ഔലിയാക്കള്‍ക്ക് ആരാധന ബാധകമല്ലേ?
പി കെ മൊയ്തീന്‍ സുല്ലമി
അല്ലാഹുവിന്റെ ഇഷ്ടത്തിനും സ്‌നേഹത്തിനും വിധേയരായ സത്യവിശ്വാസികളാണ് ഔലിയാക്കള്‍. ഔലിയാക്കള്‍ക്ക് ആരാധനകള്‍ നിര്‍ബന്ധമില്ലെന്നാണ് ചിലരുടെ വാദം. അവര്‍ നമസ്‌കരിക്കുന്നതും മറ്റും ജനങ്ങള്‍ കാണില്ല എന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ അവര്‍ തിന്നുന്നതും സംസാരിക്കുന്നതും നടക്കുന്നതും ഇരിക്കുന്നതുമെല്ലാം നാം കാണും. നമസ്‌കാരം മാത്രം എന്തുകൊണ്ട് കാണുന്നില്ല? ഇതിന് അവര്‍ക്കുള്ള മറ്റൊരു മറുപടിയാണ് അവര്‍ക്ക് നമസ്‌കാരം നിര്‍ബന്ധമില്ല എന്ന്.
ലോകത്തെ ഏറ്റവും വലിയ ഔലിയാഅ് മുഹമ്മദ് നബി(സ)യാണ്. അവിടുത്തെ നമസ്‌കാരവും മറ്റുള്ള ആരാധനകളും സഹാബിമാര്‍ കണ്ടതുകൊണ്ടാണല്ലോ ആരാധനകളുടെ രൂപങ്ങള്‍ ഹദീസകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കേരളത്തിലെ സമസ്തക്കാര്‍ പിന്തുടരുന്നത് സൂഫികളെയും ത്വരീഖത്തുകാരെയുമാണ്. ഇവര്‍ രണ്ടുകൂട്ടരും പിന്തുടരുന്നത് ശീഇകളെയാണ്. ഈ നാലു വിഭാഗങ്ങളും വിശ്വസിക്കുന്നത് ഔലിയാക്കള്‍ക്ക് നമസ്‌കാരം നിര്‍ബന്ധമില്ല എന്നാണ്. ശീഈ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് ഹിശാം പറയുന്നു: ”യഖീനില്‍ (അല്ലാഹു ഉണ്ടെന്ന ഉറച്ച വിശ്വാസത്തില്‍) ഒരാള്‍ എത്തിക്കഴിഞ്ഞാല്‍ അയാള്‍ക്ക് മതപരമായ ചര്യകള്‍ നിര്‍ബന്ധമില്ല.”
”ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക” എന്ന് അല്ലാഹു അരുളിയിട്ടുണ്ട്. ഉറപ്പായ അവരുടെ കാര്യം വ്യക്തമായ കുഫ്‌റാണ്” (അല്‍ഖുര്‍ആനു വമന്‍സിലതഹു ബൈനസ്സലഫി 2:923). അഥവാ ‘മരണം’ വരെ അല്ലാഹുവിനെ ആരാധിക്കണം എന്ന സൂറതു ഹിജ്‌റിലെ 99-ാം വചനത്തിന് മരണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ‘ഉറച്ച വിശ്വാസം’ എന്നാക്കി. സമസ്തക്കാരുടെ വിശ്വാസവും അപ്രകാരം തന്നെ. ”മതശാസനകളില്‍ നിന്നൊഴിവാകുന്നത് ജദ്ബിന്റെ (ഉന്മാദം) അവസ്ഥയില്‍ മാത്രമാണ്. ഈ അവസ്ഥയിലാകട്ടെ വലിയ്യിന് ബുദ്ധിയുണ്ടാവില്ല” (അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹിക്മത്ത് വാരിക, 1985 ജൂണ്‍ 3).
ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിക്കുന്നവര്‍ മാത്രമേ അല്ലാഹുവിന്റെ ഔലിയാക്കളില്‍ ഉള്‍പ്പെടൂ. ”അല്ലാഹുവിന്റെ ഔലിയാക്കളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍” (യൂനുസ് 62, 63).
63-ാം വചനം വിശദീകരിച്ച് ഇബ്‌നു ജരീറുത്ത്വബ്‌രി രേഖപ്പെടുത്തുന്നു: ”അവര്‍ അല്ലാഹു കല്‍പിച്ച നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടും അവന്‍ നിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞുകൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരാണ്” (ജാമിഉല്‍ ബയാന്‍, യൂനുസ് 63). ”അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവരെല്ലാം അല്ലാഹുവിന്റെ ഔലിയാക്കളാണ്” (ഇബ്‌നുകസീര്‍).
ഇമാം റാസി രേഖപ്പെടുത്തുന്നു: ”മുതകല്ലിമുകള്‍ പ്രസ്താവിക്കുകയുണ്ടായി: അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്നു പറയുന്നത് ശറഇന്റെ അടിസ്ഥാനത്തില്‍ ശരിയായ നിലയില്‍ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരുമാണ്” (തഫ്‌സീറുല്‍ കബീര്‍, യൂനുസ് 63).
ഇബ്‌നു ഹജര്‍ രേഖപ്പെടുത്തുന്നു: ”അല്ലാഹുവിന്റെ വലിയ്യ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെക്കുറിച്ച് പഠിച്ചവനും അവനെ അനുസരിക്കുന്നതില്‍ നിഷ്ഠ പുലര്‍ത്തുന്നവനും അല്ലാഹുവിനെ ആരാധിക്കുന്നതില്‍ നിഷ്‌കളങ്കത പുലര്‍ത്തുന്നവനുമാണ്” (ഫത്ഹുല്‍ബാരി 14:525).
മുഅ്ജിസത്തും
കറാമത്തും ഒന്നല്ല
കറാമത്തും മുഅ്ജിസത്തും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. അന്‍ബിയാക്കള്‍ക്ക് മുഅ്ജിസത്തായി നല്‍കുന്നതെല്ലാം ഔലിയാക്കള്‍ക്ക് കറാമത്തായി നല്‍കുമെന്ന് പറഞ്ഞാണ് യാഥാസ്ഥിതിക പണ്ഡിതര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുള്ളത്. ഈ വാദം അസംബന്ധമാണ്. കറാമത്ത് മുഅ്ജിസത്തിനെക്കാള്‍ എത്രയോ താഴ്ന്ന പടിയിലാണുള്ളത്. ‘മുഅ്ജിസത്ത്’ എന്നതിന്റെ അര്‍ഥം അമാനുഷികം എന്നാണ്. അഥവാ മനുഷ്യരാല്‍ കൊണ്ടുവരാന്‍ കഴിയാത്തത്. ‘കറാമത്ത്’ എന്നാല്‍ ആദരവ് എന്നാണ്. അത് പ്രാര്‍ഥനയുടെ ഫലമായോ വിഷമിക്കുമ്പോഴോ പരീക്ഷണാര്‍ഥമോ ആകാവുന്നതാണ്. അത് ചിലപ്പോള്‍ മനുഷ്യകഴിവില്‍ പെട്ടതുമായേക്കാം.
അന്‍ബിയാക്കന്മാര്‍ ഔലിയാക്കളെക്കാള്‍ ഉന്നത പദവി നേടിയവരാണ്. ഒരു നബിയെ അനുസരിച്ചു ജീവിക്കല്‍ ഔലിയാക്കള്‍ക്കു നിര്‍ബന്ധമാണ്. വലിയ്യിനെ പ്രവാചകന്മാര്‍ അനുസരിക്കേണ്ടതില്ല. മാലമൗലിദുകളിലും ഖുറാഫാത്ത് ബൈത്തുകളിലും പല ഔലിയാക്കളും അല്ലാഹുവിനെ തോല്‍പിച്ചവരാണ്. അപ്പോള്‍ സി എം മടവൂര്‍ അല്ലാഹുവിനു മീതെയാണെന്നു പറയുന്നതില്‍ വലിയ പുതുമയില്ല.
സമസ്തക്കാര്‍ ഏറെ ആദരിക്കുന്ന ഇബ്‌നു ഹജറുല്‍ ഹൈതമി രേഖപ്പെടുത്തുന്നു: ”അല്ലാഹുവിന്റെ ഔലിയാക്കള്‍ അഞ്ചു വഖ്ത് നമസ്‌കാരം നിലനിര്‍ത്തുന്നവരാണ്” (സവാജിര്‍ 1:28). ”ഒരു വലിയ്യ് പ്രവാചകനേക്കാള്‍ ശ്രേഷ്ഠനാണെന്നോ വലിയ്യിന് വഹ്‌യ് ലഭിക്കുന്നുണ്ടെന്നോ വല്ലവനും വാദിക്കുന്ന പക്ഷം അത് മഹാപാപത്തില്‍ പെട്ടതാണ്” (സവാജിര്‍ 1:29).
ഇബ്‌നു ഹജര്‍ രേഖപ്പെടുത്തുന്നു: ”അബൂബക്‌റുബ്‌നു നുല്‍ഫിറക്ക് പറയുന്നു: അന്‍ബിയാക്കന്മാര്‍ അവരുടെ മുഅ്ജിസത്തുകള്‍ വെളിപ്പെടുത്താന്‍ കല്‍പിക്കപ്പെട്ടവരാണ്. എന്നാല്‍ വലിയ്യിനെ സംബന്ധിച്ചിടത്തോളം (കറാമത്ത്) മറച്ചുവെക്കല്‍ നിര്‍ബന്ധവുമാണ്. കാരണം അദ്ദേഹം പരീക്ഷണത്തില്‍ നിന്നു മുക്തനല്ല” (ഫത്ഹുല്‍ബാരി 13:311).
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി രേഖപ്പെടുത്തുന്നു: ”ഒരാള്‍ വലിയ്യാണ് എന്നതിന്റെ നിബന്ധന അയാളുടെ കറാമത്തുകള്‍ മറച്ചുവെക്കും എന്നാണ്” (അല്‍ഗുന്‍യ 2:163). അഥവാ കറാമത്ത് വിളിച്ചുപറയുന്നവരും കച്ചവടം നടത്തുന്നവരും വലിയ്യല്ല എന്നര്‍ഥം.
മുഅ്ജിസത്ത് കറാമത്തായോ കറാമത്ത് മുഅ്ജിസത്തായോ വരുന്നതല്ല. ഒരു പ്രവാചകന് കൊടുത്ത മുഅ്ജിസത്ത് അല്ലാഹു മറ്റൊരു പ്രവാചകനു കൊടുത്തിട്ടില്ല. ശൈഖ് ജീലാനി പ്രസ്താവിക്കുന്നു: ”അല്ലാഹു ഒരു പ്രവാചകന് കൊടുത്ത മുഅ്ജിസത്ത് മറ്റൊരു പ്രവാചകന് കൊടുത്തിട്ടില്ല. പക്ഷേ ഒാരോ പ്രവാചകന്മാര്‍ക്കും അല്ലാഹു നല്‍കിയത് പ്രത്യേകം മുഅ്ജിസത്തുകളാണ്” (ഗുന്‍യ 1:75).
കറാമത്ത് നല്‍കപ്പെട്ട സത്യവിശ്വാസി നല്‍കപ്പെടാത്തവനേക്കാള്‍ ഉന്നതനോ ഉത്തമനോ അല്ല. ഹൈതമി പറയുന്നു: ”അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: കറാമത്തുള്ളവര്‍ കറാമത്തില്ലാത്തവരെക്കാള്‍ ശ്രേഷ്ഠരാണോ? അദ്ദേഹം മറുപടി പറഞ്ഞു: നിരുപാധികം അത് ശരിയല്ല” (ഫതാവല്‍ ഹദീസിയ്യ, പേജ് 264).
ഒരു പ്രവാചകന്റെ മുഅ്ജിസത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണെങ്കിലും ഖുര്‍ആന്‍ കൊണ്ടോ സുന്നത്തുകൊണ്ടോ സ്ഥാപിക്കപ്പെടാത്ത ഒരാളുടെ കറാമത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമില്ല. ഇമാം റാസി പറയുന്നു: ”ഒരു വലിയ്യിന്റെ കറാമത്തിനെ ഒരാള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ അത് കുഫ്‌റല്ല. ഒരു വ്യക്തിയുടെ കറാമത്ത് അംഗീകരിക്കല്‍ ഈമാനില്‍ പെട്ടതുമല്ല” (തഫ്‌സീറുല്‍ കബീര്‍ 21:92)