27 Saturday
July 2024
2024 July 27
1446 Mouharrem 20

വീണ്ടും സ്‌കൂള്‍ തുറക്കുമ്പോള്‍


രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷം പഴയ മാതൃകയില്‍ തന്നെ ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവേശനോത്സവം പോലുള്ള പരിപാടികളെല്ലാം തന്നെ ഓണ്‍ലൈനിലായിരുന്നു. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പൂര്‍ണാര്‍ഥത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഈ ജൂണ്‍ മുതലാണ്. രണ്ട് അധ്യയന വര്‍ഷങ്ങളില്‍ ക്ലാസ് അന്തരീക്ഷം പല വിധേനയുള്ള മാതൃകയിലാണ് പ്രവര്‍ത്തിച്ചത്. അതില്‍ ക്രിയാത്മകമായ സംഭാവനകളും നെഗറ്റീവ് പ്രവണതകളും ഉണ്ടായിട്ടുണ്ട്.
കോവിഡ് കാലത്തെ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികവും അക്കാദമികവും സാമൂഹികവുമായ അവസ്ഥ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിലൊന്നാണ് എസ് സി ഇ ആര്‍ ടിയുടെ പഠനം. കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ് സി ഇ ആര്‍ ടി നടത്തിയ സമഗ്രമായ പഠനത്തിന്റെ റിപോര്‍ട്ട് ഇപ്പോള്‍ പൊതുസമൂഹത്തിനു ലഭ്യമാണ്. 14 ജില്ലകളില്‍ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ തെരഞ്ഞെടുത്ത സ്‌കൂളുകള്‍, 1 മുതല്‍ 12 വരെ ക്ലാസുകളിലെ മൂവായിരത്തോളം വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സൗഹൃദ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് നടത്തിയ സര്‍വേ പഠനവും അപഗ്രഥനവും കേരളത്തിലെ കോവിഡ് കാലത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് കൃത്യമായ വെളിച്ചം നല്‍കുന്നുണ്ട്.
കോവിഡ് കാലത്ത് വിദ്യാഭ്യാസമോ ബിരുദമോ പൂര്‍ത്തിയാക്കിയവരോട് വിവേചനം പുലര്‍ത്തരുതെന്നാണ് തൊഴില്‍ദാതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ നിര്‍ദേശത്തെ സാധൂകരിക്കുന്ന വിധത്തില്‍ അടിസ്ഥാന ശേഷിയും ആവശ്യമായ നൈപുണികളും ഈ പ്രതിസന്ധികള്‍ക്കിടയിലും പകര്‍ന്നുനല്‍കാന്‍ കേരളത്തിലെ അധ്യാപക സമൂഹത്തിനു സാധിച്ചിട്ടുണ്ട്. അതിന് അവരെ തീര്‍ച്ചയായും അഭിനന്ദിക്കണം. മാത്രമല്ല, ഈ കോവിഡ് കാലത്ത് സൗജന്യ സേവനം ചെയ്ത നിരവധി ദിവസവേതന കരാര്‍-ഗസ്റ്റ് അധ്യാപകരുണ്ട്. അവരും ഈ തലമുറയുടെ പഠനവിടവ് നികത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരാണ്.
തൊഴില്‍രംഗത്ത് അത്ര പെട്ടെന്ന് മാറ്റം ആവശ്യമില്ലാത്ത വിഭാഗമാണ് അധ്യാപകര്‍. കൃത്യമായ സിലബസും സൂക്ഷ്മമായ നിര്‍ദേശങ്ങളും ഉള്ളതുകൊണ്ടുതന്നെ അതനുസരിച്ച് മുന്നോട്ടുപോകുന്നവരാണ്. സിലബസ്-കരിക്കുലത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ തന്നെ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് അതുണ്ടാകാറുള്ളത്. അതിനാല്‍ തന്നെ ബോധനരംഗത്തെ നവീന മാറ്റങ്ങളെ അതിന്റെ എല്ലാ സവിശേഷതയോടും കൂടി ഏറ്റെടുക്കാനും മാറ്റത്തെ അഭിസംബോധന ചെയ്യാനും അവര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ഒരു തയ്യാറെടുപ്പിനു പോലും ഇടം നല്‍കാതെയാണ് കോവിഡ് മഹാമാരി കടന്നുവന്നത്. ബോധന-മൂല്യനിര്‍ണയ-നൈപുണി വികാസ മേഖലകളില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ അധ്യാപക-വിദ്യാര്‍ഥി സമൂഹം ക്രിയാത്മകമായി നേരിട്ടുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കോവിഡ് കാലത്തെ വിദ്യാഭ്യാസ പ്രക്രിയ പൂര്‍ണമായിരുന്നു എന്നല്ല ഇതിനര്‍ഥം. തീര്‍ച്ചയായും പോരായ്മകളും വിടവുകളും ഉണ്ടായിട്ടുണ്ട്. വേണ്ടത്ര ഡിവൈസുകള്‍ ലഭ്യമല്ലാത്തവര്‍, പഠനപ്രക്രിയയില്‍ പങ്കെടുക്കാന്‍ മാത്രം നെറ്റ്‌വര്‍ക്ക് ഇല്ലാത്തവര്‍, ഫോളോഅപ് ക്ലാസുകള്‍ ലഭിക്കാത്തവര്‍, വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് മാത്രം ലഭിച്ചവര്‍, മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളില്‍ മതിയായ വിധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍, വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ശ്രദ്ധ ലഭിക്കാത്തവര്‍- ഇങ്ങനെ നിരവധി ഘടകങ്ങളാല്‍ കോവിഡ് കാല വിദ്യാഭ്യാസം പ്രയാസം സൃഷ്ടിച്ച വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. ആ യാഥാര്‍ഥ്യത്തിലേക്കും ഈ പഠനം വിരല്‍ ചൂണ്ടുന്നുണ്ട്. പ്രത്യേകിച്ച്, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍, തീരപ്രദേശങ്ങളിലെയും വനപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഓഫ്‌ലൈന്‍ വിദ്യാഭ്യാസകാലത്ത് ലഭിച്ചിരുന്ന പലതും ഈ കാലയളവില്‍ നേടാനായിട്ടില്ല.
അതിനാല്‍, വീണ്ടും സ്‌കൂള്‍ തുറക്കുമ്പോള്‍ ഈ സാമൂഹിക പ്രശ്‌നം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും മുമ്പിലുണ്ടാവണം. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ അര്‍ഹതപ്പെട്ട ശേഷികള്‍ നേടിയിട്ടില്ലെങ്കില്‍ അവര്‍ക്ക് ആഡ്ഓണ്‍ കോഴ്‌സുകള്‍ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണം. ഇപ്പോഴും വിദ്യാര്‍ഥികളായി തുടരുന്നവര്‍ക്ക് പഠനവിടവ് നികത്താനും ആവശ്യമായ ശേഷികള്‍ കൈവരിക്കാനുമുള്ള അവസരമായി ഈ അധ്യയനവര്‍ഷത്തെ ഉപയോഗപ്പെടുത്തണം. ക്ലാസ്മുറികള്‍ക്കപ്പുറത്ത് പഠന-പാഠ്യേതര മേഖലയിലെ സര്‍ഗശേഷികള്‍ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങള്‍ ഈ തലമുറയ്ക്കും ലഭിക്കണം. കോവിഡ് കാലത്തെ വിദ്യാഭ്യാസം നേടിയവര്‍ ഒരു മേഖലയിലും പിന്നാക്കം പോവുകയോ വിവേചനം നേരിടുകയോ ചെയ്യുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x