അയിരൂര്‍ മൂസ മൗലവി അറബി സാഹിത്യ വഴിയിലെ സ്‌നേഹ മരം
കെ വി നദീര്‍
അറബി സാഹിത്യ വഴിയിലെ സ്‌നേഹ മരം ഇലപൊഴിച്ച് മണ്ണോട് ചേര്‍ന്നു. അയിരൂര്‍ മൂസ മൗലവിയെന്ന കാവ്യജീവിതം ഇനിയില്ല. ജീവിതം മുഴുവന്‍ അറബി ഭാഷക്കൊപ്പം കഴിച്ചുകൂട്ടിയ നിസ്വാര്‍ത്ഥനായ മനുഷ്യന്റെ പേര് കൂടിയായിരുന്നു മൂസ മൗലവിയെന്ന്. അയിരൂര്‍ എന്ന കുഗ്രാമത്തില്‍ നിന്ന് അറബി ഭാഷയുടെ കാവ്യാത്മകതയെ ലോകത്തിനു മുന്നില്‍ കുളിരായി പെയ്യിച്ച ആധുനിക കവി. ആറു പതിറ്റാണ്ടുകാലമാണ് അറബി സാഹിത്യ മേഖലയില്‍ വിശ്രമമില്ലാതെ നിറഞ്ഞു നിന്നത്. അറബി ഭാഷ പണ്ഡിതനായും, കേരള സ്‌കൂള്‍ ടെക്സ്റ്റ് ബുക്ക് രചന സമിതി അംഗവുമായും കേരളത്തിന്റെ അക്കാദമിക് പരിസരത്ത് കയ്യൊപ്പ് ചാര്‍ത്തിയയാള്‍.
സ്തുതി – വിലാപങ്ങള്‍ നിറഞ്ഞ കേരളത്തിലെ പരമ്പരാഗത അറബി കവിതാ ധാരയില്‍ നിന്ന് വ്യത്യസ്തമായി, ആത്മനിഷ്ഠമായ പ്രാചീന അറബി കാവ്യങ്ങളുടെ ശൈലിയാണ് മൂസ മൗലവി സ്വീകരിച്ചിരുന്നത്. ക്ലാസിക്കല്‍ കവിതകളുടെ ശില്പ ഘടന മുറുകെ പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. കൂടാതെ സാമൂഹ്യ വിമര്‍ശനങ്ങളും രാഷ്ട്രീയ വിശകലനങ്ങളും മൗലവിയുടെ കവിതക്ക് വിഷയീഭവിച്ചു . ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മൊറാര്‍ജി ദേശായി, ചരണ്‍ സിംഗ് ഭിന്നത നിലനില്‍ക്കുന്ന ഘട്ടത്തില്‍ എഴുതിയ കവിത ശ്രദ്ധേയമായിരുന്നു.
1960 മുതല്‍ മൂസ മൗലവി എഴുതിയ കവിതകളുടേയും പാട്ടുകളുടേയും കുട്ടിക്കവിതകളുടേയും ശേഖരം രണ്ട് വര്‍ഷം മുമ്പ് ഷാര്‍ജയില്‍ പുറത്തിറങ്ങിയിരുന്നു. ലോക ക്ലാസുകള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ രചന ശൈലി വാഴ്ത്തപ്പെട്ടത്.മൗലവിയുടെ സാഹിത്യ ശേഖരത്തിലെ 30 കവിതകളും, 30 ഗാനങ്ങളും, 50 കുട്ടികവിതകളുമാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഷാര്‍ജ ബുക്ക് ഫെസ്റ്റിവെലിന് മുന്നോടിയായുള്ള പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സിലേക്ക് ഫെസ്റ്റിവെല്‍ അതോറിറ്റി പുസ്തകം തെരഞ്ഞെടുത്തിരുന്നു. അറബി ഭാഷയില്‍ മൗലവി പ്രകടമാക്കിയ പ്രാവീണ്യം അധ്യാപക പരിശീലന മേഖലയില്‍ ഏറെ ഉപയോഗപ്പെടുത്തിയിരുന്നു. അധ്യാപക പരിശീലന രംഗത്തും അറബി ഭാഷ ശാക്തീകരണ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.
മത പണ്ഡിതനെന്ന നിലയില്‍ മൂസ മൗലവിയുടെ ഇടപെടല്‍ വേറിട്ടതായിരുന്നു. ആധുനിക വിഷയങ്ങളില്‍ കൃത്യമായ നിലപാടും മതവിധിയും പറയുന്നതില്‍ മൗലവി കാണിച്ച ഗവേഷണ തല്‍പ്പരത ശ്രദ്ധേയമായിരുന്നു. നര്‍മ്മത്തിലൂന്നി വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലും സൗമ്യമായ സംവേദന ശേഷിയിലും മൗലവി പ്രകടമാക്കിയ മിടുക്ക് എല്ലാവരേയും ആകര്‍ഷിച്ചു. ഇസ്ലാഹി പ്രസ്ഥാനത്തോടൊപ്പം മതനവീകരണ വഴിയില്‍ മുന്നണി പോരാളിയായിരുന്നു. ആദര്‍ശ പ്രബോധന രംഗത്ത് കണിശമായ നിലപാടുകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും ചുറ്റുമുള്ളവരെ ചേര്‍ത്തു പിടിക്കാനും അവരുടെ സ്‌നേഹ വലയത്തില്‍ ഇടമുറപ്പിക്കാനും മൗലവിക്ക് സാധിച്ചു.
പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂര്‍ പള്ളി ദര്‍സില്‍ നിന്നും മതപഠനം നടത്തിയ ഇദ്ധേഹം ഫറോക്ക് റൗളത്തുല്‍ ഉലൂമില്‍ നിന്നും അഫ്‌സലുല്‍ ഉലമ പൂര്‍ത്തിയാക്കുകയും കോഴിക്കോട് ടീച്ചര്‍ ട്രെയിനിംഗ് കോളേജില്‍ നിന്ന് അധ്യാപക പരിശീലനം നേടുകയും ചെയ്തു. ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ടിച്ച ഇദ്ധേഹം വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തക രചനാ സമിതിയിലും പരിശോധനാ സമിതിയിലും അംഗമായിരുന്നു. കവിതകള്‍ക്കും പാട്ടിനും പുറമെ നിരവധി കഥകള്‍ വിവിധ അറബി മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറബി മാഗസിനായ അല്‍ ബുശ്‌റയില്‍ ഇദ്ദേഹത്തിന്റെ കഥകള്‍ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു.
പൊന്നാനിയില്‍ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കുന്നതില്‍ മൂസ മൗലവി മുന്നിലുണ്ടായിരുന്നു. പൊന്നാനിയുടെ വിവിധ ഭാഗങ്ങളില്‍ ഖുര്‍ആന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ദീര്‍ഘകാലം കെ എന്‍ എം പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. അയിരൂര്‍ സലഫി മസ്ജിദിന്റെ സ്ഥാപകരില്‍ ഒരാളാണ്.കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, ‘ഇമാം ‘(ഞഅഠഎ) സംസ്ഥാന വൈസ് പ്രസിഡണ്ട്, അല്‍ ബുശ്‌റാ പ്രസിദ്ധീകരണ സമിതി വൈസ്ചെയര്‍മാന്‍, കെ എ ടി എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പ്രതിഭയയുടെ നിറഞ്ഞാട്ടം കൊണ്ട് കൈവെച്ച മേഖലകളിലൊക്കെയും അതിശയങ്ങള്‍ തീര്‍ത്ത ഒരു മഹാ മനുഷ്യനാണ് വിടപറഞ്ഞിരിക്കുന്നത്. അറിവും വിവേകവും, പക്വതയും സൗമ്യതയും സമം ചേര്‍ത്തൊരു പണ്ഡിതനെന്നതാണ് മൂസ മൗലവിക്ക് നിറച്ചാര്‍ത്തായുണ്ടായിരുന്ന വിശേഷം. ഇങ്ങനെയൊരാള്‍ ഇനിയുണ്ടാകുമൊയെന്നതാണ് മൗലവിയുടെ വിയോഗത്തെ ആഴമുള്ളതാക്കുന്നത്.