യുക്തിവാദം വിട്ട് പി എം അയ്യൂബ്
യുക്തിവാദ പ്രചാരണത്തിന്റെ മറവില്‍ ആധുനിക യുക്തിവാദ പ്രസ്ഥാനങ്ങള്‍ പ്രചരിപ്പിക്കുന്നത് കടുത്ത മുസ്‌ലിം വിരുദ്ധതയാണെന്ന് വ്യക്തമാക്കി പ്രമുഖ യുക്തിവാദ പ്രചാരകനായിരുന്ന പി എം അയ്യൂബ് യുക്തിവാദ പ്രസ്ഥാനം വിട്ടു. യുക്തിവാദ പ്രസ്ഥാനങ്ങളും അതിന്റെ പ്രചാരകരും തീവ്രവലതുപക്ഷ രാഷ്ട്രീയശക്തികളുടെ വംശീയ പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുകയും അതിനു കളമൊരുക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തിയത്. എസ്സെന്‍സ് ഗ്ലോബല്‍ അടക്കമുള്ള ആധുനിക യുക്തിവാദ-നവനാസ്തിക വേദികളിലെ താരപ്രഭാഷകനായിരുന്ന പി എം അയ്യൂബ്, സി രവിചന്ദ്രന്‍ അടക്കമുള്ള വലതുപക്ഷ യുക്തിവാദ പ്രചാരകരുടെ പ്രധാന സഹകാരിയുമായിരുന്നു. യുക്തിവാദ പ്രസ്ഥാനത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ താന്‍ അതുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ച് ഇസ്‌ലാമിലേക്ക് തിരികെ വന്നതായി അയ്യൂബ് പ്രഖ്യാപിച്ചു.