അവനൊന്നു പോരേ
റസാഖ് മലോറം

അല്ലാഹുവോടൊപ്പമുണ്ടോ വേറെ
ആലം പടച്ചോരിലാഹ്
അവന്‍ ചോദ്യമുയര്‍ത്തിയാ’നംലി’ല്‍
അളവറ്റ കരുണാനിലാവ്
സമാവാതുമര്‍ളും പടച്ച്
സമാഇല്‍ നിന്നിറക്കിയാ മാഅ്
സകലര്‍ക്കുമന്നമായ് തോട്ടം
സമദിന്റെ കൗതുകച്ചട്ടം.
പാരിനെ പാര്‍ക്കാനൊരുക്കീ അവന്‍
പാരം നദികളൊഴുക്കീ
പര്‍വ്വതമുറപ്പിച്ചു നിര്‍ത്തീ പാരാ-
വാരത്തില്‍ മറയും വരുത്തീ.
പരംപൊരുളുടയോന്റെകര്‍മ്മം.
പലര്‍ക്കുമതറിയില്ല മര്‍മ്മം.
കഷ്ടങ്ങളുള്ളോരെ തേട്ടം അവന്‍
ഇഷ്ടമായുത്തരം തിട്ടം
നഷ്ടങ്ങള്‍ തീര്‍ക്കുന്നു വെക്കം പാരില്‍
നല്‍കുന്നു പ്രതിനിധിപ്പട്ടം
കരുണാര്‍ദ്രമുടയോന്റെ ഖൈറില്‍.
കുറവാണവന്‍ ചിന്ത ഹൃത്തില്‍.
കടലിലും കരയിലുമിരുളില്‍ വഴി
കാണിച്ചു കാറ്റുമയച്ചൂ
കമനീയമാം സൃഷ്ടിജാലം വരി
വരിയായി തുടരുന്നു ലോകം.
അവനാരോ പങ്കുകാരുണ്ടോ?
അവനെന്നും പങ്കിന്നതീതന്‍ !
(സൂറത്ത് നംല് 60-64 വചനങ്ങളുടെ ആവിഷ്‌കാരം)
