2 Monday
December 2024
2024 December 2
1446 Joumada II 0

‘അവരുടെ സ്വകാര്യ ഇടങ്ങളെ സാംസ്‌കാരിക ഇടങ്ങളാക്കുന്ന പണി അവസാനിപ്പിക്കണം’

സണ്ണി എം കപിക്കാട് / ഷബീര്‍ രാരങ്ങോത്ത്‌

ഈ രാജ്യത്തിന് സ്വന്തമായി ഭരണഘടന സമര്‍പ്പിക്കപ്പെട്ടതിന്റെ 73-ാമത് റിപ്പബ്ലിക് ദിനത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അംബേദ്കറും അദ്ദേഹത്തിന്റെ ചിന്തകളും ഇന്ത്യയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒടുവില്‍ ഭരണഘടനയെ രൂപപ്പെടുത്തിയെടുക്കുന്നതു മുതല്‍ അതിലെ ഓരോ ചര്‍ച്ചകളിലും അംബേദ്കറിന്റെ ദീര്‍ഘദൃഷ്ടിയും മൗലികമായ കാഴ്ചപ്പാടുകളും രാജ്യം പിന്നീട് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹത്തെ തങ്ങളുടേതെന്നു പറഞ്ഞ് ഏറ്റെടുക്കാന്‍ പലരും വ്യഗ്രത കാണിച്ചു കൊണ്ടിരിക്കുന്നു. അംബേദ്കറിനെ താന്താങ്ങളുടെ മുഖമാക്കാന്‍ ചരിത്രത്തെയും വാക്കുകളെയും വക്രീകരിക്കാന്‍ മത്സരിക്കുന്ന പുതിയ കാലത്ത് യഥാര്‍ഥ അംബേദ്കറിനെ വായിക്കാന്‍ യുവത്വം താല്പര്യപ്പെടേണ്ടതുണ്ട്. അതായിരിക്കും പുതിയ കാലത്തെ രാഷ്ട്രീയ- സാമൂഹ്യ വെല്ലുവിളികള്‍ക്കുള്ള ഭരണഘടനാപരമായ പരിഹാരം. അംബേദ്കറിന്റെ രാഷ്ട്രീയം, ചിന്തകള്‍, പ്രായോഗികത, കേരളത്തിന്റെ പൊതുബോധം അതിനോട് പ്രതികരിച്ച വിധം തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.


കേരളത്തില്‍ അംബേദ്കര്‍ രാഷ്ട്രീയം വേണ്ടത്ര ദൃശ്യത കൈവരിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. എന്തായിരിക്കാം അതിന്റെ കാരണങ്ങള്‍?
കേരളത്തില്‍ 1980 വരെയെങ്കിലും അംബേദ്കര്‍ രാഷ്ട്രീയത്തിന് വേണ്ടത്ര സ്വീകാര്യത ലഭ്യമായിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരളം നവോത്ഥാനാനന്തര കാലത്ത് വളരെ പെട്ടെന്ന് കോണ്‍ഗ്രസിലേക്കും സോഷ്യലിസ്റ്റ് കോണ്‍ഗ്രസിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പരിവര്‍ത്തിക്കപ്പെട്ട ഒരിടമാണ്. ബി ആര്‍ അംബേദ്കറെ ആദ്യഘട്ടത്തില്‍ പിന്തുണച്ചുവെങ്കിലും പിന്നീട് നഖശിഖാന്തം എതിര്‍ക്കുന്ന ഒരു നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചു പോന്നത്. ഇ എം എസിന്റെ തന്നെ ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച പുസ്തകത്തില്‍ ‘ജാതി എന്ന വളരെ അപ്രധാനമായ ഒരു കാര്യത്തിലാണ് അംബേദ്കര്‍ നിന്നത്’ എന്ന് വിമര്‍ശിക്കുന്നുണ്ട്. നെഹ്‌റുവും ഇതേ വിമര്‍ശനം ഗാന്ധിജിക്കെതിരെ ഉന്നയിക്കുന്നുണ്ട്.
കേരളത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ കാര്യമായി ഇടപെട്ടത് സോഷ്യലിസ്റ്റ് കോണ്‍ഗ്രസും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക് അതില്‍ കാര്യമായ പങ്കില്ല എന്നാണ് നമ്മള്‍ തിരിച്ചറിയേണ്ട പ്രധാനപ്പെട്ട കാര്യം. ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം ഒരു ബൂര്‍ഷ്വാ നവോത്ഥാന പ്രസ്ഥാനമായിരുന്നു എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് വര്‍ഗ പ്രസ്ഥാനത്തിന്റെ പിറകില്‍ നില്ക്കേണ്ടതാണെന്നും മുന്നില്‍ നില്‌ക്കേണ്ടതു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണെന്നുമായിരുന്നു അവരുടെ നിലപാട്. ഫലത്തില്‍ ചെത്തു തൊഴിലാളി യൂണിയനാണ് മുന്നില്‍ നില്ക്കുന്നതെന്നും ഈഴവ സമുദായത്തിന്റെ പ്രതിനിധാനം നടത്തിയാല്‍ പുറകില്‍ പോകുമെന്നുമുള്ള യുക്തി കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അയ്യങ്കാളിയെക്കുറിച്ചും അങ്ങനെ തന്നെയാണ് ധാരണ.
കെ എസ് കെ ടി യുവിന്റെ നേതാവാണെങ്കില്‍ കുഴപ്പമില്ല, അല്ലെങ്കില്‍ അദ്ദേഹം ജാതിവാദിയാണ്. അത് പ്രശ്നമാണെന്നാണ് അവരുടെ സമീപനം. പുതിയൊരു മൂല്യത്തെ സ്ഥാപിക്കാന്‍ ശ്രമിച്ച നവോത്ഥാനത്തെ ജാതിയായി മനസിലാക്കുകയും അത് പിന്തിരിപ്പനാണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത ഒരു പൊതുബോധമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ 1950, 60, 70 കാലഘട്ടങ്ങളില്‍ അംബേദ്കര്‍ എന്ന ആളെ കേരളത്തിലെ പൊതുബോധത്തിന് സ്വീകരിക്കുവാന്‍ കഴിയുമായിരുന്നില്ല.
1980-കളില്‍ സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ ഒരാളാണു ഞാന്‍. അംബേദ്കറെക്കുറിച്ചു പറയുമ്പോള്‍ ജാതിവാദിയെക്കുറിച്ചു പറയുന്നു എന്നതായിരുന്നു നമുക്കൊക്കെയെതിരെയുള്ള വാദം. ഇന്ന് കാണുന്ന അംബേദ്കറേ ആയിരുന്നില്ല 80-കളില്‍ കാണുന്ന അംബേദ്കര്‍. അതുകൊണ്ടു തന്നെ കേരളത്തില്‍ ഇതിനൊരു പൊതുസ്വീകാര്യത കിട്ടാതെ പോയത് കേരള ചരിത്രവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. കോണ്‍ഗ്രസും സോഷ്യലിസ്റ്റ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമൊക്കെയാണ് പ്രതികള്‍. അവരുണ്ടാക്കിയ പൊതുബോധത്തിനകത്ത് അംബേദ്കര്‍ക്കൊരിക്കലും ഒരു ജീവിതം സാധ്യമല്ലായിരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കൊന്നും ഒരു സ്വീകാര്യതയും ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഹൈദരാബാദ് പോലെയുള്ള സ്ഥലങ്ങളില്‍ അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ പോലുള്ള വിദ്യാര്‍ഥി സംഘടനകള്‍ സജീവമാണ്. കേരള സമൂഹം അംബേദ്കറിനെ മനസിലാക്കിത്തുടങ്ങുന്നു എന്നു കരുതുമ്പോഴും അതിന്റെയൊരു പ്രതിഫലനം കാമ്പസുകളില്‍ ദൃശ്യമല്ല. ഇപ്പോഴും കേരളത്തിലെ കാമ്പസുകളില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി ഘടകങ്ങളെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. ഇതെന്തുകൊണ്ടാവും?
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി പോലെ പലയിടങ്ങളിലും അംബേദ്കര്‍ വളരെ പ്രധാനപ്പെട്ട ഒരു ഐക്കണ്‍ ആയി മാറിയിട്ടുണ്ട്. കേരളം പോലുള്ള പ്രദേശങ്ങളിലും ഈ ബലതന്ത്രം കാര്യമായിത്തന്നെ പുരോഗമിക്കുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ താമസിക്കുന്ന കോട്ടയം എന്ന സ്ഥലത്തിനടുത്തുള്ള മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഉണ്ടെങ്കിലും അവര്‍ക്ക് കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധമുള്ള കാര്യമായ സമ്മര്‍ദം പൊതുവില്‍ നിലനില്ക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. കേരളത്തിനു വെളിയില്‍ പല സ്ഥലത്തും ഇത് സാധ്യമാണെങ്കിലും കേരളം പോലെ, ലോകത്തുള്ള സകല പ്രശ്നങ്ങളും പരിഹരിക്കാന്‍ മാര്‍ക്സിസം പോലെ എല്ലാത്തിനും ഉത്തരം നല്കുന്ന എന്തോ ഒന്ന് തന്റെ കയ്യിലുണ്ടെന്ന് വിചാരിക്കുന്ന വിഡ്ഢികള്‍ ഉള്ള ഒരിടത്ത്, ആ വിഡ്ഢിത്തമാണ് കാമ്പസുകളില്‍ അടിപിടിയായും കായികപ്രയോഗമായിട്ടും കാമ്പസുകളില്‍ മറ്റാരും പ്രവര്‍ത്തിക്കരുത് എന്ന നിലക്കുള്ള ആക്രമണമായിട്ടും നടക്കുന്നത്. ഇത്തരം വിഡ്ഢിത്തം കൊണ്ടു നടക്കുന്ന ഒരു പ്രദേശമെന്ന നിലക്കാണ് അംബേദ്കര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ഒന്നായി ഇത് നില്ക്കുന്നത്.

ഇടതുപക്ഷത്തിന്റെ അംബേദ്കര്‍ നിലപാട് കേരളത്തിന്റെ പൊതുബോധത്തെ സ്വാധീനിച്ചിട്ടുണ്ടോ? സ്വത്വ രാഷ്ട്രീയത്തെ കേരളം എങ്ങനെയാണ് സമീപിച്ചിട്ടുള്ളത്? ‘സ്വത്വം ഉപേക്ഷിക്കൂ മനുഷ്യനാകൂ’ എന്ന മുദ്രാവാക്യത്തെ എങ്ങനെയാണ് കാണുന്നത്?
മനുഷ്യന്‍ എന്ന സങ്കല്പം എവിടെ നിന്നാണ് രൂപപ്പെട്ടു വരുന്നത് എന്നത് നാം ആലോചിക്കേണ്ടതുണ്ട്. ആരാണീ മനുഷ്യന്‍! നിങ്ങള്‍ പറയുന്ന മനുഷ്യന്‍ ആരാണെന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നു വരുന്നത്. ഈ മനുഷ്യന്‍ കേരളത്തിലെ മധ്യവര്‍ഗ, മധ്യമ ജാതി പുരുഷനാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇവിടെയാണ് കലഹം തുടങ്ങുന്നത്. ഈ കലഹത്തില്‍ ഒരാദിവാസിക്ക് പങ്കെടുക്കണമെങ്കില്‍ അവന്‍ ഞാനൊരാദിവാസിയാണ് എന്ന് പറഞ്ഞേ പറ്റൂ. ഒരു ദളിതന് പങ്കെടുക്കണമെങ്കില്‍ ഞാനൊരു ദളിതനാണെന്ന് പറഞ്ഞേ പറ്റൂ. ആ സന്നിഗ്ധത കൊണ്ടാണ് ഈ സ്വത്വം എന്ന കാര്യത്തെ ഒരു ചരിത്രഘട്ടത്തില്‍ ജനതകള്‍ക്ക് ചേര്‍ത്ത് പിടിക്കേണ്ടി വരുന്നത്. ഇവിടുത്തെ നായന്‍മാരോട് ഏറ്റുമുട്ടുന്നതിനായി ഞങ്ങള്‍ ദളിതരാണെന്നും ആദിവാസികളാണെന്നും പറയേണ്ടി വരും. അല്ലെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക പ്രമുഖരെന്ന് കരുതപ്പെടുന്ന സവര്‍ണ ജാതികളില്‍ നിന്നും ഞങ്ങള്‍ക്കൊരുത്തരം വേണ്ടതുണ്ട്.
ഞങ്ങള്‍ ആദിവാസികളാണ്, ദളിതരാണ് എന്നു പറയുമ്പോള്‍ നിങ്ങള്‍ അല്ല, നിങ്ങള്‍ അല്ല എന്ന് പറയാനുള്ള ധൈര്യമാണ് കാണിക്കേണ്ടത്. അല്ലാതെ ഞങ്ങള്‍ സ്വത്വം പറയുന്നു എന്ന് പരാതി പറയലല്ല. അങ്ങനെ അവര്‍ അല്ല എന്നു പറയുകയാണെങ്കില്‍, പിന്നെ, നിങ്ങളുടെ തിരുവാതിര കളിയിലാണോ കഥകളിയിലാണോ, അമ്പലങ്ങളിലാണോ എവിടെയാണ് ഞങ്ങള്‍ക്ക് പ്രവേശനം ഉള്ളത് എന്ന ചോദ്യത്തിനു കൂടി ഇവര്‍ ഉത്തരം പറയേണ്ടി വരും. ഇവിടെയാണ് പ്രശ്നം കിടക്കുന്നത്. സ്വത്വ വാദം ഞങ്ങളുപേക്ഷിക്കാന്‍ തയ്യാറാണ്, നിങ്ങളുടെ ഉത്തരമാണ് വേണ്ടത്. കോട്ടയത്തുള്ള സണ്ണി കപിക്കാട് ഞാന്‍ ദളിതനാണെന്നു പറയുന്ന സാമൂഹിക അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ഉത്തരം പറയാന്‍ തയ്യാറുണ്ടോ? അതിനുത്തരം നല്കാതെ അവന്‍ സ്വത്വവാദം പറയുന്നെന്നു പറഞ്ഞ് അപമാനിക്കുകയാണ്. ഞങ്ങള്‍ക്കു കേള്‍ക്കേണ്ടതതല്ല. നിങ്ങള്‍ സ്വത്വവാദം പറയേണ്ടതില്ല, ‘നിങ്ങള്‍ക്ക് പ്രവേശനമുണ്ടല്ലോ’ എന്നവര്‍ പറയട്ടെ. എവിടെയൊക്കെ പ്രവേശനമുണ്ട് എന്നു കൂടി അറിയേണ്ടി വരും. ഇതാണ് പ്രശ്നം. ഇവരുടെ സ്വകാര്യ സ്ഥലങ്ങളെ സാംസ്‌കാരിക സ്ഥലങ്ങളാക്കി മാറ്റുന്ന പണി ഉപേക്ഷിച്ചിട്ടേ മനുഷ്യന്‍ എന്ന വാക്ക് അവര്‍ പറയാവൂ എന്നതാണ് നമ്മുടെ വാദം.

അംബേദ്കറിന്റെ ഐഡിയോളജി സര്‍വ സ്വീകാര്യമായിത്തുടങ്ങുന്ന ഒരു സാഹചര്യത്തില്‍ അംബേദ്കര്‍ ഞങ്ങളുടെ ആളാണെന്ന് പറയാനുള്ള വ്യഗ്രത പല ആശയക്കാരും കാണിക്കുന്നുണ്ട്. ഇടതു പക്ഷ പ്രൊഫൈലുകളില്‍ നിന്ന് ഈ വ്യഗ്രത വളരെ വ്യക്തമായി തെളിഞ്ഞു കാണാം. അവര്‍ അവകാശപ്പെടുന്നതു പോലെ അംബേദ്കറും മാര്‍ക്സും ഒന്നിച്ചു പോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?
ഞാനൊരു സാധ്യതയും കാണുന്നില്ല. മാര്‍ക്സിനെ സാമാന്യേന നന്നായി വായിച്ചിട്ടുള്ള ആളാണ് ഞാന്‍. മാര്‍ക്സിന്റെ രീതിശാസ്ത്രവും അംബേദ്കറുടെ രീതിശാസ്ത്രവും രണ്ടും രണ്ടാണ് എന്ന് വ്യക്തമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ടാമതൊരു കാര്യം, മാര്‍ക്സ് രൂപപ്പെട്ടത് ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ ഒരു ചരിത്ര ഘട്ടത്തിലാണ്. ടൈം, സ്പെയ്സ് ഒക്കെ വേറെയായി തന്നെ പരിഗണിച്ച കാലമാണത്. അതേ ഘട്ടത്തിലാണ് ജീവി വര്‍ഗത്തെക്കുറിച്ചുള്ള ഡാര്‍വിന്റെ പുസ്തകവും ഇറങ്ങിയിട്ടുള്ളത്. ന്യൂട്ടന്റെ ചലന നിയമങ്ങളറിയാമെങ്കില്‍ നമുക്കെല്ലാം പ്രവചിക്കാന്‍ പറ്റും എന്നതായിരുന്നു ആ നൂറ്റാണ്ടിലെ മനുഷ്യന്റെ തെറ്റിദ്ധാരണ.
ഏംഗല്‍സ് മാര്‍ക്സിനെഴുതുന്ന ആമുഖത്തില്‍ പറഞ്ഞത് ‘എന്താണോ ജന്തുജീവി വര്‍ഗത്തില്‍ ഡാര്‍വിന്‍ കണ്ടുപിടിച്ചത്, എന്താണോ ഫിസിക്സില്‍ ന്യൂട്ടന്‍ കണ്ടുപിടിച്ചത്, അത് സാമൂഹ്യശാസ്ത്രത്തില്‍, ചരിത്രത്തില്‍ മാര്‍ക്സ് കണ്ടു പിടിച്ചു’ എന്നാണ്. അതു കഴിഞ്ഞ് സയന്‍സ് ഏറെ മുന്നോട്ടു പോയി. സയന്‍സ് ഐന്‍സ്റ്റീനിലെത്തിയപ്പോള്‍ സ്പെയ്സും ടൈമും രണ്ടല്ല, ഒരുമിച്ച് പരിഗണിക്കേണ്ടതാണ് എന്നതിലേക്കെത്തി. സ്പേഷ്യോ ടെമ്പറാലിറ്റി എന്ന വാക്കാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഈ സ്പേഷ്യോ ടെമ്പറാലിറ്റിക്കകത്താണ് അംബേദ്കറുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഉയിര്‍ക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെന്നത് ഒരു ടൈമിലോ ഒരു സ്പെയ്സിലോ ജീവിക്കുന്നവരല്ല എന്ന് അംബേദ്കര്‍ക്ക് കൃത്യമായി ബോധ്യപ്പെട്ടു. ആദിവാസികള്‍ മറ്റൊരു കാലത്തും മറ്റൊരു സ്ഥലത്തും ജീവിക്കുന്നവരാണെന്നും ദളിതര്‍ മറ്റൊരു കാലത്തും മറ്റൊരു സ്ഥലത്തും ജീവിക്കുന്നവരാണെന്നും അദ്ദേഹത്തിന് മനസിലായി. ഒരാധുനിക രാഷ്ട്രം ഈ വ്യത്യസ്ത സ്ഥല കാലങ്ങളില്‍ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ അവകാശങ്ങള്‍ കൊടുത്തുറപ്പിക്കണം എന്നദ്ദേഹം പറഞ്ഞു. ഇതാണ് സംവരണത്തിന്റെയും ന്യൂനപക്ഷാവകാശത്തിന്റെയും ആദിവാസിയവകാശത്തിന്റെയും യുക്തി. മാര്‍ക്സിന് ഇതിലൊരു കാര്യവുമില്ല. മാര്‍ക്സിന് അംബേദ്കറിന്റെ സിദ്ധാന്തങ്ങളോളമെത്താന്‍ കഴിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം മറ്റൊരു ചരിത്ര ഘട്ടത്തിന്റെ ഉല്പന്നമാണ്. മാര്‍ക്സിന്റെ രേഖകള്‍ കടന്ന് അപ്പുറത്ത് ജീവിച്ച, ഒരു പുതിയ രാ്രഷ്ട സിദ്ധാന്തമുണ്ടാക്കിയൊരാളാണ് അംബേദ്കര്‍.
മാര്‍ക്‌സിസത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. മാര്‍ക്സിന്റെ സിദ്ധാന്തം പരിപൂര്‍ണമായും പൊളിഞ്ഞു പോയ ഒന്നാണ്. അതും പൊക്കിപ്പിടിച്ചു നടക്കുന്നവര്‍ കേരളത്തിലാണെങ്കില്‍ അക്കാദമി ചെയര്‍മാനാകാം, പ്രൊഫസറോ വി സിയോ ആകാം. ഇക്കാരണങ്ങളാല്‍ മാര്‍ക്സിസം പൊക്കിപ്പിടിച്ചു നടക്കുന്ന കുറേ മാര്‍ക്സിസ്റ്റു പണ്ഡിതരല്ലാതെ മറ്റാരും ഇതു കൊണ്ടു നടക്കുന്നില്ല.

അംബേദ്കര്‍ മുന്നോട്ടു വെച്ച ഏറെ പ്രധാനപ്പെട്ട ഒരാശയമാണല്ലോ സാമൂഹിക ജനാധിപത്യം. സമൂല പരിവര്‍ത്തനത്തിന് ഹേതുവായേക്കാവുന്ന ഈ ആശയം കേരളത്തിന്റെ ഭൂമികയില്‍ എത്രത്തോളം പ്രതിഫലിക്കുന്നുണ്ടെന്നാണ് കരുതുന്നത്?
അംബേദ്കര്‍ മുന്നോട്ടു വെച്ച സാമൂഹിക ജനാധിപത്യം എന്ന ആശയം ഇവിടെ പ്രതിഫലിക്കുന്നില്ല എന്നതാണ് നമ്മള്‍ നേരിടുന്ന വലിയ പ്രതിസന്ധി. അംബേദ്കര്‍ പറഞ്ഞ ന്യായവാദങ്ങള്‍ മനസിലാക്കാന്‍ ശേഷിയുള്ള ഒരു ഭരണാധികാരി കേരളം ഭരിച്ചാല്‍ അത് നടക്കും. സാമൂഹിക ജനാധിപത്യമെന്നത് വലിയൊരു പൊളിറ്റികല്‍ ഫിലോസഫിയാണ്. ഒരു സമൂഹത്തിലെ ബന്ധങ്ങള്‍ ജനാധിപത്യപരമല്ലെങ്കില്‍ ആ സമൂഹത്തിന് രാഷ്ട്രീയ ജനാധിപത്യം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ല എന്നദ്ദേഹം പറയുന്നുണ്ട്. എന്നു വെച്ചാല്‍, രണ്ട് വ്യക്തികള്‍ തമ്മിലോ രണ്ട് സമുദായങ്ങള്‍ തമ്മിലോ രണ്ട് മതസമൂഹങ്ങള്‍ തമ്മിലോ ഉള്ള ഇടപാടില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും നോക്കേണ്ടത്. അതാണ് സാമൂഹിക ജനാധിപത്യത്തിന്റെ അര്‍ഥം.
രണ്ടു മനുഷ്യര്‍ തമ്മിലുള്ള ഇടപാടില്‍ പോലും സാഹോദര്യമുണ്ടാവണം എന്നാണ് അംബേദ്കര്‍ പറയുന്നത്. അത് പാലിക്കപ്പെടാത്ത ഒരു സമൂഹത്തില്‍ രാഷ്ട്രീയ ജനാധിപത്യം തകര്‍ന്നു പോകുമെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. കേരളം പോലൊരു സ്ഥലത്ത് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് നമുക്കിപ്പോഴും നീതി കൊടുക്കാന്‍ പറ്റാത്തത് സാമൂഹിക ജനാധിപത്യത്തെക്കുറിച്ച് നമുക്കൊരു സങ്കല്പം ഇല്ലാത്തതു കൊണ്ടാണ്. തെരുവിലുള്ളവര്‍ക്കും സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കുമെല്ലാം നീതി ലഭ്യമാകണമെങ്കില്‍ ഒരു സമൂഹം എങ്ങനെയായിരിക്കണമെന്ന സങ്കല്പമാണ് അംബേദ്കര്‍ പങ്കുവെക്കുന്നത്. അത് ലോകത്തെവിടെയും പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പ്രശ്നം. ലോകം മനുഷ്യരെ സഹോദര തുല്യരായി പരിഗണിക്കണം. ശ്രീനാരായണ ഗുരുവൊക്കെ പറഞ്ഞ പോലെ എല്ലാവരെയും ആത്മ സഹോദരങ്ങളായിട്ടെടുക്കണം. അതിന് നമുക്ക് സാധിക്കുന്നില്ല. നമ്മള്‍ ശത്രുക്കളായിട്ടാണ് മനുഷ്യരെ കാണുക. അവിടെയാണ് പ്രശ്നം കിടക്കുന്നത്.

ദലിതനായ ദേവസ്വം മന്ത്രി എന്നത് വലിയ ആഘോഷങ്ങള്‍ക്ക് ഇടയായ ഒന്നായിരുന്നു. അതിനെ എങ്ങനെയാണ് കാണുന്നത്?
ദളിതനെ എന്തിനാണ് ദേവസ്വം ബോര്‍ഡില്‍ മന്ത്രിയാക്കിയത് എന്നത് എനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. ആ മന്ത്രിയാക്കല്‍ വലിയ വിപ്ലവമാണെന്നാണ് അവര്‍ അവകാശപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹത്തെ അപമാനിക്കുകയാണുണ്ടായത്. ഈ മന്ത്രി സഭ മുഴുവനായി പരിശോധിച്ചാല്‍ പിണറായി വിജയനൊഴിച്ചാല്‍ മുന്‍പ് മന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഒരേയൊരാള്‍ മന്ത്രി രാധാകൃഷ്ണനാണ്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിനാണ് ആഭ്യന്തര വകുപ്പ് കൊടുക്കേണ്ടത്. അല്ലെങ്കില്‍ പൊതുമരാമത്തോ ധനവകുപ്പോ എങ്കിലും. യഥാര്‍ഥത്തില്‍ ഇവിടെ ചെയ്തിട്ടുള്ളത് വലിയ പറ്റിക്കലാണ്. ഒരു പറ്റിക്കല്‍ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയതോടെ അദ്ദേഹമാണ് ബ്രാഹ്മണരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് നമ്മളൊക്കെ ധരിച്ചുവശായിക്കോളും എന്നാണിവര്‍ കരുതുന്നത്. വെറും കാട്ടിക്കൂട്ടലുകളാണിത്. മന്ത്രിസഭയിലെ മുന്‍പരിചയമുള്ള ഒരാള്‍ക്ക് പ്രധാനപ്പെട്ട വകുപ്പ് നല്കാതെ അദ്ദേഹത്തെ അപമാനിക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അദ്ദേഹമത് പറയില്ലായിരിക്കാം, എന്നാല്‍ എനിക്കത് പറഞ്ഞേ പറ്റൂ.

രാജ്യത്ത് സവര്‍ണ സംവരണം ആദ്യമായി നടപ്പിലാക്കി മാതൃക കാണിച്ച സംസ്ഥാനമാണ് കേരളം. കേരളം കൈവരിച്ചു എന്ന് പറയപ്പെടുന്ന രാഷ്ട്രീയ പ്രബുദ്ധത യഥാര്‍ഥത്തില്‍ വ്യാജമല്ലേ?
തീര്‍ച്ചയായും. അതില്‍ ഒരു തര്‍ക്കവും വേണ്ട. കേരളം നേടിയെടുത്ത നേട്ടങ്ങളെ ചെറുതായി കാണേണ്ടതില്ല. ദളിതരൊക്കെ കൂട്ടത്തോടെ കത്തിക്കപ്പെടാതെ ഇവിടെ ജീവിക്കുന്നത് അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനുമൊക്കെ ഇവിടെ ജീവിച്ചതുകൊണ്ടു തന്നെയാണ്. ഏതു കമ്യൂണിസ്റ്റ് പാര്‍ട്ടി വന്ന് ഞങ്ങളെ കത്തിച്ചാലും ഞങ്ങള്‍ തിരിച്ചു കത്തിക്കും, ഉറപ്പ്. ആ പേടി കൊണ്ടാണ് ഞങ്ങളെ കൂട്ടത്തോടെ കത്തിക്കാത്തത്. അതുകൊണ്ടു തന്നെ നവോത്ഥാനം അത്ര മോശം കാര്യമായിട്ടൊന്നും ഞാനെടുക്കുന്നില്ല. നവോത്ഥാനത്തിന്റെ മൂല്യങ്ങളെ ഏറ്റെടുക്കാന്‍ പ്രാപ്തിയില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇവിടം ഭരിച്ചത് എന്നതാണ് നമ്മള്‍ നേരിടുന്ന ഒരു പ്രതിസന്ധി. ബിഹാറിലും യുപിയിലുമെല്ലാം ഞങ്ങളെ കൂട്ടത്തോടെ കത്തിക്കാറുണ്ട്. ഇവിടെ കത്തിക്കുകയില്ല. അതിവരുടെ ഔദാര്യമാണെന്നാണിവര്‍ ചിന്തിക്കുന്നത്. അതൊരൗദാര്യവുമല്ല, ഞങ്ങള്‍ ദളിതരെ ആക്രമിച്ചാല്‍ തിരിച്ചാക്രമിക്കും എന്ന നല്ല ബോധ്യം അവരില്‍ ഉള്ളതു കൊണ്ടാണ് ഞങ്ങള്‍ ആക്രമിക്കപ്പെടാതിരിക്കുന്നത്. അതുകൊണ്ടൊക്കെ നവോത്ഥാനം പൊളിഞ്ഞു പോയി എന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ നവോത്ഥാനത്തിന്റെ മൂല്യങ്ങളെ ഏറ്റെടുക്കാന്‍ പ്രാപ്തിയില്ലാത്ത കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമൊക്കെ കേരളം ഭരിച്ചിരുന്നതു കൊണ്ട് നവോത്ഥാനം ഇടക്കപകടപ്പെട്ടു എന്നാണ് ഞാന്‍ കരുതുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി മുസ്ലിംകള്‍ അധികാര പങ്കാളിത്തം സാമുദായിക രാഷ്ട്രീയം വഴി നേടിയെടുത്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ആ സമുദായത്തോടുള്ള എന്‍ഗേജ്മെന്റിനെ എങ്ങനെയാണ് കാണുന്നത്?
ഗൗരവതരമായ ഒരു രാഷ്ട്രീയ എന്‍ഗേജ്മെന്റിന് മുസ്ലിംകള്‍ തയ്യാറുണ്ടോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. അവരാണതിന് തയ്യാറാകേണ്ടത്. നിങ്ങള്‍ സംഘടിച്ചു വാ എന്നാണ് പറയാറുള്ളത്. ഞങ്ങള്‍ സംഘടിച്ചോ ഇല്ലേ എന്നല്ല നോക്കേണ്ടത്. ദളിതരും ആദിവാസികളുമായി ഒരു സീരിയസ് എന്‍ഗേജ്മെന്റിന് മുസ്ലിംകള്‍ തയ്യാറുണ്ടോ എന്നതാണ് ചോദ്യം. തയ്യാറുണ്ടെങ്കില്‍ അത് നടക്കുകയും ചെയ്യും. പൊളിറ്റിക്കല്‍ എന്‍ഗേജ്മെന്റിനു മാത്രമാണ് സാധ്യത. ഞാന്‍ പലപ്പോഴും മുസ്ലിം സമുദായ നേതാക്കളുമായി സംസാരിക്കുമ്പോള്‍ ‘സഹായിക്കാം’ എന്നാണ് മറുപടി കേള്‍ക്കാറുള്ളത്. നിങ്ങള്‍ സഹായം നിര്‍ത്തൂ. നിങ്ങള്‍ പൊളിറ്റിക്കല്‍ എന്‍ഗേജ്മെന്റിനു തയ്യാറായാല്‍ കേരളത്തെ നമുക്ക് മാറ്റിമറിക്കാന്‍ പറ്റും. ഉമ്മന്‍ ചാണ്ടി കേരളത്തെ രക്ഷിച്ചുകൊള്ളും എന്നു പറയുന്ന പണി നിര്‍ത്തിയിട്ട് കേരളത്തിലെ മാര്‍ജിനല്‍ കമ്യൂണിറ്റിയുമായിട്ട് ബന്ധപ്പെട്ട് നിന്നാല്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് വലിയൊരു ഭാവിയുണ്ടാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അല്ലെങ്കിലൊരു സാധ്യതയുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ വിചാരിക്കുന്ന പോലെയല്ല, തികച്ചും അപകടകരമായ ഒരു സ്ഥിതിയിലാണ് മുസ്ലിംലീഗ് ചെന്നു പെട്ടിരിക്കുന്നത്. ബാക്കിയെല്ലാവര്‍ക്കും ബി ജെ പിയില്‍ പോകാം. പക്ഷേ ഇവര്‍ക്കു പോകാന്‍ പറ്റില്ല. ഇതാണ് അവര്‍ നേരിടുന്ന വലിയ ഒരു പ്രതിസന്ധി. അവര്‍ യഥാര്‍ഥത്തില്‍ പുതിയ ഒരു പൊളിറ്റികല്‍ ഇക്വേഷന്‍ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്. 80 ലക്ഷത്തോളം ജനസംഖ്യയുള്ള കേരളത്തിലെ ദളിത് വിഭാഗങ്ങളുമായി ഒരു പൊളിറ്റിക്കല്‍ എന്‍ഗേജ്മെന്റ് രൂപപ്പെടുന്നതിലാണ് സാധ്യതയുള്ളത്. അത് മുസ്ലിംലീഗിന് വിജയകരമായി ഇടപെടാന്‍ കഴിയുന്ന മണ്ഡലമാണ്. അല്ലാത്ത സഹായ വാഗ്ദാനങ്ങളിലൊന്നും ഒരു കാര്യവുമില്ല.

Back to Top