അവസാന പലായനം
ഇയാസ് ചൂരല്‍മല
സ്വര്‍ഗ കവാടത്തിനിപ്പുറം
തീ കനലുകളാല്‍
കീറി മുറിഞ്ഞു
രക്തം പുരണ്ട
വസ്ത്രങ്ങളുടെ
ഒരു കൂമ്പാരംതന്നെ കാണും.
ഉപരോധങ്ങളാല്‍
വേലികെട്ടിയ ലോകം വിട്ട്
അതിരുകളേതുമില്ലാത്തിടത്തേക്ക്
കുടിയേറിയ മനുഷ്യരുടെ
ചിരി പടരുന്ന ലോകം.
അവിടെയവര്‍ക്ക്
ആരെയും ഭയക്കേണ്ടതില്ല
ഇത്തിരിപോന്ന കൂരയില്‍
ഞെരിഞ്ഞമര്‍ന്നുറങ്ങേണ്ടതില്ല.
ഏതു നേരവും
തീ ഗോളം വന്നു
ചേര്‍ത്തു വെച്ചതെല്ലാം
വിഴുങ്ങുമെന്നുള്‍ഭയത്തോടെ
നിറമില്ലാതെ
ചിരിക്കേണ്ടതില്ല.
ഇനിയാരും
അവരിരിക്കും മണ്ണിന്
അവകാശം പറഞ്ഞു
പലായനത്തിന്റെ
ഉപ്പുവെള്ളം
അവര്‍ക്കു മേല്‍
കലക്കിയൊഴിക്കുകയില്ല.
പിഞ്ചുകുഞ്ഞുങ്ങളുടെ
കളിപ്പാട്ടങ്ങളൊന്നും
അനാഥമായ്
പൊടിശ്വസിച്ചു,
പൊട്ടിപ്പൊളിഞ്ഞ
അവശിഷ്ടങ്ങള്‍ക്കിടയില്‍
ശ്വാസം മുട്ടുകയില്ല.
ലാളിച്ചു
കൊണ്ടു നടന്ന
വളര്‍ത്തു മൃഗങ്ങളൊന്നും
ജീവനറ്റ യജമാനനരികില്‍
നിസ്സഹായതയോടെ
കരഞ്ഞിരിക്കുകയില്ല.
മരണം കണ്മുന്നില്‍
കണ്ടുകൊണ്ടൊരു പേനയും
അവസാന ശ്വാസം പോലെ
ഒസിയത്തുകളൊന്നും
ഓര്‍ത്തെടുത്തു
കുറിച്ച് വെക്കുകയില്ല.
അതെ അവരെല്ലാം
ഒത്തു ചേര്‍ന്ന്
അതിരുകളില്ലാത്ത
പുതിയ ഗാസ
പണിതുകൊണ്ടിരിക്കുന്നു.
അവസാന പലായനം
അരികു ചേര്‍ന്ന നേരം
മിഴി നിറച്ചു
ഹൃദയം വിങ്ങിയ
ഉറ്റവരുടെ പുഞ്ചിരിക്കായ്
പരാതി പറയുന്നു.
അകലമല്ലാതെ
ഇവിടെയും
സ്വതന്ത്ര ഗാസ ചിരിക്കും
കുടിയേറ്റത്തിന്റെ ചിത്രങ്ങള്‍
മാഞ്ഞു തുടങ്ങും…