ബദ്ര്‍ദിനം തിന്നുമുടിക്കാനോ പാഠം പഠിക്കാനോ?
എ ജമീല ടീച്ചര്‍
മുസ്‌ലിം സമൂഹത്തിലെ യാഥാസ്ഥിതികവിഭാഗം ആഘോഷദിനമായി കൊണ്ടാടിവരുന്ന ഒന്നാണ് ബദ്ര്‍ ദിനം. പാടിയും പറഞ്ഞും വെച്ചുവിളമ്പിയും തിന്നും കുടിച്ചും അവരതില്‍ ആമോദിക്കുന്നു. പരിശുദ്ധ റമദാന്‍ 17-ന്. പോത്തിനെ അറുത്തും ബിരിയാണി വെച്ചു വിളമ്പിയും അന്നത്തെ ദിവസം സജീവമാക്കുന്നു. അതേസമയം ബദ്ര്‍ യുദ്ധത്തെക്കുറിച്ച് വായിച്ചും പഠിച്ചും മനസ്സിലാക്കിയും അതിന്റെ സന്ദേശം ജീവിതത്തിലുള്‍ക്കൊള്ളാന്‍ ആളുകള്‍ കുറവാണു താനും. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17- നാ ണ് ബദ്‌റില്‍വെച്ച് നബി (സ)ക്കും സ്വഹാബത്തിനും ആദ്യമായി ഖുറൈശികളെ നേര്‍ക്കുനേര്‍ നേരിടേണ്ടി വന്നത്.
ഖുറൈശികളുടെ പീഡനങ്ങളും മര്‍ദനങ്ങളും സഹിക്കാനാവാതെ മുസ്‌ലിംകള്‍ മക്ക വിട്ട് മദീനയിലേക്ക് മാറിനിന്നു. എന്നിട്ടും ഖുറൈശികള്‍ ശാന്തരാവുകയല്ല, കൂടുതല്‍ രോഷാകുലമാവുകയാണുണ്ടായത്. മുസ്‌ലിംകള്‍ ഇട്ടേച്ചുപോയ സ്വത്തുക്കളെല്ലാം അവര്‍ പിടിച്ചടക്കി. ഹജ്ജിനും ഉംറക്കും പോലും മുസ്‌ലിംകള്‍ മക്കയില്‍ ചെല്ലുന്നത് മക്കക്കാര്‍ വിലക്കി. മുസ്‌ലിംകളുടെ കേന്ദ്രങ്ങള്‍ കണ്ടുപിടിച്ച് നശിപ്പിച്ചേ മതിയാകൂ എന്നവര്‍ തീരുമാനിച്ചു. ഇല്ലെങ്കില്‍ അത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് അവര്‍ കണക്കുകൂട്ടി. അതിനുവേണ്ടി ആയുധസന്നാഹരായി അവര്‍ പുറപ്പെടുകയും ചെയ്തു. തിരുമേനി(സ)ക്ക് അതേക്കുറിച്ച് സൂചനകള്‍ ലഭിച്ചുകൊണ്ടിരുന്നു. അവരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിനു വേണ്ടി തിരുമേനി(സ) ഓരോ ഭാഗങ്ങളിലേക്ക് ഓരോരോ സംഘങ്ങളെ നിശ്ചയിച്ചു.
ഹിജ്‌റ ഒന്നും രണ്ടും കൊല്ലങ്ങളിലായിരുന്നു അത്. അവസാനം ഹിജ്‌റ രണ്ടാം കൊല്ലത്തില്‍ ഖുറൈശികള്‍ വമ്പിച്ച ഒരു സൈന്യവുമായി മുസ്‌ലിംകളെ നേരിടാന്‍ ഒരുങ്ങിപ്പുറപ്പെട്ടു. മദീനയായിരുന്നു അവരുടെ ലക്ഷ്യം. അതേസമയം അവര്‍ക്ക് ഭക്ഷണസാധനങ്ങളുമായി മറ്റൊരു സംഘവും പിറകിലുണ്ടായിരുന്നു. സിറിയയില്‍ നിന്നായിരുന്നു ഈ സംഘത്തിന്റെ പുറപ്പാട്.
യുദ്ധത്തില്‍ മക്കക്കാരുടെ ആത്മാഭിമാനത്തെ ആളിക്കത്തിക്കാനും എന്ത് ത്യാഗവും സഹിച്ചും, വേണ്ടിവന്നാല്‍ ജീവന്‍ വരെ ബലിയര്‍പ്പിച്ചും ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഖുറൈശികളുടെ പ്ലാന്‍.
ഈ പ്ലാന്‍ അറിഞ്ഞപ്പോള്‍ തിരുമേനി(സ) വേണ്ടത്ര ജാഗ്രത കൈക്കൊണ്ടു. സ്ത്രീകളും കുട്ടികളും ഉള്‍ക്കൊള്ളുന്ന പട്ടണത്തില്‍വെച്ച് ശത്രുക്കളെ ചെറുക്കുന്നത് അത്ര നല്ലതായിരിക്കില്ലെന്ന് തിരുമേനി(സ)ക്ക് തോന്നി. അപ്പുറത്തേക്ക് പോകാനാണെങ്കില്‍ വല്ലാത്ത ആശങ്കയും തോന്നി. കാരണം മദീനയില്‍ വെച്ച് വല്ല ശത്രുക്കളും ആക്രമിക്കുകയാണെങ്കില്‍ മുസ്‌ലിംകളെ സഹായിക്കാമെന്ന് മാത്രമേ അഖബ ഉടമ്പടിയില്‍ കരാറ് വെച്ചിട്ടുണ്ടായിരുന്നുവള്ളൂ. മദീനയുടെ പുറത്തുവെച്ചു ശത്രുക്കള്‍ ആക്രമിച്ചാല്‍ സഹായിക്കാമെന്ന് അന്‍സാരി നേതാക്കള്‍ എറ്റിട്ടുണ്ടായിരുന്നില്ല. അവസാനം ഭവിഷ്യത്തുകളെക്കുറിച്ചെല്ലാം നബി(സ) അനുചരന്മാരുമായി കൂടിയാലോചിച്ചു. ഭയാശങ്കകളോടെയാണെങ്കിലും പുറത്തുപോയി ഖുറൈശികളെ നേരിടാന്‍ തന്നെ നബി(സ)യും സ്വഹാബികളും തീരുമാനിച്ചു.
അനുയായികള്‍ക്ക് അന്നേരമുണ്ടായിരുന്ന ഭയാശങ്കകളെക്കുറിച്ച് സൂറത്ത് അന്‍ഫാല്‍ 5,6 വചനങ്ങളില്‍ അല്ലാഹു പറയുന്നുണ്ട്. ”ന്യായമായ ആവശ്യം വെളിപ്പെട്ടു കഴിഞ്ഞു. കൂടി നിന്നവര്‍ നിന്നോടതാ തര്‍ക്കിക്കുന്നു. അവര്‍ നോക്കിനില്‍ക്കെ മരണത്തിലേക്ക് അവരെ പിടിച്ച് വലിച്ചുകൊണ്ട് വരികയാണോ എന്ന് തോന്നിപ്പോകുന്നു” എന്നാണ് അനുചരന്മാരുടെ അപ്പോഴത്തെ ഭാവത്തെക്കുറിച്ച് ഖുര്‍ആന്‍ ചിത്രീകരിച്ചത്.
തിരുമേനി(സ) അവരെയെല്ലാം സമാധാനിപ്പിച്ചുകൊണ്ട് മദീനക്ക് പുറത്തേക്ക് ശത്രുക്കളെ അഭിമുഖീകരിക്കേണ്ടതിനായി പുറപ്പെട്ടു. മുസ്‌ലിംകള്‍ നാനാതരം അവശതകളും ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. നബി(സ)യും അനുയായികളും മക്ക ഉപേക്ഷിച്ച് ഹിജ്‌റ വന്നിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അഭയാര്‍ഥി പ്രയാസങ്ങള്‍ക്കു തന്നെ ശാശ്വതമായ പരിഹാരം കണ്ടെത്താനായിട്ടില്ല. ആ ഘട്ടത്തിലാണ് ഒരു യുദ്ധത്തെ അവര്‍ക്ക് നേരിടേണ്ടി വന്നത്. തങ്ങളുടെ അധീനതയിലുള്ള തുച്ഛമായ ആയുധങ്ങള്‍ കയ്യിലെടുത്തുകൊണ്ടും സര്‍വശക്തനായ അല്ലാഹുവിങ്കലേക്ക് കാര്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും അവര്‍ യുദ്ധത്തിന് തയ്യാറായി. ഒടുവില്‍ ബദ്‌റില്‍ വെച്ചാണ് രണ്ട് കക്ഷികളും ഏറ്റുമുട്ടിയത്.
നബി(സ) സാഷ്ടാംഗമായി വീണ് അല്ലാഹുവിനോട് ദീര്‍ഘനേരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അല്ലാഹുവേ, എന്റെ പിന്നിലുള്ള ഈ ജനത നശിച്ചുപോവുകയാണെങ്കില്‍ ലോകത്തുനിന്ന് നിന്നെ മാത്രം ആരാധിക്കാന്‍ ആളുണ്ടായിരിക്കുകയില്ല. ഇവര്‍ ധരിക്കാന്‍ വസ്ത്രമില്ലാത്തവരും പാദരക്ഷ പോലും ഇല്ലാത്തവരുമാണ്. അതുകൊണ്ട് ഇവരെ നീ അനുഗ്രഹിക്കേണമേ. ഇതൊക്കെയാണ് തിരുമേനി(സ) ആ സമയത്ത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്.
അവസാനം അബൂബക്കറിന്(റ) നബി(സ)യോട് സഹതാപം തോന്നി. അദ്ദേഹം തിരുമേനിയുടെ തല സുജൂദില്‍ നിന്നും പിടിച്ചുയര്‍ത്തി. അവരുടെ ധിക്കാരവും മര്‍ദനങ്ങളും അല്ലാഹു കാണുന്നുണ്ടല്ലോ. ആ സ്ഥിതിക്ക് ഇത്രയെല്ലാം പ്രാര്‍ഥിക്കേണ്ടതുണ്ടോ എന്നായിരുന്നു അബൂബക്കറിന്റെ(റ) ചോദ്യം.
തിരുമേനി(സ)യുടെ പക്ഷത്ത് 314 യോദ്ധാക്കളും ശത്രുപക്ഷത്ത് ആയിരത്തോളം ഭടന്മാരുമാണുണ്ടായിരുന്നത്. കത്തിജ്വലിക്കുന്ന അമര്‍ഷത്തോടും കടുത്ത വാശിയോടുംകൂടി ഖുറൈശികള്‍ മുസ്‌ലിംകളെ നേരിട്ടു. തങ്ങളുടെ ജീവനെ ത്യജിച്ചിട്ടും ഭൂമുഖത്ത് അല്ലാഹുവിന്റെ ദീന്‍ നിലനില്‍ക്കണം. മനുഷ്യസ്വാതന്ത്ര്യം സ്ഥാപിക്കാന്‍ അവസരം ലഭിക്കണം. ഇതെല്ലാം ഉറപ്പിച്ചുകൊണ്ട് മുസ്‌ലിംകളും സധൈര്യം പോരാടി.
ഒരു കക്ഷി പരലോക ജീവിതത്തിലും അവിടുത്തെ സ്വര്‍ഗീയ സുഖങ്ങളിലും വിശ്വസിക്കുന്നവര്‍. മരിക്കാന്‍ ലവലേശം ഭയമില്ലാത്തവര്‍. മറുകക്ഷി പരലോക ജീവിതത്തെ പാടേ നിഷേധിക്കുന്നവര്‍. അപ്പോള്‍ പിന്നെ മരിക്കാന്‍ പേടിക്കുക സ്വാഭാവികമായും രണ്ടാമത്തെ കക്ഷി തന്നെ. അതനുസരിച്ച് സമരം രൂക്ഷമായപ്പോള്‍ രണ്ടാമത്തെ കക്ഷി നിലവിളിച്ചോടാന്‍ തുടങ്ങി.
ഖുറൈശികളുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ എഴുപതുപേര്‍ മരണപ്പെട്ടപ്പോഴാണ് അവര്‍ യുദ്ധക്കളം വിട്ടോടാന്‍ തുടങ്ങിയത്. അന്നോളം അവര്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെയും അടര്‍ക്കളത്തില്‍ തങ്ങളോട് യുദ്ധം ചെയ്യുന്നതായി അവര്‍ക്ക് കാണാന്‍ സാധിച്ചു. അല്ലാഹുവിന്റെ മലക്കുകളായിരുന്നു അത്. (വി.ഖു 8:8)
അവസാനം ഇരുപക്ഷത്തെയും മൃതിയടഞ്ഞവരെയെല്ലാം മറവ് ചെയ്ത ശേഷം എഴുപത് ബന്ധനസ്ഥരെയും കൊണ്ട് തിരുമേനി(സ) യുദ്ധക്കളം വിട്ടു. ബന്ധനസ്ഥരില്‍ ചിലരോട് പിഴ വാങ്ങി. മറ്റു ചിലരെക്കൊണ്ട് മുസ്‌ലിംകള്‍ക്ക് എഴുത്ത് പഠിപ്പിച്ചു. വേറെ ചിലരെ സൗജന്യമായി വിട്ടയച്ചു.
ഖുറൈശികള്‍ക്ക് ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വവും പ്രതാപവുമാണുണ്ടായിരുന്നത്. ബദ്ര്‍ യുദ്ധംമൂലം ആ പ്രതാപം തകര്‍ന്നു. അവരുടെ അന്തസ്സിന് ക്ഷതംപറ്റി. അവര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാതായി. ഇതിനു പ്രതികാരം ചെയ്തല്ലാതെ അടങ്ങുകയില്ലെന്ന് പല നേതാക്കളും ശപഥം ചെയ്തു. അബൂജഹലിനെപ്പോലുള്ളവരുടെ മരണം അവരില്‍ ആഴമേറിയ മുറിവേല്‍പിച്ചു.
ഇതാണ് ബദ്ര്‍ യുദ്ധത്തിന്റെ ചുരുക്കം. ഹിജ്‌റ രണ്ടാം വര്‍ഷമാണ് ഇത് നടന്നത്. ശേഷം എട്ടുവര്‍ഷത്തോളം നബി(സ) മദീനയില്‍ ജീവിച്ചു. പക്ഷേ ഒരിക്കല്‍ പോലും ഈ ദിനം ഒരു ആഘോഷ ദിവസമായി നബി(സ) കൊണ്ടാടിയിട്ടില്ല. പിന്നീട് അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) മുതലായ ഖുലഫാഉര്‍റാശിദീങ്ങളുടെ ഭരണം വന്നു. ഇസ്‌ലാമിക രാജ്യത്ത് ബദ്ര്‍ ദിനം ഒരു ആഘോഷമായി അവരും മനസ്സിലാക്കിയില്ല.
ഖേദകരമെന്ന് പറയട്ടെ. പില്‍ക്കാലത്ത് വന്ന മതാന്ധതയും അജ്ഞതയും ഈ ദിനത്തിന് ശ്രേഷ്ഠതയും ദിവ്യത്വവും കല്‍പിക്കുന്നു. അന്നത്തെ ആ പേരിലുണ്ടാക്കിയ ഭക്ഷണത്തിനുമുണ്ടുപോലും ആ ദിവ്യത്വം. സകലമാന രോഗങ്ങള്‍ക്കുമുള്ള ദിവ്യ ഔഷധമായിട്ടാണ് പലരും ആ ഭക്ഷണം നോക്കിക്കാണുന്നത്.
ബദ്‌രീങ്ങള്‍ പേരിനെ
ഓതുന്ന ലോകര്‍ക്ക്
ബദ്‌റില്‍… അന്നമില്ല
എന്നോവര്‍
മതിലുകള്‍ പൊട്ടലും
തിയ്യുകള്‍ കത്തലും
മറ്റും ഫിത്‌ന വരവില്ല
എന്നോവര്‍
ബദ്‌റില്‍ മരിച്ചുവീണ ശുഹദാക്കന്മാരുടെ പോരിശ പറയുന്ന ബദര്‍ മാലയിലെ വരികളാണിത്.