അയോധ്യ ആഘോഷിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഉത്തരം പറയണം
ഖാദര്‍ പാലാഴി
2019 നവംബര്‍ ഒമ്പത്. അന്നാണ് സുപ്രീം കോടതിയുടെ ആ വിധി വന്നത്. ആ വിധിന്യായത്തില്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ നാം മറന്നു പോകരുത്. ബാബരി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കത്തില്‍ എന്നും നമുക്ക് വഴികാട്ടിയാവേണ്ടത് ഈ മൂന്നു കാര്യങ്ങളാണ്. ഒന്ന്, 2.77 ഏക്കറുള്ള തര്‍ക്ക ഭൂമിയില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത് അവിടെ നേരത്തെയുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത ശേഷമാണെന്നതിനു തെളിവൊന്നുമില്ല. രണ്ട്, 1949 ല്‍ പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചത് തെറ്റാണ്. മൂന്ന് 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത് പൊറുക്കാനാവാത്ത തെറ്റാണ്.
ഈ ലീഗല്‍ ഒപീനിയന്‍ രേഖപ്പെടുത്തിയ ശേഷമാണ് ഒട്ടും ലീഗലി സ്റ്റാന്റിംഗ് അല്ലാത്ത ഏകപക്ഷീയമായ ഒരു പരിഹാര നിര്‍ദേശം കോടതി പുറപ്പെടുവിച്ചത്. അതായത് വസ്തുത ഇതൊക്കെയാണെങ്കിലും പള്ളി നിന്നിടത്ത് ക്ഷേത്രം നിര്‍മിക്കാനായി തര്‍ക്കസ്ഥലം ഹിന്ദുക്കളുടെ ട്രസ്റ്റിന് വിട്ടു കൊടുക്കണം. ഇങ്ങനെ വിട്ടു കൊടുക്കുന്നതില്‍ മുസ്‌ലിംകള്‍ക്കുണ്ടാവുന്ന സങ്കടത്തിന് പരിഹാരമായി അവര്‍ക്ക് പള്ളിയുണ്ടാക്കാന്‍ മറ്റൊരിടത്ത് അഞ്ചേക്കര്‍ സ്ഥലം അനുവദിക്കണം. ഇത്തരമൊരു ഒത്തുതീര്‍പ്പ് വിധി പറഞ്ഞ ജഡ്ജിമാരില്‍ ഒരാള്‍ പിന്നീട് ഗവര്‍ണറാവുകയും മറ്റൊരാള്‍ എം പിയാവുകയും ചെയ്തുവെന്നതും നാം ഓര്‍ത്തു വയ്ക്കണം. ഈ വിധിയില്‍ നിന്ന് ഒരു കാര്യം നമുക്കൊക്കെ മനസ്സിലാവും. ഇപ്പോള്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന രാമക്ഷേത്രം പണിതുയര്‍ത്തിയത് അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളുടെ ബലത്തില്‍ അക്രമോത്സുകമായി പൊളിച്ചു മാറ്റപ്പെട്ട പള്ളിയുടെ സ്ഥാനത്താണ് എന്നതാണത്.
എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിലും പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസോ സി പി എമ്മോ മറ്റു പാര്‍ട്ടികളോ അതിനു പറഞ്ഞ കാരണം ഇതൊന്നുമല്ല. മറിച്ച്, മതം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. അങ്ങനെയുള്ള മതത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ദുരുപയോഗിക്കുകയാണ്, മതപരമായ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ആര്‍ എസ് എസും ബി ജെ പിയും രാഷ്ട്രീയവല്‍ക്കരിക്കുന്നു. മതപുരോഹിതര്‍ നടത്തേണ്ട പ്രതിഷ്ഠ ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി ഹൈജാക്ക് ചെയ്യുന്നു എന്നൊക്കെയാണ് ഈ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന അപാകതകള്‍.
യഥാര്‍ഥത്തില്‍ അവര്‍ പറയേണ്ടിയിരുന്നത് മുസ്‌ലിംകളുടെ പള്ളി തകര്‍ത്ത സ്ഥലത്ത് ക്ഷേത്രമുണ്ടാക്കാന്‍ സുപ്രീം കോടതി നല്‍കിയ അനുവാദത്തിന് നിയമപരമായ അടിസ്ഥാനമില്ല എന്നായിരുന്നു. ഇത്തരമൊരു നിര്‍മിതി ഇന്ത്യയുടെ യശസ്സിനും മതനിരപേക്ഷ പാരമ്പര്യത്തിനും നിരക്കുന്നതല്ല എന്നായിരുന്നു. രാമക്ഷേത്രം പൊളിച്ചാണ് അവിടെ ബാബരി മസ്ജിദ് ഉണ്ടാക്കിയതെന്നതിന് തെളിവില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്ന മതേതര പാര്‍ട്ടികളുടെ ഈ ഒളിച്ചുകളിക്ക് ചില ഗത്യന്തരമില്ലായ്മകളുണ്ട്. ആ അവസ്ഥ ഉണ്ടാവാന്‍ കാരണങ്ങള്‍ ഇവയാണ്.
ഇന്ത്യക്കാരില്‍ 79.80% പേരും ഹിന്ദുക്കളാണ്. അവരിലേറെയും രാമഭക്തരുമാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ആര്‍ എസ് എസും ബി ജെ പിയും നടത്തുന്ന പ്രചണ്ഡമായ രാമക്ഷേത്ര കാമ്പയിനില്‍ ബി ജെ പി അനുകൂലികളല്ലാത്ത ഹിന്ദുക്കളും വീണു പോയിട്ടുണ്ട്. ക്ഷേത്രം പൊളിച്ച സ്ഥലത്താണ് പള്ളിയുണ്ടാക്കിയത് എന്ന പ്രചാരണം അവരിലേറെ പേരും വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഇത്തരമൊരു ക്ഷേത്രമുയരുക എന്നത് ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റേയും വിജയമായി അവര്‍ കാണുന്നു.
ഇത്തരം കാരണങ്ങള്‍ കൊണ്ട് സമ്പൂര്‍ണമായി തെറ്റിദ്ധരിക്കപ്പെട്ട ഈ സമൂഹമാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ളത്. അവര്‍ക്കു മുമ്പില്‍ രാമക്ഷേത്രം തന്നെ തെറ്റാണ് എന്നൊരു നരേറ്റീവ് നല്‍കാന്‍ ഒരു പാര്‍ട്ടിക്കും ധൈര്യമില്ല. ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവര്‍ ഹിന്ദു വിരുദ്ധരാണ് എന്ന് മാത്രമല്ല ആക്ഷേപിക്കപ്പെടുക. മറിച്ച് പാക്കിസ്താന്റെ അച്ചാരം വാങ്ങുന്നവരാണെന്നും മുസ്‌ലിംകളെ പ്രീണിപ്പിക്കാനാണെന്നും ഐസിസ് ഏജന്റുമാരാണെന്നുമൊക്കെ പഴി കേള്‍ക്കേണ്ടി വരും. നിലവില്‍ തന്നെ ദുര്‍ബലരായ പ്രതിപക്ഷത്തിന് ഇത്തരമൊരു ആരോപണത്തെ ചെറുക്കാന്‍ നിലവില്‍ ശേഷിയില്ല.
അതുകൊണ്ടാണ് പ്രാണപ്രതിഷ്ഠയില്‍ ആര്‍ക്കും വ്യക്തിപരമായി പങ്കെടുക്കാമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ്സിനും മറ്റും എത്തേണ്ടി വന്നത്. പ്രക്ഷുബ്ധമായ ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥയില്‍ മതേതര കക്ഷികളുടെ ഈ നിസ്സഹായാവസ്ഥ ആര്‍ക്കും മനസ്സിലാവും.
എങ്കിലും ഇത്രയും ദിവസത്തെ സംഭവ വികാസങ്ങളില്‍ അവര്‍ക്കു ലഭിച്ച ആശ്വാസകരമായ ഒരേയൊരു വാര്‍ത്ത ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് നാലു ശങ്കരാചാര്യന്‍മാരും എടുത്ത തീരുമാനമാണ്. മുസ്‌ലിംകളോട് ചെയ്ത അനീതിയുടെ പേരിലല്ല അവരുടെ ബഹിഷ്‌കരണം. മറിച്ച് പൂര്‍ത്തിയാവാത്ത ക്ഷേത്ര സമുച്ചയത്തില്‍ പ്രതിഷ്ഠ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ്. ചിലര്‍ രാഷ്ട്രീയക്കാര്‍ നടത്തേണ്ട കര്‍മങ്ങളല്ല പ്രതിഷ്ഠാ കര്‍മങ്ങളെന്നും ഓര്‍മിപ്പിച്ചു.
ബഹിഷ്‌കരണത്തിന്റെ പേരു പറഞ്ഞ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ചവിട്ടിക്കൂട്ടാന്‍ ബി ജെ പി ഒരുങ്ങുന്നതിനിടയിലാണ് ശങ്കരാചാര്യന്‍മാരുടെ പ്രഖ്യാപനം വന്നത്. അതുകൂടിയില്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷം തീര്‍ത്തും നിരായുധരായി നില്‍ക്കേണ്ടി വരുമായിരുന്നു.
ഏതായാലും കോണ്‍ഗ്രസിനെ അപമാനത്തില്‍ നിന്ന് ദൈവം രക്ഷിച്ചു എന്നു വേണം കരുതാന്‍. തുടക്കം മുതല്‍ തന്നെ എന്തു തീരുമാനമെടുക്കുമെന്ന അട്ടര്‍ കണ്‍ഫ്യൂഷനിലായിരുന്നു കോണ്‍ഗ്രസ്. ക്ഷണം കിട്ടിയ ഉടന്‍ തന്നെ തങ്ങള്‍ പങ്കെടുക്കും എന്ന് പാര്‍ട്ടി തീരുമാനിക്കുകയും ശങ്കരാചാര്യന്‍മാര്‍ മറിച്ച് തീരുമാനിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കോണ്‍ഗ്രസുകാര്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമായിരുന്നു.
ഏതായാലും രാമക്ഷേത്രം കേരളത്തില്‍ പോലുമുണ്ടാക്കുന്ന ആര്‍ എസ് എസ് അനുകൂല നിലപാട് ഭയാനകമായ ഒരു ഭാവിയുടെ സൂചനയാണ്. 1977 ല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതു പോലും അറിയാത്ത കെ എസ് ചിത്രയെ പോലുളള അരാഷ്ട്രീയര്‍ മുതല്‍ കെ ബി ഗണേഷ് കുമാറിനെ പോലുള്ള ‘ഇടതുപക്ഷ’ നേതാക്കളെ വരെ ക്ഷേത്രം സ്വാധീനിച്ചിരിക്കുന്നു. കേരളത്തിലെ രണ്ടു പ്രധാന ഹിന്ദു സമുദായ നേതാക്കളായ ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ആവേശഭരിതരായി തുള്ളിച്ചാടാന്‍ തുടങ്ങിയിരിക്കുന്നു. നാം ഒരുകാലത്തും പ്രതീക്ഷിക്കാത്തവര്‍ പോലും ആര്‍ എസ് എസ്സിനെ പരസ്യമായി വാഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി എല്ലാ ഹൈന്ദവ വീടുകളിലും രാമക്ഷേത്രം ഒരു മഹത്തായ വിജയമായി ഘോഷിക്കപ്പെടുന്നു. അയോധ്യ ട്രിപ്പിനുള്ള കൂട്ടായ്മകള്‍ ഇപ്പോള്‍തന്നെ രൂപപ്പെടുന്നു.
മതേതര നവോത്ഥാന പുരോഗമന കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ വടക്കേ ഇന്ത്യന്‍ ഹിന്ദു കുടുംബങ്ങളിലെ ആവേശമെത്രത്തോളമായിരിക്കും. ചിലര്‍ കോണ്‍ഗ്രസിനേയും മറ്റും ഉപദേശിച്ചു കൊണ്ടിരിക്കുന്നത് മൃദു ഹിന്ദുത്വം വിട്ടാല്‍ കോണ്‍ഗ്രസ് പറ പറക്കുമെന്നാണ്. അങ്ങനെ ഉപദേശിക്കുന്നവര്‍ തന്നെയാണ് ശ്രീകൃഷ്ണ ആഘോഷത്തിന് സ്വന്തം പാര്‍ട്ടിക്കമ്മറ്റി ഉണ്ടാക്കിയത്. അവര്‍ തന്നെയാണ് സവര്‍ണ പ്രീണനത്തിന് ഇ ഡബ്ല്യു എസ് സംവരണം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. അതേ കക്ഷി തന്നെയാണ് അഞ്ച് മുസ്‌ലിം ലീഗുകാര്‍ മന്ത്രിയായപ്പോള്‍ സമുദായ സന്തുലനം തകര്‍ന്നു വീണേ എന്ന് അട്ടഹസിച്ചതും 10 മന്ത്രിമാരേയും ഒരു ഡെപ്യൂട്ടി സ്പീക്കറേയും നായന്‍മാരില്‍ നിന്ന് മാത്രം നിയോഗിച്ചതും. എന്നും ഹിന്ദുക്കളുടെ പാര്‍ട്ടിയാവാന്‍ ശ്രമിച്ച ഈ പാര്‍ട്ടിയാണ് മൃദുഹിന്ദുത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വരുന്നത്.
കോണ്‍ഗ്രസ് പക്ഷേ ഇത്തരം കപട വര്‍ത്തമാനം പറഞ്ഞില്ല. ആ പാര്‍ട്ടി സ്വതന്ത്രപൂര്‍വ ഇന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും എന്നും അര്‍ധ സോഫ്റ്റ് ഹിന്ദു പാര്‍ട്ടിയായിരുന്നു. ഒരു മതക്കാര്‍ 80% ഉള്ള ഒരു രാജ്യത്ത് അത് സ്വാഭാവികമാണ്.
എല്ലാ രാജ്യത്തും അങ്ങനെത്തന്നെയാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉള്ളിന്റെയുളളില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മണമുണ്ടായിരുന്നു. സ്ലാവ് ദേശീയതയുടെ ആധിപത്യമുണ്ടായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഹാന്‍ വംശത്തിന്റേയും ബുദ്ധ മതത്തിന്റേയും സ്വാധീനമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യത്തിന്റേയും സാംസ്‌കാരിക പൈതൃകത്തിന്റേയും സത്ത ഉള്‍ക്കൊണ്ട് തന്നെയാണ് കോണ്‍ഗ്രസിനെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കേണ്ടത്. അതോടൊപ്പം ആര്‍ എസ് എസ് ഉയര്‍ത്തുന്ന തീവ്ര ദേശീയതയേയും വിദ്വേഷ മതാത്മകതയേയും ചെറുക്കുകയും വേണം. ഈ രണ്ട് ദൗത്യങ്ങള്‍ക്കിടയില്‍ ബാലന്‍സിംഗ് നടത്തുന്നതിലെ പരാജയമാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക്നയിക്കുന്നത്.