടെ മനക്കരുത്തും പോരാട്ടവീര്യവും സമാനതകളില്ലാത്തതാണ്. പ്രവാചകനും സഹാബികളും പീഡിപ്പിക്കപ്പെട്ടതുപോലെയോ അതിനേക്കാള്‍ ഗുരുതരമായോ അവര്‍ മര്‍ദിക്കപ്പെടുകയും ഉപരോധിക്കപ്പെടുകയും ചെയ്യുന്നു.
അവരെ സഹായിക്കാന്‍ ആരുമില്ലെന്നു മാത്രമല്ല, ലോകം മുഴുവന്‍ അവര്‍ക്കെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ ഒന്നിക്കുകയും ചെയ്തിരിക്കുന്നു. അന്ന് മക്കയില്‍ നടന്നപോലെയോ അതിനേക്കാള്‍ ഭീകരമായോ ഉള്ള ഉപരോധം കാരണം പച്ചിലകളും മണ്ണുമാണ് അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്. അന്നത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടിണിയും പരിവട്ടവുമായി രോഗികളാവുകയും മരണപ്പെടുകയും ചെയ്യുന്നു. ആദര്‍ശത്തിനു വേണ്ടിയും സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും ഇസ്‌ലാമില്‍ വിശ്വസിച്ചു എന്നതിന്റെ പേരിലും മാത്രമാണ് ഇന്ന് ഫലസ്തീനികളും കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്നത്. അന്ന് പ്രവാചകനും അനുയായികളും ചെയ്തപോലെ കിടങ്ങുകളും തുരങ്കങ്ങളുമുണ്ടാക്കുകയാണ് ഹമാസും കൂട്ടരും. ബന്ദികളോടൊക്കെയുള്ള സമീപനം അത്യുദാത്തമാണ്.
ഇതെല്ലാം കണ്മുന്നില്‍ കണ്ടിട്ടും ലോകരാഷ്ട്രങ്ങളും ഭരണാധികാരികളും ഇതിനെതിരെ ഒന്നും ഉരിയാടാതിരിക്കുന്നവരും അന്നത്തെപ്പോലെ തികഞ്ഞ അവിശ്വാസികളും കപടവിശ്വാസികളും (മുനാഫിഖുകള്‍) ആയി മാറിക്കൊണ്ടിരിക്കുന്നു. സത്യത്തിന്റെയോ നീതിയുടെയോ ധര്‍മത്തിന്റെയോ ഒപ്പം നില്‍ക്കാതെ സ്വന്തം സഹോദരങ്ങളെ ഇത്ര നിഷ്ഠുരമായി കൊലയ്ക്കു കൊടുത്തുകൊണ്ടിരിക്കുന്നു. കപടമായ പ്രഖ്യാപനങ്ങളും പ്രമേയങ്ങളും പാസാക്കി സായൂജ്യമടയുന്നു. അതേസമയം ലോകത്തെങ്ങുമുള്ള സത്യവിശ്വാസികള്‍ പ്രവര്‍ത്തനങ്ങളിലൂടെയും പ്രാര്‍ഥനകളിലൂടെയും അവര്‍ക്കൊപ്പം നില്‍ക്കുന്നു. അങ്ങനെ അവരുടെ വിശ്വാസവും സാഹോദര്യവും കൂടുതല്‍ ശക്തമായി ഊട്ടിയുറപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അവരെ ശാരീരികമായി സഹായിക്കുക എന്നത് അസാധ്യമായിരിക്കെത്തന്നെ മാനസികമായി അവരോട് ഐക്യപ്പെടുന്നു.
ചുരുക്കത്തില്‍, ഇസ്‌ലാമും കുഫ്‌റും (സത്യനിഷേധം) നിഫാഖും (കാപട്യം) ഒക്കെ തെളിഞ്ഞുവരുന്ന സാഹചര്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രവാചകന്റെ കാലത്തെ ബഹുദൈവ ശത്രുക്കള്‍ പോലും ചെയ്യാന്‍ അറച്ചിരുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയും തിരഞ്ഞുപിടിച്ചു കൊല്ലുക, ഭക്ഷണത്തിനായി കൈനീട്ടുന്നവര്‍ക്കെതിരെ ബോംബിടുക, മരുന്നും ഭക്ഷണവും തടയുക തുടങ്ങിയ കൊടുംക്രൂരതകളാണ് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത്തരം കൊടുംക്രൂരതകള്‍ക്ക് ലോക ചരിത്രത്തില്‍ എന്നെങ്കിലും ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നോ എന്നുപോലും നിശ്ചയമില്ല! ഇത്തരം എല്ലാ എതിര്‍പ്പുകളും പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിട്ടും അന്ന് അറേബ്യയില്‍ സംഭവിച്ചതുപോലെ ലോകത്ത് ഇസ്‌ലാം അതിദ്രുതം പ്രചരിക്കുന്നു. മനഃസാക്ഷിയുള്ള മുഴുവന്‍ ജനവും ഗസ്സക്കും ഫലസ്തീനുമൊക്കെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ആദര്‍ശവും നിശ്ചയദാര്‍ഢ്യവും ഏകദൈവവിശ്വാസവും ലോകം മുഴുവന്‍ അംഗീകരിക്കുന്നു, പ്രചരിക്കുന്നു!