7 Thursday
December 2023
2023 December 7
1445 Joumada I 24

അവുക്കാദര്‍കുട്ടി നഹ; സൗമ്യനായ ഉപമുഖ്യമന്ത്രി

ഹാറൂന്‍ കക്കാട്‌


കറപുരളാത്ത രാഷ്ട്രീയ ജീവിതത്തിന്റെ മികച്ച പാഠങ്ങള്‍ കേരളത്തിന് സമ്മാനിച്ച ഉജ്വല പ്രതിഭയായിരുന്നു കെ അവുക്കാദര്‍കുട്ടി നഹ. കേരളീയ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ കൃത്യമായ അജണ്ടകളോടെ സമുദ്ധരിക്കാനും വേണ്ടി നിരവധി പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മഹാന്‍! തെളിഞ്ഞ ആത്മവിശുദ്ധിയോടെ ജീവിതം അടയാളപ്പെടുത്തിയ സാത്വികന്‍.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമായ നഹ കുടുംബത്തിന്റെ സംഭാവനയാണ് അവുക്കാദര്‍കുട്ടി നഹ എന്ന രാഷ്ട്രീയ നേതാവ്. 1920 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടിയിലെ കിഴക്കിനിയകത്ത് കുഞ്ഞിക്കോയാകുട്ടി ഹാജിയുടെയും കുഞ്ഞിബീവിയുടെയും മകനായാണ് അവുക്കാദര്‍കുട്ടി നഹയുടെ ജനനം. പ്രാഥമിക പഠനം സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. ഓത്തുപള്ളിയിലെ അധ്യാപകര്‍ വീട്ടില്‍ വന്ന് വിദ്യാഭ്യാസം നല്‍കി. തറവാട്ടിലെയും പരിസരത്തെയും കുട്ടികളും പഠനത്തിന് അദ്ദേഹത്തിന് കൂട്ടിനുണ്ടായിരുന്നു. വീട്ടിലെ മതപഠനത്തിന് ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ നിന്ന് മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തിയിരുന്നു. പരപ്പനങ്ങാടി ബി ഇ എം സ്‌കൂളില്‍ നിന്ന് എലിമെന്ററി വിദ്യാഭ്യാസം നേടി. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് കോഴിക്കോട് ഗണപത് സ്‌കൂളില്‍ നിന്നായിരുന്നു.
ചെറുപ്പത്തിലേ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വലിയ തല്പരനായിരുന്നു അവുക്കാദര്‍കുട്ടി നഹ. മാതാപിതാക്കളുടെ പ്രോത്സാഹനം അദ്ദേഹത്തെ കൂടുതല്‍ പ്രചോദിപ്പിച്ചു. തീരദേശങ്ങളില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ച നാളുകളില്‍ കുടുംബത്തിലെ യുവാക്കളെയും കൂട്ടി രോഗികളെ പരിചരിക്കാനും മരണപ്പെട്ടവരെ സംസ്‌കരിക്കാനും അദ്ദേഹം നേതൃത്വം നല്‍കി. മുസ്ലിം ലീഗ് പ്രവര്‍ത്തന രംഗത്ത് എത്തിയപ്പോള്‍ അദ്ദേഹം സംഘടനയില്‍ ചേര്‍ന്നു. മത്സ്യതൊഴിലാളികള്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ലീഗിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സജീവമായി.
1945 ല്‍ തിരൂരങ്ങാടി ഫര്‍ഖ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അവുക്കാദര്‍കുട്ടി നഹ സംഘടനയുടെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം നടന്ന സെന്‍ട്രല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി സത്താര്‍ സേട്ട് സാഹിബിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1955ല്‍ പരപ്പനങ്ങാടിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എം എസ് എഫ് സമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന് ഗണ്യമായ സ്വാധീനവും ശക്തിയും കൈവന്ന ഉജ്വല സമ്മേളനമായിരുന്നു ഇത്. ട്രേഡ് യൂണിയന്‍ രംഗത്തും അവുക്കാദര്‍കുട്ടി നഹ വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലെ മത്സ്യ, ബീഡി തൊഴിലാളികളെ എസ് ടി യുവിന്റെ പ്രവര്‍ത്തന പദ്ധതികളില്‍ സജീവമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ആസൂത്രിതമായ നീക്കങ്ങള്‍ വലിയ വിജയം നേടി. 1956ല്‍ പരപ്പനങ്ങാടിയില്‍ രൂപീകൃതമായ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെയും സ്വതന്ത്ര ബീഡിതൊഴിലാളി യൂണിയന്റെയും പ്രസിഡന്റായും 1963ല്‍ സ്വതന്ത്ര മത്സ്യ തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
കേരളത്തിലെ മുസ്ലിം നവോത്ഥാന സംരംഭങ്ങള്‍ക്ക് വളരെ താല്‍പര്യപൂര്‍വം പിന്തുണ നല്കിയ വ്യക്തിയായിരുന്നു അവുക്കാദര്‍കുട്ടി നഹ. നവോത്ഥാന മുന്നേറ്റങ്ങളില്‍ അദ്ദേഹം കര്‍മ നിരതനായി. എന്നും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. പരപ്പനങ്ങാടി ഇശാഅത്തുല്‍ ഇസ്ലാം സംഘത്തിന്റെ വിവിധ നവോത്ഥാന സംരംഭങ്ങളില്‍ അദ്ദേഹത്തിന്റെ കൈയൊപ്പുകള്‍ കാണാം. പരപ്പനങ്ങാടി യുവജനസംഘം പ്രസിഡന്റ്, മുഹമ്മദ് സ്മാരക പൊതുവായനശാലയുടെ പ്രഥമ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തിരൂരങ്ങാടി യതീംഖാന, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് തുടങ്ങിയവയുടെ സമിതികളിലും അദ്ദേഹം അംഗമായിരുന്നു.
1954ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അവുക്കാദര്‍കുട്ടി നഹ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട്, ഐക്യകേരളപ്പിറവിക്കു ശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1987 വരെ നീണ്ട മൂന്നു പതിറ്റാണ്ട് തോല്‍വിയറിയാതെ തിരൂരങ്ങാടിയുടെ ജനപ്രതിനിധിയായി കേരള രാഷ്ട്രീയത്തില്‍ വിസ്മയങ്ങള്‍ വിരിയിച്ച അതുല്യ താരമാണ് അവുക്കാദര്‍കുട്ടി നഹ. ഏഴ് തവണ തുടര്‍ച്ചയായി അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എട്ടു തവണയായി ഒന്നരപ്പതിറ്റാണ്ടുകാലം മന്ത്രിയായി സേവനമനുഷ്ഠിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇ എം എസ് നമ്പൂതിരിപ്പാട്, സി അച്യുതമേനോന്‍, കെ കരുണാകരന്‍, എ കെ ആന്റണി, പി കെ വാസുദേവന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ മന്ത്രിസഭകളില്‍ തദ്ദേശ സ്വയംഭരണം, ഫിഷറീസ്, സിവില്‍ സപ്ലൈസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു. സി എച്ച് മുഹമ്മദ് കോയയുടെ മരണത്തെ തുടര്‍ന്ന് മൂന്നര വര്‍ഷം അദ്ദേഹം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയുമായിരുന്നു.
രാജ്യത്തിനകത്തും പുറത്തും കൊടുമ്പിരികൊണ്ട വിവാദങ്ങള്‍ക്കിടയിലായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം. നാടിന്റെ വികസനം ലക്ഷ്യമിട്ടാണ് 1969ല്‍ അധികാരത്തില്‍ വന്ന സപ്ത കക്ഷി സര്‍ക്കാര്‍ ഈ ജില്ലക്ക് രൂപം നല്‍കിയത്. 1967ലെ തിരഞ്ഞെടുപ്പിന് മുമ്പായി മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റും കക്ഷി ചേരുന്നതിനായി ലീഗ് മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മലപ്പുറം ജില്ലയുടെ രൂപീകരണം. എം പി എം അഹമദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കളാണ് മലപ്പുറം ജില്ലയെന്ന സ്വപ്‌നത്തിന് വേണ്ടി ആദ്യമായി പ്രവര്‍ത്തിച്ചത്. കുരിക്കളുടെ മരണത്തെ തുടര്‍ന്ന് 1968 നവംബര്‍ ഒമ്പതിന് ആദ്യമായി മന്ത്രി പദവിയിലെത്തിയ അവുക്കാദര്‍കുട്ടി നഹയുടെ മുന്നില്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ഏറ്റവും പ്രധാനമായ കടമ മലപ്പുറം ജില്ലയുടെ രൂപീകരണമായിരുന്നു. ഇതിന്റെ സാഫല്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത് ചരിത്രത്തില്‍ ഖ്യാതി നേടിയ രാഷ്ട്രീയ നേതാവാണ് അവുക്കാദര്‍കുട്ടി നഹ.
സൗമ്യവും ലളിതവുമായ ജീവിതമായിരുന്നു അവുക്കാദര്‍കുട്ടി നഹ എക്കാലത്തും ഇഷ്ടപ്പെട്ടിരുന്നത്. കേരളത്തിലെ ഭരണ സംവിധാനങ്ങളുടെ വലിയ പദവികള്‍ കൈകാര്യം ചെയ്യുമ്പോഴും നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ ജീവിത ശൈലികളായിരുന്നു അദ്ദേഹം കാത്തുസൂക്ഷിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളുടെ ബാഹുല്യങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ പരപ്പനങ്ങാടിയില്‍ എത്തിയാല്‍ വീട്ടിനടുത്തുള്ള ഹമീദിയ സ്റ്റോറിന്റെ മുന്നില്‍ ചെന്നിരിക്കുന്ന കേരളത്തിന്റെ പ്രഗത്ഭനായ ഉപമുഖ്യമന്ത്രിയെ കാണാമായിരുന്നു. ഏറെനേരം നാട്ടുകാരുമായി കുശലാന്വേഷണം നടത്തുന്ന, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വിനീതനായിരുന്നു അവുക്കാദര്‍കുട്ടി നഹ എന്ന നിയമസഭാ സാമാജികന്‍.
നിസ്വാര്‍ഥത മുഖമുദ്രയാക്കി കേരളത്തിന്റെ പൊതുചക്രവാളത്തില്‍ സൂര്യതേജസിനെ പോലെ പ്രകാശം ചൊരിഞ്ഞ അവുക്കാദര്‍കുട്ടി നഹ 1988 ഓഗസ്റ്റ് 11 ന് 68-ാമത്തെ വയസ്സില്‍ നിര്യാതനായി. ഭൗതികശരീരം പരപ്പനങ്ങാടി പനയത്തില്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x